ഇന്ത്യയെ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ആഗോളതലത്തിൽ ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. ചെറുപ്പക്കാരിലും പ്രമേഹരോഗികൾ ആകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. 35 വയസ്സിനു താഴെയുള്ള ഒരാളിൽ പ്രമേഹം കണ്ടെത്തുന്പോൾ അത് ഏതു തരത്തിലുള്ള പ്രമേഹമാണെന്നു കൃത്യമായി തിരിച്ചറിയുന്നതു ശരിയായ ചികിത്സയ്ക്കും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.
പ്രമേഹം പലവിധം
പ്രമേഹം പലവിധത്തിലുണ്ട്. കൃത്യമായ രോഗനിർണയവും ചികിത്സകളും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും കൊണ്ടു പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം. വിവിധ തരത്തിലുള്ള പ്രമേഹങ്ങൾ ചുവടെ .
∙ ടൈപ്പ് 2 പ്രമേഹം
ജീവിതശൈലി രോഗങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹമാണിത്. അമിതവണ്ണമുള്ളവരിൽ മാത്രമല്ല, പുറമേ മെലിഞ്ഞതായി തോന്നുന്നവരിലും ശരീരത്തിൽ കൊഴുപ്പ് കൂടുതലാണെങ്കിൽ ഈ രോഗം കണ്ടുവരാം. ഫാറ്റി ലിവർ, പോളിമെറ്റബോളിക് ഓവേറിയൻ സിൻഡ്രം (PMOS), ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ വ്യതിയാനങ്ങൾ തുടങ്ങിയ മെറ്റബോളിക് സിൻഡ്രമിന്റെ ഭാഗമായ അവസ്ഥകൾ ഹൃദ്രോഗത്തിനും വൃക്കരോഗങ്ങൾക്കും ഉള്ള സാധ്യത വർധിപ്പിക്കുന്നു. ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയുന്ന ഇൻസുലിൻ റെസിസ്റ്റൻസാണ് ഇതിന്റെ പ്രധാന കാരണം.
∙ ടൈപ്പ് 1 പ്രമേഹം
സാധാരണയായി കുട്ടികളിലും അപൂർവമായി മുതിർന്നവരിലും കാണപ്പെടുന്ന പ്രമേഹമാണിത്. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദനകുറവ് കാരണമാണ് ഇത്തരത്തിൽ പ്രമേഹത്തിനു കാരണമാകുന്നത്. ശരീരത്തിൽ ഇൻസുലിന്റെ അളവു ഗണ്യമായി കുറയുന്നു. അതിനാൽ ഇൻസുലിൻ ചികിത്സയാണു പ്രധാന ചികിത്സാരീതി. രോഗത്തിന്റെ ആരംഭഘട്ടത്തിൽ ബീറ്റാ കോശങ്ങൾക്കെതിരായ ആന്റിബോഡികൾ പോസിറ്റീവ് ആയിരിക്കും.
∙ മെച്യൂരിറ്റി ഓൺസെറ്റ് ഡയബറ്റിസ് ഓഫ് ദ യംഗ് - MODY
പാരന്പര്യമായി തലമുറകളിലൂടെ പകരുന്ന ഒരു തരം പ്രമേഹമാണിത്. സാധാരണയായി മൂന്നു തലമുറകളിലെ അംഗങ്ങളിൽ വരെ രോഗസാന്നിധ്യം കാണാം. ഏകദേശം 54 വ്യത്യസ്ത ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമാണ് ഈ രീതിയിലുള്ള പ്രമേഹം ഉണ്ടാകുന്നത്. അതിനാൽ രോഗലക്ഷണങ്ങളിലും വ്യത്യാസങ്ങൾ വരാറുണ്ട്.
∙ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രമേഹം
തൈറോയ്ഡ്, അഡ്രിനൽ, പാൻക്രിയാസ് തുടങ്ങിയ ഗ്രന്ഥികളുടെ പ്രവർത്തനതകരാറുകൾ പ്രമേഹത്തിനു കാരണമാകാം. പലപ്പോഴും പ്രമേഹം മാത്രം ശ്രദ്ധയിൽപ്പെടുകയും അടിസ്ഥാനകാരണം തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യുന്നതിനാൽ ചികിത്സ വൈകാൻ സാധ്യതയുണ്ട്.
