Saturday 02 November 2024 04:55 PM IST

മൂന്നു വര്‍ഷത്തിനകം ചെലവു കുറഞ്ഞ ഇമ്യൂണോതെറപ്പി മരുന്നുകള്‍- അര്‍ബുദ ചികിത്സയിലെ പുതിയ പ്രതീക്ഷകള്‍

Sruthy Sreekumar

Sub Editor, Manorama Arogyam

46543

വിവിധ മരുന്നുകൾ കുത്തിവയ്പായി നൽകുന്ന ഇമ്യൂണോതെറപ്പിയിൽ പലതരം ചികിത്സാ രീതികൾ ഉണ്ട്. റേഡിയേഷൻ, കീമോതെറപ്പി എന്നിവ നൽകാൻ സാധിക്കാത്ത അവസ്ഥയിലുള്ള, പ്രായമായവർക്കു വരെ ഇമ്യൂണോതെറപ്പി നൽകുന്നുണ്ട്

അർബുദകോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനുമായി പ്രതിരോധസംവിധാനത്തെ പ്രവർത്തിക്കാനുതകുന്ന തരത്തിൽ ഉത്തേജനം നൽകുകയോ മാറ്റുകയോ െചയ്യുകയാണ് ഇമ്യുണോതെറപ്പി െചയ്യുന്നത്. ഇമ്യൂണോതെറപ്പി മരുന്നുകൾ കുത്തിവയ്പായാണ് നൽകുന്നത്.

കാൻസറിന്റെ മറ്റു ചികിത്സകളായ കീമോതെറപ്പി, റേഡിയേഷൻ എന്നിവ വച്ചു താരത‌മ്യം െചയ്യുമ്പോൾ ഇമ്യൂണോതെറപ്പിക്കു പാർശ്വഫലങ്ങൾ കുറവാണ്. എന്നാൽ പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനാൽ പ്രതിരോധവുമായി ബന്ധപ്പെട്ട ചില പ്രശ്‌ നങ്ങൾ ഉണ്ടായേക്കാം. ഉദാ: ഇമ്യൂണോതെറപ്പിക്കു വിധേയരാകുന്നവരിൽ തൈറോയ്ഡിൽ ഒാട്ടോ ഇമ്യുൺ തൈറോയ്ഡൈറ്റിസ് വരാം, കരളിലാണെങ്കിൽ ഒാട്ടോ ഇമ്യൂൺ ജോണ്ടിസ് ഉണ്ടാകാം. റേഡിയേഷൻ, കീമോതെറപ്പി എന്നിവ നൽകാൻ സാധിക്കാത്ത അവസ്ഥയിലുള്ള, പ്രായമായവർക്കു വരെ ഇമ്യൂണോതെറപ്പി നൽകുന്നുണ്ട്.

പലതരം ചികിത്സകൾ

ഇമ്യൂണോതെറപ്പിയിൽ പലതരത്തിലുള്ള ചികിത്സാരീതികൾ ഉപയോഗിച്ചുവരുന്നു.

കാർ ടി സെൽ തെറപ്പി (Chimeric Antigen Receptor Therapy): രോഗിയുെട ശരീരത്തിലെ പ്രതിരോധകോശങ്ങളായ ടി സെല്ലുകളെ എൻജിനീയർ െചയ്തു ശക്തിപ്പെടുത്തുന്നു. തുടർന്ന് ഇവയെ തിരികെ രോഗിയെ ശരീരത്തിലേക്കു വിടുന്ന ചികിത്സാ രീതിയാണിത്. ഇതുകാരണം പ്രതിരോധശേഷി വർധിക്കുകയും അർബുദകോശങ്ങളെ തിരിച്ചറിഞ്ഞു നശിപ്പിക്കുകയും െചയ്യുന്നു.

ഇമ്യൂൺ ചെക്ക് പോയിന്റ് ഇൻഹിബിറ്റേഴ്സ്: അർബുദ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനിനെതിരെ ഉപയോഗിക്കുന്ന ഔഷധങ്ങളാണ് ഇമ്യൂൺ െചക്ക് പോയിന്റ് ഇൻഹിബിറ്റേഴ്സ്. ഇവ കാൻസർ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളെ തടയുന്നു. ഇതു കാരണം വെളുത്ത രക്താണുക്കൾക്ക് അർബുദ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനും കഴിയുന്നു.

ഇമ്യൂൺ സിസ്റ്റം മോഡുലേറ്ററുകൾ : അർബുദത്തിനെതിരെ രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കുന്ന രീതി. ഉദാ:നമ്മുെട ശരീരത്തിൽ കാണപ്പെടുന്ന പ്രോട്ടീനുകളാണ് സൈറ്റോകൈനുകൾ. സൈറ്റോകൈനുകൾ പ്രതിരോധ കോശങ്ങളുെട വളർച്ചയും പ്രവർത്തനവും നിയന്ത്രിക്കുന്നു. മനുഷ്യനിർമിതമായ പ്രോട്ടീനുകൾ കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്നു.

