Wednesday 19 January 2022 04:01 PM IST : By മനോരമ ആരോഗ്യം ആർകൈവ്

മദ്യപാനം നിർത്താൻ ശാസ്ത്രീയ ചികിത്സ: ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

deadd54t654

എനിക്ക് എപ്പോള്‍ വേണമെങ്കിലും മദ്യപാനം നിര്‍ത്താൻ കഴിയും എന്നു വീമ്പു പറയുന്നവരാണ് അധികവും മദ്യപാനാസക്തിയില്‍ പെടുന്നത്. അപ്രകാരം മദ്യപ്പിശാചിന്‍റെ കരാളഹസ്തത്തില്‍ ഞെരിഞ്ഞമരുമ്പോഴും അവർ 'ഏയ് എനിക്കൊന്നും സംഭവിച്ചിട്ടില്ല' എന്നു പറഞ്ഞു കൊണ്ടിരിക്കും. മദ്യപാനാസക്തി ഉണ്ടാകുമ്പോള്‍ ഉള്‍ക്കാഴ്ച ആദ്യമെ പോകുന്നതു കൊണ്ടാണിത്. മദ്യം ഇടക്ക് മാത്രം കഴിക്കുന്നവരില്‍ 15-20% പേര്‍ക്ക് മദ്യപാനാസക്തിരോഗമുണ്ടാകുന്നു. എങ്കിലും മദ്യം കഴിക്കുന്നവരെല്ലാം മദ്യാസക്തരാകുന്നില്ല. നിശ്ചിത ശതമാനം മാത്രമെ മദ്യത്തിനടിമപ്പെടുന്നുള്ളു.

ആരോഗ്യപരവും മറ്റുമായ കാരണങ്ങളാല്‍ തങ്ങള്‍ക്കിനി കുടിക്കാന്‍ കഴിയുകയില്ല എന്നറിഞ്ഞിട്ടും ആ സത്യത്തെ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവരുണ്ട്. അതു പോലെ കുറച്ചുകാലം കരളും മറ്റ് അവയവങ്ങളും വിശ്രമം കിട്ടി നന്നായതിനു ശേഷം വീണ്ടു പഴയതു പോലെ കുടിക്കാമെന്ന് കരുതുന്നവരുണ്ട്. അതു പോലെ വിഷാദÐഉന്മാദ രോഗം (ബൈപോളാർ രോഗം) ഉള്ളവരില്‍ വിഷാദാവസ്ഥയിലും ഉന്മാദത്തിന്‍റെ ഉച്ചാവസ്ഥയിലും കുടിക്കുന്നവരുണ്ട്.

മദ്യപ്രശ്നമുള്ളവരിലെല്ലാം  ത ന്നെ ഒരു കാര്യം വ്യക്തമായി കാണുന്നുണ്ട്. ആസക്തിയും അതിന്‍റെ വിടുതല്‍ ലക്ഷണങ്ങളുമില്ലാതെ അവര്‍ക്കു മദ്യപിക്കാനാവുകയില്ല.

മദ്യാസക്തിയുടെ ഘട്ടങ്ങള്‍

∙ ആരംഭഘട്ടം- കുടിച്ചു തുടങ്ങി സ്വഭാവമായി മാറുന്ന ആദ്യഘട്ടമാണിത്. ഈ അവസരത്തില്‍ മദ്യ ആര്‍ത്തിയേയും ശാരീരിക ലക്ഷണങ്ങളെയും രോഗി അതിജീവിക്കേണ്ടതുണ്ട്.

∙ രണ്ടാം ഘട്ടം- ഇടക്കിടെ കുടി നിര്‍ത്തല്‍ ഉണ്ടാകുമെങ്കിലും അത് തുടര്‍ന്നു പോകാനുള്ള മനക്കരുത്ത് ആ വശ്യമായ ഘട്ടമാണിത്.

