54 വയസ്സുള്ള മുരുകൻ പതിവുപോലെ പോലെ രാവിലെ ആറു മണിക്ക് ഉണർന്ന് ടോയ്‌ലറ്റിലേക്കു പോവുകയായിരുന്നു. നടക്കുമ്പോൾ വേച്ചു പോകുന്നതായി തോന്നിയെങ്കിലും ആദ്യമതു കാര്യമാക്കിയില്ല. പക്ഷേ, ടോയ്‌ലറ്റിലെ ടാപ്പ് തുറക്കാൻ പറ്റാതെ വന്നപ്പോൾ പരിഭ്രാന്തനായ അയാൾ ഭാര്യയെ വിളിച്ചു. ഒാടിവന്ന ഭാര്യ നോക്കിയപ്പോൾ അയാൾക്കു സംസാരത്തിനു കുഴച്ചിലുണ്ട്. മുഖം ഇടത്തേക്കു കോടിയിരിക്കുന്നു. ഉടനെ തന്നെ അവർ ബിപി നോക്കി. കൂടുതലാണ്– 180/100 mm Hg... പെട്ടെന്നു തന്നെ ബിപിക്കു കഴിച്ചിരുന്ന മരുന്നുകൾ നൽകി. 15 മിനിറ്റിനു കഴിഞ്ഞതോടെ അയാളുടെ ബുദ്ധിമുട്ടുകളെല്ലാം മാറി.
കുഴപ്പമൊന്നുമില്ലല്ലൊ...ഡോക്ടറെ പിന്നീടു കാണാം എന്നു ചിന്തിച്ചു പതിവുപോലെ ജോലിക്കും പോയി. പക്ഷെ പിറ്റേന്നു രാവിലെ കാപ്പിയുമായി അയാളെ ഉണർത്താൻ ചെന്ന ഭാര്യ കണ്ടത്, വലതുകൈക്കും കാലിനും ബലക്ഷയം ഉണ്ടായി സംസാരിക്കാൻ കഴിയാതെ കട്ടിലിൽ കിടക്കുന്നയാളെയാണ്.
പക്ഷാഘാതം രണ്ടുതരം
ലോക സ്ട്രോക്ക് സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം വർഷം 1.2 കോടി ആളുകളെ സ്ട്രോക്ക് ബാധിക്കുന്നുണ്ട്. മുതിർന്നവർക്കിടയിൽ അംഗപരിമിതികൾ അഥവാ വൈകല്യങ്ങൾ ഉണ്ടാകുന്നതിനു സുപ്രധാനമായ കാരണമാണിത്. എന്നിരുന്നാലും സ്ട്രോക്കുകളുടെ 80 ശതമാനവും നമുക്കു തന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഘടകങ്ങളാൽ സംഭവിക്കുന്നവയാണ്. മാത്രമല്ല സമയബന്ധിതമായി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്‌താൽ വൈകല്യങ്ങൾ തടയാനുമാകും.
മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തിൽ വ്യതിയാനം/ തടസ്സം നേരിടുമ്പോൾ ആണു സ്ട്രോക്ക്/ പക്ഷഘാതം സംഭവിക്കുന്നത്. ഇതു രണ്ടു തരത്തിൽ സംഭവിക്കാം. 80-85 % വരെ രോഗികളെ ബാധിക്കുന്നത് ഇസ്കീമിക് സ്ട്രോക്കും (രക്തക്കട്ടകൾ കൊണ്ടുള്ള തടസ്സം കാരണമുണ്ടാകുന്ന സ്ട്രോക്ക്) 10-15% വരെ രോഗികളെ ബാധിക്കുന്നതു രക്തസ്രാവം കൊണ്ടുണ്ടാകുന്ന ഹെമറാജിക് സ്ട്രോക്കും ആണ്.
തിരിച്ചറിയാൻ FAST
സ്ട്രോക്ക് വന്ന മസ്തിഷ്‌ക ഭാഗമോ ഭാഗങ്ങളോ അനുസരിച്ചാണു ലക്ഷണങ്ങൾ പ്രകടമാകുന്നത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ സ്ട്രോക്ക്/ പക്ഷാഘാതത്തെ തിരിച്ചറിയുന്നതിനു സാധാരണയായി ചില സ്‌കോറുകൾ ഉണ്ട്. അതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് FAST.
