Saturday 02 September 2023 10:48 AM IST : By സ്വന്തം ലേഖകൻ

പ്രസവത്തോളം ചിലവുള്ള പ്രസവാനന്തര പാക്കേജ്! ഇരട്ടി ഭക്ഷണവും ഒപ്പം കുഴമ്പു തേച്ചുള്ള കുളിയും: ഇത് അനുവദിനീയമോ?

pregnancy76567 ഇൻസെറ്റിൽ ഡോ. ലക്ഷ്മി അമ്മാൾ

ഗർഭകാലത്തും പ്രസവസമയത്തും ശാസ്ത്രീയമായുള്ള പരിചരണം കാംക്ഷിക്കുകയും അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ പ്രസവാനന്തര കാലഘട്ടത്തിലെ പരിചരണവും ചികിത്സയും ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  

പ്രസവാനന്തര കാലത്തു ലഭിക്കേണ്ട പരിചരണം എന്തായിരിക്കണം എന്ന് പറയുന്നതിനു മുമ്പ് പ്രസവാനന്തര കാലഘട്ടത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് അഭികാമ്യം ആയിരിക്കും. പ്രസവാനന്തര വ്യതിയാനങ്ങൾ പ്രസവം കഴിഞ്ഞാലുടൻ തന്നെ ആരംഭിക്കും. പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ 12 ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടാകുമെങ്കിലും ഗർഭ പാത്രം,  യോനീഭാഗം മുതലായ പ്രത്യുൽപാദന അവയവങ്ങൾ പൂർവസ്ഥിതിയിൽ ആക്കാൻ 4-6 ആഴ്ച വരെ എടുക്കും. 

ഗർഭാശയം ചുരുങ്ങണം

ഗർഭസമയത്ത് ഒരു കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഗർഭാശയം ചുരുങ്ങി ഏകദേശം ഒരു മാസം കൊണ്ട് 100 ഗ്രാം ആകും.  ഗർഭാശയത്തിൽ മാത്രമല്ല ഗർഭാശയ മുഖത്തും, യോനീഭാഗത്തും   ഈ വ്യത്യാസങ്ങൾ പ്രകടമാണ്. ഗർഭസമയത്ത് കുഞ്ഞിന് വേണ്ട രക്തവും അതുവഴി ഓക്സിജനും പോഷകങ്ങളും കൊടുത്തു കൊണ്ടിരിക്കുന്ന മറുപിള്ളയിരുന്ന  സ്ഥലത്തെ പാടയും ബാക്കി ഗർഭാശയത്തിന്റെ   പാടയും കൊഴിഞ്ഞു പോവുകയും,  ചുരുങ്ങി പൂർവസ്ഥിതിയിൽ ആവുകയും ചെയ്യുന്നു.  ഇങ്ങനെ കൊഴിഞ്ഞു പോകുന്ന പാടയാണ് പ്രസവം കഴിഞ്ഞ് കാണുന്ന യോനീസ്രവത്തിനു കാരണം.  നല്ല ചുവപ്പു നിറത്തിൽ വരുന്ന ഈ ശ്രവത്തിന് നിറവ്യത്യാസം വന്ന്  വെള്ള നിറത്തിൽ ആയിരിക്കും അവസാന ദിവസങ്ങളിൽ പോവുക.  24 മുതൽ 36 ദിവസം വരെ ഈ യോനി സ്രവം നിലനിൽക്കാം. 

