ഗ്ലൂട്ടൻ കഴിച്ചാൽ കാൻസർ, ഫാറ്റി ലിവർ മുതൽ ഒാട്ടിസം വരെ– പ്രചരണങ്ങളുടെ വാസ്തവമറിയാം The Truth About Gluten Allergies
Mail This Article
സമൂഹമാധ്യമങ്ങളിലെ ആരോഗ്യ ചർച്ചകളിൽ ഇന്ന് ഏറ്റവും കൂടുതൽ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഗ്ലൂട്ടൻ. കാൻസർ, തൈറോയിഡ് പ്രശ്നങ്ങൾ, താരൻ, പ്രമേഹം എന്നിവ മുതൽ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന 'ലീക്കി ഗട്ട്', ഫാറ്റി ലിവർ, എന്തിന് ഓട്ടിസത്തിന് വരെ ഗ്ലൂട്ടൻ കാരണമാകുന്നു എന്നാണ് പല 'സോഷ്യൽ മീഡിയ ഡോക്ടർമാരും' ബയോഹാക്കർമാരും പ്രചരിപ്പിക്കുന്നത്. ബ്രയിൻ ഫോഗ് ഉണ്ടാക്കുന്നു എന്നതാണ് ഇതിനെതിരെയുള്ള ഏറ്റവും പുതിയ ആരോപണം. ഇത്തരം പ്രചാരണങ്ങളിലെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഡോ. ജോജോ വി. ജോസഫ്.
എന്താണ് ഈ ഗ്ലൂട്ടൻ?
ഗ്ലൂട്ടൻ എന്നത് പലരും ഭയപ്പെടുന്നതുപോലെ ഒരു വിഷാംശമോ കൃത്രിമമായ കെമിക്കലോ അല്ല; മറിച്ച് പ്രകൃതിദത്തമായ ഒരു സ്േറ്റാറേജ് പ്രോട്ടീനാണ്. ചെടികൾ മുളച്ചു വരുമ്പോൾ പുതിയ സസ്യത്തിന് ആവശ്യമായ ഊർജത്തിനായി വിത്തുകളിൽ സൂക്ഷിച്ചുവെക്കുന്ന ഒന്നാണിത്. ഗ്ലിയാഡിൻ (Gliadin), ഗ്ലൂട്ടനിൻ (Glutenin) എന്നീ പ്രോട്ടീനുകൾ വെള്ളവുമായി ചേരുമ്പോൾ ഉണ്ടാകുന്ന ഒരു വലക്കണ്ണി പോലെ ഇതിനെ കരുതാം. മാവിന് പശിമ നൽകുന്നതും ബ്രഡ്ഡും പൊറോട്ടയുമൊക്കെ മൃദുവായി ഇരിക്കുന്നതും ഈ പ്രോട്ടീൻ സാന്നിധ്യം മൂലമാണ്.
ഗോതമ്പ്, ബാർലി, റൈ (Rye) എന്നീ ധാന്യങ്ങളിലാണ് ഇത് പ്രധാനമായും അടങ്ങിയിരിക്കുന്നത്. റൈ ഇന്ത്യയിൽ പ്രധാനമായും ഹിമാലയൻ റീജിയണിലാണ് വളരുന്നത്. 'നീലജാവു' എന്നാണ് അവിടെ ഇത് അറിയപ്പെടുന്നത്. അതേസമയം അരി, ചോളം, മില്ലറ്റുകൾ, ഓട്സ് എന്നിവ ഗ്ലൂട്ടൻ ഇല്ലാത്ത ധാന്യങ്ങളാണ്.
ഗ്ലൂട്ടൻ അലർജി
എല്ലാവർക്കും ഗ്ലൂട്ടൻ ദോഷകരമാണെന്ന വാദം ശാസ്ത്രീയമല്ല. എന്നാൽ ചില പ്രത്യേക വിഭാഗം ആളുകൾക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇതിനെ പൊതുവെ 'ഗ്ലൂട്ടൻ അലർജി' എന്ന് വിളിക്കാറുണ്ടെങ്കിലും വൈദ്യശാസ്ത്രപരമായി ഇതിനെ മൂന്നായി തിരിക്കാം.
