ADVERTISEMENT

ഹൃദയരക്തധമനികളിൽ 100 % അടവ് (Block) ഉണ്ടാകുമ്പോൾ അതു ഹൃദയാഘാതമായി (Heart Attack) മാറുന്നു. എന്നാൽ 70% മുതൽ 100% വരെയുള്ള ബ്ലോക്കുകൾ നെഞ്ചുവേദനയായി (Angina) കാണപ്പെടുന്നു. സാധാരണയായി നിഷ്ക്രിയ ജീവിതശൈലി (Sedentary habits) നയിക്കുന്നവർ കഠിനമായ വ്യായാമങ്ങളിലോ ശാരീരിക അധ്വാനങ്ങളിലോ ഏർപ്പെടുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നത്.
​രോഗിയുടെ ഇസിജിയിലെ (ECG) വ്യതിയാനങ്ങൾ അനുസരിച്ചു പ്രധാനമായും രണ്ടു തരത്തിലുള്ള അടിയന്തര ചികിത്സകളാണു നൽകുന്നത്:
∙ ​ബലൂൺ ആൻജിയോപ്ലാസ്റ്റി (Balloon Angioplasty)
​∙ മരുന്നുകൾ ഉപയോഗിച്ചുള്ള ത്രോംബോലിറ്റിക് തെറപ്പി (Thrombolytic Therapy).

പരിശോധനകൾ അറിയാം
​രക്തധമനികളിലെ ബ്ലോക്ക് 100% ആകാതെ, 70% മുതൽ 90% വരെ നിൽക്കുന്ന അവസ്ഥയിൽ രോഗലക്ഷണങ്ങളോടെ എത്തുന്നവർക്കു ചിലപ്പോൾ ഇ.സി.ജി.യിൽ മാറ്റങ്ങൾ കണ്ടേക്കാം. എക്കോ കാർഡിയോഗ്രാം (Echocardiogram),
ട്രെഡ്മിൽ ടെസ്റ്റ് (Treadmill Test/TMT) എന്നിവ വഴി ഇത് എളുപ്പത്തിൽ കണ്ടെത്താം.
​∙ എക്കോ: മുൻപുള്ള ബ്ലോക്കുകളും രക്തധമനികൾ പൂർണമായി അടഞ്ഞിരിക്കുന്ന അവസ്ഥയും കണ്ടെത്താൻ ഉപകരിക്കും. എന്നാൽ ഭാഗികമായ ബ്ലോക്കുകൾ എക്കോ വഴി കണ്ടുപിടിക്കുക പ്രയാസമാണ്.
∙ ​ട്രെഡ്മിൽ ടെസ്റ്റ് (TMT): 70% മുതൽ 90% വരെയുള്ള ബ്ലോക്കുകൾ ട്രെഡ്മിൽ ടെസ്റ്റിലൂടെ ഇസിജി വ്യതിയാനങ്ങളായി കണ്ടെത്താം. രോഗി വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇസിജിയിൽ പ്രതിഫലിക്കുന്നു. ഇതിനെയാണ് ‘ട്രെഡ്മിൽ ടെസ്റ്റ് പോസിറ്റീവ്’ എന്ന് പറയുന്നത്. ടിഎംടി പോസിറ്റീവ് ആകുന്നവർ ആൻജിയോഗ്രാമിനു (Angiogram) വിധേയരായാൽ ബ്ലോക്കുകളുടെ
കൃത്യമായ അവസ്ഥ മനസ്സിലാക്കാം.

