ചേര കടിച്ചാൽ എന്തു ചെയ്യണം? അറിയേണ്ട പ്രഥമ ശുശ്രൂഷാ മാർഗങ്ങൾ Identifying Venomous vs. Non-Venomous Snakes
Mail This Article
പാന്പുകടി എല്ലാവരെയും ഭയപ്പെടുത്തുന്ന ഒരു വിഷയമാണ്. ചേര പോലുള്ള വിഷമില്ലാത്തവ കടിച്ചാലും ആളുകൾ പരിഭ്രാന്തരാകാറുണ്ട്. അതുകൊണ്ട് വിഷമുള്ള പാന്പിനെയും വിഷമില്ലാത്തവയെയും എങ്ങനെ തിരിച്ചറിയാം എന്ന് ആദ്യം നോക്കാം.
വ്യത്യാസം അറിയാം
വിഷമുള്ള പാന്പിനെയും വിഷമില്ലാത്ത പാന്പിനെയും തലയുടെ ആകൃതി വച്ച് തിരിച്ചറിയാം. വിഷമുള്ള പാന്പിന്റെ തല ത്രികോണ ആകൃതിയിലായിരിക്കും. (Triangle shaped Head). അതേസമയം ചേര പോലെ വിഷമില്ലാത്ത പാന്പുകളുടെ തല ഉരുണ്ടായിരിക്കും (Rounded Head). കണ്ണിലും വ്യത്യാസമുണ്ട്. വിഷമുള്ളവയുടെ കണ്ണ് നീണ്ട് ഇരിക്കും. (Eliptical pupil). ചേരയുടെയും മറ്റും വട്ടത്തിലായിരിക്കും. വിഷമുള്ള പാന്പുകൾക്ക് രണ്ട് വിഷപ്പല്ലുകൾ മുൻപോട്ടു തൂങ്ങിനിൽക്കും. രാജവെന്പാല, മൂർഖൻ പോലുള്ളവയ്ക്കു ഫണം ഉണ്ടാകും. ചേര പോലുള്ളവയ്ക്കു വിഷപ്പല്ലുകൾ ഉണ്ടാവുകയില്ല.
ആശുപത്രിയിൽ പോകണം
പാന്പു കടിയേറ്റു എന്നു സംശയിച്ചാൽ വിഷമുള്ളതാണോ അല്ലയോ എന്നു നോക്കാൻ പാന്പിന്റെ പിന്നാലെ പോയി സമയം കളയരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. കടിയേറ്റ ഭാഗം സ്പ്ലിന്റ് ഉപയോഗിച്ച് കെട്ടുക. വലിഞ്ഞുമുറുക്കി കെട്ടരുത്.
ചേര കടിച്ച സ്ഥാനത്തു സ്വയം മുറിവുണ്ടാക്കി രക്തം പുറത്തുകളയുക പോലുള്ള അശാസ്ത്രീയമായ കാര്യങ്ങൾ ചെയ്യരുത്. വിഷമുള്ള പാന്പാണെങ്കിൽ കടിയേറ്റ ഭാഗത്തു കഠിന വേദന, വീക്കം, നിറവ്യത്യാസം എന്നിവ അനുഭവപ്പെടും. ചേര കടിച്ചാൽ ഈ ലക്ഷണങ്ങൾ കാണില്ല.
ആശുപത്രിയിൽ എത്തിയാലുടൻ കടിയേറ്റ ഭാഗം പരിശോധിക്കുന്ന ഡോക്ടർക്കു വിഷമുള്ള പാന്പാണോ കടിച്ചത് എന്ന് മനസ്സിലാകും. വിഷമുള്ളതാണെങ്കിൽ ആന്റിവെനം നൽകും. ചേര പോലെ വിഷമില്ലാത്തവയാണു കടിച്ചതെങ്കിൽ ചിലപ്പോൾ ഡോക്ടർ ആന്റിബയോട്ടിക്കോ ടിടിയോ നൽകും.
ഡോ. പി.പി. വേണുഗോപാലൻ
എമർജൻസി വിഭാഗം, മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്