Friday 15 December 2023 11:37 AM IST : By സ്വന്തം ലേഖകൻ

അവിചാരിതമായി ബന്ധപ്പെട്ട ശേഷം ഗര്‍ഭധാരണം വേണ്ടെന്ന് വയ്ക്കുമ്പോൾ: ഗുളിക, ഇഞ്ചക്ഷൻ, കോപ്പർ ടി... അറിയേണ്ടതെല്ലാം

pregnancy-pills-and-methods

ആവശ്യമില്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കുക എന്നതാണ് ഗര്‍ഭനിരോധനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഗര്‍ഭധാരണസമയം നിയന്ത്രിക്കാനും ഗര്‍ഭധാരണങ്ങള്‍ക്കിടയിലുള്ള ഇടവേള നിശ്ചയിക്കാനും സാധിക്കും. എന്നാൽ ഗര്‍ഭനിരോധനം സംബന്ധിച്ച കാര്യങ്ങളില്‍ സമൂഹത്തില്‍ ഏറെ സംശയങ്ങള്‍ ബാക്കിയാണ്. മാത്രമല്ല ഇന്നും അശാസ്ത്രീയമാർഗങ്ങൾ സ്വീകരിച്ച് അബദ്ധത്തിൽ ചാടുന്നവരുണ്ട്.

സ്ത്രീ– പുരുഷ ബന്ധത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് പലപ്പോഴും ഗര്‍ഭനിരോധന മാർഗം ഏതാണ് വേണ്ടതെന്നു തീരുമാനിക്കുക. വിവാഹശേഷമാണോ, ഭര്‍ത്താവ് കൂടെത്തന്നെ താമസിക്കുകയാണോ, പ്രവാസിയാണോ, വിവാഹത്തിനു മുൻപാണോ തുടങ്ങിയ സാഹചര്യങ്ങൾ പ്രധാനമാണ്. അതിനൊപ്പം കുട്ടികളെക്കുറിച്ച് ദമ്പതികള്‍ക്കുള്ള കാഴ്ചപ്പാട്, കുട്ടികള്‍ എപ്പോള്‍ വേണമെന്ന കാര്യത്തിലുള്ള ആഗ്രഹം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ഗര്‍ഭനിരോധന മാർഗം തിരഞ്ഞെടുക്കുക.

മാതൃകാപരമായ ഗര്‍ഭധാരണ മാർഗമെന്നാല്‍ സുരക്ഷിതവും ഫലപ്രദവും സൗകര്യപ്രദവുമായിരിക്കണം. ഗര്‍ഭധാരണശേഷി തിരിച്ചെടുക്കാന്‍ കഴിവുള്ളതും ചെലവു കുറഞ്ഞതും വളരെ ലളിതമായ മെഡിക്കല്‍ ഇടപെടലുകള്‍ മാത്രം വേണ്ടതുമായിരിക്കണം.

പല മാർഗങ്ങൾ

ഗര്‍ഭനിരോധന രീതികളിൽ താല്‍കാ ലികമോ സ്ഥിരമോ ആയവ ലഭ്യമാണ്. താല്‍ക്കാലിക മാർഗങ്ങളില്‍ ബാരിയര്‍ മെത്തേഡ്, ഇന്‍ട്രായൂട്ടറൈന്‍ ഡിവൈസസ്, ഹോര്‍മോണല്‍ മെതേഡ്, എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷന്‍ തുടങ്ങിയ രീതികളുണ്ട്. പുരുഷന്‍മാരിലും സ്ത്രീകളിലും സ്ഥിരം സംവിധാനമെന്ന നിലയില്‍ വന്ധ്യംകരണവും സാധ്യമാണ്.

വിവാഹശേഷം കുട്ടികള്‍ കുറച്ചു കഴിഞ്ഞു മതി എന്നു തീരുമാനിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് അൽപകാലത്തേക്ക് ഗര്‍ഭം ധരിക്കാതിരിക്കാനുള്ള താല്‍ക്കാലിക രീതിയാണ് നല്ലത്. കുട്ടികള്‍ ആയ ശേഷമോ അല്ലാതെയോ സ്ഥിരമായി കുട്ടികളുണ്ടാവാതിരിക്കാനുള്ള മാർഗമെന്ന നിലയില്‍ നടപ്പാക്കുന്ന വന്ധ്യംകരണം അഥവാ 'പ്രസവം നിര്‍ത്തുക' പോലുള്ള സ്ഥിര സംവിധാനമാണ് മറ്റൊന്ന്.