ആദ്യത്തെ വിഭാഗം 'വീറ്റ് അലർജി' (Wheat Allergy) ഉള്ളവരാണ്. സാധാരണ കാണാറുള്ള പീനട്ട് അലർജി അല്ലെങ്കിൽ ചെമ്മീൻ കഴിക്കുമ്പോഴുണ്ടാകുന്ന അലർജി പോലെയാണിത്. ഗോതമ്പിലെ പ്രോട്ടീനുകളെ നമ്മുടെ പ്രതിരോധ സംവിധാനം (Immune System) ശരീരത്തിന് അപകടകാരിയായ ഒരു വസ്തുവായി തെറ്റായി തിരിച്ചറിയുന്നതാണ് ഇതിന് കാരണം. ഇത്തരക്കാർ ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ മാസ്റ്റ് സെല്ലുകളിൽ നിന്ന് 'ഹിസ്റ്റമിൻ' എന്ന രാസവസ്തു പുറത്തുവരുന്നു. ഇത് ശരീരത്തിൽ ചൊറിച്ചിൽ, കണ്ണുനീർ വരിക, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.
ചിലരിൽ ഇത് 'അനാഫിലാക്റ്റിക് ഷോക്ക്' (Anaphylactic Shock) എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം; കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് മരണത്തിന് വരെ കാരണമായേക്കാവുന്ന ഒന്നാണ്. ലോകജനസംഖ്യയുടെ ഒരു ശതമാനത്തോളം ആളുകളിൽ ഇത്തരം ഗോതമ്പ് അലർജി കണ്ടുവരുന്നു. ഇത്തരക്കാർക്ക് ഗോതമ്പ് ഒഴിവാക്കി പകരം ബാർലിയോ റൈയോ ഉപയോഗിക്കാവുന്നതാണ്.
ഗ്ലൂട്ടൻ കഴിച്ചാൽ വയറിളക്കം
രണ്ടാമത്തെ വിഭാഗം 'സീലിയാക് രോഗം' (Celiac Disease) ബാധിച്ചവരാണ്. ഇതൊരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ് (Auto-immune condition). അതായത്, നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശരീരത്തിനു തന്നെ വിനയാകുന്ന അവസ്ഥ. ഈ രോഗമുള്ളവർ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, അതിലെ 'ഗ്ലിയാഡിൻ' എന്ന പ്രോട്ടീൻ ചെറുകുടലിലെ കോശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. ഇതിനെത്തുടർന്ന് ശരീരത്തിന്റെ പ്രതിരോധ വ്യൂഹം കുടലിലെ കോശങ്ങളെത്തന്നെ ആക്രമിക്കാൻ തുടങ്ങും. ഫലമായി, ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന 'വില്ലി' (Villi) എന്നറിയപ്പെടുന്ന സൂക്ഷ്മമായ കലകൾ നശിച്ചുപോകുന്നു.
സ്ഥിരമായ വയറിളക്കം, അകാരണമായ ശരീരഭാരം കുറയൽ, വിളർച്ച (Anemia) തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായിരിക്കാം ഇവർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായിരിക്കും രോഗം തിരിച്ചറിയപ്പെടുന്നത്. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതു മാത്രമാണ് ഇത്തരക്കാർക്കുള്ള ഏക പോംവഴി.
വയറുവേദനയും തലവേദനയും
മൂന്നാമത്തെ വിഭാഗമാണ് 'നോൺ-സീലിയാക് ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി' (Non-Celiac Gluten Sensitivity). ഇത്തരക്കാരിൽ നേരത്തെ പറഞ്ഞതുപോലെ അലർജി ലക്ഷണങ്ങളോ അല്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കോശങ്ങളെ ആക്രമിക്കുന്ന സാഹചര്യമോ ഉണ്ടാകില്ല. അതിനാൽ തന്നെ മുൻപ് സൂചിപ്പിച്ച രണ്ട് അസുഖങ്ങളെപ്പോലെ ഇത് അത്ര ഗുരുതരമായ ഒന്നല്ല. എങ്കിലും, ഇവർ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ബ്ലോട്ടിങ് (വയർ വീർക്കുക), ഗ്യാസ് കെട്ടൽ, വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദന, സന്ധിവേദന തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ തിരിച്ചറിയാൻ നിലവിൽ പ്രത്യേക മെഡിക്കൽ ടെസ്റ്റുകൾ ഒന്നുമില്ല എന്നതാണ് വസ്തുത. മറ്റ് അസുഖങ്ങളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം, കുറച്ചുനാൾ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം പൂർണമായും ഒഴിവാക്കി നോക്കുകയും അതുവഴി അസ്വസ്ഥതകൾ മാറുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്താണ് ഇതു കണ്ടെത്തുന്നത്.
