Saturday 07 October 2023 05:40 PM IST : By ഹെൽത് വിൻഡോ

ഡോ. ജോർജ് തയ്യിലിന് പ്രൈഡ് ഒാഫ് നേഷൻ അവാർഡ്

georgethayyil32 തെലുങ്കാന ഗവർണർ ഡോ. തമിളിസൈ സൗന്ദരരാജനിൽ നിന്നും ഡോ. ജോർജ് തയ്യിൽ അവാർഡ് ഏറ്റുവാങ്ങുന്നു

ഹൃദ്രോഗചികിത്സാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൈഡ് ഒാഫ് നേഷൻ അവാർഡ് പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോർജ് തയ്യിലിന് ഹൈദരാബാദിൽ സെപ്റ്റംബർ മുപ്പതിനു നടന്ന ചടങ്ങിൽ തെലുങ്കാന ഗവർണർ ഡോ. തമിളിസൈ സൗന്ദരരാജൻ സമ്മാനിച്ചു. ഏഷ്യ ടുഡെ റിസർച്ച് ആൻഡ് മീഡിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഔദ്യോഗിക സർവേയിലാണ് ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിലൊരാളായി ഡോ. തയ്യിൽ തിരഞ്ഞെടുക്കപ്പെട്ടത്.

ചികിത്സയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കാതെ രോഗികളുടെ ബോധവത്കരണ പരിപാടികൾക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പൊതുവായ ആരോഗ്യ വളർച്ചയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകുന്നവരെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്. ആർദ്രമായ ആതുരശുശ്രൂഷയും രോഗീപരിപാലനവും ജീവിതദൗത്യമായി കരുതുന്ന ഡോ. തയ്യിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം സ്ഥാപക തലവനും സീനിയർ കൺസൽറ്റന്റുമാണ്. കേരളത്തിലെ ഹൃദ്രോഗ ചികിത്സാരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യമായി നിൽക്കുന്ന ഡോ. തയ്യിൽ പത്രപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്.

ഹൃദ്രോഗം: മുൻകരുതലും ചികിത്സയും, സ്ത്രീകളും ഹൃദ്രോഗവും, ഹാർട്ട് അറ്റാക്ക്–ഭയപ്പെടാതെ ജീവിക്കാം , ഹൃദയാരോഗ്യത്തിനു ഭക്ഷണവും വ്യായാമവും തുടങ്ങി ആറ് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ‘സ്വർണം അഗ്നിയിലെന്ന പോലെ –ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ’ ആണ് ആത്മകഥ. മ്യൂമിക്കിലെ ലുഡ്‌വിഗ്–മാക്സിമിലിയൽ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാഭ്യാസ കാലത്ത് പരിചയപ്പെട്ട യൂണിവേഴ്സിറ്റി തിയോളജി പ്രഫസർ ജോസഫ് റാറ്റ്സിങ്ങർ അച്ചനുമായുള്ള ആത്മബന്ധം, അദ്ദേഹം പിന്നീട് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ആയിക്കഴിഞ്ഞിട്ടും തുടർന്നു. ആ ആത്മബന്ധത്തിന്റെ ചരിത്രവും ഡോക്ടറുടെ ആത്മകഥാ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

പ്രമുഖ ടിവി ചാനലുകളിലെല്ലാം ഹൃദ്രോഗസംബന്ധമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പതിനാല് അംഗീകാരങ്ങൾ ഇതിനകം ഡോ. തയ്യിലിന്റ ചികിത്സാമികവിനും പുസ്തകങ്ങൾക്കുമായി ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ കോളജ് ഒാഫ് കാർഡിയോളജിയുടെയും ഇന്ത്യൻ അക്കാദമി ഒാഫ് എക്കോകാർഡിയോഗ്രഫിയുടെയും മുൻ സംസ്ഥാന പ്രസിഡന്റാണ് ഡോ. ജോർജ് തയ്യിൽ.

Tags:
  • Manorama Arogyam