ഗര്‍ഭനിരോധനം സ്ത്രീകളില്‍

സ്വാഭാവിക രീതി ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനമാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് സുരക്ഷിത കാലരീതി. മാസമുറ കൃത്യമായി പോകുന്നവര്‍ക്കു മാത്രമേ ഇത്തരം രീതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കൂ. ആർത്താവരംഭ ദിവസം മുതല്‍ കണക്കാക്കിയാൽ 12–ാം ദിവസം മുതല്‍ 18–ാം ദിവസം വരെയാണ് അണ്ഡോത്പാദനം നടക്കാനുള്ള സാധ്യത. ആ സമയത്ത് ലൈംഗികബന്ധം പുല ര്‍ത്താതിരിക്കുകയാണ് ഒരു മാർഗം.

ബോഡി ടെംപറേച്ചര്‍ മേതേഡ്, അതായത് അണ്ഡോത്പാദന സമയത്ത് ശരീര ഊഷ്മാവ് 0.5 മുതല്‍ 1.0 ഡിഗ്രി ഫാരൻഹീറ്റ്‌ വരെ വര്‍ധിക്കും. ഇതു തെർമോമീറ്റർ ഉപയോഗിച്ച് തിരിച്ചറിഞ്ഞ് ആ ദിവസങ്ങളിൽ ബന്ധപ്പെടാതിരിക്കുന്നത് സ്വാഭാവിക ഗർഭനിരോധനമാണ്.

സ്ത്രീകളിൽ ഗര്‍ഭനിരോധനത്തിന് വിവിധ രീതികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അവ പ്രധാനമായും മൂന്നു തരത്തിലുള്ളവയാണ്.

1. ഗര്‍ഭ നിരോധ ഗുളികകള്‍,

2. ഹോര്‍മോണല്‍ അല്ലെങ്കില്‍ നോണ്‍ഹോര്‍മോണല്‍ രീതി,

3. കോപ്പർ ടി പോലുള്ള ഇന്‍ട്രായൂട്ടറൈന്‍ ഡിവൈസസ് ഉപയോഗം.

ഗര്‍ഭനിരോധന ഗുളികകൾ

സ്ത്രീകൾ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത് ഗർഭനിരോധന ഗുളികകളാണ്. കമ്പൈന്‍ഡ് ഓ റല്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് (ക മ്പൈന്‍ഡ് ഒ സി പി) ഉപയോഗിക്കുന്നതു വഴി അണ്ഡോത്പാദനം തടയുകയും സെര്‍വിക്കല്‍ മ്യൂക്കസ് കനം കൂടി ബീജസഞ്ചാര മാർഗം അടഞ്ഞ് ഗര്‍ഭനിരോധനം സംഭവിക്കുന്നു.

ആര്‍ത്തവ ചക്രത്തിന്റെ മൂന്നു മുതല്‍ അഞ്ചാമത്തെ ദിവസം വരെയുള്ള സമയത്താണ് ഈ ഗുളിക കഴിച്ചു തുടങ്ങേണ്ടത്. 21–ാം ദിവസം വരെ തുടരുകയും വേണം. ഒരു ഗുളിക കഴിക്കാന്‍ വിട്ടുപോയാലും അതും കഴിച്ചു തീർക്കണം.

ഒറ്റ ഹോർമോൺ മാത്രമടങ്ങിയ ഗുളികയായ പ്രോജസ്റ്ററോണ്‍ ഒണ്‍ലി പില്‍ (പിഒപി) ആണ് മറ്റൊരു മാർഗം. ഹൃദ്രോഗങ്ങള്‍ ഉള്ളവരോ പുകവലിക്കാരോ ആയ സ്ത്രീകള്‍ക്ക് ഈ മാർഗം സങ്കീര്‍ണതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ രക്തവാര്‍ച്ചയുണ്ടാകുന്ന സ്ത്രീകളിലും സ്തനാര്‍ബുദം ബാധിച്ചവരിലും ഈ രീതി ഉചിതമല്ല.