ADVERTISEMENT

​ആൻജിയോഗ്രാമിലൂടെ ബ്ലോക്കുകൾ കണ്ടെത്തിയാൽ പ്രധാനമായും മൂന്നു തരം ചികിത്സകളാണുള്ളത്:
​∙ മരുന്നു ചികിത്സ
​∙ ബലൂൺ ശസ്ത്രക്രിയ / ആൻജിയോപ്ലാസ്റ്റി (Angioplasty)
​∙ ബൈപാസ് ശസ്ത്രക്രിയ

നാലു തരം മരുന്നുകൾ
​ഹൃദ്രോഗികൾക്കു പ്രധാനമായും നാലു വിഭാഗത്തിലുള്ള മരുന്നുകളാണു നൽകുന്നത്:
1. ആന്റിപ്ലേറ്റ്‌ലറ്റ് മരുന്നുകൾ
​രക്തം കട്ടപിടിക്കുന്നതു തടയാൻ പ്ലേറ്റ്‌ലറ്റുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകളാണിവ. ഈ വിഭാഗത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ടതും വിലകുറഞ്ഞതുമായ മരുന്നാണ് ആസ്പിരിൻ. ദിവസവും ചുരുങ്ങിയത് 75 mg കഴിക്കണം. ഹൃദയാഘാതം വന്ന രോഗികൾക്കു തുടക്കത്തിൽ 300 mg (ലോഡിങ് ഡോസ്) നൽകിയ ശേഷം ദിവസവും 75 mg വീതം ജീവിതകാലം മുഴുവൻ തുടരേണ്ടതാണ്. ​ക്ലോപിഡോഗ്രൽ (Clopidogrel), പ്രസൂഗ്രെൽ (Prasugrel), ടിക്കഗ്രെലോർ (Ticagrelor) എന്നിവയാണു മറ്റു പ്രധാന ആന്റിപ്ലേറ്റ്‌ലറ്റ് മരുന്നുകൾ.
​∙ ക്ലോപിഡോഗ്രൽ (75 mg): വിലകുറഞ്ഞ മരുന്നാണ്. ആദ്യ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും നൽകുമെങ്കിലും പിന്നീടു ദിവസവും ഒരെണ്ണം വീതം കഴിച്ചാൽ മതിയാകും.
​∙ പ്രസൂഗ്രെൽ (10 mg): വളരെ ഫലപ്രദമായ മരുന്ന്. എന്നാൽ രക്തസ്രാവത്തിനുള്ള സാധ്യത കൂടുതലാണ്.
​∙ ടിക്കഗ്രെലോർ (90 mg): ലോഡിങ് ഡോസായി 180 mg (രണ്ട് ഗുളിക). ശേഷം ദിവസവും രാവിലേയും വൈകുന്നേരവും 90 mg വീതം കഴിക്കണം.
ആസ്പിരിനും (300 mg loading, 75 mg daily) ടിക്കഗ്രെലോറും (180 mg loading, 90 mg twice daily) ചേർന്ന കോമ്പിനേഷൻ ചികിത്സ ഏറ്റവും ഫലപ്രദമാണ്. ഈ രണ്ടു മരുന്നുകളും കുറഞ്ഞത് ഒരു വർഷത്തോളമെങ്കിലും തുടർച്ചയായി കഴിക്കേണ്ടതുണ്ട്. രക്തസ്രാവ സാധ്യതയുള്ള സാഹചര്യങ്ങളിൽ ആറു മുതൽ ഒൻപതു മാസം വരെ നൽകാം.
ചില പ്രത്യേക സ്റ്റെന്റുകളോ മരുന്നു പുരട്ടിയ ബലൂണുകളോ ഉപയോഗിക്കുമ്പോൾ ഈ മരുന്നുകൾ മൂന്നു മാസം നൽകിയാൽ മതി. പക്ഷേ, ഏതെങ്കിലും ഒരു ആന്റിപ്ലേറ്റ്‌ലറ്റ് മരുന്നു നിർബന്ധമായും തുടരണം.
ഒരു വർഷത്തിൽ കൂടുതൽ രണ്ടു മരുന്നുകളും കൂടി തുടരുന്നതു തലച്ചോറിലെ രക്തസ്രാവത്തിനും പക്ഷാഘാതത്തിനും (Stroke) കാരണമാകാം. എന്നാൽ അതിസങ്കീർണമായ കേസുകളിൽ രണ്ടു മൂന്നു വർഷം വരെ ഈ മരുന്നുകൾ തുടരാറുണ്ട്.

