ADVERTISEMENT

ആർക്കും ഒരു സൂചനയും കൊടുക്കാതെ അതീവ രഹസ്യമായി മോഷണം നടത്തുന്ന സമർഥരായ കള്ളന്മാരെക്കുറിച്ചുള്ള പല മുത്തശ്ശിക്കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഗ്ലോക്കോമ എന്ന കാഴ്ച നാഡിയെ (Optic nerve) ബാധിക്കുന്ന ഈ രോഗവും നിശ്ശബ്ദമായി കാഴ്ച കവരുന്ന ഒന്നാണ്. പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങളുടെ അഭാവമാണ് ഈ രോഗത്തെ അപകടകാരി ആക്കുന്നത്.

പല രോഗികളും പകുതിയിലേറെ കാഴ്ച നഷ്ടപ്പെട്ടതിനു ശേഷമാണു ചികിത്സ തേടി എത്തുന്നത്. നാഡീകോശങ്ങളെ ബാധിക്കുന്ന അസുഖമായതിനാൽ തന്നെ നഷ്ടപ്പെട്ട കാഴ്ച തിരിച്ചെടുക്കുക എന്നതു സാധ്യവുമല്ല. ലോകമാകെയുള്ള ചികിത്സിച്ചു
തിരുത്താനാകാത്ത അന്ധതകളിൽ
(Irreversible blindness) ഒന്നാം സ്ഥാനമാണു ഗ്ലോക്കോമയ്ക്കുള്ളത്.

ADVERTISEMENT

കണ്ണിലെ മർദം കൂടുമ്പോൾ
കണ്ണിനെയും കാഴ്ചയെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗത്തെയും ബന്ധിപ്പിക്കുന്ന നാഡിയാണ് ഒപ്റ്റിക് നാഡി. ഇവിടുത്തെ നാഡീകോശങ്ങൾ അസാധാരണമാം വിധം നഷ്ടപ്പെട്ടു കാഴ്ച പതിയെ നശിച്ചു വരുന്ന രോഗമാണു ഗ്ലോക്കോമ.

കണ്ണിനകത്തുള്ള മർദം കൂടുന്നതാണു പ്രധാന രോഗകാരണം. കണ്ണിനകത്തുള്ള അക്യുസ് ഹ്യൂമർ എന്ന ദ്രാവകത്തിന്റെ ഉൽപാദനവും പുറംതള്ളലും തമ്മിലുള്ള സന്തുലനമാണു കണ്ണിനകത്തെ മർദം ക്രമീകരിക്കുന്നത്. ട്രാബിക്കുലർ മെഷ് വർക് എന്നറിയപ്പെടുന്ന അരിപ്പ പോലുള്ള ഒരു ചെറിയ ഘടന വഴിയാണ് ഈ ദ്രാവകം ആഗിരണം ചെയ്യപ്പെടുന്നത്. ഈ പുറംതള്ളൽ പ്രക്രിയ, ഘടനപരമായ അടവുകൾ കാരണമോ (Closed angle glaucoma) ദ്രാവകത്തിന്റെ ഒഴുക്കിനോടുള്ള പ്രതിരോധം വർധിക്കുന്നതു (Open angle glaucoma) കാരണമോ തടസ്സപ്പെടുമ്പോഴാണു പ്രധാനമായും കണ്ണിലെ മർദം ഉയരുന്നത്. അതുവഴി ദൃശ്യനാഡിയിലെ കോശങ്ങൾ നഷ്ടപ്പെടുകയും ആ കോശങ്ങൾ പ്രദാനം ചെയ്യുന്ന കാഴ്ചപരിധി/ ദൃശ്യമണ്ഡലം (Field of Vision) കുറഞ്ഞു വരുകയും ചെയ്യുന്നു.

ADVERTISEMENT

ചില രോഗികളിൽ കണ്ണിലെ മർദം സാധാരണമാണെങ്കിലും നാഡീകോശങ്ങൾ നശിക്കുന്നു. ഇതിനെ നോർമൽ ടെൻഷൻ ഗ്ലോക്കോമ എന്നു വിളിക്കുന്നു.

