കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം: ശ്രദ്ധിക്കാം ഈ 10 കാര്യങ്ങൾ April 19- World Liver Day
Mail This Article
കരൾ (Liver) നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. വിഷാംശങ്ങൾ നീക്കം ചെയ്യുന്നതു മുതൽ ഭക്ഷണത്തെ ഊർജമായി മാറ്റുന്നതുവരെ നിരവധി നിർണായക പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നു. ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ഫാറ്റി ലിവർ ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾ വർധിച്ചു വരികയാണ്. ഏപ്രിൽ 19 ലോക ദിനമായി ആചരിക്കുന്ന സന്ദർഭത്തിൽ കരളിന്റെ ആരോഗ്യസംരക്ഷണത്തിനു ശ്രദ്ധിക്കേണ്ട പത്തു പ്രധാന കാര്യങ്ങൾ നോക്കാം.
1. സന്തുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുക
അമിതമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ്. പച്ചക്കറികൾ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സന്തുലിതമായ ഭക്ഷണം കരളിനെ സംരക്ഷിക്കും.
2. ശരീരഭാരം നിയന്ത്രിക്കുക
അമിതവണ്ണം (Obesity) കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകും. ശരീരഭാരം 5–10% വരെ കുറച്ചാൽ പോലും ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കും.
3. മദ്യപാനം നിയന്ത്രിക്കുക
മദ്യപാനം കരളിനു നേരിട്ടു ഹാനികരമാണ്. ദീർഘകാല ഉപയോഗം സിറോസിസു പോലുള്ള ഗുരുതര രോഗങ്ങൾക്കു കാരണമാകും.
4. വ്യായാമം പതിവാക്കുക
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റു മിതമായ വ്യായാമം (നടത്തം, സൈക്ലിങ്) കരളിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്നു.
5. അനാവശ്യ മരുന്നുകൾ ഒഴിവാക്കുക
ചില മരുന്നുകൾ കരളിനെ ദോഷകരമായി ബാധിക്കാം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക.
6. ഹെപ്പറ്റൈറ്റിസ് പ്രതിരോധം
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ കരളിനു ഗുരുതരമായ നാശം വരുത്താം. ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ എടുക്കുന്നതു സുരക്ഷിതമാണ്.
7. ശുചിത്വം പാലിക്കുക
മാലിന്യം കലർന്ന വെള്ളം, ഭക്ഷണം എന്നിവ വഴി ഹെപ്പറ്റൈറ്റിസ് എ, ഇ പോലുള്ള രോഗങ്ങൾ പകരാം. വ്യക്തിഗത ശുചിത്വം അത്യാവശ്യമാണ്.
8. പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക
ഡയബറ്റിസ്, ഹൈ കൊളസ്ട്രോൾ എന്നിവ ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങളാണ്. ഇവ നിയന്ത്രിക്കുന്നതു കരളിന്റെ ആരോഗ്യത്തിനും സഹായിക്കും.
9. റിസ്ക് ഫാക്ടറുള്ളവർക്കു സ്ഥിരമായ ആരോഗ്യ പരിശോധന അനിവാര്യം
പ്രമേഹം, അമിതവണ്ണം, ഹൈ കൊളസ്ട്രോൾ, മദ്യപാന ശീലം, കുടുംബത്തിൽ കരൾരോഗ ചരിത്രം എന്നിവയുള്ളവർക്കു കരൾ രോഗ സാധ്യത കൂടുതലാണ്. ഇത്തരം റിസ്ക് ഫാക്ടറുകൾ ഉള്ളവർ രക്ത പരിശോധനകൾ (LFT) കൂടാതെ അൾട്രാസൗണ്ട് പോലുള്ള പരിശോധനകൾ നിശ്ചിത ഇടവേളകളിൽ നടത്തുന്നത് വളരെ പ്രധാനമാണ്. ഇതിലൂടെ രോഗം ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയും.
10. ലക്ഷണങ്ങൾ അവഗണിക്കരുത്
ജോണ്ടിസ്, ക്ഷീണം, വയറുവേദന, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.
കരളിന്റെ രോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങളില്ലാതെ മുന്നേറുന്നു. അതിനാൽ പ്രതിരോധമാണ് ആണ് ഏറ്റവും മികച്ച ചികിത്സ. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതു വഴി കരളിനെ ദീർഘകാലം സംരക്ഷിക്കാം.