പാച്ചുകളും കുത്തിവയ്പും

ഹോര്‍മോണല്‍ രീതി വളരെ വ്യാപകമാണ്. ഗുളികകള്‍, ഇന്‍ജക്‌ഷന്‍, ശരീരത്തില്‍ ഒട്ടിച്ചുവയ്ക്കുന്ന പാച്ചുകള്‍ തുടങ്ങിയ രൂപത്തില്‍ ലഭ്യമാണ്.

ശരീരത്തില്‍ ഒട്ടിക്കുന്ന പാച്ചുകള്‍ എന്നത് നിതംബത്തിലോ കക്ഷത്തിനടിയിലോ അടിവയറ്റിലോ ആയി ഒട്ടിച്ചു വയ്ക്കുന്നവയാണ്. ഇവ ശരീരത്തില്‍ ഒട്ടിച്ചുവച്ചാല്‍ നിശ്ചിത സമയത്തേക്ക് ചർമത്തിലൂടെ ശരീരത്തില്‍ നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലം ഗര്‍ഭധാരണം നടക്കില്ല. നമ്മുടെ രാജ്യത്ത് ഈ സംവിധാനം കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല.

∙ ഫീമെയ്‌ൽ കോണ്ടംസ് (പെണ്ണുറകൾ) സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ്.

∙ ഡയഫ്രം/സെർവിക്കല്‍ കാപ്:

സെർവിക്കല്‍ കനാല്‍ വഴി ബീജങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുകയും ബീജസംയോഗം ഇല്ലാതാക്കാനും പ്രയോജനപ്പെടുത്താം.

∙സ്‌പെര്‍മിസൈഡല്‍ ജെല്ലീസ്:

പുരുഷബീജത്തെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ജെല്ലികള്‍ ആണ് ഗര്‍ഭനിരോധനം ഉറപ്പുവരുത്താനുള്ള മ റ്റൊരു മാര്‍ഗ്ഗം. ഇവ പലപ്പോഴും അല ര്‍ജികള്‍ക്ക് കാരണമാകാറുണ്ട്. ഫോമുകളായും (പതരൂപത്തിലുള്ളവ) ക്രീമുകളായും ലയിച്ചുചേരുന്ന ഫിലിമുകളായും സ്‌പെര്‍മിസൈഡല്‍ ജെല്ലികള്‍ ലഭ്യമാണ്.

ട്രാന്‍സ് വജൈനല്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് മറ്റൊരു നൂതന രീ തി. ഹോര്‍മോൺ റിങ് യോനിക്കകത്ത് മാസമുറയുടെ അഞ്ചാം ദിവസം സ്ഥാപിക്കുകയും മൂന്ന് ആഴ്ചയ്ക്കു ശേഷം പുറത്തെടുക്കുകയും ചെയ്യുന്ന രീതിയാണിത്.

ആദ്യ പ്രസവശേഷം

പ്രസവം കഴിഞ്ഞ് ആറാഴ്ചയാവുമ്പോള്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി അടുത്ത പ്രസവത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ആരായും. കുഞ്ഞിന് രണ്ടോ മൂന്നോ വയസ്സാവുന്നതുവരെ അടുത്ത ഗര്‍ഭധാരണം സംഭവിക്കാതിരിക്കാനുള്ള താല്‍ക്കാലിക ഗര്‍ഭനിരോധന മാർഗങ്ങളെപ്പറ്റി രോഗിയെ ധരിപ്പിക്കല്‍ കൂടിയാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം.

മുലയൂട്ടുന്നതുകൊണ്ട് അണ്ഡോത്പാദനം നടക്കാതിരിക്കുകയും ആ റു മാസം വരെ ഗര്‍ഭധാരണം സാധ്യമാകാതിരിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഈ സമയത്ത് ഏതു രീതി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിക്കാറുണ്ട്. അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും കൂടി പരിഗണിച്ചാണ് ഈ താല്‍ക്കാലിക പരിഹാരം നിർദേശിക്കാറുള്ളത്.

