Monday 16 December 2024 02:44 PM IST

‘ഡോക്ടറേ... പനി മാറിയിട്ടും, ചുമയും ക്ഷീണവും മാറുന്നില്ല’: കോവിഡിനു ശേഷം ഈ പ്രശ്നം നിങ്ങൾക്കുണ്ടോ?

Asha Thomas

Senior Sub Editor, Manorama Arogyam

lungshealth23

ഡോക്ടർ, വൈറൽ പനി മാറി ആഴ്ചകളായിട്ടും ചുമ മാറുന്നില്ല. നടക്കുമ്പോൾ വല്ലാത്ത കിതപ്പ്...

.ഈയടുത്തായി എനിക്ക് അടിക്കടി അലർജി വരുന്നു. കോവിഡിനു മുൻപ് അലർജി നിയന്ത്രണത്തിലായതായിരുന്നു. ഇപ്പോൾ പഴയതിലും രൂക്ഷമായ അവസ്ഥയാണ്...

ആസ്മ കൂടി ഡോക്ടറേ...ഇടയ്ക്കിടെ ആസ്മ അറ്റാക്കു വരുന്നു....പഴയ മരുന്നുകൊണ്ടൊന്നും ആശ്വാസമില്ല.

ഈയടുത്തു നമ്മുടെ ശ്വാസകോശരോഗ ക്ലിനിക്കുകളിൽ ആവർത്തിച്ചു കേൾക്കുന്ന ആവലാതികളാണിവ. എന്താണു നമ്മുടെ ശ്വാസകോശ ആരോഗ്യം നശിപ്പിക്കുന്നത്?

വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം, വീടിനകത്തുള്ള മലിനീകാരികൾ, പുകവലി എന്നൊക്കെ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷേ, മറ്റൊരു പ്രധാനകാരണമുണ്ട്. കോവിഡിനു ശേഷം നമ്മുടെ ശ്വാസകോശ പ്രതിരോധശേഷിയിൽ കുറച്ച് ഇടിവു സംഭവിച്ചിട്ടുണ്ട് എന്നതാണത്. 

അനാവരണം ചെയ്യപ്പെടുന്ന അലർജിയും ആസ്മയും നമുക്കു ചുറ്റുമൊന്നു നോക്കിയാൽ തന്നെ അതു തിരിച്ചറിയാനാകും. പണ്ടു ചെറിയതോതിൽ അലർജി ഉണ്ടായിരുന്നവരിൽ കോവിഡിനു ശേഷം അലർജി നിരന്തരമായും, കൂടുതൽ തീവ്രമായും വരുന്നതായി കാണുന്നു. പലരിലും നേരത്തേ ചികിത്സിച്ചു മാറ്റിയ അലർജിയും ആസ്മയുമൊക്കെ തിരിച്ചു വരുന്നതായും കാണുന്നുണ്ട്. ചുരുക്കത്തിൽ മറഞ്ഞുകിടന്ന അലർജി പ്രശ്നങ്ങളെയൊക്കെ കോവിഡ് അനാവരണം ചെയ്തിരിക്കുന്നു എന്നു പറയാം. മാത്രമല്ല, പലർക്കും വൈറൽ പനി മാറി രണ്ടു മൂന്നാഴ്ച കഴിഞ്ഞും ചുമ മാറാതെ നിൽക്കുന്നു. ചിലർക്ക് ഒന്നിലധികം അണുബാധകൾ ഒരേസമയത്തു വരുന്നതായും കാണുന്നു. 

പണ്ടൊക്കെ ചെറിയ ജലദോഷം വന്നാൽ അത്യാവശ്യം വീട്ടുമരുന്നുകൾ കൊണ്ടും വിശ്രമവും ആവി പിടിക്കലുമൊക്കെ കൊണ്ടു മാറിപ്പോകുമായിരുന്നു. ഇ പ്പോൾ ചെറിയ ജലദോഷം പോലും നമ്മുടെ കൈപ്പിടിയിൽ നിൽക്കുന്നില്ല. കോവിഡിനു ശേഷം ചെറിയ വൈറൽ അണുബാധകൾ വന്നു പെട്ടെന്നു തന്നെ സെക്കൻഡറി ബാക്ടീരിയൽ അണുബാധകളായി മാറുന്നതായി കാണുന്നു. 

