ADVERTISEMENT

മോഷൻ സിക്‌നസ്സ് അഥവാ കൈനറ്റോസിസ് എന്ന അവസ്ഥ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമാണ്. ‘‘സമുദ്രയാത്രകളിൽ ഏർപ്പെടുന്നവരിൽ നിന്നു മനസ്സിലാക്കിയതു ചലനം ശരീരത്തിന്റെ സാധാരണ അവസ്ഥയെ സ്വാധീനിക്കുന്നു എന്നാണ്’’-പ്രാചീന ചിന്തകനായിരുന്ന ഹിപ്പോക്രാറ്റസ് എഴുതി.

ആകാശമാർഗേനയോ കപ്പലിലോ കരയിലൂടെയോ വാഹനങ്ങളിലോ സഞ്ചരിക്കുമ്പോഴും, എലിവേറ്ററുകൾ, ഊഞ്ഞാലുകൾ, അമ്യൂസ്‌മെന്റ് പാർക്കുകളിലെ റൈഡുകളിൽ ഒക്കെ യാത്ര ചെയ്യുമ്പോഴും ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെ മോഷൻ സിക്നസ്സിന്റെ ഗണത്തിൽ പെടുത്താം.

ADVERTISEMENT

യാത്രയ്ക്കിടയിൽ തളർച്ച, തലകറക്കം, ഓക്കാനം, ഛർദി, മനംപിരട്ടൽ എന്നിവ വരാം. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ലക്ഷണങ്ങൾ കൂടുതലായി കാണുന്നു. ഗർഭിണികളിലും കുട്ടികളിലും മൈഗ്രെയ്‌ൻ, വെർട്ടിഗോ എന്നീ രോഗാവസ്ഥയുള്ളവരിലും ഇതു കൂടുതൽ കാണാം.

ഛർദിക്കു കാരണം

ADVERTISEMENT

ശരീരത്തിന്റെ സന്തുലനാവസ്ഥയും സ്ഥിരതയുള്ള പ്രവർത്തനങ്ങളും കാഴ്ചകളിലൂടെയും ചെവിയുടെ ഉള്ളിലുള്ള ബാലൻസിങ് സിസ്റ്റത്തിന്റെ പ്രവർത്തനത്തിലൂടെയും ആണു സാധ്യമാക്കുന്നത്. യാത്ര ചെയ്യുമ്പോൾ ഉയർന്നസ്ഥായിയിലുള്ള ശരീരചലനങ്ങളെ അസ്വാഭാവികമെന്നു തലച്ചോർ തിരിച്ചറിയുകയും തന്മൂലം ചില മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതാണു മോഷൻ സിക്‌നസ്സിനു പ്രധാന കാരണം. ഇതു ശരീരത്തിൽ ഒരു കൂട്ടം പ്രതിരോധ നടപടികൾക്ക് ആക്കം കൂട്ടും. ഇത്തരം മാറ്റങ്ങൾ നാം കഴിച്ച ആഹാരത്തിന്റെ എന്തെങ്കിലും പ്രത്യേകത കൊണ്ടാണെന്നു തലച്ചോർ അനുമാനിക്കുകയും അവ പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് ഒാക്കാനത്തിനും ഛർദിക്കും കാരണം.

ലക്ഷണങ്ങൾ

ADVERTISEMENT

​മോഷൻ സിക്‌നസ്സിന്റെ പ്രധാന ലക്ഷണങ്ങൾ ഓക്കാനം, ഛർദി എന്നിവയാണെന്നു പറഞ്ഞല്ലോ. ഒപ്പം ​കോട്ടുവായ, വായിൽ ഉമിനീർ നിറയുക, തലവേദന, മയക്കം, ​കാഴ്ച മങ്ങൽ, ചില പ്രത്യേക മണങ്ങളോട് അസ്വസ്ഥത, ​അമിത വിയർപ്പ്, രക്തസമ്മർദം കുറയുക, ഹൃദയമിടിപ്പു കുറയുക എന്നീ ലക്ഷണങ്ങളും വരാം.

പാച്ചുകളും ഗുളികകളും

മോഷൻ സിക്‌നസ്സ് വരാതിരിക്കാനായി ഉപയോഗിക്കുന്ന മരുന്നാണു സ്കോപോലമിൻ (Scopolamine). പ്രധാനമായും ഇതു ദഹനവ്യവസ്ഥയിലും ഉമിനീർ ഗ്രന്ഥികളിലും പ്രവർത്തിക്കുന്നു. ചെവിയുടെ പിന്നിൽ ഒട്ടിച്ചു വയ്ക്കാവുന്ന പാച്ചുകളായി ഇവ വിപണിയിൽ ലഭ്യമാണ്. യാത്രയ്ക്ക് ഒരു മണിക്കൂർ മുതൽ എട്ടു മണിക്കൂർ മുൻപു വരെ പാച്ച് ഒട്ടിക്കാം.

ഇത് ഉപയോഗിക്കുമ്പോൾ വായും ചുണ്ടുകളും വരളുക, കണ്ണുകളിലും ത്വക്കിലുമുള്ള ജലാംശം കുറയുക, കാഴ്ച മങ്ങൽ, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാം. 10 വയസ്സിൽ താഴെയുള്ളവരിൽ ഉപയോഗിക്കാൻ പാടില്ല. പ്രോസ്റ്റേറ്റ് പ്രശ്നം, ഗ്ലോക്കോമ എന്നിവയുള്ളവർ ഒഴിവാക്കണം. ​ഗുളിക രൂപത്തിലും ലഭ്യമാണ്. യാത്രയ്ക്ക് അരമണിക്കൂർ മുൻപു കഴിക്കണം.

ആന്റിഹിസ്റ്റമിൻ കഴിക്കാം

ആന്റിഹിസ്റ്റമിൻ മരുന്നുകളും ഉപയോഗിക്കാറുണ്ട്. സിനറസിൻ, പ്രോമിത്താസിൻ (ഉദാ: അവോമിൻ), ഡൈമെൻ ഹൈഡ്രനേറ്റ്, ഡൈഫെൻ ഹൈഡ്രാമിൻ, സൈക്ലസിൻ, മെക്ലാസിൻ എന്നിവയാണു പ്രധാനം. യാത്രയ്ക്ക് 1–2 മണിക്കൂർ മുൻപു കഴിക്കണം. ഗർഭിണികൾക്കു ഡൈമെൻ ഹൈഡ്രനേറ്റ്, മെക്ലാസിൻ എന്നിവ സുരക്ഷിതമാണ്.

സാധാരണ ആന്റിഹിസ്റ്റമിൻ മരുന്നുകൾക്കുള്ളതുപോലെ തലകറക്കം, മയക്കം, ഉന്മേഷമില്ലായ്മ, വിറയൽ, മലബന്ധം, കാഴ്ച മങ്ങൽ, മൂത്രതടസ്സം എന്നിവ അനുഭവപ്പെടാം.

ഈ മരുന്നു കഴിച്ച ശേഷം മദ്യം കഴിക്കുന്നത് ഒഴിവാക്കണം. വലിയ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നവരും വാഹനം ഓടിക്കുന്നവരും മരുന്നു കഴിച്ചിട്ടു ജോലിചെയ്യരുത്.

English Summary:

Motion sickness, also known as kinetosis, is a common condition experienced by many during travel. It's characterized by symptoms like nausea, vomiting, and dizziness, and understanding its causes and remedies can significantly improve travel comfort.

ADVERTISEMENT