മൂത്രസഞ്ചിയും മൂത്രനാളികൾക്കും രണ്ട് കിഡ്നികൾക്കും ഗർഭസമയത്ത് വ്യത്യാസങ്ങൾ ഉണ്ടാകാം. പ്രസവസമയത്ത് ക്ഷതം  വരുന്ന ഒരു അവയവമാണ് മൂത്രസഞ്ചി. ചില സ്ത്രീകൾക്ക് പ്രസവത്തിൻറെ അവസാനഘട്ടത്തിൽ കുറച്ച് പ്രയാസം അനുഭവപ്പെടാം. കുഞ്ഞിൻറെ തലയുടെ സമ്മർദ്ദം വരുമ്പോൾ മൂത്രസഞ്ചിക്ക് ചെറിയ രീതിയിൽ ക്ഷതം സംഭവിക്കുന്നു.  മാത്രവുമല്ല പ്രസവശേഷം മൂത്രസഞ്ചിയുടെ വിസ്തൃതി വർദ്ധിക്കുന്നു.  മൂത്രസഞ്ചി നിറയുമ്പോൾ മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ താമസിച്ചുപോകുന്നു.  ഇതെല്ലാം കൂടെ ചേരുമ്പോൾ മൂത്രസഞ്ചിക്ക് അകത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.  ഇത് ഉണ്ടാകാതെ നോക്കേണ്ടത് പ്രസവാനന്തര ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗമാണ്.

പേശികളുടെ തൂങ്ങൽ

പ്രസവസമയത്ത് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാകുന്നത് വയറിലെയും, യോനിഭാഗത്തെയും പേശികൾക്കാണ്.  വയറിലെ പേശികൾ 9 മാസം വലിഞ്ഞു തന്നെ നിൽക്കുന്നതു കൊണ്ട്   പ്രസവം കഴിയുമ്പോൾ അടിവയറും യോനീഭാഗവും അയഞ്ഞു തൂങ്ങുന്നു.  മാത്രവുമല്ല വയറിലെ തൊലിയിക്കും   അയവ് സംഭവിക്കുന്നു.  സ്ത്രീ സൗന്ദര്യത്തിനു കോട്ടം വരുത്തുന്ന ഒരു പ്രക്രിയയാണിത്.  വയറിനു മുൻഭാഗത്തെ പേശികൾ അകന്നു പോകാനും,  അതുവഴി ഹെർണിയ വരാനും ഉള്ള സാധ്യത പല സ്ത്രീകളിലും കാണാറുണ്ട്.  കുഞ്ഞിന്റെ തല,  ഇടുപ്പിനകത്തെ പേശികളിൽ തട്ടി സാധാരണയിലും  കൂടുതൽ സമയം ഇരുന്നു പോയാൽ ആ ഭാഗത്തെ പേശികൾക്കു ക്ഷതം വരികയും,  ഗർഭപാത്രത്തിന്റെയും മൂത്രസഞ്ചിയുടെയും മലദ്വാരത്തിന് ചുറ്റുമുള്ള പേശികളുടെയും തള്ളലിനു   കാരണമാവുകയും ചെയ്യുന്നു.  ഒരു പരിധിവരെ ഈ പേശികൾക്ക് ബലം വയ്ക്കുമെങ്കിലും പ്രസവം കഴിഞ്ഞുള്ള പ്രത്യേക വ്യായാമം ഇതിനൊരു പരിഹാരമാണ്.  

ഗർഭസമയത്ത് ഗർഭിണിയുടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്.  പ്രസവം കഴിഞ്ഞുള്ള ആറ് ആഴ്ചകളിൽ ഈ പ്രവണത കൂടുതലായിട്ടാണ് കാണുന്നത്.  തന്മൂലം കാലിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.  പ്രസവം കഴിഞ്ഞു അമിതമായ വിശ്രമം എടുക്കുന്ന സ്ത്രീകളിൽ കാലിൽ രക്തം കട്ടപിടിക്കുകയും ആ രക്തക്കട്ടി ഹൃദയത്തിലെ രക്തക്കുഴലിൽ അടിഞ്ഞ് മരണം വരെ സംഭവിക്കുകയും ചെയ്യാം. (Pumonary embolism) 

അമ്മയുടെ ശുശ്രൂഷ എന്നതുപോലെ നവജാതശിശുവിന്റെ പരിചരണവും പ്രാധാന്യമർഹിക്കുന്നു. മുലപ്പാൽ ഊറാനും അതു നിലനിൽക്കാനും കുഞ്ഞിൻറെ മുലയൂട്ടാനുമുള്ള സാഹചര്യവും സൗകര്യവും അമ്മമാർക്കുണ്ടാകണം.  

