Saturday 31 December 2022 04:40 PM IST

അർബുദം തടയും ഹൈഡ്രജൻ വെള്ളവും ആൽക്കലൈൻ വെള്ളവും: വാദങ്ങൾക്കു പിന്നിൽ...

Asha Thomas

Senior Sub Editor, Manorama Arogyam

hydrogen4545

പണ്ടൊക്കെ ദാഹിക്കുമ്പോൾ നാം നേരേ കിണറ്റിൻകരയിൽ ചെന്ന് തൊട്ടിയെടുത്ത് നല്ല തണുപ്പുള്ള തെളിനീര് കോരിയെടുത്തു കുടിച്ചിരുന്നു. പോകപ്പോകെ ശുദ്ധജലം കിട്ടാക്കനിയായി. കിണറുകളും കുളങ്ങളും കുറഞ്ഞു. പൈപ്പ് വെള്ളം പതിവായതോടെ വെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ച് സംശയങ്ങളായി. അങ്ങനെയാണ് വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങൾ വ്യാപകമായത്. മിനറൽ വാട്ടറും പ്യൂരിഫയറും ഒക്കെ കടന്ന് വെള്ളത്തിൽ ചില രാസവസ്തുക്കൾ ചേർത്തും പിഎച്ച് നിരക്ക് വ്യത്യാസപ്പെടുത്തിയും വെറും വെള്ളത്തെ ഔഷധജലമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതാ അത്തരം ചില പ്രത്യേക ‘വെള്ള’ങ്ങളെയും അവയുടെ ഗുണദോഷങ്ങളും പരിചയപ്പെടാം.

ആൽക്കലൈൻ വെള്ളം

ആൽക്കലൈൻ എന്ന വാക്കു സൂചിപ്പിക്കുന്നതു വെള്ളത്തിന്റെ പിഎച്ച് നിരക്കിനെയാണ്. പൂജ്യം മുതൽ 14 വരെയുള്ള സ്കെയിലിലാണ് പിഎച്ച് അളക്കുന്നത്. പിഎച്ച് 7 വരെ അമ്ലതയുള്ളത്, 7 ആയാൽ ന്യൂട്രൽ, ഏഴിൽ കൂടിയാൽ ക്ഷാരഗുണം (ആൽക്കലൈൻ). സാധാരണ കുടിവെള്ളത്തിന്റെ പിഎച്ച് നിരക്കിലും കൂടുതലാണ് ആൽക്കലൈൻ വെള്ളത്തിന്റേത്. പിഎച്ച് എട്ടോ ഒൻപതോ വരെയാകാം.

ആൽക്കലൈൻ വെള്ളത്തിൽ ഒട്ടേറെ ധാതുക്കളും നെഗറ്റീവ് ഒാക്സിഡേഷൻ റിഡക്ഷൻ പൊട്ടൻഷ്യലുമുണ്ട്. നെഗറ്റീവ് ഒാക്സിഡേഷൻ പൊട്ടൻഷ്യൽ ഉള്ള വസ്തുവിനു ദോഷകാരികളായ ഘടകങ്ങളെ (Harmful oxidising agents) നിർവീര്യമാക്കാനുള്ള ശേഷിയുണ്ട്. ഈ ആന്റി ഒാക്സിഡന്റ് സവിശേഷത ആൽക്കലൈൻ വെള്ളത്തെ ഔഷധഗുണമുള്ളതാക്കുന്നുവെന്നാണ് ചിലരുടെ വാദം.

ഇതു ശരീരത്തിലെ പിഎച്ച് നിരക്കു നിയന്ത്രിക്കുമെന്നും അർബുദം പോലെയുള്ള രോഗങ്ങളെ തടയുമെന്നും ഭാരം കുറയ്ക്കുന്നതിനും ചർമാരോഗ്യത്തിനും മികച്ചതാണെന്നും പ്രായമാകൽ പ്രക്രിയയെ മെല്ലെയാക്കുമെന്നുമൊക്കെ പറയപ്പെടുന്നു. ന്യൂയോർക്കിൽ നടത്തിയ ഒരു പഠനത്തിൽ (2012) ആസിഡ് റിഫ്ളക്സ് പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇത് ആശ്വാസം നൽകുമെന്നു പറയുന്നു.

‘‘ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ് പ്രകാരം കുടിവെള്ളത്തിന്റെ പിഎച്ച് 6.5 നും 8.5 നും ഇടയിലാണ്. വിപണിയിലുള്ള ആൽക്കലൈ ൻ വെള്ളത്തിന്റെ പിഎച്ച് 8 മുതൽ 9 വരെ ആണ്.’’ കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (കോഴിക്കോട്) ജലഗുണമേന്മ വിഭാഗം സയന്റിസ്റ്റ് ഡോ. ദിപു എസ്. പറയുന്നു.

‘‘വലിയ തോതിലുള്ള, ദീർഘകാല പഠനങ്ങൾ നടന്നാലേ ആൽക്കലൈൻ വെളളത്തിന്റെ ഗുണങ്ങൾ സംബന്ധിച്ച് വ്യക്തത വരൂ. മാത്രമല്ല, പതിവായി ആൽക്കലൈൻ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹനരസങ്ങളെ കുറച്ചു നിർവീര്യമാക്കാൻ സാധ്യതയുണ്ട്. ഇത് വയറിനുള്ളിലെ ഉപകാരികളായ ബാക്ടീരിയകളെ ബാധിച്ചേക്കാം.’’ ഡോ. ദിപു പറയുന്നു.