∙ മൂന്നാം ഘട്ടം- ഈ ഘട്ടത്തില്‍ മുക ളിലുള്ള രണ്ടു ഘട്ടവും തുടര്‍ന്നു പോകാനുള്ള കഴിവ് നേടണം. മോശമാകാതെ നിയന്ത്രിക്കണം.

∙ നാലാം ഘട്ടം- ഇവിടെ അഗാധമായ ജീവിതകാലം വരെ നീണ്ടുനിൽക്കുന്ന രോഗശമനം ലക്ഷ്യമിടുന്നു.

∙ അഞ്ചാം ഘട്ടം- ചികിത്സക്കു ശേ ഷം വീണ്ടും കുടിക്കുന്ന വളരെ അപ കടകരമായ ഘട്ടമാണിത്. ഈ ഘട്ടത്തിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ മദ്യം കഴിക്കാനുള്ള പ്രേരണകളെ നിരന്തരമായി ജീവിതാവസാനം വരെ എതിര്‍ത്തു തോല്‍പ്പിച്ചു കൊണ്ടിരിക്കണം. കാരണം മദ്യാസക്തി ഒരിക്കല്‍ മനുഷ്യനെ കീഴ്പ്പെടുത്തിയാല്‍ അതു ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കും.

മദ്യപാനം മൂര്‍ദ്ധന്യത്തിലായി അ വശനിലയിലാകുമ്പോഴായിരിക്കും മിക്കവരും ചികിത്സയ്ക്ക് തയാറാകുന്നത്. ഒരു രോഗിയെ ഓര്‍ക്കുന്നു. അയാള്‍ അന്നനാളത്തിലെ രക്തവാര്‍ച്ച കഴിഞ്ഞ് മാനസികമായ ലക്ഷണങ്ങളുമായാണ് എന്നെ സമീപിച്ചത്. അദ്ദേഹം പറഞ്ഞു 'എന്‍റെ ജീവിതം തകര്‍ന്നു. ഇതില്‍ നിന്നും മുക്തി നേടുവാന്‍ ഇനി കഴിയുകയില്ല.' ശരിയായ ചികിത്സ എടുത്ത് ഒരു കൊല്ലം കഴിഞ്ഞ് അദ്ദേഹം എ‌ന്നെ കാണുവാന്‍ വന്നു. നിരാശയുടെയും ദുഃഖക്കടലിന്‍റെയും നടുവില്‍ കിടന്നു പിടഞ്ഞയാളിനു പകരം ഇന്ന് ആത്മവിശ്വാസം തുടിക്കുന്ന സന്തോഷവാനായിരിക്കുന്ന ആരോഗ്യവാനായിരിക്കുന്ന വ്യക്തിയെയാണ് കണ്ടത്.

മനസ്സു വച്ചാൽ എത്ര തീവ്രമായ ആ‌സക്തിയേയും നമുക്കു കീഴ്പ്പെടുത്താവുന്നതേയുള്ളൂ. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സിക്കേണ്ടി വരും. എന്നാല്‍ ഭൂരിഭാഗം പേരിലും ഏതാനും ആഴ്ചകളുടെ കിടത്തിചികിത്സയ്ക്ക് ശേഷം വീട്ടില്‍ പോയി ചികിത്സ തുടരാൻ കഴിയുന്ന അവസ്ഥയിലായിരിക്കും. മദ്യാസക്തിക്കുള്ള മരുന്നുകളും കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിയും ഫാമിലി തെറപ്പിയും ഒക്യുപേഷനൽ തെറപ്പിയും യോഗയും മെഡിറ്റേഷനും എല്ലാം ചേർന്ന സമഗ്രമായ ചികിത്സാപദ്ധതിയാണ് ശാസ്ത്രീയ മദ്യവിമോചന ചികിത്സയിലുള്ളത്.