ശാരീരികമായ വ്യത്യാസങ്ങളോളം തന്നെ പ്രാധാന്യമർഹിക്കുന്നു അമ്മമാരുടെ മാനസിക ആരോഗ്യവും. പല അമ്മമാർക്കും പ്രസവാനന്തരം പ്രകടമായ മാനസിക സംഘർഷവും വിഷാദവും കണ്ടുവരുന്നു. പ്രസവസമയത്തെ പിരിമുറുക്കം തയ്യലിന്റെ വേദന കുഞ്ഞിനെ മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,  ഉറക്കക്കുറവ്,  പ്രസവം  കഴിയുമ്പോഴുണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം എന്നിവയാണ് മാനസിക സംഘർഷങ്ങൾക്കും വിഷാദത്തിനും കാരണമാകുന്നത്. 

പ്രസവാനന്തര ശുശ്രൂഷ എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിനു ശേഷം അമ്മയ്ക്ക് ലഭിക്കേണ്ട പരിചരണത്തെകുറിച്ചാണല്ലോ. ആഹാരക്രമങ്ങൾ, വ്യായാമം, ഉറക്കം,  വിശ്രമം മരുന്നുകൾ എന്നിവയാണ് ഇതിൽപ്പെടുന്നത്.  

കുഞ്ഞിനു മുലയൂട്ടുന്ന അമ്മമാർക്ക് തീർച്ചയായും അധികമായ ഊർജവും, മാംസ്യവും, ഇരുമ്പ് സത്തും,  കാൽഷ്യവും   ആവശ്യമാണ്.  കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്നും 300 കലോറി മാത്രമേ അധികമായി വേണ്ടി വരുന്നുള്ളൂ.  ഈ ഊർജ്ജം 500 ml പാലും 100 ഗ്രാം പയർ വർഗ്ഗങ്ങൾ,  ഒരു ദോശ/ഇഡലി/ചപ്പാത്തി മുതലായവയിൽ നിന്നും ലഭിക്കാവുന്നതേയുള്ളൂ. കുഞ്ഞിനു പാലൂറണമെന്ന ആഗ്രഹത്തിൽ മുലയൂട്ടുന്ന അമ്മമാരെ ആവശ്യത്തിലധികം ഭക്ഷണം കഴിപ്പിക്കുന്ന പ്രവണതയാണ് നാം കാണുന്നത്.  ശാരീരികമായി വലിയ അധ്വാനമില്ലാതെ ഈ സമയത്ത് കഴിക്കുന്ന അമിത ഭക്ഷണം സ്ത്രീകളുടെ ശരീരഭാരം കൂട്ടുകയും, ദുർമ്മേദസ്സിലേയ്ക്കു  വഴിതെളിക്കുകയും ചെയ്യും. 

പ്രസവാനന്തര ഭക്ഷണക്രമം എന്തായിരിക്കണം? 

കൊഴുപ്പടങ്ങുന്ന ആഹാരങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന എണ്ണ ഒഴിവാക്കുകയോ, കുറയ്ക്കുകയോ ചെയ്യുക. കടുക് വറക്കുന്നതിന് ഉപയോഗിക്കുന്ന എണ്ണ തുടങ്ങി വറക്കുന്നതിനും പൊരിക്കുന്നതിനും  ഉപയോഗിക്കുന്ന എണ്ണ (പർപ്പടകം, മീൻ പൊരിക്കൽ, വട, ഏത്തക്കായപ്പം മുതലായവ) ദോശയും ചപ്പാത്തിയും സ്വാദിഷ്ടമാക്കുവാൻ ഉപയോഗിക്കുന്ന നെയ്‌ച്ചോർ, ബിരിയാണി, ക്രീമും വെണ്ണയും ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങൾ  വരെ ഇതിൽപ്പെടും.  നെയ്യിൽ ഉണ്ടാക്കുന്ന കുറുക്കുകളും പച്ചിലമരുന്നുകളും ഒഴിവാക്കേണ്ടതാണ്.  

