ഈ കോവിഡ് കാലത്ത് നമ്മുടെ പ്രാണനെ കാത്തുവച്ചത് പ്രതിരോധത്തിന്റെ വാക്സീൻ തുള്ളികളാണ്. അതായിരുന്നു നമ്മുടെ ഉൾക്കരുത്തും. രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർമാരായി 74 പേർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരിൽ രണ്ടുപേർ കേരളത്തിൽ നിന്നായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഒാഫിസർ ടി.ആർ. പ്രിയയും പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ടി. ഭവാനിയും. 2022 മാർച്ച് എട്ടിന് വനിതാദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇരുവർക്കും അംഗീകാരം സമർപ്പിച്ചപ്പോൾ കേരളത്തിന് അത് അഭിമാനനിമിഷങ്ങളായി. പ്രിയയുടെയും ഭവാനിയുടെയും ജീവിതത്തിലൂടെ...
പ്രിയം ആതുരസേവനത്തോട്
എൻട്രൻസ് എഴുതി ഹോമിയോപ്പതിക്കു പ്രവേശനം ലഭിച്ചെങ്കിലും ജീവിതപരാധീനതകൾ മൂലം ഡോക്ടർ എന്ന സ്വപ്നം ഉപേക്ഷിച്ച ഒരു പെൺകുട്ടി. പരിഭവങ്ങളൊന്നുമില്ലാതെ നഴ്സിങ് എന്ന കർമപാതയിൽ അവൾ പുതിയൊരു ജീവിതം മെനഞ്ഞെടുക്കുന്നു. അങ്ങനെ കാലം കടന്നു പോകവേ, സ്വപ്നതുല്യമായ ഒരു സന്തോഷം തേടി വരുകയാണ്, ഒരു ദേശീയ പുരസ്‌കാരത്തിന്റെ രൂപത്തിൽ. ഇത് ഒരു കഥയല്ല, തിരുവനന്തപുരത്ത് പള്ളിച്ചൽ പുന്നമൂട് കേളേശ്വരത്ത് രാജന്റെയും തുളസിയുടെയും മകൾ പ്രിയയുടെ ജീവിതമാണ്.
ഈ കോവിഡ് കാലത്ത് 1,33,161 ഡോസ് വാക്സീൻ കുത്തിവച്ച് കേരളത്തിൽ ഏറ്റവുമധികം പേർക്ക് വാക്സീൻ നൽകിയ മാലാഖയാണ് മുപ്പത്തിയെട്ടുകാരി പ്രിയ. ‘‘നഴ്സിങ് മേഖലയിലേക്കു വന്നിട്ട് 17 വർഷങ്ങളായി. ഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. നഴ്സിങ്ങിലേക്ക് എത്തിയപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ’’ പ്രിയ പറയുന്നു. ആത്മസാഫല്യത്തോടെ ജോലി ചെയ്യാവുന്ന ഒരിടമാണിതെന്നു പ്രിയ തിരിച്ചറിയുകയായിരുന്നു.
സഫലമീ ജൻമനിയോഗം ....
സൗമ്യസാന്നിധ്യമാണ് ടി. ഭവാനി എന്ന ഭവാനി സിസ്‌റ്റർ. ചെറുപുഞ്ചിരിയും നിറയെ അലിവുള്ളൊരു മനസ്സും എന്ന് അട യാളപ്പെടുത്തുമ്പോൾ അതു ഭവാനി സിസ്‌റ്ററുടെ ജീവിതമാകുന്നു. അതു കൊണ്ടു തന്നെ ആതുരസേവനത്തോളം ആനന്ദം നൽകുന്നതൊന്നും ഭവാനി സിസ്റ്റർക്കു ജീവിതത്തിലില്ല. നഴ്സിങ് എന്ന കർമമേഖലയെ അത്രയേറെ നെഞ്ചോടു ചേർത്തുപിടിക്കുന്നു ഈ അൻപത്തിനാലുകാരി.
ആതുരസേവനത്തിൽ ചരിതാർഥമായ മുപ്പത്തിമൂന്നുവർഷങ്ങൾ ഭവാനി സിസ്‌റ്റർ പൂർത്തിയാക്കുമ്പോൾ കാലം അവർക്കായി കാത്തുവച്ചത് ഇന്ത്യയിലെ ഏറ്റവും മികച്ച കോവിഡ് വാക്സിനേറ്റർമാരിലൊരാൾ എന്ന അംഗീകാരമായിരുന്നു. 89, 318 ഡോസ് വാക്സീനാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത് നഴ്സായ ഭവാനി സിസ്‌റ്റർ നൽകിയത്. ദേശീയ അംഗീകാരത്തിലൂടെ ഭവാനി സിസ്‌റ്ററെ ലോകമറിഞ്ഞപ്പോൾ അവർക്കൊപ്പം പയ്യന്നൂർ താലൂക്ക് ആശുപത്രിയും സാഭിമാനം ചരിത്രത്തിലേക്കു നടന്നു കയറി.
വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം മേയ് ലക്കം കാണുക