ADVERTISEMENT

ശസ്ത്രക്രിയകളിൽ വച്ചു രോഗിയെ സംബന്ധി ച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുകൾ കുറഞ്ഞതും റിസ്ക് കുറഞ്ഞതുമായ ഒന്നാണു തിമിര ശസ്ത്രക്രിയ. വിവിധ ശസ്ത്രക്രിയാ ക്യാംപുകളിൽ മുതൽ ഹൈടെക് കണ്ണാശുപത്രികളിൽ വരെ ഇന്ന് ഈ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ട്.
പ്രായമാകുമ്പോള്‍ കണ്ണുകളിലെ ലെൻസുകൾക്കു സ്വാഭാവികമായി ഉണ്ടാകുന്ന പരിണാമമാണു തിമിരം അഥവാ കാറ്ററാക്റ്റ്. ലെൻസുകൾക്കുള്ളിലെ പ്രോട്ടീനുകൾ കാലാന്തരത്തിൽ വിഘടിക്കുന്നതു കാരണം ഉണ്ടാകുന്ന മൂടലിനെയാണു തിമിരം എന്നു പറയുന്നത്. ഇതു ലെൻസുകളുടെ ചുറ്റുപാടു നിന്നും തുടങ്ങി ക്രമേണ മധ്യഭാഗത്തേക്കു വ്യാപിക്കുന്ന ഒന്നാണ്. കാലം ചെല്ലുംതോറും കണ്ണിനു പൂർണമായ മൂടൽ വന്നു കാഴ്ച തീർത്തും നഷ്ടപ്പെടുന്നു. അന്ധതയും ഉണ്ടാകുന്നു.
കാറ്ററാക്റ്റ് വന്നു മൂടൽ സംഭവിച്ച ലെൻസ് നീക്കം ചെയ്തു പകരം കൃത്രിമ ലെൻസ് തയ്ച്ചു പിടിപ്പിക്കുന്ന പ്രക്രിയയാണു തിമിര ശസ്ത്രക്രിയ. ഇന്നു തിമിര ശസ്ത്രക്രിയ ഒരു ഡേകെയർ സർജറി ആണ്.

കണ്ണിനു വേണം വിശ്രമം
ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ ചെന്നാൽ രോഗി എന്തെല്ലാം ശ്രദ്ധിക്കണമെന്നു നമുക്കു നോക്കാം
∙ ഡോക്ടറുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക. ശസ്ത്രക്രിയയുടെ വിജയത്തിനും പിന്നീടുള്ള
പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും ഇത് അത്യാവശ്യമാണ്.
∙ കണ്ണിലൊഴിക്കേണ്ട മരുന്നുകൾ കൃത്യസമയത്തു കൃത്യമായി ഒഴിക്കുക. നീർക്കെട്ടും അണുബാധയും തടഞ്ഞ് എത്രയും പെട്ടെന്നു സുഖം പ്രാപിക്കാൻ വേണ്ടിയാണിത്. സ്വയം ചെയ്യുന്നതിനെക്കാൾ നല്ലത്, വീട്ടിൽ മരുന്നുകൾ ഒക്കെ നോക്കി മനസ്സിലാക്കി വേണ്ട രീതിയിൽ ചെയ്യുവാൻ പ്രാപ്തിയുള്ള ഒരാളുടെ സേവനം ഉപകാരപ്പെടുത്തുന്നതാണ്.
∙ കണ്ണുകൾക്കു വിശ്രമം നൽകുക. കണ്ണുകൾക്ക് ആയാസം നൽകുന്ന പ്രവ‍ൃത്തികൾ ആദ്യത്തെ കുറച്ചു ദിവസത്തേക്ക് ഒഴിവാക്കുക. ചെറിയ രീതിയിൽ വായന, ടിവി കാണൽ എന്നിവയൊക്കെ തുടങ്ങി പതിയെ മാത്രം പഴയരീതിയിലേക്കു മാറുക.
കണ്ണട ധരിക്കാം
∙സംരക്ഷണം നൽകുന്ന കണ്ണടകളും (Protective glass) ഐഷീൽഡും ധരിക്കുക. കണ്ണിൽ ശക്തമായ വെളിച്ചവും അൾട്രാവയലറ്റ് രശ്മികളും അടിക്കുന്നത് ഒഴിവാക്കാൻ
ഡോക്ടർ നിർദേശിച്ച തരത്തിലുള്ള സംരക്ഷണ കണ്ണട ധരിക്കുക. രാത്രിയിൽ ഉറങ്ങുമ്പോൾ അബദ്ധത്തിൽ കണ്ണുകൾ തിരുമ്മാതിരിക്കാൻ ഐഷീൽഡുകൾ ധരിക്കുന്നതും ആവശ്യമാണ്.
∙ വൃത്തിയുള്ള അന്തരീക്ഷത്തിൽ മാത്രം പെരുമാറുക, ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകുക, വീടും പരിസരവും വൃത്തിയുള്ളതും പൊടി ഇല്ലാത്തതുമായി നിലനിർത്തുക എന്നിവ അണുബാധകൾ
ഒഴിവാക്കാൻ സഹായിക്കും.
∙ തുടർപരിശോധനകൾ നടത്താൻ മറക്കരുത്.
തിമിര ശസ്ത്രക്രിയ കഴിഞ്ഞു ചെയ്യരുതാത്ത ചില
കാര്യങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.
∙ കണ്ണുകൾ തിരുമ്മരുത്. പുതിയതായി വച്ചു പിടിപ്പിച്ച ലെൻസിനു സ്ഥാനഭ്രംശം സംഭവിക്കാനും കണ്ണിനു വേദനയോ ക്ഷതമോ ഉണ്ടാവാനോ ഇതു കാരണമാകും.
∙ഭാരിച്ച ജോലികള്‍ ഒഴിവാക്കുക. ഭാരമുള്ള വസ്തുക്കൾ (ഉദാ: ബാത്ത്റൂമിലും മറ്റും വെള്ളം നിറച്ച ബക്കറ്റുകൾ) ഉയർത്താതിരിക്കുക. ഇതു കണ്ണിനകത്തെ പ്രഷർ വർധിക്കാൻ കാരണമാകും. കഠിനമായ വ്യായാമമുറകളും ഒഴിവാക്കേണ്ടതാണ്. ഇടയ്ക്കിടെ കുനിയുന്നതും കണ്ണിലെ പ്രഷർ വർധിപ്പിക്കും.