ആർക്കെല്ലാം വരാം ?
നവജാത ശിശുക്കൾ മുതൽ മുതിർന്നവരിൽ വരെ ഗ്ലോക്കോമ വരാം. എന്നാൽ ചില ആളുകളിൽ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
∙ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കിൽ
∙ ഹ്രസ്വ ദൃഷ്ടി (Short sight) ഉള്ളവർ
∙ 40 വയസ്സിനു മുകളിൽ ഉള്ളവർ
∙ വളരെക്കാലം സ്റ്റിറോയ്ഡ് ഉപയോഗിച്ചിട്ടുള്ളവർ
∙ പ്രമേഹ രോഗികൾ, മൈഗ്രെയ്ൻ രോഗികൾ, രക്തസമ്മർദം ഉള്ളവർ
∙ കണ്ണിനു മുൻകാലങ്ങളിൽ എന്തെങ്കിലും പരുക്കുകൾ പറ്റിയവർ
∙ ഏഷ്യൻ– ആഫ്രിക്കൻ വംശജർ

ADVERTISEMENT

കുട്ടികളിൽ കാഴ്ചക്കുറവു തടയാം
നവജാത ശിശുക്കളിൽ ജനിതകപരമായ കാരണങ്ങളാൽ ഗ്ലോക്കോമ വരാറുണ്ട്. അമിതമായ കണ്ണുനീരൊഴുക്ക്, കൃഷ്ണമണിയുടെ അസാധാരണ വലുപ്പം, നിറവ്യത്യാസം ഇവയെല്ലാം ലക്ഷണങ്ങൾ ആകാം.ചില കുട്ടികളിൽ ആദ്യ മൂന്നു വർഷത്തിനുള്ളിലും ഈ അസുഖം വരാറുണ്ട്. നേരത്തേ കണ്ടെത്തിയാൽ ചികിത്സയിലൂടെ കാഴ്ചക്കുറവു നിയന്ത്രിക്കാം. കാഴ്ചയുടെ വികാസത്തിനുള്ള ചികിത്സകളും നൽകണം. ഈ സമയത്തു ശരിയായ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ എന്നന്നേക്കുമായി കാഴ്ച കുറയാം.

എപ്പോൾ പരിശോധന ?
കൃത്യമായ ഇടവേളകളിൽ നടത്തുന്ന നേത്രപരിശോധന വഴി ഈ മാരക രോഗത്തെ കണ്ടെത്താൻ നമുക്കു സാധിക്കും. കാഴ്ച, കണ്ണിലെ മർദം, ട്രാബിക്കുലർ മെഷ് വർക് അടങ്ങുന്ന കോണിന്റെയും (angle of anterior chamber) കാഴ്ച നാഡിയുടെയും ഘടനാപരമായ മാറ്റങ്ങൾ ഇതെല്ലാം പരിശോധിക്കുന്നതു വഴി ഗ്ലോക്കോമ ഉണ്ടോ എന്നു കണ്ടെത്താൻ ഒരു നേത്രരോഗ വിദഗ്ധനു സാധിക്കും.

ഈ പരിശോധനയിൽ എന്തെങ്കിലും ആശങ്കാജനകമായിട്ടുണ്ടെങ്കിൽ അടുത്ത പടി പരിശോധനകളിലേക്കു ഡോക്ടർ കടക്കും. കാഴ്ച നാഡിയുടെ വളരെ സൂക്ഷ്മമായ ഘടനാപരമായ വ്യതിയാനങ്ങൾ വരെ OCT (optical coherence tomography ) എന്ന പരിശോധന വഴി കണ്ടെത്താം. മുകളിലെയും താഴത്തെയും വശങ്ങളിലെയും കാഴ്ച പരിശോധിക്കുന്ന വിഷ്വൽ ഫീൽഡ് ടെസ്റ്റും ഗ്ലോക്കോമ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നു.