കോപ്പർ–ടി

കോപ്പര്‍–ടി പോലുള്ള ഗര്‍ഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരില്‍ കുറച്ചു പേര്‍ക്കെങ്കിലും അവരുടെ ശരീരം അതുമായി പൊരുത്തപ്പെട്ടു പോകാത്തതിന്റെ കുഴപ്പങ്ങള്‍ ഉണ്ടാകാം. ഉദാഹരണം, രക്തവാര്‍ച്ച. കോപ്പര്‍-ടി ഇടുക എന്നാല്‍ അഞ്ചു മിനിറ്റ് മാത്രമെടുക്കുന്ന നടപടിക്രമമാണ്. കോപ്പര്‍-ടി നീക്കം ചെയ്യാനാണെങ്കില്‍ ഒരു മിനിറ്റു മതി. പുതുതായി ശരീരത്തിനകത്തുവയ്ക്കുന്ന ഒരു സംവിധാനം ശരീരവുമായി യോജിച്ചു പോകാൻ അൽപസമയം എടുത്തേക്കാം.

ഹോർമോൺ എടുത്താൽ

ഗുളികകളോ ഇന്‍ജക്‌ഷനോ പോലുള്ളവ ഉപയോഗിച്ച് ഗര്‍ഭനിരോധനം നടപ്പാക്കിയ സ്ത്രീകളില്‍ അതിനു ശേഷം ഗര്‍ഭധാരണത്തിന് കാലതാമസം നേരിടുക പതിവുണ്ട്. അണ്ഡാശയവും മറ്റും പൂർവസ്ഥിതിയിലായി ഗര്‍ഭധാരണ ശേഷി വീണ്ടെടുക്കുന്നതിന് ആറു മാസം വരെ സമയമെടുത്തേക്കാം. ഈ സമയത്ത് മാസമുറയും താളം തെറ്റാറുണ്ട്. ഹോര്‍മോണ്‍ കോണ്‍ട്രാസെപ്ഷന്‍ സ്വീകരിക്കുന്നവര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ വരാനുള്ള സാധ്യതയുമുണ്ട്.

ഗർഭനിരോധനം

പുരുഷന്മാരിൽ

ഗര്‍ഭനിരോധന മാർഗങ്ങളിൽ പുരുഷന്മാർ വ്യാപകമായി ഉപയോഗിക്കുന്നത് മെയിൽ കോണ്ടംസ് അഥവാ ഉറകൾ തന്നെയാണ്. ഇതു താല്‍ക്കാലികമായ രീതിയാണ്. മാത്രമല്ല ഈ ഗർഭനിരോധന ഉറകൾ ലൈംഗികരോഗങ്ങള്‍, ഫംഗസ്ബാധ പോലുള്ള രോഗങ്ങളെയെല്ലാം ചെറുക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

എന്നാല്‍ ഉറകളുെട ഉപയോഗം യഥാവിധമല്ലെങ്കില്‍ ഗര്‍ഭനിരോധനം ഫലപ്രദമാകണമെന്നില്ല. ഉറ ധ രിക്കുന്ന വിധം ശരിയാകാതെ വരിക, ഉള്ളിൽ വായുനിന്ന് പൊട്ടിപ്പോകുക, കീറൽ വീഴുക തുടങ്ങിയവയൊക്കെ ഉറകൾ പരാജയപ്പെടാൻ കാരണമാകുന്നതാണ്.

കോണ്ടം മാത്രം കൊണ്ട് എക്കാലത്തേക്കും ഗര്‍ഭനിരോധനം സാധ്യമാണെന്ന് കരുതുന്നതിലും കാര്യമില്ല.

സ്ഥിരമായി നിർത്താൻ

പുരുഷന്‍മാരിലെ  സ്ഥിരം ഗര്‍ഭനിരോധനരീതിയാണ് വാസക്ടമി. ഇ തൊരു ശസ്ത്രക്രിയാ നടപടിയാണ്. പുരുഷബീജം വഹിക്കുന്ന നാളി മുറിക്കുകയും കെട്ടുകയുമാണ് ചെയ്യുന്നത്. സെമിനല്‍ വെസിക്കിളുകളിലേക്കുള്ള ബീജത്തിന്റെ പ്രവേശനം ഇതോടെ തടയപ്പെടുകയും ചെയ്യും. ഇതു സുരക്ഷിതവും ആശുപത്രിവാസമില്ലാതെ തന്നെ ചെയ്യാവുന്ന സര്‍ജറിയാണ്. അതേദിവസം തന്നെ സാധാരണ പ്രവര്‍ത്തികളിലേക്കു തിരിച്ചുവരാന്‍ കഴിയും. വീണ്ടും ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി തിരിച്ചെടുക്കാനാവില്ല. നമ്മുടെ രാജ്യത്ത് വാസക്ടമി പദ്ധതി നടപ്പാക്കിയത് 1954ലാണ്.