ഒരു ദിവസം വീട്ടിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് നോക്കിയാൽ നാം പോലും അറിയാതെ നമ്മുടെ ആഹാരത്തിൽ കടന്നു കൂടുന്ന അധിക കൊഴുപ്പിന്റെ അളവ് നമുക്ക് മനസ്സിലാകും. അതുപോലെ കുറയ്ക്കേണ്ട ഒന്നാണ് അന്നജത്തിന്റെ അളവ്.(അരി, ഗോതമ്പ് മൈദ മുതലായവ).  പൊതുവേ കേരളീയരുടെ മദ്ധ്യാന   ഭക്ഷണം ചോറാണല്ലോ.  പ്രസവം കഴിഞ്ഞവർക്ക് ഈ “കൂമ്പാരം” ചോറു വിളമ്പി വയ്ക്കുന്ന പതിവാണ് നാം കാണുന്നത്.  കുഞ്ഞിനുവേണ്ടി മുലപ്പാൽ ധാരാളമായി ഉണ്ടാകണമെന്ന് ആഗ്രഹത്താൽ ചെയ്യുന്നതാണെങ്കിലും,  അത് മുലപ്പാൽ കൂട്ടുകയില്ല എന്ന് മാത്രമല്ല അമ്മമാരുടെ ശരീരഭാരം അമിതമായി അളവിൽ വർദ്ധിപ്പിക്കുകയും ചെയ്യും. 

ചോറിന്റെ അളവ് കുറച്ച് മാംസ്യം കൂടുതൽ കറികളായി ഉൾപ്പെടുത്തുക (മുട്ടയുടെ വെള്ള, മീൻ, പയർ വർഗ്ഗങ്ങൾ മുതലായവ). കിഴങ്ങ് വർഗ്ഗങ്ങളുടെ ഉപയോഗവും കുറയ്ക്കണം. (ഉരുളക്കിഴങ്ങു്, ചേമ്പ്,  മരിച്ചീനി)  ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും (വെള്ളരിക്ക, തക്കാളി തണ്ണിമത്തൻ തുടങ്ങിയവ)  ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുലപ്പാലിന്റെ അളവ് വർദ്ധിക്കും. ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ മലശോധനയും സഹായിക്കും.       കാൽസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ (മുട്ടയുടെ വെള്ള, പാട മാറ്റിയ പാൽ,  മത്സ്യം കൂവരക്) ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം. കുഞ്ഞിന് ആറുമാസം കഴിയുമ്പോൾ നാം കൊടുത്തു കൊണ്ടിരിക്കുന്ന പരമ്പരാഗത ഭക്ഷണമായ കൂവരക്, അമ്മയ്ക്കും നല്ലതാണ്. അന്നജത്തിന്റെ അളവ് കൂവരകിൽ  ഉണ്ടെങ്കിലും ഇരുമ്പ് സത്തും, കാൽസ്യവും ഇതിൽ ധാരാളമായി ഉണ്ട്. ഭക്ഷണക്രമത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം വെള്ളത്തിന്റെ അളവാണ്. രണ്ട് ലിറ്റർ വെള്ളം വരെ ദിവസവും കുടിക്കണം.  ഇതിന്റെ പ്രയോജനങ്ങൾ പലതാണ്. ഇത് ശരീരത്തിലെ ജലാംശം കൂട്ടുന്നു അതുവഴി 

 1)  മൂത്രത്തിന്റെ അളവ് കൂട്ടുകയും മൂത്രത്തിൽ അണുബാധ വരാതിരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.  

 2) മലബന്ധം ഒഴിവാക്കുന്നു.  പ്രസവിച്ചു കഴിഞ്ഞ സ്ത്രീകൾക്ക് ഹോർമോണിന്റെ വ്യതിയാനങ്ങൾ കൊണ്ട് പലപ്പോഴും മലബന്ധം ഒരു പ്രശ്നമായിട്ടാണ് ഹോർമോണിന്റെ വ്യതിയാനങ്ങൾ കൊണ്ട് പലപ്പോഴും മലബന്ധം ഒരു പ്രശ്നമാണ്.  