ൈഹഡ്രജൻ വെള്ളം

ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധാരണ വെള്ളമാണ് ഏറ്റവും നല്ല മാർഗം. എന്നാൽ ചില പാനീയ നിർമാണ കമ്പനികൾ അവകാശപ്പെടുന്നത് ശുദ്ധജലത്തിൽ ഹൈഡ്രജൻ പോലുള്ള മൂലകങ്ങൾ ഉൾക്കൊള്ളിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും ലഭ്യമാക്കും എന്നാണ്.

‘‘ശുദ്ധജലത്തെ ഇലക്ട്രോലൈസ് ചെയ്ത് പിഎച്ചിൽ മാറ്റം വരുത്താതെ നെഗറ്റീവ് ഒാക്സിഡേഷൻ റിഡക്‌ഷൻ പൊട്ടൻഷ്യൽ ഉള്ളതാക്കി മാറ്റുന്നു. അതോടൊപ്പം രാസഘടകങ്ങളുടെ സാന്നിധ്യം വഴിയായി ജലകണികകളിൽ വന്ന മാറ്റത്തെ ഒാസോൺ തന്മാത്രകൾ ഉപയോഗിച്ച് പൂർണമായും നീക്കുന്നു. ഹൈഡ്രേജൻ തന്മാത്രകൾ അധികമായി നിലനിർത്തുകയും ചെയ്യുന്നു. ഹൈഡ്രജൻ വെള്ളം കൂടാതെ ഹൈഡ്രജൻ ഇൻഹലേഷൻ തെറപ്പി, ഹൈഡ്രജൻ സലൈൻ, ഐവി, ഹൈഡ്രജൻ ബാത് എന്നിവയും ലഭ്യമാണ്.’’ കൊച്ചി ഹൈഡ്രജൻ സിറ്റിയിലെ മോളിക്യുലർ ഹൈഡ്രജൻ റിസർച്ച് അസോസിയേറ്റ് എഡ്‌വിൻ പാട്രിക് പറയുന്നു.

‘‘ സാധാരണ ജലത്തിലുള്ള ഹൈഡ്രജൻ ഓക്സിജനുമായി സംയോജിച്ചിരിക്കുന്നതുകൊണ്ട് ശരീരത്തിലേയ്ക്ക് ഹൈഡ്രജൻ ആഗിരണം ചെയ്യുന്നത് കാര്യക്ഷമമായി നടക്കില്ല. ശുദ്ധജലത്തിലേക്ക് കൂടുതലായി ഹൈഡ്രജൻ സന്നിവേശിപ്പിക്കുന്നതിലൂടെ, ശരീരത്തിന് പ്രാപ്യമായ രീതിയിൽ അതുലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ശരീരാവയവങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും സ്ട്രെസ്സ്, അർബുദ കോശവളർച്ച എന്നിവയെ തടയാനും ഇതു സഹായിക്കുമത്രെ. ഹൈഡ്രജൻ ചേർത്ത വെള്ളത്തിനു നീർവീക്കം കുറയ്ക്കാനുള്ള കഴിവ്, അത്‌ലറ്റിക് പ്രകടനം ഉത്തേജിപ്പിക്കുവാനുള്ള കഴിവ്, ശരീരം പ്രായമാകൽ പ്രക്രിയ മന്ദീഭവിപ്പിക്കാനുള്ള കഴിവ്, വിഷാംശം പുറന്തള്ളാനുള്ള കഴിവ് എന്നിയൊക്കയുണ്ടെന്നാണ് അവകാശം. എന്നാൽ, ഇതുവരെയുള്ള പഠനങ്ങളിൽ എത്ര അനുപാതത്തിലാണ് ഹൈഡ്രജൻ ചേർക്കേണ്ടതെന്ന് നിഷ്കർഷിച്ചിട്ടില്ല. മാത്രമല്ല, ഈ വെള്ളം എത്ര അളവു കുടിച്ചാലാണ് ആരോഗ്യപരമായ ആനുകൂല്യങ്ങൾ ലഭിക്കുക എന്നും വ്യക്തമല്ല.’’ പൊതുജനാരോഗ്യവിദഗ്ധയും ഇഎൻടി സ്പെഷലിസ്റ്റുമായ ഡോ. ബി. സുമാദേവി (കൊച്ചി) പറയുന്നു.

നിത്യേന ഹൈഡ്രജൻ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പു നിയന്തിച്ചുഭാരം കുറയ്ക്കാനാകുമെന്നും ഇൻസുലിൻ അളവും അതുവഴി ഷുഗറിന്റെ അളവും നിയന്ത്രിക്കാനാകുമെന്നും പ്രായഭേദമെന്യേ ഉപാപചയ രോഗങ്ങളെ നിയന്ത്രിച്ചു നിർത്താമെന്നും പഠനങ്ങളുണ്ട്. നാല് ആഴ്ചയോളം ഹൈഡ്രജനേറ്റഡ് വെള്ളം ഒന്നര മുതൽ രണ്ടു ലീറ്റർ വരെ കുടിച്ചാൽ ജീവിതത്തിന്റെ ഗുണനിലവാരം തന്നെ ഉയരുന്നതായി ചില പഠനങ്ങൾ പറയുന്നു. എങ്കിലും കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയുള്ള ദീർഘകാല പഠനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണ്.

Tags:
  • Manorama Arogyam
  • Health Tips