ഒരുതവണയെങ്കിലും ലഘുവായി പോലും കോവിഡ് വന്നിട്ടുള്ളവരിൽ അതു പ്രതിരോധശക്തി കുറയ്ക്കുന്നുണ്ട്. രണ്ടു മൂന്നു തവണ കോവിഡ് വന്നവരിൽ ഒാരോ തവണയും പ്രതിരോധശേഷിയിൽ ഇടിവു സംഭവിക്കുന്നു. കോവിഡിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തൊക്കെയാണെന്ന് ഇനി അറിയാനിരിക്കുന്നതേയുള്ളൂ. 

കോവിഡനന്തര ഫലങ്ങളായി ആ ദ്യം കണ്ട ലക്ഷണമാണ് കിതപ്പ്. ഒരു ആരോഗ്യപ്രശ്നവുമില്ലാത്ത ചെറുപ്പക്കാരിലും കിതപ്പു കണ്ടുവരുന്നു. കോവിഡിനെ തുടർന്ന് വരുന്ന കിതപ്പു സാധാരണഗതിയിൽ രണ്ടു മൂന്നു മാസം കൊണ്ടു മാറേണ്ടതാണ്. പക്ഷേ, അ തു നീണ്ടുനിൽക്കുന്നതായാണ് ഇ പ്പോൾ കാണുന്നത്. 

പോറലില്ലാതെ കാക്കാം

ഏറ്റവും പ്രധാനമായി ഒാർമിക്കേണ്ട കാര്യം കോവിഡിന്റെ ആഘാതത്തെ നേരിട്ട ശ്വാസകോശം ഇനി ചെറിയൊരു പോറൽ പോലും താങ്ങില്ല എന്നാണ്. അതായത് ശ്വാസകോശ ആരോഗ്യത്തിനു ചെറിയ തോതിലെങ്കിലും ഹാനികരമായ പ്രവൃത്തികളോ ശീലങ്ങളോ ഒഴിവാക്കുന്നതാണ് ഇനിയങ്ങോട്ടു ശ്വാസകോശ രോഗങ്ങളില്ലാതെ ജീവിക്കാൻ ഉത്തമം എന്നർത്ഥം. 

സ്വയം ചികിത്സ വേണ്ട

ഏറ്റവും പ്രധാനം നിലവിലുള്ള ശ്വാസകോശ രോഗങ്ങളെ ശാസ്ത്രീയമയ ചികിത്സ വഴി കൃത്യമായി നിയന്ത്രിക്കുകയാണ്. അലർജിക്കും ആസ്മയ്ക്കും സ്വയം ചികിത്സ ചെയ്യുന്നതു താൽക്കാലിക ആശ്വാസം നൽകിയേക്കുമെങ്കിലും രോഗത്തിന്റെ തീവ്രത വർധിപ്പിക്കും. പ്രത്യേകിച്ചും കോവിഡനന്തര പശ്ചാത്തലത്തിൽ അലർജിക്കു കൃത്യമായ ചികിത്സ എടുത്തില്ലെങ്കിൽ വേഗത്തിൽ തന്നെ ആസ്മയായി മാറാനിടയുണ്ട്. അതുപോലെ ആസ്മയുടെ കാര്യത്തിലും ഒാവർ ദ കൗണ്ടർ മരുന്നുകൾ ഫലം ചെയ്യില്ല. ഇൻഹേലർ ചികിത്സയാണു പ്രതിവിധി. ശാസ്ത്രീയമായ ചികിത്സ വൈകുന്നത് ആസ്മയുള്ളവരിൽ ശ്വാസകോശ ആരോഗ്യം തകർക്കും.

സുരക്ഷിതമാക്കാം ശീലങ്ങൾ

∙ പുകവലി പാടേ ഉപേക്ഷിക്കണം. ശ്വാസകോശ കാൻസറിനും സിഒപിഡിക്കും പ്രധാനകാരണമാണു പുകവലി. എത്രയും നേരത്തേ ഉപേക്ഷിക്കുന്നുവോ അത്രയും ശ്വാസകോശ നാശം കുറയും. നേരിട്ടുള്ള പുകവലി മാത്രമല്ല പുകയേൽക്കുന്നതും ശ്വാസകോശത്തിനു ദോഷകരമാണ്. പ്രത്യേകിച്ചും കുട്ടികളിലും ഗർഭിണികളിലും ബീഡി,സിഗററ്റ് പുകയേൽക്കുന്നതു ദീർഘകാല ശ്വാസകോശപ്രശ്നങ്ങൾക്ക് ഇടയാക്കും. പുകവലി നിർത്തുവാൻ കൗൺസലിങ്, ഡോക്ടറുടെ നിർദേശപ്രകാരം നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പി, മരുന്നുകൾ എ ന്നിവ ഉപയോഗിക്കാം. 