∙വാസക്ടമി  ശസ്ത്രക്രിയക്ക് ശേ ഷം വൃഷണ സഞ്ചി ഒന്നോ രണ്ടോ മണിക്കൂറുകളോളം മരവിപ്പിലായിരിക്കും. മുറുക്കമില്ലാത്തതും സൗകര്യപ്രദവുമായ അടിവസ്ത്രം ഉപയോഗിക്കണം.

∙ശസ്ത്രക്രിയക്ക് ശേഷം വൃഷണ സഞ്ചിയില്‍ ദിവസങ്ങളോളം നീരു വ രികയോ ചെറിയ വേദന അനുഭവപ്പെടുകയോ ചെയ്‌തേക്കാം.

∙ശസ്ത്രക്രിയക്ക് 48 മണിക്കൂര്‍ മുൻപ് ആസ്പിരിന്‍ ഗുളികകള്‍ കഴിക്കുന്നുണ്ടെങ്കില്‍ നിര്‍ത്തുക.

∙വേദനയും നീരും കുറഞ്ഞാല്‍ നിശ്ചിത സമയത്തേക്ക് കോണ്ടം പോലുള്ള ബാരിയര്‍ മെതേഡുകള്‍ ഉപയോഗിച്ചുകൊണ്ട് ശാരീരിക ബന്ധത്തിലേര്‍പ്പെടാം..

വാസക്ടമി വസ്തുതകള്‍

∙ വാസക്ടമി ചെയ്തു എന്നു കരുതി എച്ച് ഐ വി തുടങ്ങിയ ലൈംഗിക പകർച്ചാ രോഗങ്ങളില്‍ നിന്നു സുര ക്ഷിതരല്ല.

∙ വാസക്ടമി പുരുഷന്റെ ലൈംഗിക തൃഷ്ണയോ ഉദ്ധാരണശേഷിയോ കുറയ്ക്കില്ല.

∙ വാസക്ടമി കഴിഞ്ഞാലും അടുത്ത പത്തു മുതല്‍ ഇരുപതു വരെ തവണ സ്ഖലനം കഴിഞ്ഞാലേ ശുക്ലത്തില്‍ ബീജാംശം ഇല്ലാതെയാവൂ. ഈ സമയത്ത്, അതായത് വാസക്ടമി കഴിഞ്ഞ് ഒന്നര മാസമെങ്കിലും ഉറപോലുള്ള ബാരിയര്‍ കോൺട്രാസെപ്റ്റീവുകള്‍ ഉപയോഗിക്കണം.

∙ ശാരീരികബന്ധം തുടങ്ങുന്നതിനു മുൻപ് രണ്ടു പരിശോധനകളിലായി ബീജത്തിന്റെ കൗണ്ട് പൂജ്യമാണെന്ന് ഉറപ്പുവരുത്തണം.

∙ വാസക്ടമി കഴിഞ്ഞവരിൽ സങ്കീർണതകൾ അപൂർവമാണ്. ചര്‍മത്തിനടിയില്‍ രക്തവാര്‍ച്ച ഉണ്ടാവാം, ഇത് നീരിനു കാരണമായി അണുബാധയും രൂപപ്പെടാം. ഇവയാണ് സങ്കീർണതകൾ.

വിവാഹം കഴിച്ച ഉടനെ

വിവാഹം കഴിഞ്ഞയുടനെ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ചിന്തിക്കുന്ന ദമ്പതിമാര്‍ ഏറെയാണ്. ഇത്തരക്കാര്‍ക്ക് സാധാരണ കോണ്ടം പോലുള്ള ബാരിയര്‍ മെത്തേഡുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. എന്നാല്‍ രണ്ടോ മൂന്നോ വർഷം ക ഴിഞ്ഞുമതി കുഞ്ഞ് എന്നു തീരുമാനിക്കുന്നവർ ഡോക്ടറുമായി കൂടിയാലോചന നടത്തുന്നത് ഉചിതമായിരിക്കും.