പിൻവാങ്ങൽ ലക്ഷണങ്ങളുടെ ചികിത്സ

മദ്യപാനം നിർത്താൻ ശ്രമിക്കുന്നവർക്ക് പിൻവാങ്ങൽ ലക്ഷണങ്ങളെ നേരിടേണ്ടിവരും. മദ്യം നിർത്തി മൂന്നു മുതൽ എട്ടു മണിക്കൂറിനുള്ളിലാണ് ഈ ലക്ഷണങ്ങൾ കാണുന്നത്. ശരീരം മദ്യത്തിന് അടിമപ്പെട്ട് പ്രവര്‍ത്തിച്ചു പോയതുകൊണ്ടാണ് മദ്യം ലഭിക്കാതെ വരുമ്പോൾ ശക്തമായി പ്രതികരിക്കുന്നത്. കൈവിറയല്‍, നാഡിമിടിപ്പ് കൂടുക, വിയര്‍പ്പ്, ഏതുപ്രകാരത്തിലും മദ്യം കഴിക്കാനുള്ള ആക്രാന്തം എന്നിവയാണ് ഈ ഘട്ടത്തിൽ സാധാരണ കാണുന്നത്.

മൂന്നു നാലു ദിവസം മദ്യം കഴിക്കാതെ വരുമ്പോഴേക്കും ലക്ഷണങ്ങൾ തീവ്രമാകും. മദ്യത്തിന്റെ അംശം പൂർണമായും ശരീരത്തിൽ നിന്നും നീങ്ങുന്നതാണ് കാരണം. സന്നിയുണ്ടാകാം. ഒാർമപ്പിശക്, സ്ഥലകാലവിഭ്രാന്തി, ഉറക്കക്കുറവ് തുടങ്ങി വിഭ്രാന്തിയുടേതായ ലക്ഷണങ്ങൾ (delirium tremens) വരാം. ശക്തിയായ വിറയല്‍, അപസ്മാരം, പനി, ഹൃദയസംബന്ധിയായ ലക്ഷണം തുടങ്ങി ഈ ഘട്ടത്തില്‍ മരണം പോലും സംഭവിക്കാം. പക്ഷേ, ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃത്യമായി നിരീക്ഷിച്ച്, മരുന്നുക ൾ നൽകിയാൽ യാതൊരു പ്രശ്നവുമുണ്ടാകില്ല.

നിർജലീകരണം, ഹൃദയ തകരാറുകളുടെ പരിചരണം, മദ്യ ചുഴലിബാധ അഥവാ സന്നി തടയല്‍, രോഗാണുബാധ തടയല്‍ എന്നിവയ്ക്കുള്ള ചികിത്സ ഈ ഘട്ടത്തിൽ നൽകണം. കരള്‍, ഹൃദയം എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പരിശോധനകൾ, സോഡിയം, പൊട്ടാസ്യം പോലുള്ള ലവണങ്ങളുടെ നിരക്ക് എന്നിവ പരിശോധിക്കുകയും ഇടക്കിടെ വിലയിരുത്തുകയും വേണം.

തയാമിന്‍ 500 മില്ലിഗ്രാം, ലവണങ്ങള്‍ എന്നിവ സിരകളിലൂടെ മൂന്നു ദിവസമെങ്കിലും കൊടുക്കണം. ഇപ്രകാരം മദ്യവിഷം ശരീരത്തില്‍ നിന്ന് പോകും. ആവശ്യത്തിനുള്ള പോഷകങ്ങളും നിലനിര്‍ത്തണം. ശാന്തതയ് ക്കുള്ള ഡയാസിപാം 2-10 മില്ലിഗ്രാം, ക്ലോര്‍ഡയാസിപോക്സൈഡ് 50-100 മില്ലിഗ്രാം, ലൊറാസിപാം 2-4 മില്ലിഗ്രാം എന്നിവ 2- 4 മണിക്കൂര്‍ ഇടവിട്ട് കൊടുക്കണം. ഇവ വിടുതല്‍ ലക്ഷണങ്ങള്‍ തടയും. ഏതാനും ആഴ്ചകളോളം ഇതു തുടരണം. അതിന്‍റെ തുടര്‍ച്ചയായി മദ്യവിധേയത്വത്തിനുള്ള മരുന്നുകളും കൊടുക്കണം.