പൊടിയും പുകയും

പൊതുവേ നാം ശ്വസിക്കുന്ന പ്രാണവായു ഗുണമേന്മ കുറഞ്ഞതാണ്. പൊടിയും കാർബണും ഉൾപ്പെടെ പലതരം മലിനീകാരികൾ അടങ്ങിയിട്ടുമുണ്ട്. പക്ഷേ, പുറത്തുള്ള മലിനീകരണത്തേക്കുറിച്ചു പരാതി പറയും മുൻപേ വീടിനുള്ളിലും ചുറ്റുപാടിലുമുള്ള വായുമലിനീകരണ പ്രവൃത്തികൾ തിരിച്ചറിഞ്ഞ് ഒഴിവാക്കണം. 

ലോകാരോഗ്യസംഘടന പറയുന്നതു വിറകടുപ്പിലുള്ള പാചകമാണ് വീടിനുള്ളിലെ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സ് എന്നാണ്. പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും വീടിനു സമീപത്തു കത്തിക്കുന്ന ശീലവും മലിനീകരണത്തിന് ഇടയാക്കും. പുകവലിക്കാരായ പുരുഷന്മാരിൽ ഉണ്ടാകുന്ന സിഒപിഡി രോഗത്തിനു സമാനമായി വിറകടുപ്പിലെ പുക ശ്വസിക്കുന്ന വീട്ടമ്മമാരിലും സിഒപിഡി വരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് ചെറുപ്രായം മുതലേ വിറകടുപ്പ് ഉപയോഗിച്ചു ശീലിച്ചവരിൽ. ഈയടുത്തു വന്ന ഒരു പഠനത്തിൽ വിറകു പോലെയുള്ള ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിച്ചു പാചകം ചെയ്യുന്നവരിൽ അപകടകരമായ അളവിൽ മലിനീകാരികളും ബാക്ടീരിയൽ വിഷവസ്തുക്കളും ഉള്ളിലെത്താൻ ഇടയാക്കുമെന്നു കണ്ടിരുന്നു. അലർജി പ്രകൃതമുള്ളവരിൽ പൊടി  ശ്വാസകോശത്തിനു വലിയ തോതിൽ ദോഷം ചെയ്യും. വീടിനകം എപ്പോഴും പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കുക. പൊടി ഒഴിവാക്കാൻ അപ്ഹോൾസ്റ്ററി ചെയ്ത ഫർണീച്ചറുകൾ ഉപേക്ഷിക്കാം. കാർപ്പെറ്റുകൾ, വാൾ പേപ്പറുകൾ, പൂപ്പൽ പിടിക്കാൻ സാധ്യതയുള്ള മരസാമാനങ്ങൾ എന്നിവയും ഒഴിവാക്കുക. പുതപ്പുകളും ബെഡ്‌ഷീറ്റും തലയിണ കവറുകളും ഇടയ്ക്കിടെ മാറുക. കിടപ്പുമുറിയിൽ കഴിവതും ഫർണിച്ചറുകളും മ റ്റും കുറയ്ക്കുക. 

അരുമകളും ശ്വാസകോശ പ്രശ്നങ്ങളും 

കോവിഡ് കാലത്തും അതിനു ശേഷവും ജീവിതമാർഗമായും വെറുതെ യൊരു മാനസികോല്ലാസത്തിനു വേണ്ടിയും അരുമകളെ വളർത്തുന്ന ശീ ലം പുതിയതായി പലരും തുടങ്ങിയിട്ടുണ്ട്. പൂച്ച, പട്ടി പോലെ സാധാരണ മൃഗങ്ങളെ കൂടാതെ പ്രാവുകൾ, ലൗ ബേഡ്സ്, വിവിധതരം അലങ്കാര പക്ഷികൾ എന്നിവയേയും ഇങ്ങനെ വളർത്തുന്നുണ്ട്. ഇതുകൊണ്ടാകാം കോവിഡിനു ശേഷം പക്ഷികളുമായും മറ്റും ബന്ധപ്പെട്ടു ശ്വാസകോശപ്രശ്നങ്ങളെ കുറിച്ചു നാം കൂടുതലായി കേൾക്കുന്നത്. 

