ADVERTISEMENT

ആശുപത്രിയിലെ തിരക്കിലും ഉത്കണ്ഠയിലും ബിപി പരിശോധിക്കുന്പോൾ പലപ്പോഴും റീഡിങ് യഥാർഥ അളവിനേക്കാൾ കൂടുതലായി കാണപ്പെടാറുണ്ട്. ഇതിനെ 'വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ' (White Coat Hypertension) എന്നു വിളിക്കുന്നു. അതിനാൽ, വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ ബിപി പരിശോധിക്കുന്നതാണു കൂടുതൽ കൃത്യമായ ഫലം നൽകുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ബിപി റീഡിങ് സ്ഥിരമായി 180/120 mmHg-ൽ കൂടുതലാവുകയോ (Hypertensive Crisis) അതോടൊപ്പം കടുത്ത തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ്.

മോനിറ്റർ പലതരം

ADVERTISEMENT

ഡിജിറ്റൽ അപ്പർ ആം മോനിറ്റർ (Automatic Upper Arm Monitor): വീട്ടിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം. കൈമുട്ടിനു മുകളിലായി കഫ് കെട്ടി സ്വിച്ച് അമർത്തിയാൽ മെഷീൻ തന്നെ റീഡിങ് കാണിക്കും.

ഡിജിറ്റൽ റിസ്റ്റ് മോനിറ്റർ (Wrist Monitor): കൈത്തണ്ടയിൽ ഘടിപ്പിച്ചു ബിപി നോക്കാവുന്ന ഉപകരണം. യാത്രകളിൽ കൊണ്ടുപോകാൻ എളുപ്പമാണെങ്കിലും അപ്പർ ആം മോനിറ്ററുകളെ അപേക്ഷിച്ചു കൃത്യത കുറവാണ്.

ADVERTISEMENT

സ്മാർട്ട് ബിപി മോനിറ്ററുകൾ: ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ഇവ റീഡിങ്ങുകൾ സേവ് ചെയ്യുന്നു.

അനറോയ്ഡ് മോനിറ്ററുകൾ (Aneroid/Manual): ഡോക്ടർമാർ സാധാരണ ഉപയോഗിക്കുന്ന തരം. ഇതിനു സ്റ്റെതസ്കോപ്പും പ്രത്യേക പരിശീലനവും ആവശ്യമാണ്.

ADVERTISEMENT

പരിശോധനയ്ക്കു മുൻപ്

പരിശോധനയ്ക്കു 30 മിനിറ്റു മുൻപു വരെ ഭക്ഷണം, ചായ, കാപ്പി, പുകവലി, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കണം. കഠിനമായ വ്യായാമം കഴിഞ്ഞു കുറഞ്ഞത് 30 മിനിറ്റു കഴിഞ്ഞു മാത്രമെ ബിപി നോക്കാവൂ.

ബിപി നോക്കുന്നതിനു മുൻപു കുറഞ്ഞത് അഞ്ചു മിനിറ്റ് എങ്കിലും ഒരിടത്തു ശാന്തമായി വിശ്രമിക്കുക. മൂത്രശങ്കയുണ്ടെങ്കിൽ അതു മാറ്റിയ ശേഷം പരിശോധന നടത്തുക.

കസേരയിൽ നട്ടെല്ലു നിവർത്തി ചാരി ഇരിക്കണം. പാദങ്ങൾ തറയിൽ ഉറപ്പിച്ചു വയ്ക്കണം. ബിപി പരിശോധിക്കുന്ന കൈ ഹൃദയത്തിന്റെ നിരപ്പിൽ വരുന്ന രീതിയിൽ മേശപ്പുറത്തോ മറ്റോ സപ്പോർട്ടു നൽകി വയ്ക്കുക. കൈയുടെ നഗ്നമായ ഭാഗത്തു (Bare arm) തന്നെ വേണം കഫ് ഘടിപ്പിക്കാൻ. കൈമുട്ടിന് (Elbow) ഏകദേശം രണ്ടു സെന്റിമീറ്റർ മുകളിലായി വേണം കഫ് വയ്ക്കാൻ. കഫിൽ നിന്നുള്ള ട്യൂബുകൾ കൈയുടെ ഉൾഭാഗത്തെ മധ്യരേഖയിലൂടെ (Medial side) താഴേക്കു വരുന്ന രീതിയിൽ വേണം വയ്ക്കാൻ.

ബിപി പരിശോധിക്കാൻ ഇരിക്കുമ്പോൾ കാലുകൾ പിണച്ചു വയ്ക്കാൻ പാടില്ല. വസ്ത്രത്തിനു
മുകളിലായി കഫ് കെട്ടുന്നത് ഒഴിവാക്കണം. പരിശോധനാ സമയത്തു സംസാരം ഒഴിവാക്കുക.
ശരീരം അനങ്ങാതെ അയച്ചു വയ്ക്കുക. കഫ് അമിതമായി മുറുക്കരുത്.

ഡോ. സന്ദീപ് ആർ.

സീനിയർ കൺസൽറ്റന്റ്
ഇന്റർവെൻഷനൽ കാർഡിയോളജി
ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

English Summary:

Accurate blood pressure (BP) measurement is crucial for health, and understanding 'white coat hypertension' where readings are elevated in clinical settings compared to home measurements is important. Studies suggest home BP monitoring in a calm environment provides more precise results. In cases of hypertensive crisis or concerning symptoms, immediate medical attention is vital.

ADVERTISEMENT