രോഗാണുബാധ ഇല്ലാതിരിക്കാന്‍ ആന്‍റിബയോട്ടിക് മരുന്നുകൾ ഏതാനും ദിവസം ആവശ്യമുള്ളവര്‍ക്ക് കൊ ടുക്കാം.ശാന്തതയ്ക്കുള്ള മരുന്നുകള്‍ ചുഴലിയേയും തടയും. ഓരോ മണിക്കൂറിലും രോഗിയുടെ അവസ്ഥയെക്കുറിച്ച് മെഡിക്കല്‍ വിലയിരുത്തലുകൾ വേണ്ടി വരും. വിധേയത്വ മരുന്നുകള്‍ അക്കോംപ്രസേറ്റ് 333 മില്ലിഗ്രാം മൂന്ന് നേരം, ഡൈസള്‍ഫിറാം 250 മില്ലിഗ്രാം, നാല്‍ട്രിക്സോണ്‍ 50 മില്ലിഗ്രാം, ബാക്ലോഫന്‍ എന്നിവ വിധേയത്വം നിയന്ത്രിതമാകുന്ന കാലം വരെ തുടരണം. ഏതു മരുന്നു വേണമെന്നു തിരഞ്ഞെടുക്കുന്നത് വിധേയത്വമുള്ള വ്യക്തിയുടെ ശാരീരിക പ്രത്യേകതകൾ പരിഗണിച്ചായിരിക്കും.

ആദ്യത്തെ മൂന്നു മാസം മദ്യാസക്തരിൽ വിധേയത്വം കൂടുതലായിരിക്കും. സാവധാനം കുറഞ്ഞുവരും. എന്നാല്‍ മനസ്സിന്‍റെ കോണിൽ മദ്യാര്‍ത്തി സ്ഥിരമായുണ്ടാകും എന്ന സ ത്യം രോഗിയും കുടുംബവും എപ്പോഴുമോര്‍ക്കണം.

വീണ്ടും കുടിക്കാതിരിക്കാൻ

മറ്റാരുടെയെങ്കിലും പ്രേരണയാൽ മദ്യപാനം നിർത്താൻ തീരുമാനിച്ചിട്ടു കാര്യമില്ല. മദ്യപാനം നിർത്താനുള്ള തീരുമാനം ഉള്ളില്‍ നിന്നും വരണം. സ്വയം അപ്രകാരമൊരു തീരുമാനത്തിലെത്താതെ നീണ്ട കാലത്തേക്കുള്ള മദ്യരഹിതജീവിതം അസാധ്യമാണ്. കാരണം മദ്യാസക്തി ഒരിക്കല്‍ മനസ്സിലുറച്ചു കഴിഞ്ഞാല്‍ അതുപോകില്ല. അതിനെ ദൈനംദിനമെന്നോണം പ്രതിരോധിക്കണം. അതു സ്വന്തം മനസ്സിന്‍റെ ഉള്ളറകളില്‍ നിന്നുതന്നെ വരികയും വേണം.