 മൃഗരോമം ചിലർക്ക് അലർജിപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതുപോലെ പക്ഷികളുടെ കാഷ്ഠവും അലർജി പ്രവണത ഉള്ളവരിൽ വലിയ തോതിൽ പ്രശ്നങ്ങൾക്കു കാരണമാകാം. മുൻപു സൂചിപ്പിച്ചതുപോലെ കൊറോണ വൈറസിന്റെ ആക്രമണത്തിനു വിധേയമായ ശ്വാസകോശം ഇത്തരം അലർജനുകളോടു അതീതീവ്രമായ പ്രതികരണം കാണിക്കുന്നതുമാകാം. 

പെറ്റ് ഡാൻഡർ ആണു പ്രധാനമായും അലർജിയുണ്ടാക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും രോമത്തിൽ നിന്നോ തൂവലിൽ നിന്നോ പൊഴിയുന്ന ചർമകോശങ്ങളിൽ നിന്നാണ് പെറ്റ് ഡാൻഡർ വരുന്നത്. ഇതു കൂടാതെ മൃഗങ്ങളുടെ ഉമിനീർ, മൂത്രം, വിസർജ്യങ്ങൾ എന്നിവയിൽ കാണുന്ന പ്രോട്ടീനിനോടും അലർജി വരാം. പക്ഷികളുടെ തൂവലിൽ കാണുന്ന ഒരുതരം പ്രോട്ടീനും അലർജിക്കു കാരണമാകാം. പക്ഷിക്കാഷ്ഠത്തിലുള്ള വൈറസുകളും ബാക്ടീരിയയും ഫംഗസുമൊക്കെ ശ്വാസകോശത്തിൽ വടുക്കളുണ്ടാകുന്ന ലങ് ഫൈബ്രോസിസ്, ഇന്റർസ്റ്റീഷൽ ലങ് ഡിസീസ്, ബേഡ് ഫാൻസിയേഴ്സ് ഡിസീസ്, ഹിസ്റ്റോപ്ലാസ്മോസിസ് എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഇടയാക്കാം. 

ഈ അലർജനുകൾ അതിസൂക്ഷ്മം ആയതിനാൽ അന്തരീക്ഷത്തി ൽ ഏറെ നേരം തങ്ങിനിൽക്കാം. ഇവ വായുവിലൂടെ തുണികളിലും ബെഡി ലും ഫർണിച്ചറിലുമെല്ലാം എത്തി അവിടെ തങ്ങിനിന്നു പ്രശ്നമുണ്ടാക്കാം. 

പെറ്റ് അലർജി ഉള്ളവരിൽ മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, കണ്ണു ചൊറിച്ചിൽ , കണ്ണിൽ വെള്ളം നിറയുക, ശ്വാസതടസ്സം എന്നീ പ്രശ്നങ്ങൾ വരാം. ആസ്മ പ്രശ്നമുള്ളവരിൽ ഡാൻഡർ അസുഖം തീവ്രമാകാൻ ഇടയാക്കാം. 

ഇത്തരം അലർജിക്കു ജനിതകമായി സാധ്യതയുള്ള അപൂർവം ചിലരിൽ ഇതു ശ്വാസകോശത്തിനു പരിഹരിക്കാനാകാത്ത നാശം വരുത്താം. 

അരുമകളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണു പെറ്റ് അലർജിയും തന്മൂലമുള്ള ശ്വാസകോശ പ്രശ്നങ്ങളും ഒഴിവാക്കാനുള്ള പ്രധാനമാർഗം. അതു സാധ്യമല്ലെങ്കിൽ കിടപ്പുമുറിയിലും ഫർണിച്ചറുകളിലുമൊക്കെ ഇവയെ കയറ്റുന്നത് ഒഴിവാക്കുക. അരുമകളെ വീട്ടി

ൽ വളർത്തുന്നവർ ഇടയ്ക്കിടെ മുറിയും ഫർണിച്ചറുകളും കാർപെറ്റുമെല്ലാം വൃത്തിയാക്കുക. പൂച്ചയേയും പക്ഷികളെയുമൊക്കെ അലർജി പ്രകൃതമുള്ള കുട്ടികൾ താലോലിക്കാൻ ഇടയായാൽ ഉടൻ തന്നെ കൈ കഴുകിക്കുകയോ കുളിപ്പിക്കുകയോ ചെയ്യുക. 

