ADVERTISEMENT

വേനൽക്കാലം ചർമപ്രശ്നങ്ങളുടെയും കാലമാണ്. അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം.

സൂര്യപ്രകാശം കാരണം
സൂര്യകിരണത്തിലെ അൾട്രാ വയലറ്റ് റേഡിയേഷൻ (UVR) ആണു പ്രശ്നം സൃഷ്ടിക്കുന്നത്. സൂര്യാഘാതം ഉണ്ടാകുന്നതു കൂടിയ അളവിൽ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്പോഴാണ്. സൂര്യാതപം അഥവാ സൺബേൺ (Sun Burn) എന്ന ചർമപ്രശ്നം ഉണ്ടാകുന്നതും അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ ഏൽക്കുമ്പോൾ ആണ്.

ADVERTISEMENT

യുവിയിൽ നിന്നു സംരക്ഷണം തരുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാം. യുവി പ്രൊട്ടക്‌ഷൻ ഫാക്ടർ (UPF) ഉള്ള തുണിത്തരങ്ങൾ വിപണിയിൽ ലഭ്യമാണ്. സൺസ്ക്രീൻ ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. യുവി രശ്മികളെ ആഗിരണം ചെയ്യുന്ന രാസവസ്തുക്കളാണ് ഇവ. സൺസ്ക്രീനുകൾ രണ്ടു തരത്തിലുണ്ട് .

1. കെമിക്കൽ സൺസ്ക്രീനുകൾ – ഉദാ: പാരാഅമിനോബെൻസോയിക് ആസിഡ്, ബെൻസോഫിനോൺസ്. ഇതു ചർമത്തിൽ പതിപ്പിക്കുന്ന സൂര്യരശ്മികളെ പുറത്തേക്കു പ്രസരണം ചെയ്യുന്നു.

ADVERTISEMENT

2. ഫിസിക്കൽ സൺസ്ക്രീനുകൾ – ഉദാ: സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡൈഓക്സൈഡ്. ഇവ സൂര്യ
രശ്മിയെ തടയുന്നു, ചർമത്തെ സംരക്ഷിക്കുന്നു.

എസ്പിഎഫ് 30 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കാം. നല്ല ഘനത്തിൽ ചർമത്തിൽ പുരട്ടണം. 90 മിനിറ്റു കഴിഞ്ഞു വീണ്ടും ലേപനം പുരട്ടണം. ജലത്തിൽ അലിയാത്ത സൺസ്ക്രീനുകളാണ് ഉത്തമം (water resistant). വെയിലേൽക്കുന്നതിന് 30 മിനിറ്റു മുൻപെ ഇത് ഉപയോഗിക്കണം. സൂര്യപ്രകാശം ഏറ്റു കഴിഞ്ഞാൽ 30 മിനിറ്റു കഴിഞ്ഞ് ഒന്നുകൂടി പുരട്ടണം. നീന്തൽ, വ്യായാമം ഇവ കഴിഞ്ഞു വീണ്ടും പുരട്ടാം. കുട്ടികൾക്കു ഫിസിക്കൽ സൺസ്ക്രീനുകളാണു നല്ലത്. കണ്ണുകൾക്കു സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷണം നൽകാൻ സൺഗ്ലാസ് ഉപയോഗിക്കണം.

ADVERTISEMENT

സൂര്യാഘാതം ഉണ്ടായാൽ തണുത്ത വെള്ളത്തിൽ തുണി മുക്കി, ചർമം ഒപ്പുന്നതു നീറ്റൽ കുറയ്ക്കാൻ സഹായിക്കും. നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി വിഭാഗത്തിൽ പെടുന്ന മരുന്നുകൾ, ചർത്തിന് ഉള്ളിലുണ്ടാകുന്ന രാസപ്രക്രിയയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. വേദന കുറയ്ക്കാനും കഴിയും. സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളും ഗുളികകളും തീവ്രത കൂടിയ റിയാക്‌ഷനുകൾ ഇല്ലാതാക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതു നിർജലീകരണം തടയും. അസഹ്യമായ വേദന ഉണ്ടെങ്കിൽ, മരവിപ്പിക്കാൻ ഉതകുന്ന ലിഗ്‌നോകെയ്‌ൻ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കാം. മോയിസ്ചറൈസറുകൾ, ആന്റിബയോട്ടിക്കുകൾ, എമോളിയന്റുകൾ (ചർമം സ്നിഗ്ധമാക്കാൻ ഉതകുന്നവ–Emollients) ഉദാ: കറ്റാർവാഴപ്പോള അടങ്ങിയ ജെൽ) ഇവയും രോഗാവസ്ഥ അനുസരിച്ച് ഉപയോഗിക്കാം.

ചൂടുകുരു ഒഴിവാക്കാം
വിയർപ്പു ഗ്രന്ഥികളിൽ തടസ്സം വന്നു വിയർപ്പു പുറത്തേക്കു വരാതെ ചർമത്തിന്റെ അടിയിൽ തങ്ങി നിൽക്കുന്നതാണു ചൂടുകുരുവിന്റെ കാരണം. ചൂടുകുരു ഒഴിവാക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കുക (ഷവർ ബാത്). കുളി കഴിഞ്ഞു കലാമിൻ ലോഷൻ പുരട്ടാം. തണുത്ത വെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞു ശരീരത്തിൽ തുടയ്ക്കുകയും ചെയ്യാം. ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. കോട്ടൻ വസ്ത്രങ്ങൾ ധരിക്കാം.

വിയർപ്പു കൂടുതലായതു കൊണ്ടു വരാവുന്ന മറ്റൊരു പ്രശ്നമാണു മുഖക്കുരു. അധികമുള്ള വിയർപ്പും എണ്ണമയവും മുഖത്തെ രോമകൂപങ്ങളുടെ സുഷിരം അടയാൻ ഇടയാക്കും. അങ്ങനെ മുഖക്കുരു ഉണ്ടാകാം. മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക. മുഖത്തു ലോഷനും ക്രീമുകളും കട്ടിയായി പുരട്ടാതിരിക്കുക. ചൂടുകാലത്തെ ചർമവരൾച്ച ഒഴിവാക്കാൻ ഒരുനേരമെങ്കിലും എണ്ണ തേച്ചുള്ള കുളിയാകാം.

ഡോ. ശ്രീരേഖ പണിക്കർ
കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

English Summary:

Summer skin problems can be effectively managed and prevented with proper knowledge and care. This article outlines common summer skin issues like sunburn, heat rash, and acne, providing practical tips for prevention and treatment using sunscreens, protective clothing, and hygiene practices.

ADVERTISEMENT