3) രക്തത്തിൻറെ കട്ടി കൂടുതൽ ഉള്ള സമയമാണിത്.  കാലിലെ രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് അത്  ശോസകോശത്തിൽ അടിഞ്ഞു   മരണം സംഭവിക്കുന്ന അമ്മമാർ നമ്മുടെ നാട്ടിലുമുണ്ട്.  ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തം കട്ടപിടിക്കുന്നതിനുള്ള പ്രവണത വർദ്ധിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെയും മറ്റ് ദ്രാവങ്ങളുടെയും അളവ് കൂട്ടുന്നത് വഴി നമുക്ക് ഒരു പരിധി വരെ ഇത് തടയുവാൻ സാധിക്കും. 

ഗർഭിണികൾക്ക് ഏത് അനുപാതത്തിലാണ് ഓരോ നേരത്തെയും ഭക്ഷണം കഴിക്കേണ്ടത് എന്ന് ചോദിച്ചാൽ വളരെ ലളിതമായി ഇങ്ങനെ പറയാം.  

കഴിക്കാൻ ഭക്ഷണം എടുക്കുന്ന പാത്രത്തിൻറെ നാലിലൊന്ന് അന്നജവും (അരി, ഗോതമ്പ്) നാലിലൊന്ന് മാംസ്യവും (പയറ്, മുട്ട, മീൻ മുതലായവ) നാലിലൊന്ന് പച്ചക്കറികളും, നാലിലൊന്ന് പഴവർഗങ്ങളും ആയിരിക്കണം. 

പ്രസവം കഴിഞ്ഞാൽ ദേഹം അനങ്ങരുത്, പൂർണ്ണ വിശ്രമം വേണം, പടികയറാൻ പാടില്ല എന്നിങ്ങനെ പല പല വിശ്വാസങ്ങളാണ് പഴയ തലമുറയിലെ ആൾക്കാർ വച്ചു പുലർത്തുന്നത്. ഇതിലെ വാസ്തവം എന്താണ്? 

പ്രസവം കഴിഞ്ഞുട്ടുള്ള അസ്വസ്ഥതകൾ (തയ്യലിന്റെ വേദന, മുലയൂട്ടലുമായി  താദാമ്യം പ്രാപി ക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രസവ വേദനയുടെ ക്ഷീണം എന്നിവ)  കുറഞ്ഞു കഴിഞ്ഞാൽ വ്യായാമം തുടങ്ങാവുന്നതാണ്  കുറച്ചു സമയം നടക്കുക, കൈകാലുകൾക്ക് നടുവിനുമുള്ള ലഘുവായ വ്യായാമ മുറകളിൽ നിന്ന്  വയറിലേയും, നടുവിന്റെയും ബലം വരുത്തുന്ന വ്യായാമ രീതിക കളിലേയ്ക്ക് കടക്കാവുന്നതാണ്. പ്രസവം കഴിഞ്ഞു വയറിലെ പേശികൾക്ക് അയവ് വരുന്നതിനാൽ “വയറു ചാടുന്നു” എന്ന പരാതി സ്ത്രീകൾ സാധാരണ പറയാറുണ്ട്.  അത് വാസ്തവമാണ് താനും. വയറിന് ബൈൻഡർ കെട്ടിയാൽ വയറു ചാടൽ മറയ്ക്കാൻ സാധിക്കും എന്നേയുള്ളൂ.  ഈ വയറു ചാടുന്നത് കുറയ്ക്കാൻ  രണ്ടു മാർഗ്ഗങ്ങളേയുള്ളൂ.  