തൊഴിലിടത്തു കരുതൽ

ചില പ്രത്യേക തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ ശ്വാസകോശ അലർജിയും മറ്റു പ്രശ്നങ്ങളും കൂടുതലായി കാണുന്നു.

 തൊഴിൽ സ്ഥലത്തു പൊടി, രാസവസ്തുക്കൾ, ഫംഗസ്, മൃഗവിസർജ്യങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നതു തൊഴിൽജന്യ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കാം. 

ഇടയ്ക്കിടെയുള്ള ചുമ, കിതപ്പ്, ക ഫം കൂടുതലായി ഉണ്ടാവുക, വലിവ്, നെഞ്ചുവേദന എന്നിവയാണ് ഇത്തരത്തിലുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങൾ. 

ഒാരോ തൊഴിലിനും പ്രത്യേകമായി നിർദേശിച്ചിട്ടുള്ള മുൻകരുതലുകളിലൂടെ ഇത്തരം വസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതു തൊഴിൽജന്യ ശ്വാസകോശരോഗങ്ങളിൽ നിന്നും ഒരു പരിധിവരെ സുരക്ഷിതരാകാൻ സഹായിക്കും. ശ്വാസകോശപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തൊഴിലിൽ ഏർപ്പെടുന്നവർ പുകവലി പോലുള്ള ശീലങ്ങളിലേർപ്പെടരുത്. ഇതു ശ്വാസകോശത്തിനേൽക്കുന്ന നാശം ഇരട്ടിയാക്കും. 

വ്യായാമം പ്രധാനം

വ്യായാമം ഒരു ശീലമാക്കുന്നതു പൊതുവായ ആരോഗ്യത്തിനു മാത്രമല്ല ശ്വാസകോശ ശക്തിക്കും ഗുണകരമാണ്.

നടത്തം, നീന്തൽ പോലെയുള്ള എയ്റോബിക് വ്യായാമം, ശരീരപേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ, ശ്വസനവ്യായാമങ്ങൾ എന്നിവയെല്ലാം ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നെഞ്ചിലെ പേശികൾക്കു വളരെ ഗുണകരമായ ഒരു വ്യായാമമാണു നീന്തൽ. നടത്തം എന്ന എയ്റോബിക് വ്യായാമവും ശ്വാസകോശ ശക്തിക്കു ഫലപ്രദമാണ്. ദിവസവും 7000 ചുവടെങ്കിലും നടക്കുന്നതു നല്ലതാണ്.

കടുത്ത ശ്വാസകോശപ്രശ്നങ്ങളുള്ളവർ വ്യായാമം പുതുതായി തുടങ്ങുന്നതിനു മുൻപേ ചികിത്സിക്കുന്ന ഡോക്ടറുടെ കൂടി അഭിപ്രായം ചോദിക്കുന്നതും പ്രധാനമാണ്.

ശ്വസനവ്യായാമങ്ങൾ 

ശ്വസനവ്യായാമങ്ങൾ ചെയ്യുന്നതു ഗുണകരമാണ്. പക്ഷേ, ശ്വാസകോശത്തിനുള്ള ഘടനാപരമായ തകരാറുകളെയൊന്നും പരിഹരിക്കാൻ ശ്വസനവ്യായാമങ്ങൾ കൊണ്ടു കഴിയില്ല. പൊതുവേ ആസ്മ, സിഒപിഡി പോലെയുള്ള ശ്വാസകോശപ്രശ്നമുള്ളവർക്കു പൾമനറി റീഹാബിലിറ്റേഷന്റെ ഭാഗമായാണ് ഇത്തരം വ്യായാമങ്ങൾ പഠിപ്പിക്കാറ്. 