കാൻസർ രോഗിയിൽ ഇമ്യൂണോതെറപ്പി ഫലിക്കുമോ എന്നറിയാൻ പരിശോധന നടത്താറുണ്ട്. PD-L1 പരിശോധനയിൽ അർബുദകോശത്തിൽ PD-L1 പൊസിറ്റീവാണെങ്കിൽ അതിനർഥം ഇമ്യൂണോതെറപ്പി ഫലപ്രദമാകുമെന്നാണ്. നെഗറ്റീവ് ആണെങ്കിൽ ചികിത്സ കൊണ്ടു കാര്യമായ ഫ ലം ലഭിക്കില്ലെന്നും. PD-L1 എന്നു പറയുന്നതു ട്യൂമർ കോശങ്ങളിൽ ഉൾപ്പെടെ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ്. ബയോപ്സിക്കു വേണ്ടി എടുത്തിട്ടുള്ള അർബുദകോശങ്ങളിലാണു പരിശോധന നടത്തുന്നത്. ഈ പരിശോധനയിലൂെട ഇമ്യൂണോതെറപ്പി മാത്രം മതിയാകുമോ അതോ കൂടെ കീമോതെറപ്പി കൂടി രോഗിക്കു നൽകേണ്ടിവരുമോ എന്നും നിശ്ചയിക്കാനാകും.

ടിഎംബി (TMB- Tumor Mutation Burden) എന്നൊരു പരിശോധനയുണ്ട്. കാൻസർ കോശങ്ങളുെട ഡിഎൻഎയിൽ കാണപ്പെടുന്ന മാറ്റങ്ങളുടെ എണ്ണമാണു ട്യൂമർ മ്യൂട്ടേഷൻ ബർ‍ഡൻ. കാൻസർ രോഗി ഇമ്യൂണോതെറപ്പിയോട് എത്രത്തോളം പ്രതികരിക്കുന്നുവെന്ന് അറിയാൻ സഹായിക്കുന്ന ബയോമാർക്കറുകളാണ് ടിഎംബികൾ. ടിഎംബി അളവ് (10നു മുകളിൽ) കൂടുതലാണെങ്കിൽ ഇമ്യൂണോതെറപ്പി ഫലപ്രദമാകുമെന്നു നിരീക്ഷിക്കപ്പെടുന്നു. പാരമ്പര്യമായി കാണപ്പെടുന്ന ചില കാൻസറുകളിൽ എംഎംആർ (Mismatch Repair ) എന്നൊരു പരിശോധന ചെയ്യുന്നുണ്ട്.

ചില രോഗികളിൽ PD-L1 പരിശോധന പൊസിറ്റീവ് ആയതിനെ തുടർന്ന് ഇമ്യൂണോതെറപ്പി െചയ്തശേഷം പ്രതീക്ഷിച്ച ഫലം ചിലപ്പോൾ ലഭിക്കില്ല. അർബുദ കോശങ്ങൾക്കു സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.

ഏതെല്ലാം കാൻസറുകൾക്ക് ?

എല്ലാ കാൻസറുകളിലും ഇമ്യൂണോതെറപ്പി ഉപയോഗിക്കുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ പരിശോധനകൾക്കു ശേഷ മെ ചികിത്സ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാറുള്ളൂ. മിക്ക കാൻസറുകളിലും നാലാം സ്റ്റേജിലാണ് ഇമ്യൂണോതെറപ്പി ഉപയോഗിക്കുന്നത്. കാൻസറിന്റെ ആ ദ്യ ഘട്ടങ്ങളിൽ റേഡിയേഷൻ, കീമോതെറപ്പി, ശസ്ത്രക്രിയ എന്നിവയിലൂെട രോഗമുക്തി സാധ്യമാണ്. ശ്വാസകോശ കാൻസറിൽ രണ്ടാം സ്റ്റേജിൽ ശസ്ത്രക്രിയയ്ക്കു മുൻപ് ഇമ്യൂണോതെറപ്പി നൽകാറുണ്ട്. കീമോതെറപ്പിയുെട കൂടെ ഇമ്യൂണോതെറപ്പി കൂടി നൽകുന്നതിനാൽ ശ്വാസകോശ ട്യൂമറിന്റെ വലുപ്പം കുറഞ്ഞുവരുന്നതായി കാണുന്നു.

വളരെ ചെലവേറിയ ചികിത്സയാണ് ഇമ്യൂണോതെറപ്പി. ഒരു കുത്തിവയ്പിനു തന്നെ മൂന്നു മുതൽ നാലു ലക്ഷം രൂപ വരെ ചെലവു വരും. ഈ കുത്തിവയ്പു മൂന്നാഴ്ച കൂടുമ്പോ ൾ എടുക്കണം. മാസങ്ങളോളം ചികിത്സ നീളും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇതു താങ്ങാൻ കഴിയില്ല. ചികിത്സ ഫലപ്രദമാകുന്നുണ്ടോ എന്നറിയാനും പരിശോധന നടത്താറുണ്ട്. ഫലപ്രദമാകുന്നുവെന്നു കണ്ടാൽ ചികിത്സ തുടരും. അല്ലെങ്കിൽ നിർത്തേണ്ടിവരും. ഇമ്യൂണോതെറപ്പിക്ക് ഉപയോഗിക്കാവുന്ന ഇന്ത്യൻ നിർമിത മരുന്നുകൾ സംബന്ധിച്ചുള്ള ഗവേഷണങ്ങൾ നടന്നുവരുന്നു. ഈ മരുന്നുകൾ നിലവിൽ വരുകയാണെങ്കിൽ ചികിത്സാ ചെലവു കുറയ്ക്കാൻ കഴിയും. മൂന്നു വർഷത്തിനകം ഇതു സാധ്യമാകുമെന്നാണു പ്രതീക്ഷ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനൂപ് ടി. എം.

മെഡിക്കൽ ഒാങ്കേളജിസ്റ്റ്, ആർസിസി, തിരുവനന്തപുരം

Tags:
  • Manorama Arogyam