Thursday 20 October 2022 06:09 PM IST

പാഡ് മുതൽ പാന്റിലൈനേഴ്സും കപ്പും വരെ : ആർത്തവകാല ഉൽപന്നങ്ങളും ശുചിത്വത്തിലെ കരുതലും

Asha Thomas

Senior Sub Editor, Manorama Arogyam

menstrual-period-stops

ആർത്തവസമയം പൊതുവേ സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ടുള്ള സമയമാണ്. വേദന, അമിത രക്തസ്രാവം, മൂഡ് മാറ്റങ്ങൾ, കൈകാൽ കഴപ്പ് എന്നിങ്ങനെ ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരാം. ഇതു പലതും വ്യക്ത്യാധിഷ്ഠിതമാണെങ്കിൽ കൂടി മിക്കവാറും പേർക്കും എന്തെങ്കിലും അസ്വാസ്ഥ്യം ഈ സമയത്ത് അനുഭവപ്പെടാറുണ്ട്. രക്തസ്രാവത്തെ കൈകാര്യം ചെയ്യലാണ് മറ്റൊരു ബുദ്ധിമുട്ട്. പണ്ടൊക്കെ കോട്ടൺ തുണികളാണ് രക്തസ്രാവം വലിച്ചെടുക്കാനായി ഉപയോഗിച്ചിരുന്നത്. ഇന്ന് പാഡുകൾ, മെനുസ്ട്രൽ കപ്പ്, പീരിയഡ് പാന്റി എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങളുണ്ട്. ഇത്തരം പുതുതലമുറ ഉൽപന്നങ്ങൾ ആർത്തവകാലത്തെ അസൗകര്യങ്ങൾ കുറയ്ക്കുന്നതിൽ ഏറെ ഗുണകരമാണെങ്കിലും ശരിയായല്ല ഉപയോഗിക്കുന്നതെങ്കിൽ ദോഷകരമാകാം. രക്തമൊഴുക്കുമൂലം യോനീഭാഗം എപ്പോഴും ഊർപ്പത്തോടെയിരിക്കുന്നതു മൂലം ആർത്തവസമയത്ത് അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

∙ സാനിറ്ററി പാഡുകൾ

പാഡുകളിൽ തന്നെ ഒറ്റത്തവണ ഉപയോഗത്തിനുള്ളതും കഴുകിയുണക്കി വീണ്ടും ഉപയോഗിക്കാവുന്ന റീയൂസബിൾ പാഡുകളുമുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന പാഡുകൾ കുറച്ച് പ്രായോഗിക അസൗകര്യങ്ങളുണ്ടാക്കുമെങ്കിലും പരിസര മാലിന്യം കുറയ്ക്കാമെന്ന മെച്ചമുണ്ട്. പരമാവധി 2 മുതൽ 4 മണിക്കൂർ വരെ ഉപയോഗിക്കാം. ഒാരോ ഉപയോഗശേഷവും കഴിയുമെങ്കിൽ ഉടനെ തന്നെ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുകയും സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുകയും വേണം. ഏറെ നേരം വച്ചുകൊണ്ടിരുന്നാൽ മൂത്രാശയ അണുബാധകൾ മുതൽ ചർമത്തിൽ അലർജി വരെ വരാം.

ഒറ്റത്തവണ ഉപയോഗത്തിനുള്ള സാനിറ്ററി പാഡുകൾ ഏകദേശം മൂന്നു മുതൽ ആറു മണിക്കൂർ നേരം ഉപയോഗിക്കാം. രക്തസ്രാവം കുറവാണെങ്കിലും ഇത്രയും സമയത്തിനുള്ളിൽ മാറ്റണം. ഉപയോഗശേഷം എങ്ങനെ കളയണമെന്ന കാര്യത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയല്ല. ടോയ്‌ലറ്റ് ബലോക്കാകാനിടയാക്കാം. പ്ലാസ്റ്റിക് ഘടകങ്ങളും അടങ്ങിയതിനാൽ കത്തിക്കുന്നതും കുഴിച്ചിടുന്നതും പരിസ്ഥിതിക്കു ദോഷകരമാണ്.

∙ മെനുസ് ട്രുവൽ കപ്പ്

മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബർ കൊണ്ടുള്ള യോനിക്കുള്ളിലേക്ക് വയ്ക്കാവുന്ന ചെറിയ കപ്പുകളാണിവ. രക്തം പുറത്തേക്ക് ഒഴുകിവരുന്നതിനു മുൻപേ കപ്പ് ശേഖരിക്കുന്നു. അതുകൊണ്ട് വസ്ത്രത്തിലും മറ്റും ചോരക്കറ വീഴുന്നത് ഒഴിവാക്കാം. കപ്പിൽ പറഞ്ഞിരിക്കുന്ന ഇടവേളകളിൽ പുറത്തെടുത്ത് രക്തം കളയുകയും വീണ്ടും വൃത്തിയാക്കി അകത്തുവയ്ക്കുകയും ചെയ്യാം. യാത്രകളിലും മറ്റും സൗകര്യപ്രദമാണിത്. വ്യായാമം ചെയ്യുന്ന പെൺകുട്ടികൾക്കും രക്തചോർച്ച പേടിക്കേണ്ടതില്ല. ഒറ്റത്തവണ ഉപയോഗിക്കേണ്ടവയും കഴുകി ഉപയോഗിക്കുന്ന കപ്പുകളുമുണ്ട്. കഴുകി ഉപയോഗിക്കാവുന്നവ നിർമാതാക്കൾ പറയുന്നത്രയും വർഷം ഉപയോഗിക്കാം