ലോകജനസംഖ്യയിൽ ഏകദേശം പത്തു ശതമാനത്തോളം ആളുകൾ മാത്രമേ ഈ വിഭാഗങ്ങളിൽ പെടുന്നുള്ളൂ. ബാക്കി തൊണ്ണൂറ് ശതമാനം ആളുകളെയും ഭയപ്പെടുത്തി തങ്ങളുടെ ഉൽപ്പന്നങ്ങളും സപ്ലിമെന്റുകളും വിറ്റഴിക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ ഡോക്ടർമാരുടെ തട്ടിപ്പുകളെ നാം തിരിച്ചറിയണം.
കാൻസർ വരുത്തുമോ?
സോഷ്യൽ മീഡിയയിൽ ഗ്ലൂട്ടനെക്കുറിച്ച് പ്രചരിക്കുന്ന മറ്റു ചില അശാസ്ത്രീയമായ അവകാശവാദങ്ങളെയും നമുക്കൊന്നു പരിശോധിക്കാം. എല്ലാവരും നിർബന്ധമായും ഗ്ലൂട്ടൻ ഒഴിവാക്കണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ യാഥാർത്ഥ്യം അതല്ല; മുകളിൽ സൂചിപ്പിച്ച പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരിലൊന്നും ഗ്ലൂട്ടൻ യാതൊരു ദോഷവും വരുത്തുന്നില്ല. അലർജി ഇല്ലാത്തവർക്ക് ഇതൊരു മികച്ച പ്രോട്ടീൻ സ്രോതസ്സാണ്. ഗ്ലൂട്ടൻ കഴിക്കുന്നത് ഫാറ്റി ലിവറിനോ, കാൻസറിനോ, പ്രമേഹത്തിനോ കാരണമാകില്ല. അതുപോലെ തന്നെ ലീക്കി ഗട്ട്, തൈറോയ്ഡ് പ്രശ്നങ്ങൾ, താരൻ എന്നിവയുമായി ഗ്ലൂട്ടന് യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഓട്ടിസം എന്നത് തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട (Neurodevelopmental) ഒരു അവസ്ഥയാണ്. ഗർഭിണിയായിരിക്കുമ്പോൾ അമ്മ ഗ്ലൂട്ടൻ കഴിച്ചതോ, കുട്ടിക്ക് ഗ്ലൂട്ടൻ നൽകുന്നതോ ഓട്ടിസത്തിന് കാരണമാകുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്.
ഗ്ലൂട്ടൻ കഴിച്ചാൽ 'ബ്രെയിൻ ഫോഗ്' (ചിന്താക്കുഴപ്പം) ഉണ്ടാകുമെന്നതും ഇത്തരം യൂട്യൂബ് ഡോക്ടർമാരുടെ വെറും തട്ടിപ്പ് മാത്രമാണ്. ഗ്ലൂട്ടൻ കഴിച്ചാൽ രോഗപ്രതിരോധ ശേഷി കുറയുമെന്നും വന്ധ്യതയ്ക്ക് (Infertility) വരെ കാരണമാകുമെന്നും ഇത്തരക്കാർ പ്രചരിപ്പിക്കാറുണ്ട്. എന്നാൽ ശാസ്ത്രീയമായി ഇതിലൊന്നും യാതൊരു കഴമ്പുമില്ല.
ഇത്തരം വ്യാജപ്രചാരണങ്ങളിൽ വീണ് നിങ്ങളുടെ സമ്പത്തും ആരോഗ്യവും നശിപ്പിക്കരുത്. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് എപ്പോഴും ഓർക്കുക.