∙ F - Face (മുഖം)- ചിരിക്കാൻ പറയുമ്പോഴോ പല്ലുകാണിക്കാൻ പറയുമ്പോഴോ മുഖത്ത് ഒരു വശത്തേക്കു കോടൽ ഉണ്ടോ എന്നു നോക്കുക
∙ A - ARM (കൈ)- കൈ ഉയർത്താനുള്ള ബലക്കുറവുണ്ടോ, ഉയർത്തുമ്പോൾ കൈ താഴേക്കു വീണുപോകുന്നുണ്ടോ എന്നു നോക്കുക
∙ S- SPEECH (സംസാരം)- സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നു പരിശോധിക്കുക. സംസാരം വ്യക്തമല്ലാത്ത രീതിൽ/ കുഴഞ്ഞു പോകുക, വാക്കുകൾ പറയാൻ പറ്റാതെ ആകുക, പറയുന്ന കാര്യങ്ങൾ തിരിയാതെ പോവുക
∙ T- TIME (സമയം)- മേൽപറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഉടൻ തന്നെ ലക്ഷണങ്ങൾ ആരംഭിച്ച സമയം കൃത്യമായി രേഖപ്പെടുത്തി, രോഗിയെ ‘സ്ട്രോക്ക് റെഡി’ ആശുപത്രിയിലേക്ക് (സ്ട്രോക്ക് കെയർ സംവിധാനമുള്ള ആശുപത്രി) അതിവേഗം എത്തിക്കാൻ ആംബുലൻസ് വിളിക്കുക.
ഈ രീതിയെ രണ്ടു ഘടകങ്ങൾ കൂടി ഉൾപ്പെടുത്തി BEFAST എന്നു വിപുലീകരിച്ചിട്ടുണ്ട്.
∙ B - BALANCE - ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നതിനെ (ഒരു വശത്തേക്കു ചരിഞ്ഞു പോകുന്ന അവസ്‌ഥ) സൂചിപ്പിക്കുന്നു.
∙ E- EYE- ഏതെങ്കിലും തരത്തിലുള്ള കാഴ്ച മങ്ങൽ/ നഷ്ടപ്പെടൽ അല്ലെങ്കിൽ കണ്ണിന്റെ സാധാരണ
രീതിയിൽ നിന്നുള്ള വ്യതിയാനം
അതിനുപുറമെ, അപ്രതീക്ഷിതമായ തലവേദന, കാഴ്ച നഷ്ടപ്പെടൽ, ഛർദി, മയക്കം അല്ലെങ്കിൽ ശരീരത്തിന്റെ ഒരു പാതിയിൽ ഉണ്ടാകുന്ന മരവിപ്പ് എന്നിവ സ്‌ട്രോക്കിന്റെ ലക്ഷണമാകാം. അതിനാൽ ഉടൻ തന്നെ രോഗിയെ പരിശോധനകൾക്കു വിധേയമാക്കേണ്ടത് ആവശ്യമാണ്.
മുന്നറിയിപ്പായി മിനി സ്ട്രോക്ക്
ട്രാൻസ് ഇസ്കീമിക് അറ്റാക്ക് (TIA)അല്ലെങ്കിൽ മിനി സ്ട്രോക്കുകൾ ഇസ്കീമിക് സ്ട്രോക്കിന്റെ മുന്നറിയിപ്പായി ഉണ്ടാകുന്നു. തീവ്രമായ സ്ട്രോക്ക് ഉണ്ടാകുന്നതിനു മുൻപ് 10-15% രോഗികളിൽ ഇത് ഉണ്ടാകാം. ശരീരത്തിന്റെ ഒരു വശത്തു ബലക്കുറവ്, മരവിപ്പ്, ക്ഷീണം, ശരീരത്തിന്റെ ബാലൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അല്ലെങ്കിൽ സംസാരശേഷി സംബന്ധിച്ച പ്രശ്‌നങ്ങൾ ഇവയിൽ ഏതെങ്കിലും ഉണ്ടാകാം.
ഇവ ഏതാനും മിനിറ്റുകൾക്കുള്ളിൽ അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കപ്പെട്ടാലും ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു വിലയിരുത്തേണ്ടതാണ്. കാരണം, ഇത്തരത്തിൽ ഉള്ളവർ ചികിത്സ നേടാതിരുന്നാൽ ആദ്യ രണ്ട് ആഴ്ചകളിൽ ഏകദേശം 20% പേർക്കു തീവ്രമായ സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യതയും പകുതിയിലധികം ആളുകൾക്ക് 48 മണിക്കൂറിനുള്ളിൽ തന്നെ തീവ്രമായ സ്ട്രോക്ക് ഉണ്ടാകുന്നതിനുള്ള സാധ്യതയും ഉണ്ട്.
ആസ്പിരിൻ നൽകണോ?
∙ആസ്പിരിൻ വേണ്ട: ഹെമറാജിക് സ്ട്രോക്ക് ആണെങ്കിൽ ആസ്പിരിൻ നൽകരുത്. പക്ഷേ, രക്തം കട്ടപിടിച്ചുള്ള ഇസ്കീമിക് സ്ട്രോക്ക് (ischemic stroke) ആണോ രക്തസ്രാവം കാരണമുള്ള ഹെമറാജിക് സ്ട്രോക്ക് (hemorrhagic stroke) ആണോ എന്നു വേർതിരിച്ചറിയാൻ സ്കാൻ ആവശ്യമാണ്. അതുകൊണ്ട് ആസ്പിരിൻ നൽകാത്തതാണ് ഉത്തമം.
