Friday 13 January 2023 03:41 PM IST : By സ്വന്തം ലേഖകൻ

നാൽപ്പതുകളിൽ ആർത്തവം നിലച്ചാൽ? ഈ ലക്ഷണങ്ങൾ മുന്നറിയിപ്പായി കരുതാം

menstrual-period-stops

ആർത്തവം ഒരു അസൗകര്യമായി തോന്നാമെങ്കിലും ആർത്തവം നിലയ്ക്കുമ്പോഴാണ് അതു ശരീരത്തിന് എത്രയേറെ ഗുണകരമായിരുന്നെന്ന് നാം തിരിച്ചറിയുക. ആർത്തവം കൃത്യമായിരുന്നാൽ അതിനർഥം നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലനം കൃത്യമാണെന്നാണ്. നിങ്ങളുടെ അണ്ഡാശയവും തലച്ചോറും ചേർന്ന് യോജിച്ച് പ്രവർത്തിക്കുമ്പോഴാണ് ആർത്തവം കൃത്യമായി സംഭവിക്കുന്നത്. തലച്ചോറിലെ ഹൈപ്പോതലാമസും പിറ്റ്യൂട്ടറി ഗ്രന്ഥിയുമാണ് അണ്ഡാശയവും തലച്ചോറും തമ്മിലുള്ള ഈ ആശയവിനിമയത്തെ നിയന്ത്രിക്കുന്നത്. അഡ്രിനൽ ഗ്രന്ഥി, കുടൽ, തൈറോയ്ഡ് എന്നിവയെല്ലാം ഈ പ്രക്രിയകളിൽ പങ്കാളികളാകുന്നുണ്ട്. അതുകൊണ്ടുതന്നെ ക്രമമായ ആർത്തവം മേൽപറഞ്ഞവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളമാണ്. ഹോർമോണുകളുടെ സന്തുലനം കൃത്യമായിരിക്കുമ്പോൾ അസ്ഥികളുടെ ആരോഗ്യവും നന്നായിരിക്കും.

അണ്ഡാശയം ഈസ്ട്രജൻ ഹോർമോൺ ഉൽപാദനം നിർത്തുന്നതോടെയാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. സാധാരണ ഗതിയിൽ 50 –55 വയസ്സാകുമ്പോഴാണ് ആർത്തവ വിരാമം വരുന്നത്. എന്നാൽ ചിലരിൽ 40കളിലേ ആർത്തവം നിലയ്ക്കാം. നാൽപതു വയസ്സിനു മുൻപു സംഭവിക്കുന്ന ആർത്തവ വിരാമത്തെ പ്രിമച്വർ അഥവാ അകാല ആർത്തവവിരാമം എന്നു പറയുന്നു. പ്രിമച്വർ ഒവേറിയൻ ഫെയിലിയർ എന്നും ഇതിനെ വിശേഷിപ്പിച്ചു കാണാറുണ്ട്. 45 വയസ്സിനു ശേഷമാണ് ആർത്തവ വിരാമം സംഭവിക്കുന്നത് എങ്കിൽ അതിനെ ഏർലി മെനപോസ് എന്നു പറയുന്നു.

ചിലരിൽ ഇതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാൽ മറ്റു ചിലരിൽ പുകവലി, ചിലതരം മരുന്നുകൾ, കീമോതെറപി പോലുള്ള ചില ചികിത്സകൾ, ഗർഭപാത്രവും അണ്ഡാശയവും നീക്കുന്നതു പോലുള്ള ശസ്ത്രക്രിയകൾ എന്നിവ മൂലം ആർത്തവവിരാമം നേരത്തെയെത്താം. തൈറോയ്ഡ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിലും ചിലപ്പോൾ ആർത്തവം നേരത്തേ നിലയ്ക്കാം. കുടുംബപരമായി ആർത്തവവിരാമം നേരത്തെ സംഭവിക്കുന്ന അവസ്ഥ ഉണ്ടെങ്കിലും ഇങ്ങനെ വരാം. ചില വൈറൽ അണുബാധകൾ, ഈറ്റിങ് ഡിസോഡർ, തൈറോയ്ഡ് പ്രവർത്തന തകരാറുകൾ എന്നിവയും ആർത്തവവിരാമം നേരത്തേയാകാൻ ഇടയാക്കാം.

ലക്ഷണങ്ങളറിയാം

അണ്ഡാശയത്തിന്റെ ഈസ്ട്രജൻ ഉൽപാദനം കുറയുമ്പോൾ താഴെ പറയുന്ന സൂചനകൾ കാണാം.

∙ ആർത്തവം ക്രമം തെറ്റുകയോ ഇടയ്ക്ക് വരാതിരിക്കുകയോ ചെയ്യുക

∙ പതിവിലും രക്തസ്രാവം കുറയുകയോ കൂടുകയോ ചെയ്യുക

∙ ശരീരം ഉഷ്ണിക്കും പോലെ തോന്നുക, ഹോട്ട് ഫ്ലാഷസ് എന്നാണ് ഇതിനു പറയുക

ഈ ലക്ഷണങ്ങളോടൊപ്പം ചില സ്ത്രീകളിൽ യോനീഭാഗത്ത് വരൾച്ച അനുഭവപ്പെടാം. മൂത്രം നിയന്ത്രിക്കാനുള്ള ശേഷി കുറയാം, മൂത്രാശയ അസ്വാസ്ഥ്യങ്ങൾ ഇടയ്ക്കിടെ വരാം.

∙ മൂഡ് വ്യതിയാനങ്ങൾ, അസവാസ്ഥ്യം, വിഷാദം പോലുള്ള വൈകാരികപ്രശ്നങ്ങൾ കണ്ടുതുടങ്ങാം

∙ ഉറക്കക്കുറവ്

∙ ലൈംഗികതാൽപര്യം കുറയാം.

സാധാരണ ആർത്തവ വിരാമ സമയത്ത് അനുഭവപ്പെടുന്നതുപോലുള്ള അസ്വാസ്ഥ്യങ്ങൾ തന്നെയാണ് ആർത്തവവിരാമം നേരത്തെ എത്തിയാലും സംഭവിക്കുക. ഈസ്ട്രജൻ നിരക്ക് കുറയുന്നതു മൂലം ചില രോഗാവസ്ഥകൾ്കകുള്ള സാധ്യത വർധിക്കാം. അസ്ഥിസാന്ദ്രത കുറയുന്ന ഒാസ്റ്റിയോപൊറോസിസ്, കുടൽ, അണ്ഡാശയ അർബുദങ്ങൾ, മോണരോഗങ്ങൾ, തിമിരം, ദന്തപ്രശ്നങ്ങൾ എന്നിവ ഉദാഹരണം.

മേൽപറഞ്ഞതുപോലുള്ള അസ്വസ്ഥതകൾ കണ്ടാൽ ഒരു സ്ത്രീരോഗ വിദഗ്ധയെ കണ്ട് പരിശോധിക്കുക.ഈസ്ട്രജൻ, ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ പോലുള്ളവയുടെ രക്തത്തിലെ അളവു പരിശോധിച്ചാൽ ആർത്തവവിരാമം ആണോയെന്നുറപ്പിക്കാം. ഹോർമോൺ റീപ്ലേസ്മെന്റ് തെറപി ഉൾപ്പെടെയുള്ള ചികിത്സാസാധ്യതകളെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം തേടുക.