മദ്യപാനാസക്തി ചികിത്സയില്‍ മദ്യപന് ചെയ്യാവുന്നത്, ഭാര്യക്ക് ചെയ്യാവുന്നത്, മാതാപിതാക്കള്‍ക്ക് ചെയ്യാവുന്നത്, മക്കള്‍ക്ക് ചെയ്യാവുന്നത്, സുഹൃത്തുക്കള്‍ക്ക് ചെയ്യാവുന്നത്, എല്ലാവര്‍ക്കും കൂടി ചെയ്യാവുന്നത് എന്നിങ്ങനെയുണ്ട്. ഈ ആസക്തി ഒരു തെമ്മാടിത്തമോ സ്വഭാവദൂഷ്യമോ അല്ല, രോഗമാണ്. ആ വീക്ഷണത്തോടെ വേണം ആ വ്യക്തിയെ കാണാൻ. അവർക്കു മാനസികമായ പിന്തുണ നൽകണം. സഹാനുഭൂതിയോടെ അവരുടെ പ്രശ്നം പരിഹരിക്കണം. പക്ഷേ അനാവശ്യമായി ലാളിക്കരുത്. മദ്യപാനം കൊണ്ടുള്ള ദോഷങ്ങള്‍, അപകടങ്ങള്‍ എന്നിവ വരുമ്പോള്‍ അതിലെ പാഠം മദ്യപർ പഠിക്കണം. ഉദാഹരണത്തിന്, ജോലിക്ക് പോകാതെ സസ്‌പെൻ‌ഷൻ ലഭിക്കുമ്പോൾ സഹായിക്കരുത്. അത്തരം വിലപ്പെട്ട പാഠങ്ങൾ അവർ പഠിക്കട്ടെ.

സാമൂഹികമായ പിന്തുണയും കൗണ്‍സലിങ്ങും  അത്യാവശ്യമാണ്. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹവും ചുറ്റുപാടും ഒഴിവാക്കുക ത ന്നെ വേണം.

മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്, നിര്‍ദ്ദേശിച്ച കാലത്തോളം കഴിക്കണം. അതില്‍ വിട്ടുവീഴ്ച പാടില്ല. കൗണ്‍സലിങ്ങിനു നിര്‍ദ്ദേശിച്ച സമയങ്ങളില്‍ പോയിരിക്കണം. പെട്ടെന്നു മദ്യപിക്കാൻ തോന്നുന്നുണ്ടെങ്കില്‍ അതു തുറന്നു പറയുകയും പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ എടുക്കുകയും വേണം.

ബൗദ്ധികÐപെരുമാറ്റ തെറപ്പി

മദ്യപാനാസക്തിക്ക് സൈക്കോതെറപ്പിയില്‍ തന്നെ ഏറ്റവും തെളിവുകളുള്ളതും ലോകമെങ്ങും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ കൊഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പി എന്ന ബൗദ്ധികÐ പെരുമാറ്റÐ മനശ്ശാസ്ത്ര ചികിത്സ ഹിപ്നോസിസിനോടൊപ്പം കൊടുക്കാമോ എന്നതു പ്രസക്തമായ ചോദ്യമാണ്. അതു തീര്‍ച്ചയായും ഗുണം ചെയ്യും എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. മദ്യാസക്തര്‍ക്ക് വിഷാദവും വിഷാദരോഗവും,ആത്മഹത്യാപ്രവണതയും കൂടുതലായി കണ്ടു വ രുന്നുണ്ട്. അതുകൊണ്ട് വിഷാദത്തിന്‍റെ വേരറുക്കുന്ന ബൗദ്ധീക മനശ്ശാസ്ത്ര ചികിത്സ നല്ലതു തന്നെയാണ്.

ഇതു നന്നായി മനസ്സിലാക്കി പരിശീലിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ സമയവും പണവും ചെല വു വരുന്ന നീണ്ട തെറപ്പി സെഷനുകള്‍ ഇല്ലാതെ തന്നെ മദ്യപാനികളിലെ വിഷാദം, ഉല്‍ക്കണ്ഠ, വ്യക്തിബന്ധപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാം. അത് അടിസ്ഥാനപരമായ മാനസികപ്രശ്നങ്ങള്‍ക്ക് പ്രയോജനകരമാണ്.

വിഷാദരോഗം,മദ്യപാനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറപ്പി പ്രത്യേകിച്ചും പ്രയോജനകരമാണ്. ബുദ്ധിയെ ഉണര്‍ത്തി പെരുമാറ്റ മനശ്ശാസ്ത്രത്തിന്‍റെ പിന്‍ബലത്താല്‍ നല്ല പെരുമാറ്റങ്ങളെ പരിപോഷിപ്പിച്ചു ചെയ്യുന്ന ഏറ്റവുമധികം ശാസ്ത്രീയഗവേഷണ പിന്‍ബലമുള്ള മാനസിക ചികിത്സാപദ്ധതിയാണിത്.