കമ്പൈന്‍ഡ് ഓറല്‍ പില്‍സ്, ഉപയോഗിക്കാം. എന്നാൽ എമര്‍ജന്‍സി പില്‍സ് പോലുള്ള മാര്‍ഗങ്ങൾ അ ത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്. സാധാരണ ഗതിയില്‍ ഇന്‍ട്രാ യൂട്ടറൈന്‍ ഡിവൈസുകള്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങൾ വിവാഹം കഴിഞ്ഞയുടനെ സാധാരണ ഉപയോഗിക്കാറില്ല.

പരാജയം ഒഴിവാക്കാൻ

ആഗ്രഹിക്കാതെ സംഭവിക്കുന്ന ഗര്‍ഭധാരണത്തില്‍ 30 ശതമാനവും ഗര്‍ഭനിരോധന മാർഗങ്ങളുടെ പരാജയത്താൽ സംഭവിക്കുന്നതാണ്. ഉപയോഗിക്കുന്ന മാർഗങ്ങള്‍ക്കനുസരിച്ച് ഈ നിരക്കിലും വ്യത്യാസം വരും. ശരാശരി 0.6 ശതമാനം മുതല്‍ 13.9 ശ തമാനം വരെ പരാജയസാധ്യതകളുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

സ്വാഭാവികരീതിയിലാണ് പരാജയം കൂടുതൽ. കൃത്യതയില്ലാത്ത മാസമുറയും സുരക്ഷിതദിവസങ്ങൾ ക ണക്കാക്കുന്നതിലെ പിഴവുമെല്ലാം ഗർഭനിരോധനത്തെ പരാജയപ്പെടുത്തി ഗർഭധാരണ സാധ്യത കൂട്ടുന്നു.

വന്ധ്യംകരണം

പ്രസവം നിർത്താം എന്നു തോന്നിക്കഴിയുമ്പോഴാണ് സ്ഥിരസംവിധാനമെന്ന നിലയില്‍ സ്ത്രീകളില്‍ നടപ്പാക്കുന്ന സ്റ്റെറിലൈസേഷന്‍ (സാധാരണയായി ട്യൂബൽ ലൈഗേഷൻ) അഥവാ വന്ധ്യംകരണം ചെയ്യാറുള്ളത്. സാധാരണ പ്രസവമാണെങ്കില്‍ 24 മണിക്കൂറിനു ശേഷം ഏഴു ദിവ സത്തിനുള്ളിൽ ചെയ്യാം. സിസേറിയനോടൊപ്പവും അതിനുശേഷവുമൊക്കെയായും സ്റ്റെറിലൈസേഷന്‍ ചെയ്യാറുണ്ട്. റിങ് ഉപയോഗിച്ചോ ഇലക്ട്രോകൊയാഗുലേഷന്‍ ഉപയോഗിച്ചോ ട്യൂബില്‍ തടസ്സമുണ്ടാക്കുന്ന രീതിയാണ് സാധാരണ ഉപയോഗിക്കുക.

അടിയന്തര ഗര്‍ഭനിരോധനം

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു ശേഷം ഗര്‍ഭധാരണം സംഭവിക്കാതിരിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ ഗുളികകള്‍ കഴിക്കുന്ന രീതിയാണിത്. ആദ്യ ഗുളിക കഴിച്ച ശേഷം 12 മണിക്കൂര്‍ കഴിഞ്ഞ് രണ്ടാമത്തെ ഗുളിക കഴിക്കണം. ഈ രീതിയുടെ പരാജയ നിരക്ക് 3.2 ശതമാനമാണെന്നാണ് കണക്ക്.

അവിചാരിതമായി ബന്ധപ്പെട്ട ശേഷം ഗര്‍ഭധാരണം വേണ്ടെന്ന് ക രുതുന്ന ഘട്ടത്തിലും എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍ ഉപയോഗിക്കാം. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ എല്ലാവരും ഉപയോഗിക്കാറുള്ളത് ഐ പില്‍ ആണ്. അതേ മാസം തന്നെ വീണ്ടും സമാനസാഹചര്യം ഉണ്ടാവുകയും ഇതേ രീതിയില്‍ ഗുളിക കഴിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ തകരാറിലാവുമെന്ന് മനസ്സിലാക്കണം.