1)     അമിതവണ്ണം ഉണ്ടെങ്കിൽ ശരീരഭാഗം ഭാരം കുറയ്ക്കുക  

2)     കൃത്യമായ വ്യായാമമുറകൾ സ്വീകരിക്കുക  

ഒരു സാധാരണ പ്രസവം കഴിഞ്ഞാൽ മണിക്കൂറുകൾക്കകം തന്നെ ചെറിയ രീതിയിൽ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.  കാലിന്റെ മുട്ടുകൾ ഒക്കെ ചലിപ്പിച്ചു തുടങ്ങാം.  രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ നടുവിന് വേണ്ട ലഘുവായ വ്യായാമങ്ങൾ തുടങ്ങാം. (കട്ടിലിൽ   കിടന്ന് തിരിഞ്ഞു കിടക്കുക,  കമന്ന് കിടക്കുക)  ഇത് കഴിയുമ്പോൾ വയറിന്റെ  പേശികൾക്ക് വേണ്ട വ്യായാമവും ചെയ്യാം. സിസേറിയൻ കഴിഞ്ഞ് ഒരു മൂന്നുദിവസം കഴിയുമ്പോൾ തന്നെ ലഘുവായ വ്യായാമങ്ങൾ തുടങ്ങാവുന്നതാണ്.  ഗർഭകാലത്തോ   പ്രസവം  കഴിഞ്ഞോ  കൃത്യമായ കാരണമില്ലാതെ പൂർണവിശ്രമം എടുക്കുന്നത് ഒട്ടും അഭികാമ്യമല്ല.  മരണം വരെ കൊണ്ടെത്തിക്കുന്ന സങ്കീർണതകൾക്ക് അത് വഴിയൊരുക്കും. 

സുഖപ്രസവം കഴിഞ്ഞ് സ്ത്രീകൾ യോനീഭാഗത്തെ പേശികൾക്ക് ബലം തിരിച്ചുകിട്ടാനുള്ള ലളിതമായ മുറകൾ വ്യായാമ മുറകൾ ചോദിച്ചു മനസ്സിലാക്കുകയും അത് പ്രാവർത്തികമാക്കുകയും വേണ്ടതാണ്.  പ്രത്യുൽപാദന അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതിനുള്ള (Prolapse Uterus) ഒരു കാരണം.  പ്രസവത്തിന്റെ അവസാന ദശയിലുള്ള പ്രയാസങ്ങളാണ്.     യോനിഭാഗത്തും  ഇടിപ്പലിന്റെ താഴത്തേക്ക് ഉള്ള പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്‌താൽ  ഈ ബുദ്ധിമുട്ട് നമുക്ക് ഒഴിവാക്കാൻ സാധിക്കും. 

പ്രസവപരിചരണത്തിലെ തെറ്റുകൾ

 ഒരു ശരാശരി കേരളീയ വനിതയ്ക്ക് പ്രസവം പോലെ തന്നെ പ്രധാനമാണ് പ്രസവശേഷമുള്ള കുഴമ്പു തേയ്‌ക്കൽ, ഇലകളും മറ്റു പച്ചില ഉത്പന്നങ്ങളെ ചേർത്ത് തിളപ്പിച്ച വെള്ളത്തിലെ കുളി, പച്ചിലക്കുറുക്ക്, അരിഷ്ടങ്ങൾ എന്നിവ ആയുർവേദ ശാസ്ത്രം വിധിപ്രകാരമാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇതിലെ അപാകതകൾ പലതാണ്. 

1)കണ്ടും   കേട്ടുമുള്ള പരിചയം വച്ചാണ് പലപ്പോഴും ഈ ശുശ്രൂഷകൾ നടക്കുന്നത്. 

2) മാത്രവുമല്ല ഒരു പ്രസവത്തോളം തന്നെ ചിലവ് വരുന്ന പാക്കേജുകൾ ആയിട്ടാണ് ഈ പ്രസവാനന്തര പരിചരണം നടക്കുന്നത്. 