അപൂർവമായി ലൈപ്പോഡിസ്ട്രോഫി പോലുള്ള കൊഴുപ്പ് കോശങ്ങളുടെ പ്രവർത്തന തകരാറുകൾ, മൈറ്റോകോഡ്രിയ രോഗങ്ങൾ എന്നിവയോടൊപ്പവും പ്രമേഹം കാണപ്പെടാം. ചിലരിൽ കാഴ്ചയെയും കേൾവിശക്തിയെയും ബാധിക്കുന്ന രോഗാവസ്ഥകളോടൊപ്പം പ്രമേഹം ഉണ്ടാകാറുണ്ട്.
യുവാക്കളിലെ പ്രമേഹം പ്രതിരോധിക്കാം
ശരിയായ ജീവിതശൈലി പിന്തുടരുക, സമീകൃത ആഹാരം, ചിട്ടയായ വ്യായാമം എന്നിവയാണ് പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ടത്. പ്രാരംഭലക്ഷണങ്ങളായ അമിതമായി മൂത്രം പോകുക,ശരീരഭാരം കുറയു എന്നിവ അവഗണി ക്കാതിരിക്കുക. ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും പാരന്പര്യമായി രോഗസാധ്യതയുണ്ടെങ്കിൽ വർഷംതോറും എച്ച്ബി, എച്ചബിഎവൺസി, ക്രിയാറ്റിനിൻ, ലിപിഡ് പ്രൊഫൈൽ, എസ്ജിപിറ്റി എന്നിവ പരിശോധിക്കുക.
രോഗനിർണയവും ചികിത്സയും
പ്രമേഹത്തിന്റെ തരം കൃത്യമായി തിരിച്ച റിയുന്നതിലൂടെ മാത്രമേ ഫലപ്രദമായ രോഗനിയന്ത്രണം സാധ്യമാകൂ. എല്ലാ തരത്തിലുള്ള പ്രമേഹത്തിനും പൊതുവായ ജീവിതശൈലി നിർദേശങ്ങൾ ഉണ്ടായാലും, ചികിത്സ ഓരോരുത്തരുടെയും രോഗകാരണവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും.
പ്രമേഹ നിയന്ത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ശരിയായ ആഹാരക്രമമാണ്. ഭക്ഷണത്തിന്റെ അളവ് അനാവശ്യമായി കുറയ്ക്കുക, വിശപ്പടക്കുക, ഭക്ഷണസമയം തെറ്റിക്കുക തുടങ്ങിയവ ഗുണത്തേക്കാൾ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. വ്യക്തിയുടെ പ്രായം, ശരീരഘടന, ജോലി, മറ്റ് രോഗങ്ങൾ എന്നിവ പരിഗണിച്ചാണ് ഭക്ഷണക്രമം നിശ്ചയിക്കേണ്ടത്.
ടൈപ്പ് 1 പ്രമേഹത്തിൽ ഇൻസുലിൻ നിർബന്ധമാണ്. ടൈപ്പ് 2 പ്രമേഹത്തിൽ ഗുളികകളോ ഇൻസുലിനോ രോഗത്തിന്റെ ഘട്ടമനുസരിച്ച് ഉപയോഗിക്കും. മറ്റു തരത്തിലുള്ള പ്രമേഹങ്ങളിൽ അടിസ്ഥാനകാരണം കണ്ടെത്തി അതിനനുസരിച്ചുള്ള ചികിത്സ നൽകുന്പോഴാണു മികച്ച ഫലം ലഭിക്കുന്നത്.
കുട്ടികളിലോ ചെറുപ്പക്കാരിലോ കാണുന്ന എല്ലാ പ്രമേഹവും ടൈപ്പ് 1 ആയിരിക്കണമെന്നില്ല. അതിനാൽ ശരിയായ രോഗനിർണയവും വിദഗ്ധ ചികിത്സയും ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ്.
ഡോ. ആൻട്രീസ ജോസ്, കൺസൾട്ടന്റ്,
അഡൾട്ട് ആൻഡ് പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ്,
മാർ സ്ലീവാ മെഡിസിറ്റി, പാലാ, കോട്ടയം