ശ്വാസകോശത്തിന് ആരോഗ്യപ്രശ്നമൊന്നുമില്ലാത്തവരിൽ ശ്വസോച്ഛ്വാസ പ്രക്രിയ സ്വാഭാവികമായി നടക്കും. ഒരു സ്പ്രിങ് വലിച്ചുവിടുന്നതുപോലെ ശ്വാസം അകത്തുകയറും പുറത്തുപോകും. എന്നാൽ ആസ്മ പോലെ ശ്വാസകോശത്തിനു ക്ഷമത കുറഞ്ഞവരിൽ ഇതത്ര എളുപ്പത്തിലും പൂർണതയിലും നടക്കണമെന്നില്ല. സിഒപിഡി ഒക്കെ ഉള്ളവരിൽ വായു പൂർണമായും പുറത്തുപോകാതെ കെട്ടിക്കിടക്കും. അടുത്ത തവണ ശ്വാസം അകത്തേക്കെടുക്കുമ്പോൾ ആ വായു കെട്ടിക്കിടക്കുന്ന ഭാഗത്തേക്ക് ഒാക്സിജൻ എത്തില്ല. 

പതിവായി പഴ്സ്ഡ് ലിപ് ബ്രീതിങ് (ശ്വാസം അകത്തേക്കുവലിച്ചു ചുണ്ടിന് ഇടയിലൂടെ പുറത്തു വിടുക.) പോലെയുള്ള ശ്വസനവ്യായാമങ്ങൾ ചെയ്താൽ ശ്വാസകോശത്തിൽ സ്രവങ്ങൾ കെട്ടിനിൽക്കാതെ പുറത്തുപോകും. അകത്തേക്കെടുക്കുന്ന വായുവും കെട്ടിക്കിടക്കില്ല. ഡീപ് ബ്രീതിങ് ശ്വസനവ്യായാമം ഡയഫ്രം എന്ന പേശിയെ ശക്തിപ്പെടുത്തും. ഇതിനായി ഒരു കൈ നെഞ്ചിലും ഒരു കൈ വയറിലും വയ്ക്കുക. മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക, വാരിയെല്ലുകൾ വികസിപ്പിക്കുകയും, വയറു പുറത്തേക്കു തള്ളുകയും ചെയ്യുന്ന രീതിയിൽ അഞ്ചു മുതൽ ഇരുപതു തവണ വരെ രോഗത്തിന്റെ അവസ്ഥ അനുസരിച്ചു ശ്വാസം വലിച്ചുവിടുക.

 ഇതു ശ്വാസംമുട്ടലിന്റെ തോതു കുറയ്ക്കും. ശ്വാസകോശത്തിലെത്തുന്ന പ്രാണവായു നിരക്കു വർധിപ്പിക്കും. 

വൈറ്റമിൻ ഡി ശ്വാസകോശ ശക്തിക്ക്

വൈറ്റമിൻ ഡി ശ്വാസകോശ ആരോഗ്യം സാധാരണമായി നിലനിർത്താ ൻ വളരെ പ്രധാനമാണ്. ശ്വാസകോശസംബന്ധിയായ അലർജികളും ആ സ്മയും തടയുന്നതിനും വൈറ്റമിൻ ഡിക്കു നല്ല പങ്കുണ്ട്. കോവിഡിന്റെ സമയത്ത് വൈറ്റമിൻ ഡി അഭാവമുള്ള രോഗികളിൽ തീവ്രമായ കോവിഡ് ന്യുമോണിയ വരുന്നതായും നല്ല കുറവുള്ളവർ മരിച്ചുപോകുന്നതായും കണ്ടിരുന്നു. അതുകൊണ്ട് അഡ്മിറ്റായ എല്ലാ കോ വിഡ് രോഗികൾക്കും വൈറ്റമിൻ ഡി കൂടി നൽകാറുണ്ടായിരുന്നു. 

ഇതു സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഒരു വൈറ്റമിൻ ആണെങ്കിലും വെയിലേറ്റതു കൊണ്ടു മാത്രം ആവശ്യമായ അളവിൽ ലഭിക്കുമെന്ന് ഉറപ്പാക്കാനാകില്ല. അതുകൊണ്ടുവൈറ്റമിൻ ഡി സപ്ലിമെന്റായി കൂടി നൽകുന്നു. 

