ADVERTISEMENT

കേരളത്തിലെ ആരോഗ്യരംഗത്ത് ഇന്നു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണു കരളിനെ ബാധിക്കുന്ന രോഗങ്ങൾ. മുൻകാലങ്ങളിൽ മദ്യപാനം മാത്രമാണു കരൾ രോഗത്തിനു പ്രധാന കാരണമായി കണ്ടിരുന്നതെങ്കിൽ, ഇന്നു ജീവിതശൈലീരോഗങ്ങൾ വില്ലന്മാരായി മാറിക്കഴിഞ്ഞു. കൂടുന്ന കരൾ രോഗങ്ങളിൽ ഒന്നാം സ്ഥാനം ഫാറ്റി ലിവറിനാണ്. ഹെപ്പറ്റൈറ്റിസി ബി, സി എന്നിവയും കൂടുതലായി കണ്ടുവരുന്നു.

ഫാറ്റി ലിവർ: പുതിയ വെല്ലുവിളി

ADVERTISEMENT

കേരളത്തിലെ ഏകദേശം 45% മുതൽ 50% വരെ ആളുകളിൽ ഇന്നു ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഈ രോഗം വ്യാപകമാണ്. ഇതിന് ഒരു പ്രധാന കാരണമാകട്ടെ പാശ്ചാത്യ ഭക്ഷണസംസ്കാരവും വ്യായാമരാഹിത്യവും. പണ്ടു നഗരങ്ങളിൽ മാത്രം കൂടുതലായി കണ്ടുവന്നിരുന്ന ഹോട്ടലുകളും ഫാസ്റ്റ് ഫൂഡ് സെന്ററുകളും ഇന്നു ഗ്രാമങ്ങളിൽ ധാരാളമായി കാണുന്നു. ഇത്തരം കടകളിൽ പലപ്പോഴും ലഭിക്കുന്നതാകട്ടെ വറുത്ത നോൺവെജ് വിഭവങ്ങളും പൊറോട്ട പോലുള്ളവയും. രാത്രി വൈകി ഇത്തരം ഭക്ഷണം കഴിക്കുന്നതു ശരീരത്തിലെ കൊഴുപ്പിന്റെ അളവു
കൂടാൻ ഇടയാക്കുമെന്നതിൽ സംശയമില്ല.

liverfood

∙ മെറ്റബോളിക് രോഗങ്ങൾ: അമിതവണ്ണം, പ്രമേഹം (Diabetes), ബിപി (Blood Pressure), ഉയർന്ന കൊളസ്ട്രോൾ എന്നീ നാലു കാര്യങ്ങൾ ഉള്ളവരിൽ ഭൂരിഭാഗം പേർക്കും കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചു ഫാറ്റി
ലിവർ. ഇന്ന് ഈ രോഗങ്ങൾ ഉള്ളവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഈ രോഗങ്ങൾ ഉള്ളവർ നിർബന്ധമായും അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഫാറ്റി ലിവർ പരിശോധന നടത്തേണ്ടതാണ്.

ADVERTISEMENT

∙ അമിതവണ്ണവും അപകടവും : വയറിനു ചുറ്റുമുള്ള അമിതവണ്ണമാണ് ഏറ്റവും അപകടകരം. പുരുഷന്മാരിൽ അരക്കെട്ടിന്റെ അളവ് 90 സെന്റിമീറ്ററിൽ കൂടുതലും, സ്ത്രീകളിൽ 85 സെന്റിമീറ്ററിൽ കൂടുതലും ആണെങ്കിൽ അവർ ഫാറ്റി ലിവർ സാധ്യതയുള്ളവരാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ വ്യാപനം

ADVERTISEMENT

വൈറൽ ഹെപ്പറ്റൈറ്റിസ് ഇന്നു പുതിയ രൂപങ്ങളിൽ പടരുകയാണ്.

tattoo

∙ ഹെപ്പറ്റൈറ്റിസ് സി (Hepatitis C):
നിലവിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന ഹെപ്പറ്റൈറ്റിസ് സി കേസുകളിൽ അധികവും മയക്കുമരുന്ന് ഉപയോഗിക്കുന്നതു (Intravenous drug use) വഴിയാണു പടരുന്നത്. 15 നും 25 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഇതു കൂടുതലായി കാണപ്പെടുന്നു. കൂടാതെ, ലൈസൻസില്ലാത്ത ഇടങ്ങളിൽ നിന്നു ടാറ്റൂ ചെയ്യുന്നതു വഴിയും സൂചികൾ പുനരുപയോഗിക്കുന്നതു വഴിയും ഈ രോഗം വരാം.

∙ ഹെപ്പറ്റൈറ്റിസ് ബി (Hepatitis B):
വാക്സിനേഷൻ വ്യാപകമായതോടെ ഹെപ്പറ്റൈറ്റിസ് ബി പടരുന്നതു കുറഞ്ഞിട്ടുണ്ട്. എങ്കിലും കരളിലെ കാൻസറിനു പ്രധാന കാരണമായി ഇത് ഇപ്പോഴും നിലനിൽക്കുന്നു. മുൻകാലങ്ങളിൽ ഹെപ്പറ്റൈറ്റിസ് ചികിത്സ വളരെ ചെലവേറിയതും ദൈർഘ്യമേറിയതുമായിരുന്നു. എന്നാൽ ഇന്നു സ്ഥിതി മാറി. സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാണ്.

