യുകെയിൽ നിന്നുള്ള ഗവേഷകർ ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയതായി വാർത്ത. MAL എന്ന രക്തഗ്രൂപ്പാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്.രക്തഗ്രൂപ്പ് എന്നു പറയുന്നതേ സാധാരണ നമ്മുടെ മനസ്സിലേക്കു വരുന്നത് എ, ബി, ഒ രക്തഗ്രൂപ്പുകളാകുമല്ലെ. എബിഒ രക്തഗ്രൂപ്പ്, റീസസ് ഫാക്ടർ (പൊസിറ്റീവ്, നെഗറ്റീവ് വർഗീകരണങ്ങൾ ) രക്തഗ്രൂപ്പ് ഒക്കെയാണു നമുക്കേറ്റവും പരിചിതമെങ്കിലും ഇവ കൂടാതെ 40 ലധികം രക്തഗ്രൂപ്പിങ് സംവിധാനങ്ങളും (blood group systems) അതുമായി ബന്ധപ്പെട്ട് 300 ൽ അധികം ആന്റിജനുകളുമുണ്ട്.നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കോശസ്തരത്തിൽ കാണുന്ന ആന്റിജനുകളുടെയും സിറത്തിൽ കാണുന്ന ആന്റിബോഡികളുടെയും അടിസ്ഥാനത്തിലാണു രക്തഗ്രൂപ്പ് വിഭജനം നടത്തുന്നത്.
ആന്റിജനുകൾ ഒരു തരം മാർക്കറുകൾ അഥവാ നെയിംടാഗുകൾ പോലെയാണ്. അതായത് ദാതാവിൽ നിന്നുള്ള രക്തത്തിലെ ആന്റിജൻ നിങ്ങളുടെ രക്തത്തിലെ ആന്റിജനുമായി ഒത്തുപോകുന്നതാണെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ല. എന്നാൽ ദാതാവിൽ നിന്നുള്ള രക്തത്തിലെ ആന്റിജൻ സ്വീകരിക്കുന്നയാളുടേതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ പ്രതിരോധസംവിധാനം രൂക്ഷമായി അതിനെതിരെ പ്രതികരിക്കും. അതുകൊണ്ട് രക്തകൈമാറ്റം പോലെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ കൃത്യമായ രക്തഗ്രൂപ്പിങ് നിർണയം പ്രധാനമാകുന്നത്.
MAL എന്ന പുതിയ രക്തഗ്രൂപ്പിന്റെ കണ്ടെത്തലിലേക്കു നയിച്ചത് 1972 ൽ ഗർഭിണിയായ ഒരു സ്ത്രീയിൽ നടത്തിയ ഒരു രക്തപരിശോധനയാണ്. അന്ന് അവരുടെ രക്തത്തിൽ സാധാരണ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണുന്ന ഒരു ആന്റിജൻ ഇല്ലാത്തതായി കണ്ടു. എഎൻഡബ്ളിയുജെ (AnWj) എന്ന ആന്റിജനായിരുന്നു ഇല്ലാതിരുന്നത്.
അന്നു മുതൽ അതൊരു ചുരുളഴിയാത്ത രഹസ്യമായി ഗവേഷകരെ അലട്ടുകയായിരുന്നു. അതുകഴിഞ്ഞ് 50 വർഷങ്ങൾക്കു ശേഷം യുകെയിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയിലെയും എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിലെയും ഗവേഷകർ AnWj ആന്റിജന്റെ ജനിതകപശ്ചാത്തലം കണ്ടെത്തി പുതിയ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞിരിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ ഈ പ്രത്യേകതരം ആന്റിജൻ ഇല്ലാത്ത ആളുകളെ കണ്ടെത്താനുള്ള ജനിതക പരിശോധനയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മുൻപു നടന്ന ഗവേഷണങ്ങളിൽ നിന്ന് 99.9 ശതമാനം ആളുകളിലും AnWj ആന്റിജൻ ഉള്ളതായി കണ്ടിരുന്നു. ഈ ആന്റിജൻ ഇല്ലാത്ത ആളുകളെ കണ്ടെത്തുക ദുഷ്കരമായിരുന്നതുകൊണ്ടുതന്നെ തങ്ങളുടെ ഗവേഷണം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നു ഗവേഷകർ പറയുന്നു.
ശരീരത്തിലെ മയലിൻ & ലിംഫോസൈറ്റ് പ്രോട്ടീനിലാണ് (Myelin &Lymphocyte) ഈ ആന്റിജൻ ഉള്ളത്.
അതുകൊണ്ടാണ് പുതിയതായി തിരിച്ചറിഞ്ഞ രക്തഗ്രൂപ്പിന് MAL എന്ന പേരു നൽകാൻ കാരണം.
ചിലരിൽ അസുഖങ്ങൾ കാരണം ഈ പ്രത്യേകതരം ആന്റിജൻ നഷ്ടപ്പെടുന്നതായി കാണുന്നു. വളരെ അപൂർവമായി പാരമ്പര്യമായും ഈ ആന്റിജൻ ഇല്ലാതെ വരാറുണ്ട്.
ബ്ലഡ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.