3) അസഹനീയമായ ചൂടുവെള്ളത്തിലാണ് ഈ പ്രസവാനന്തര കുളികൾ നടക്കുന്നത്. അത് തീർത്തും അനുവദനീയമല്ല.  അതുകൊണ്ട് ഒരു പ്രയോജനവുമില്ല.  പലപ്പോഴും സ്ത്രീകളുടെ ചർമ്മത്തിൽ പൊള്ളൽ വരെ ഉണ്ടാകാറുണ്ട്.  ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് അഭികാമ്യം. 4) അമ്മമാർക്ക് ഈ സമയത്തു  ഉള്ളിൽ കഴിക്കാൻ കൊടുക്കുന്ന കുറുക്കുകളും, പച്ചില മരുന്നുകളും മുലപ്പാൽ വഴി കുഞ്ഞിന് ലഭിക്കും. ഈ കുറുക്കുകൾ പ്രസവാനന്തര ആരോഗ്യത്തിന് പ്രയോജനം ഉണ്ടാക്കുന്നു എന്ന് ശാസ്ത്രീയമായ അടിത്തറയോ പഠനങ്ങളോ ഇല്ല. 

 പ്രസവാനന്തരം പരിചരണം കൊണ്ട് നാം പ്രതീക്ഷിക്കുന്നത് എന്താണ്? 

1) ശരീരവും  പ്രത്യുല്പാദന അവയവങ്ങളും  പൂർവസ്ഥിതിയിലാകണം. 

2) കുഞ്ഞിനെ പൂർണമായും മുലയൂട്ടൽ സാധിക്കണം. 

3) അമ്മയുടെ നിതാന്ത ശ്രദ്ധ വേണ്ട ഈ പ്രക്രിയയ്ക്ക് കുടുംബത്തിലുള്ളവരുടെ കൈത്താങ്ങ് തീർച്ചയായും ഉണ്ടായിരിക്കണം. പ്രോടീൻ   അധിക അളവിലും അന്നജവും കൊഴുപ്പും കുറച്ചും, പച്ചക്കറികളും പഴവർഗ്ഗങ്ങൾ കൂടുതലും അടങ്ങിയ ആഹാരം ആണ് കഴിക്കേണ്ടത്. 

4) ശരീരം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ഉതകുന്ന വ്യായാമങ്ങൾ പ്രസവ ശേഷം ശുഷ്കാന്തിയോടെ ചെയ്യേണ്ടതാണ്.  കുഞ്ഞിനെ മുലയൂട്ടാൻ ഇരിക്കുമ്പോഴും,  കുഞ്ഞിനെ പരിചരിക്കുമ്പോഴും അമ്മമാർ സ്വീകരിക്കുന്ന രീതി ശരിയായിരിക്കണം.  കൂനി വളഞ്ഞിരുന്നു പാലുകൊടുക്കുകയോ  കുഞ്ഞിനെ പരിചരിക്കുകയോ ചെയ്യാൻ പാടില്ല. 

5)  പൊക്കത്തിനൊത്ത വണ്ണം എന്നത് ജീവിത തപസ്യായി കരുതണം. 

6) പലപല കാരണങ്ങൾ കൊണ്ട് വരാവുന്ന മാനസിക സംഘർഷങ്ങൾ ഒഴിവാക്കുക. 

7) കുഞ്ഞിന് അഞ്ചുമാസം മുലപ്പാൽ മാത്രമേ കൊടുക്കാവൂ.  ഇതിനു വേണ്ടി വരുന്ന അധിക ധാതുക്കളും പോഷകങ്ങളും ആഹാരത്തിൽ നിന്ന് മാത്രം ലഭിക്കുകയില്ല.  അതിനാൽ  കാൽസ്യം ഗുളികകളും പ്രസവസമയത്ത് ഉണ്ടാകുന്ന രക്തസ്രാവം വഴി ഉണ്ടാകുന്ന വളർച്ച മാറ്റാൻ ഇരുമ്പ് സത്തുള്ള ഗുളികകളും അഞ്ചുമാസം വരെ തുടരേണ്ടതാണ്. 

ഡോ. ലക്ഷ്മി അമ്മാള്‍

ഗൈനക്കോളജിസ്റ്റ്

എസ്‌യുടി ആശുപത്രി, പട്ടം

Tags:
  • Manorama Arogyam
  • Health Tips