കരൾ കാൻസർ

ഫാറ്റി ലിവർ കൃത്യസമയത്തു കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അതു കരൾ സിറോസിസിലേക്കും പിന്നീടു കരൾ കാൻസറിലേക്കും നയിക്കാം. സിറോസിസ് ഘട്ടം എത്തുന്നതിനു മുൻപു തന്നെ നേരിട്ടു കാൻസറിലേക്കു മാറുന്ന അവസ്ഥയും കണ്ടുവരുന്നു. ഇന്നു കരൾ കാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവും കാണുന്നു.

പ്രത്യേകതയും ലക്ഷണങ്ങളും

കരൾ രോഗങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി അവ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കില്ല എന്നതാണ്.

കരൾ ഏകദേശം 75-80% വരെ നശിച്ചാൽ മാത്രമേ പലപ്പോഴും വലിയ ലക്ഷണങ്ങൾ പുറത്തുവരികയുള്ളൂ. ചിലർക്കു ചെറിയ ക്ഷീണം, വയറിന്റെ വലതുഭാഗത്തു മുകളിലായി ഒരു ഭാരം അനുഭവപ്പെടുക (Dragging pain) എന്നിവ തോന്നാം. കരൾ പ്രവർത്തന പരിശോധനകൾ (Liver Function Test) നോർമൽ ആണെങ്കിലും കരളിൽ കാര്യമായ തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ഫൈബ്രോസ്കാൻ (Fibroscan) പോലുള്ള പരിശോധനകൾ നടത്തുന്നതു നല്ലതാണ്. അപായഘടകങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം 25 വയസ്സു മുതൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതു നല്ലതാണ്. ഫാറ്റി ലിവർ വളരെ നേരത്തെ (Early Stage) കണ്ടെത്തുകയാണെങ്കിൽ മരുന്നുകൾ ഇല്ലാതെ തന്നെ പരിഹരിക്കാൻ സാധിക്കും. അമിതഭാരം കുറയ്ക്കുക എന്നതു മാത്രമാണ് ഇതിനുള്ള പ്രധാന പോംവഴി. എന്നാൽ കരളിനു തകരാറുകൾ സംഭവിക്കുന്ന ഘട്ടത്തിലേക്കു കടന്നാൽ മറ്റ് ഉപാപചയ പ്രവർത്തനങ്ങളെയും (Metabolic risk factors) അതു ബാധിക്കും. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്കും നയിക്കാം.

മദ്യപാനവും പാരസെറ്റമോളും

പലപ്പോഴും ചെറിയ വേദനകൾക്കു പോലും ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്ന വേദനാസംഹാരികൾ കരളിനും വൃക്കകൾക്കും ഒരുപോലെ ദോഷകരമാണ്. പനി വരുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ അമിതമായി പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സാധാരണ ഒരാൾക്ക് 1-2 ഗ്രാം വരെ സുരക്ഷിതമാണെങ്കിലും, മദ്യപാന ശീലമുള്ളവരിലും ലിവർ രോഗമുള്ളവരിലും ഇത് 500 മില്ലിഗ്രാമിൽ കൂടുന്നത് അപകടകരമാണ്.

കൃത്യമായ അളവോ ഗുണനിലവാരമോ ഇല്ലാത്ത ചില നാട്ടുമരുന്നുകൾ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇൻജുറി ( Drug Induced Liver Injury) എന്ന അവസ്ഥയിലേക്കു നയിക്കാം. കരളിലെ കോശങ്ങൾക്കു മരുന്നുകൾ കാരണം സംഭവിക്കുന്ന പരുക്കാണിത്.
മെഫനാമിക് ആസിഡ് (Mefenamic Acid) പോലുള്ള മരുന്നുകൾ പാരസെറ്റമോളിനേക്കാൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്.

കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക:

∙ ഭക്ഷണനിയന്ത്രണം: കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുക. അമിതമായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

∙ വ്യായാമം: ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും കുട്ടികൾ കളിക്കാനോ ഓടാനോ സമയം കണ്ടെത്തണം. മുതിർന്നവർ കൃത്യമായ വ്യായാമം ശീലമാക്കുക. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. നടത്തമായാലും മതി.

∙ സ്ക്രീൻ ടൈം കുറയ്ക്കുക: ഫോണിനും ടിവിക്കും മുൻപിൽ ചെലവഴിക്കുന്ന സമയം കുറച്ച്, ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടുക. ഒരു ദിവസം പരമാവധി ഒരു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ടൈം കുട്ടികൾക്ക് അനുവദിക്കരുത്.

∙ ഇരുന്നു ടിവി കാണുന്നതിനു പകരം നടന്നുകൊണ്ടോ നിന്നുകൊണ്ടോ കാണാൻ ശ്രമിക്കുന്നതു പോലും ചെറിയ മാറ്റങ്ങൾ ഉണ്ടാക്കും.

∙ ഉപ്പും പ്രോട്ടീനും: ലിവർ സിറോസിസ് ആയിക്കഴിഞ്ഞാൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവു പരമാവധി കുറയ്ക്കണം. അതേസമയം, രോഗിയുടെ അവസ്ഥയനുസരിച്ച് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.

ഡോ. കൃഷ്ണദാസ് ദേവദാസ്

പ്രഫസർ & ഹെഡ്
ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

ഡോ. ഷൈൻ സദാശിവൻ

പ്രഫസർ & ഹെഡ്
മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി
അമൃത ഹോസ്പിറ്റൽ, കൊച്ചി

English Summary:

Liver diseases are a major health challenge in Kerala, with fatty liver being the most prevalent, affecting nearly 45-50% of the population. This increase is largely attributed to lifestyle changes, including Westernized diets and a lack of physical activity, alongside the rise of metabolic conditions like diabetes and obesity.

ADVERTISEMENT