ADVERTISEMENT

കണ്ണു തിരുമ്മരുത്,
നീന്തലും ഡ്രൈവിങ്ങും ഉടൻ വേണ്ട

∙ നീന്തൽ, ബാത്ത്ടബുകളിലെ കുളി എന്നിവയൊക്കെ ചുരുങ്ങിയതു രണ്ടാഴ്ചത്തേക്ക് ഒഴിവാക്കേണ്ടതാണ്. അതുപോലെ ഷവറിൽ കുളിക്കുമ്പോള്‍ കണ്ണിലേക്കും മുഖത്തേക്കും നേരിട്ടു വെള്ളം വീഴാതെ സൂക്ഷിക്കുകയും വേണം. സംരക്ഷണ കണ്ണടകൾ ധരിക്കുന്നതു നന്നായിരിക്കും. അണുബാധകൾ ഒഴിവാക്കാനും കണ്ണിനു ക്ഷതം പറ്റാതിരിക്കാനും ഇതു സഹായിക്കും.
∙ ഡ്രൈവിങ് ഒഴിവാക്കുക. ശസ്ത്രക്രിയാനന്തരം ആദ്യത്തെ കുറച്ചുനാളത്തേക്കു ഡ്രൈവിങ് ഒഴിവാക്കുന്നതാണ് ഉത്തമം. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനും പുതിയ ലെൻസുമായി താദാത്മ്യം പ്രാപിക്കുന്നതിനു മുൻപു കാഴ്ചയിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതു കൊണ്ടുള്ള അപകട സാധ്യത തടയാനുമാണിത്.
∙ശക്തമായ പ്രകാശസ്രോതസ്സുകൾ ഒഴിവാക്കുന്നതു കണ്ണിന് ആയാസം തടയും.
∙ കണ്ണിൽ ഒഴിക്കുന്ന തുള്ളി മരുന്നുകള്‍ (വിവിധതരം മരുന്നുകൾ ഉണ്ടാവും) കൃത്യസമയത്തു കൃത്യമായ ഡോസിൽ ഒഴിക്കുകയും ഡോസ് മുടങ്ങാതെ സൂക്ഷിക്കുകയും വേണം.
∙ ശസ്ത്രക്രിയ കഴിഞ്ഞ് ഉടനെ കൺമഷിയോ മറ്റു മേക്കപ്പ് സാധനങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഉടൻ ഡോക്ടറെ കാണാം
സാധാരണ രീതിയിൽ മറ്റു സങ്കീർണതകൾ ഒന്നുമില്ലാതെ തിമിര ശസ്ത്രക്രിയാക്കാലം കടന്നുപോകും. എന്നാൽ ഇനി പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
∙ ദീർഘനാളായുള്ള കാഴ്ചമങ്ങൽ.
∙ വേദനയും അസ്വസ്ഥതകളും നീണ്ടുനിൽക്കുക.
∙ ദീർഘകാലമായി കണ്ണിനു ചുവപ്പും വീക്കവും.
∙ ഒരു പരിധിയിൽ കവിഞ്ഞുള്ള പ്രകാശ തീവ്രത സഹിക്കാൻ ‍കഴിയാത്തപ്പോൾ.
∙ ഇരട്ടയായി കാണുക, നിറങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട്, രണ്ടു വാക്കുകളുടെ അതിരുകൾ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ട് എന്നിവ കണ്ടാൽ ഡോക്ടറെ കാണുക.
ഇതിനൊക്കെ പുറമേ, പോഷകാഹാരം, വിശ്രമം, ഉറക്കം, ശരീരത്തിലെ ജലാംശം നിലനിർത്താനായി വെള്ളം കുടിക്കുക എന്നിവയും ഏറെ പ്രധാനമാണ്.

ADVERTISEMENT
English Summary:

Cataract surgery is a low-risk procedure that removes cloudy lenses from the eye and replaces them with an artificial lens. Following post-operative care instructions is crucial for optimal recovery and to avoid complications such as infection, pain, or vision disturbances.

ADVERTISEMENT
ADVERTISEMENT