മദ്യപാനാസക്തി തടയാമോ?

മദ്യപാനാസക്തി തടയാനുള്ള പ്രധാന മാര്‍ഗം മദ്യം കഴിക്കാനുള്ള എ ല്ലാവിധ പ്രേരണകളെയും അതിജീവിക്കുകയാണ്.  മദ്യപാനാസക്തിയുടെ കുടുംബചരിത്രമുള്ളവര്‍ ദയവായി ഒാർക്കുക, നിങ്ങളില്‍ ശത്രുവായ ജീനുകള്‍ ഒളിച്ചിരിപ്പുണ്ട്. മദ്യപാനം തുടങ്ങിയാൽ ഏതുസമയത്തു വേണമെങ്കിലും അവ സജീവമാകാം.

ശക്തമായ സാമൂഹിക പിന്തുണÐഅത് ഔദ്യോഗികമാകാം, ബന്ധുക്കളാകാം, സ്നേഹിതരാകാം ആരുമാകാംÐ തീര്‍ച്ചയായും ഗുണം ചെയ്യും. പുകവലി, ഹാന്‍സ് എന്നിവ കൂടി ഉപയോഗിക്കുന്നവര്‍ അവയും മദ്യത്തോടൊപ്പം നിര്‍ത്തിയിരിക്കണം. അല്ലെങ്കില്‍ വീണ്ടും മദ്യപാനം ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്. ഒന്നിനോടുള്ള ആസക്തി മറ്റുള്ളതിന്‍റെ സഹചാരിയാണ്.

വീണ്ടും കുടിച്ചാൽ

പഠനങ്ങള്‍ വ്യക്തമാക്കുന്നത് മദ്യാസക്തിക്ക് ചികിത്സിക്കുന്നവരില്‍ പ കുതി പേർക്കും ആറു മാസം അല്ലെങ്കില്‍ ഒരു കൊല്ലം കഴിഞ്ഞ് ചികിത്സ ആവര്‍ത്തിക്കേണ്ടി വരുന്നുവെന്നാണ്. അതായത് ഒരിക്കല്‍ മദ്യത്തിന് അടിമപ്പെട്ടാല്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതു വളരെ പ്രയാസമുള്ള കാര്യമാണ്. മദ്യപാനാസക്തി പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങളെപ്പോലെ നീണ്ടു നില്‍ക്കുന്ന ചികിത്സയിലൂടെയും പ്രതിരോധത്തിലൂടെയുമാണ് നേരിടേണ്ടത്.

പല പ്രാവശ്യം ചികിത്സിച്ചിട്ടും ഇതാവര്‍ത്തിക്കുന്നവരുടെ ഭാവി ഇരുട്ടു നിറഞ്ഞതായിരിക്കും. നിര്‍ത്താതെ കൂടുതല്‍ കുടിക്കുന്നവർ അതില്‍ തന്നെ മുങ്ങി മരിക്കുമെന്നതാണ് അനുഭവം.

അതുകൊണ്ട് ഓരോ ദിവസവും ഇനി കുടിക്കില്ല എന്ന് ഉറച്ച തീരുമാനമെടുത്ത് മനക്കരുത്തോടും നിശ്ചയദാര്‍ഢ്യത്തോടും ദൃഢവ്രതമെടുത്തും മുന്നോട്ടു പോവുകയാണ് ഓ രോ മദ്യപാനിയും ചെയ്യേണ്ടത്.

ഡോ. പി.കെ.  സുകുമാരൻ

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്

പ്രശാന്തി ക്ലിനിക്, തൃശൂർ

Tags:
  • Manorama Arogyam
  • Health Tips