∙ഷുഗർ നോക്കാം: രോഗിക്കു പ്രമേഹമുണ്ടെങ്കിലോ ഇൻസുലിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലോ, രക്തത്തിലെ ഗ്ലൂക്കോസ് അളവു വീട്ടിൽ പരിശോധിക്കാം. കാരണം ഗ്ലൂക്കോസിന്റെ അളവു ക്രമാതീതമായി കുറഞ്ഞാൽ സ്‌ട്രോക്കിനു സമാനമായ ലക്ഷണങ്ങൾ വരാം. അളവു കുറവാണെന്നു കണ്ടാൽ ഗ്ലൂക്കോസ് ലായനി നൽകാം. ഇതൊഴികെ, വീട്ടിൽ വച്ചു മറ്റ് അടിയന്തര ചികിത്സകൾ നൽകേണ്ട.
വൈകല്യങ്ങൾ തടയാൻ
∙ ഗോൾഡൻ അവർ: രോഗിക്ക് ഏറ്റവും നല്ല ഗുണഫലങ്ങൾ ലഭിക്കുന്നതു സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ആരംഭിച്ച് ഒന്നരമണിക്കൂറിനുള്ളിൽ ഉള്ള ഗോൾഡൻ അവറിൽ പരിശോധനയും ചികിത്സയും ലഭ്യമാകുമ്പോഴാണ്. താമസിക്കുന്നതു മസ്തിഷ്ക കോശങ്ങളുടെ സ്‌ഥിരമായുള്ള നാശത്തിലേക്കും വൈകല്യങ്ങളിലേക്കും നയിച്ചേക്കാം.
∙ എവിടെ കൊണ്ടുപോകണം?
ലക്ഷണങ്ങൾ എത്ര ലഘുവായാലും സ്ട്രോക്ക് റെഡി ആശുപത്രിയിലെത്തിക്കുക. സ്ട്രോക്ക് ചികിത്സയിൽ പരിചയസമ്പന്നനായ ഒരു സ്ട്രോക്ക് എമർജൻസി ഡോക്ടർ/ന്യൂറോളജിസ്റ്റ് ഉള്ള, 24 മണിക്കൂറും ബ്രെയിൻ സ്കാൻ (സിടി/ എംആർഐ) നടത്തുന്നതിനും വിശകലനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും അവിടെയുണ്ടാകും. ത്രോംബോലൈസ് ചെയ്യുന്നതിനും ഐസിയു പരിചരണത്തിനും തുടർച്ചയായ ന്യൂറോളജിക്കൽ നിരീക്ഷണത്തിനും സൗകര്യമുണ്ടാകും.
പ്രാഥമിക സ്ട്രോക്ക് കെയർ യൂണിറ്റുകളിൽ അടിസ്‌ഥാനസൗകര്യങ്ങൾ മാത്രമാണെങ്കിൽ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ
യൂണിറ്റുകളിൽ മെക്കാനിക്കൽ ത്രോംബക്ടമി, ന്യൂറോസർജറി സൗകര്യങ്ങൾ, പുനരധിവാസ സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.
∙ ആശുപത്രിയിലേക്ക് എത്തുന്ന
വിവരം മുൻകൂട്ടി അറിയിക്കുന്നതിലൂടെ രോഗനിർണയത്തിനുള്ള കാലതാമസം ഒഴിവാക്കാം. ശരിയായ ചികിത്സാസംവിധാനങ്ങൾ ഇല്ലാത്ത ചെറിയ ക്ലിനിക്കിൽ ആദ്യം പോയി പിന്നീട് അടിയന്തര സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റുമ്പോൾ ശരാശരി 1-2 മണിക്കൂർ നഷ്ടമാകാം.
∙ രോഗി കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ ഡോക്ടറെ കൃത്യമായി അറിയിക്കണം- പ്രത്യേകിച്ചു രക്തം കട്ടപിടിക്കുന്നതു തടയുന്ന മരുന്നുകളും അവസാനം കഴിച്ച സമയവും.
∙ ചില രോഗികൾക്കു സ്ട്രോക്ക് ആരംഭിച്ചതിനു ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ ആണെങ്കിൽ പോലും അടിയന്തര സ്ട്രോക്ക് ചികിത്സകളിൽ ചിലതെങ്കിലും നൽകാനാകും.
ഡോ. സപ്ന ഏറാട്ട് ശ്രീധരൻ
പ്രഫസർ,
ന്യൂറോളജി വിഭാഗം
ഡോ. രമ്യ മദനൻ
മെഡിക്കൽ സോഷ്യൽ വർക്കർ
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ
മെഡിക്കൽ സയൻസ് & ടെക്നോളജി,
തിരുവനന്തപുരം