ഇതുവരെ പാർശ്വഫലങ്ങളേക്കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടില്ലെങ്കിലും കപ്പ് ദിവസം മുഴുവൻ മാറാതെ വയ്ക്കുന്നത് നല്ല കാര്യമല്ല. ഒാരോ തവണ ഉപയോഗത്തിനു മുൻപും വൃത്തിയാക്കുന്ന കാര്യവും മറക്കരുത്. അണുബാധ വരാം.

ഒറ്റ മെനുസ്‌ട്രു‌വൽ കപ്പ് മതി വർഷങ്ങളോളം ഉപയോഗിക്കാൻ എന്നതുകൊണ്ട് മാലിന്യത്തിന്റെ അളവു കുറയും. ഏറെ പരിസ്ഥിതി സൗഹൃദ മാർഗ്ഗമാണിത്. ഒപ്പം എല്ലാ മാസവും പാഡ് വാങ്ങുന്ന ചെലവും കുറയ്ക്കാം. ആകൃതിയിൽ ഗർഭനിരോധന മാർഗമായ ഡയഫ്രത്തിനു സമാനമായതിനാൽ കപ്പ് വച്ചാൽ ഗർഭധാരണം തടയാമെന്നൊരു തെറ്റിധാരണയുണ്ട്. ഇതു ശരിയല്ല.

∙ പാന്റിലൈനേഴ്സ്

ചെറിയ, കട്ടികുറഞ്ഞതരം പാഡുകൾ. ആർത്തവരക്തസ്രാവം കുറവുള്ള ദിവസങ്ങളിൽ ഉപയോഗിക്കാം. 4–6 മണിക്കൂർ കൂടുമ്പോൾ മാറ്റണം.

∙ പീരിയഡ് പാന്റി

രക്തം വലിച്ചെടുക്കാവുന്ന പാഡുകൾ വച്ചുള്ളതരം അടിവസ്ത്രങ്ങളാണ് പീരിയഡ് പാന്റീസ്. ചിലർ ആർത്തവദിവസങ്ങളിൽ ഇതു മാത്രമായി ഉപയോഗിക്കും. ചിലർ പാഡുകളോടൊപ്പം ഉപയോഗിക്കും. ആർത്തവത്തിന്റെ അവസാന ദിവസങ്ങളിൽ രക്തസ്രാവം തുള്ളിയായി മാത്രം ഉള്ളപ്പോൾ ധരിക്കുന്നവരുമുണ്ട്. . ഒറ്റത്തവണ ഉപയോഗത്തിനുള്ളവയും കഴുകി ഉപയോഗിക്കാവുന്നവയുമുണ്ട്. രക്തസ്രാവം എത്രമാത്രമുണ്ടെന്നത് അനുസരിച്ച് ആഗിരണശേഷി കൂടുതലുള്ളതോ കുറവുള്ളതോ തിരഞ്ഞെടുക്കാം. ഇതും 3–5 മണിക്കൂറിനുള്ളിൽ മാറ്റണം.

ശുചിത്വം പാലിച്ചില്ലെങ്കിൽ ടോക്സിക്ക് ഷോക്ക് സിൻഡ്രം

ആർത്തവകാലത്ത് ശുചിത്വകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണം. ഇല്ലെങ്കിൽ ടോക്സിക് ഷോക്ക് സിൻഡ്രം എന്ന രോഗാവസ്ഥ വരാം. വളരെ അപൂർവമായി വരുന്നതാണെങ്കിലും ഏറെ മാരകമായ രോഗാവസ്ഥയാണിത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ദോഷകാരികളായ വിഷവസ്തുക്കൾ ഉണ്ടാക്കുന്നു. ഇതു തടയാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

∙ കഴിവതും 3–4 മണിക്കൂറിനുള്ളിൽ പാഡ് മാറ്റണം. കപ്പ് അതിൽ പറഞ്ഞിരിക്കുന്ന ഇടവേളകളിൽ മാറ്റണം.

∙ മെനുസ്ട്രുവൽ കപ്പ് മാറ്റുന്നതിനു മുൻപ് കൈ സോപ്പിട്ട് കഴുകി വൃത്തിയാക്കണം.

∙ തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ സോപ്പുപയോഗിച്ച് കഴുകി നല്ല വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കുക. നനവോടെ വയ്ക്കരുത്.

∙ ആർത്തവദിവസമാണെന്നു കരുതി യോനീഭാഗം അമിതമായി സോപ്പിട്ടു കഴുകി വൃത്തിയാക്കുകയുമരുത്. രൂക്ഷമായ സോപ്പുകളും മറ്റും യോനീഭാഗത്ത് ഉപയോഗിക്കേണ്ട.

Tags:
  • Manorama Arogyam