40 വയസ്സിനു മുകളിലുള്ള എല്ലാവരും വർഷത്തിൽ ഒരു തവണ എങ്കിലും നേത്രപരിശോധന നടത്തിയിരിക്കണം. പ്രധാനമായും ഒരു ജനിതക രോഗമായതിനാൽ അടുത്ത ബന്ധുക്കൾക്കു ഗ്ലോക്കോമ ഉണ്ടെങ്കിൽ നേരത്തേ തന്നെ ഇത്തരം പരിശോധനകൾക്കു വിധേയരാകണം.

തുടക്കത്തിലാണെങ്കിൽ
തുടക്കത്തിൽ തന്നെ ഗ്ലോക്കോമ കണ്ടെത്തിയാൽ കാഴ്ചയെ ഒരുപാടു ബാധിക്കുന്നതിനു മുൻപു തന്നെ ഈ അസുഖത്തെ ചികിത്സിച്ചു ക്രമപ്പെടുത്തി കൊണ്ടുപോകാം. കണ്ണിലെ മർദത്തെ സന്തുലിതമാക്കുന്ന ഒട്ടേറെ തുള്ളി മരുന്നുകൾ ലഭ്യമാണ്. ഇതുകൊണ്ടു ഗ്ലോക്കോമ നിയന്ത്രണവിധേയമായില്ലെങ്കിൽ അതിനു സഹായിക്കുന്ന ശസ്ത്രക്രിയകളും ലേസറുകളും ഉണ്ട്. രോഗനിയന്ത്രണത്തിനു ജീവിതകാലം മുഴുവൻ തുടർ പരിശോധനകളും ആവശ്യമാണ്.

അധികമുള്ള അക്വസ് ഹ്യൂമർ പുറംതള്ളാൻ കണ്ണിലെ വെള്ള നിറത്തിൽ കാണുന്ന ബാഹ്യപാളിയിൽ ഒരു ചെറിയ പാത ഉണ്ടാക്കുന്ന
ട്രബിക്യുലോട്ടമി എന്ന ശസ്ത്രക്രിയ ആണ് ഇതിൽ പ്രധാനം. ദ്രാവകം പുറത്തേയ്ക്കു കളയാനായി ചെറിയ ട്യൂബുകൾ അല്ലെങ്കിൽ സ്റ്റെന്റുകൾ ഉപയോഗിക്കുന്നതാണു ഗ്ലോക്കോമ ഡ്രെയിനേജ് ഡിവൈസ്. ഇവ വളരെ ചെറിയ മുറിവുകൾ വഴി ചെയ്യുന്നതിനാൽ വേഗം തന്നെ സാധാരണ ജീവതത്തിലേക്ക് തിരിച്ചു പോകാം.

ആംഗിൾ ക്ലോഷർ ഗ്ലോക്കോമയിൽ മർദം സാവധാനമാണു കൂടുക. അതിനാൽ പ്രാരംഭഘട്ടത്തിൽ ലേസർ വഴി ഐറിസിൽ ചെറിയ സുഷിരം ഉണ്ടാക്കി ദ്രാവകത്തിന്റെ ഒഴുക്കു കൂട്ടാം.  എന്നാൽ, ചില രോഗികളിൽ മർദം പെട്ടെന്നു വർധിക്കുകയും കടുത്ത കണ്ണുവേദന, കാഴ്ച മങ്ങൽ, കണ്ണിനു ചുവപ്പ് എന്നിവ ഉണ്ടാകുകയും ചെയ്യും. ഈ അക്യൂട്ട് ആംഗിൾ ക്ലോഷർ ഗ്ലോക്കോമ അടിയന്തര സാഹചര്യമാണ്. ഉടൻ ചികിത്സിച്ചില്ലെങ്കിൽ സ്ഥിരമായ അന്ധത വരാം.

ഡോ. സൗമ്യ നാരായണന്‍
ഡോ. ബിന്ദു എസ്. അജിത്
കോഴിക്കോട് ഒഫ്താൽമിക് സൊസൈറ്റി

English Summary:

Glaucoma is a silent thief of sight, affecting the optic nerve and gradually stealing vision without early symptoms. Early detection and regular eye check-ups are crucial to prevent irreversible blindness caused by this condition.

ADVERTISEMENT