ADVERTISEMENT

2. സ്റ്റാറ്റിനുകൾ
​കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സ്റ്റാറ്റിൻ വിഭാഗത്തിലെ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ്. ലോഡിങ് ഡോസായി 80 mg അറ്റോർവാസ്റ്റാറ്റിനോ (Atorvastatin) അല്ലെങ്കിൽ 40 mg റോസുവസ്റ്റാറ്റിനോ (Rosuvastatin) നൽകുന്നു. പിന്നീടു ദിവസേന 10 mg മുതൽ 40 mg വരെ ക്രമീകരിക്കുന്നു.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ 70 mg/dL-ൽ താഴെ എത്തിക്കുക എന്നതാണു പ്രധാന ലക്ഷ്യം (40 mg/dL ആയാലും നല്ലതാണ്). ഇടയ്ക്കിടെ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തി മരുന്നിന്റെ അളവു ക്രമീകരിക്കാം. ഹൃദയാഘാതം വന്നവർക്കും കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവർക്കും കുറഞ്ഞത് 10 mg സ്റ്റാറ്റിൻ കഴിക്കുന്നതു നല്ലതാണ്.

​3. ബീറ്റാ ബ്ലോക്കറുകൾ (Beta Blockers)
​ഹൃദയമിടിപ്പു നിയന്ത്രിക്കാനും രക്തധമനികളിലെ പ്ലാക്കുകളെ (Plaque) സ്ഥിരപ്പെടുത്താനും ഈ മരുന്നുകൾ സഹായിക്കുന്നു.​ ഹൃദയമിടിപ്പിന്റെ നിരക്കു മിനിറ്റിൽ 50 മുതൽ 60 വരെഎന്ന അളവിൽ നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ​ഹൃദയാഘാതം വന്ന രോഗികൾക്ക് ഇതു നിർബന്ധമായും നൽകണം. എന്നാൽ ഹൃദയമിടിപ്പു സ്വാഭാവികമായി തന്നെ വളരെ കുറഞ്ഞവർക്കും മറ്റു ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇതു നൽകാൻ സാധിക്കില്ല.

ADVERTISEMENT

​4. എസിഇ ഇൻഹിബിറ്ററുകൾ / എആർബി (ACE Inhibitors / ARB)
​ഹൃദയാഘാതം കടുത്തതാണെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനശേഷി കുറയാൻ സാധ്യതയുണ്ട്.
ഹൃദയത്തിന്റെ പമ്പിങ് ശേഷി വീണ്ടെടുക്കുന്നതിനും ഹൃദയപേശികൾക്കുണ്ടാകുന്ന വ്യതിയാനങ്ങൾ (Cardiac Remodeling) തടയുന്നതിനും ഈ മരുന്നുകൾ സഹായിക്കുന്നു.

ആൻജിയോപ്ലാസ്റ്റി എപ്പോൾ?
​ഹൃദയാഘാതവുമായി വരുന്ന രോഗി കൾക്ക് ഏറ്റവും ഉത്തമമായ ചികിത്സ ആൻജിയോപ്ലാസ്റ്റി (Angioplasty) ആണ്. ഇതു നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളിലാണു മരുന്നു ചികിത്സ നൽകുന്നത്. ബലൂൺ ധമനിയിലെത്തി വികസിപ്പിച്ചു പ്ലാക്കിനെ അമർത്തി രക്തക്കുഴൽ വികസിപ്പിക്കുന്ന ബലൂൺ ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റ് എന്ന ലോഹവലയം ധമനിയിൽ കടത്തി ചെയ്യുന്ന സ്റ്റെന്റിങ് എന്നിങ്ങനെ ആൻജിയോപ്ലാസ്റ്റി പലതരമുണ്ട്.
​സാധാരണഗതിയിൽ ആൻജിയോപ്ലാസ്റ്റിക്കു വിധേയരാകുന്ന 98% രോഗികളും സുഖം പ്രാപിക്കാറുണ്ട്. മരണനിരക്കു കാര്യമായി കുറയ്ക്കുന്നതിനും വീണ്ടുമൊരു ഹൃദയാഘാതത്തിനുള്ള സാധ്യത തടയാനും ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനും ഈ ചികിത്സ സഹായിക്കും. മരുന്നു ചികിത്സയെ അപേക്ഷിച്ചു പക്ഷാഘാതത്തിനുള്ള (Stroke) സാധ്യതയും ഇതിൽ കുറവാണ്.​ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി എത്രയും വേഗം (പരമാവധി മൂന്നു മണിക്കൂറിനുള്ളിൽ)
ചികിത്സ ലഭ്യമാക്കിയാൽ ഹൃദയ
പ്രവർത്തനം പൂർണമായി സാധാരണ നിലയിലാക്കാൻ സാധ്യത വളരെ
കൂടുതലാണ്.