തുടക്കത്തിൽ വൈറ്റമിൻ ഡി ഗുളിക 60,000 യൂണിറ്റിന്റേത് ആഴ്ചയിൽ ഒ രെണ്ണം വച്ച് എട്ടാഴ്ച നൽകുന്നു. എ ട്ടാഴ്ച കഴിഞ്ഞാൽ എല്ലാ മാസവും 60,000 യൂണിറ്റിന്റെ ഒരു ഗുളിക വീതം കഴിക്കണം. കുട്ടികൾക്കു വൈറ്റമിൻ ഡി തുള്ളിമരുന്നുകളാണു നൽകുക. ദിവസം 400Ð600 യൂണിറ്റ് വേണ്ടിവരും. എട്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ദിവസം 10,000 യൂണിറ്റ് വീതം നൽകുന്നു. 12 വയസ്സു മുതൽ മുതിർന്നവർക്കു നൽകുന്ന ഡോസിൽ നൽകാം. 

വൈറ്റമിൻ എ ഉൾപ്പെടെയുള്ള മറ്റു വൈറ്റമിനുകളും സൂക്ഷ്മപോഷകങ്ങളും ശ്വാസകോശ ആരോഗ്യത്തിനു ഗുണകരമാണ്. ശ്വാസകോശ പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ചില ചിട്ടകൾ പുലർത്തണം. ആസ്മയും ശ്വാസംമുട്ടും ഉള്ളവർ തണുത്ത ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ പോലെ കൃത്രിമനിറങ്ങളും രുചികളും കുറയ്ക്കുക. പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. 

അണുബാധ ചെറുക്കാൻ വാക്സീനെടുക്കാം

ശ്വാസകോശങ്ങളെ അണുക്കൾ ആക്രമിക്കാതിരിക്കാൻ മുൻകരുതലെടുക്കണം. അലർജി, ആസ്മ, ക്ഷയരോഗം, അടിക്കടി ശ്വാസകോശ അണുബാധകൾ വരുന്നവർ, ഹൃദയം-കരൾ-വൃക്ക രോഗമുള്ളവർ, കീമോതെറപ്പി എടുക്കുന്നവരെ പോലെ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ എല്ലാ വർഷവും ഫ്ളൂ വാക്സീൻ എടുക്കുന്നത് ഉത്തമം. അതുപോലെ പ്രധാനമാണ് ന്യുമോണിയ തടയാനുള്ള ന്യൂമോകോക്കൽ വാക്സിനേഷൻ. ഇത് ന്യൂമോണിയ തീവ്രമായി വരുന്നതു തടയും. അങ്ങനെ അനാവശ്യ ആശുപത്രിവാസം ഒഴിവാക്കാം. മുതിർന്നവർക്ക് അ‍ഞ്ചു വർഷം കൂടുമ്പോൾ ഒരു ഡോസ് മതി. ന്യുമോണിയയ്ക്കെതിരെ രണ്ടു മൂന്നു തരം വാക്സീനുകൾ ഉണ്ട്. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഏതു വേണമെന്നു തീരുമാനിക്കാം. 

പരിശോധനകൾ എപ്പോൾ

മാറാത്ത ചുമ, നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ട് എന്നിങ്ങനെ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉള്ളവർ വൈകിപ്പിക്കാതെ തന്നെ ഒരു ഡോക്ടറെ കണ്ട് പൾമനറി ഫങ്ഷൻ ടെസ്റ്റ് അഥവാ ലങ് ഫങ്ഷൻ ടെസ്റ്റ് ചെയ്യണം. ശ്വാസകോശ പ്രവർത്തനം വിലയിരുത്താനായി സ്പൈറോമെട്രി, ലങ് വോള്യം ടെസ്റ്റ്, ലങ് ഡിഫ്യൂഷൻ കപ്പാസിറ്റി ടെസ്റ്റ്, പൾമനറി എക്സർസൈസ് ടെസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള പരിശോധനകളുണ്ട്. എന്നാൽ കോവിഡിനു ശേഷം ശ്വാസകോശത്തിനു കേടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാനായി സ്വയം പരിശോധനകൾ നടത്തുന്ന രീതി കാണുന്നുണ്ട്. ഇതു നല്ലതല്ല. ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ മാത്രം മതി എക്സ് റേയും സ്കാനിങ്ങും. 

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. എ. ഫത്താഹുദ്ദീന്‍

തലവന്‍, ശ്വാസകോശ രോഗ വിഭാഗം

മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam