Tuesday 20 September 2022 05:16 PM IST : By സ്വന്തം ലേഖകൻ

പരമ്പരാഗത ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ പഠനവും പോഷണവും: ദേശീയ പോഷകാഹാര മാസാചരണത്തിനു പിന്നിൽ...

nutrition3243

ന്യൂട്രീഷൻ അഥവാ പോഷണത്തിന് സെപ്‌റ്റംബർ മാസവുമായി അഭേദ്യമായ ബന്ധമാണുള്ളത്. എന്താണെന്നല്ലേ?

സെപ്റ്റംബർ ഒന്നു മുതൽ 30 വരെ ഇന്ത്യയിൽ പോഷകാഹാരമാസമായി ആചരിക്കുകയാണ്. പോഷകാഹാരം കഴിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ മാസാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. 1982 മുതലാണ് ഇന്ത്യയിൽ പോഷകാഹാര വാരാചണം ആഘോഷിച്ചു തുടങ്ങുന്നത്. 2018 മുതൽ പോഷൺ അഭിയാൻ എന്ന പേരിൽ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ വിപുലമായ പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. അതിന്റെ ഭാഗമായി 2018 മുതൽ സെപ്റ്റംബർ മാസം ദേശീയ പോഷകാഹാര മാസമായി ആചരിച്ചു തുടങ്ങി.

വനിതാശിശുവികസന വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് സെപ്റ്റംബർ മുഴുവൻ നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികളും ആരോഗ്യ ക്യാംപുകളും ഈ മാസം കേരളത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ പോഷകാഹാര മാസാചരണത്തിന്റെ തീം പ്രധാനമായും നാലു വിഷയങ്ങളിലൂന്നിയാണ് ശ്രദ്ധേയമാകുന്നത്.

∙ ആദ്യത്തേത് സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയമാണ്. അതിൽ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരക്കുറവ് തടയുക, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിനാവശ്യമായ പോഷകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

∙ രണ്ടാമതായി കുട്ടികളുടെ പോഷണവും പഠനവും എന്ന വിഷയമാണ്. പോഷകാഹാരക്കുറവ് കുട്ടികളുടെ ആരോഗ്യത്തെയും അതുവഴി പഠന മികവിനെയും സാരമായി ബാധിക്കുന്നുണ്ട് എന്നു പഠനങ്ങൾ പറയുന്നുണ്ട്.അതുകൊണ്ടു തന്നെ കുട്ടികളുടെ പോഷണം ഏറെ പ്രസക്തമാണ്.

∙ മൂന്നാമത്തെ തീം സ്ത്രീപുരുഷ പങ്കാളിത്തത്തോടുകൂടി ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്നതാണ്. അതുവഴി വയറിളക്കം, മലബന്ധം എന്നിവ തടയാൻ സാധിക്കും. കൂടാതെ കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കുന്നതിനായി ബോധവൽക്കരണം നൽകുന്നതിനും ഉദ്ദേശിക്കുന്നു.

∙ പരമ്പരാഗത ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് പ്രചാരണം നൽകുക എന്ന നാലാമത്തെ തീം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ആദിവാസി മേഖലകളിൽ വിളയുന്ന ഭക്ഷ്യധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക എന്നത് ഏറെ പ്രധാനമാണ്. അതാതു കാലങ്ങളിൽ ലഭ്യമാകുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പോഷക മൂല്യം തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം വർദ്ധിപ്പിക്കുക, അവയുടെ സംസ്കരണം നടത്തുന്നതിനു വേണ്ടി ബോധവൽക്കരണം നൽകുക എന്നതും ഇതിന്റെ ഭാഗമാകുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെല്ലാം വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്തുകൾ മുഖേനയും അങ്കണവാടികളിലൂടെയും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ദേശീയ പോഷകാഹാര മാസമായ സെപ്റ്റംബറിന്റെ ലക്ഷ്യങ്ങൾ. ഗവൺമെന്റ് മേഖലയിൽ മാത്രമല്ല, സ്വകാര്യമേഖലയിലും പോഷകാഹാരമാസാചരണവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പ്രവർത്തനങ്ങൾ ഇപ്പോൾ സംഘടിപ്പിക്കുന്നുണ്ട്.

ജീനാ വർഗീസ്

ന്യൂട്രിഷനിസ്‌റ്റ് , ആലപ്പുഴ

Tags:
  • Manorama Arogyam