ബൈപാസ് ശസ്ത്രക്രിയ
ഹൃദയാഘാത സമയത്തു തന്നെ ബൈപാസ് ശസ്ത്രക്രിയ ചെയ്യുന്നതു സങ്കീർണവും അപകടസാധ്യത (മരണനിരക്ക്) കൂടുതലുള്ളതുമായ കാര്യമാണ്. അതിനാൽ ഹൃദയാഘാത സമയത്ത്, അടഞ്ഞുപോയ രക്തക്കുഴലിലെ ബ്ലോക്ക് സ്റ്റെന്റ് മുഖാന്തരമോ സ്റ്റെന്റ് ഇല്ലാതെയുള്ള ബലൂൺ ചികിത്സ വഴിയോ നീക്കം ചെയ്യുകയാണ് അടിയന്തരമായി ചെയ്യാറ്. ശേഷം ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞോ അല്ലെങ്കിൽ രണ്ട് ആഴ്ചയ്ക്കു ശേഷമോ മാത്രമേ ബൈപാസ് ചെയ്യാറുള്ളു. ​മറ്റു രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടെങ്കിൽ 30 മുതൽ 45 ദിവസങ്ങൾക്കുള്ളിൽ ആൻജിയോപ്ലാസ്റ്റി വഴി ആ ബ്ലോക്കുകൾ നീക്കം ചെയ്യാം. ​എന്നാൽ എല്ലാ ബ്ലോക്കുകളും ഒരൊറ്റ ഘട്ടമായി നീക്കം ചെയ്യുന്നത് അപകടകരമാണ്.
​​

ആൻജിയോപ്ലാസ്റ്റി vs ബൈപാസ്

∙ ആൻജിയോപ്ലാസ്റ്റി അനുയോജ്യമായവർ: വളരെ പ്രായമുള്ളവർ, ശ്വാസകോശ രോഗമുള്ളവർ, കാൻസർ രോഗികൾ, ഹൃദയത്തിന്റെ പ്രവർത്തനം വളരെ മോശമായവർ, വളരെ മെലിഞ്ഞവർ എന്നിവർക്കു ബലൂൺ ശസ്ത്രക്രിയയാണ് ഉത്തമം.​

∙ ബൈപാസ് വേണ്ടവർ: പ്രമേഹരോഗികളിൽ മൂന്നിൽ കൂടുതൽ ബ്ലോക്കുകൾ ഉള്ളപ്പോഴും, പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് ഉള്ളപ്പോഴും, ഒരു ബ്ലോക്ക് 100 ശതമാനവും മറ്റു ബ്ലോക്കുകൾ അതിസങ്കീർണ വുമാകുന്ന സാഹചര്യങ്ങളിൽ ബൈപാസ് ആണു നല്ലത്.

English Summary:

Heart attacks occur when coronary arteries experience complete blockages that stop blood flow to the heart muscle. Partial blockages ranging from seventy to one hundred percent often manifest as chest pain during physical exertion. Medical professionals utilize electrocardiograms, echocardiograms, and treadmill tests to diagnose these dangerous arterial blockages accurately. Emergency interventions for affected individuals typically involve balloon angioplasty, thrombolytic therapy, or essential prescription medications. Antiplatelet medications, statins, beta-blockers, and ACE inhibitors form the cornerstone of long-term pharmacological management for patients. Prompt medical attention within the crucial first three hours significantly improves recovery rates and cardiac function. Understanding treatment options like angioplasty and bypass surgery helps patients make informed healthcare decisions.

ADVERTISEMENT