ഗുളികകള്‍ കഴിച്ചാലും അത് ഫലപ്രദമാകാതെ ഗര്‍ഭം ധരിക്കാറുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു ശേഷം 72 മണിക്കൂറിനുള്ളില്‍ ഗുളിക കഴിക്കണമെന്നാണ് കണക്ക്. അണ്ഡോത്പാദനം വൈകിക്കുകയും അതുവഴി ബീജസംയോഗത്തെ തടയുകയുമാണ് എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്ലുകള്‍ ചെയ്യുന്നത്.

അപസ്മാരം, ആന്റിബയോട്ടിക് മരുന്ന് ഉപയോഗിക്കുന്നവര്‍, എച്ച് ഐ വി. പോലുള്ള രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവര്‍ തുടങ്ങിവര്‍ക്കൊക്കെ ഈ ഗുളിക കഴിക്കുന്നത് ഗര്‍ഭനിരോധനം നല്‍കില്ലെന്നു മാത്രമല്ല, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധം ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന സാഹചര്യത്തില്‍ ഇത്തരം ഗുളികകളെയും താല്‍ക്കാലിക മാർഗങ്ങളെയും ആശ്രയിക്കുന്നതിനു പകരം കോപ്പര്‍-ടി പോലുള്ള സംവിധാനങ്ങള്‍ ഇടുന്നതാണ് നല്ലത്. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് അഞ്ചു ദിവസത്തിനകമെങ്കിലും കോപ്പര്‍-ടി ഇടാനായാല്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം.

ഗര്‍ഭനിരോധന മാർഗങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവുകള്‍ നേടുകവഴി ആശയക്കുഴപ്പങ്ങള്‍ക്ക് അറുതി വരുത്താം. ഗര്‍ഭനിരോധനം സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കുകയും അതേസമയം, ഫലപ്രദമായി ഗര്‍ഭനിരോധനം ഉപയോഗിച്ചുകൊണ്ട് ജീവിതത്തെ സുഖകരമായ അനുഭൂതിയാക്കി മാറ്റാനുള്ള വഴികള്‍ മനസ്സിലാക്കുകയും പ്രധാനമാണ്.

മരുന്നും പാർശ്വഫലങ്ങളും

പുതിയ ഗർഭനിരോധന മരുന്നുകള്‍ ധാരാളമായിവിപണിയില്‍ വരുന്നുണ്ട്. ഇന്‍ജക്‌ഷനുകള്‍ പലതും കമ്പൈന്‍ഡ് ഒ.സി.പിയെക്കാള്‍ ഫലപ്രദമാണെങ്കിലും ആര്‍ത്തവചക്രം തെറ്റുക, ആവശ്യമെന്നു വരുമ്പോള്‍ ഗര്‍ഭധാരണം വൈകുക, സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുക, അസ്ഥി സാന്ദ്രത നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കാം.

അമിതവണ്ണം, ക്ഷീണം, അമിത രക്തസമ്മര്‍ദ്ദം, മുഖക്കുരു, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും തുടര്‍ച്ചയായ ഗര്‍ഭനിരോധന ഗുളികകള്‍ കാരണമാകാം. എല്ലാ ഹോര്‍മോണല്‍ ഗുളികകള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ട്. ഇതില്‍ പ്രൊജസ്റ്ററോണിന്റെ ഉയര്‍ന്ന അളവുണ്ടാകും. അത് ഗർഭാശയഭിത്തിയിലും ട്യൂബിലും പല മാറ്റങ്ങളും വരുത്തും. ആര്‍ത്തവചക്രത്തിന്റെ താളം തെറ്റിക്കുന്നതു മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമാണ്. എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്ക് ഛര്‍ദ്ദി, തളര്‍ച്ച, മാറിടത്തില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അതിനാൽ വിദഗ്ധോപദേശം സ്വീകരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സിനി പാലയാടൻ

കൺസൽറ്റന്റ്‌

ഗൈനക്കോളജിസ്റ്റ്,

തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍,

തലശ്ശേരി