നല്ല മഴപെയ്യുന്ന നേരത്തു ഒരു കപ്പ് ചൂടു കാപ്പിയും കുടിച്ച്, പാട്ടും കേട്ടു സമയം ചെലവിടുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ...എത്ര സുന്ദരമല്ലേ... പക്ഷേ, ഇപ്പോൾ കുറേ വർഷങ്ങളായി മഴക്കാലമെന്നു പറയുമ്പോൾ മനസ്സിലേക്കു വരുന്നത്, വെള്ളപ്പൊക്കവും പകർച്ചപ്പനിയുമൊക്കെയാകും. പനിയുടെ കാര്യത്തിൽ ഏറ്റവും വലിയ വില്ലൻ കൊതുകുകളാണ്. പക്ഷേ, ഈ മഴക്കാലത്തു ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊതുകു പെരുകുന്നത് ഒഴിവാക്കാനും കൊതുകുരോഗങ്ങളെ തടയാനും സാധിക്കും. മഴക്കാലരോഗങ്ങളെ തടയാനായി ആദ്യം ചെയ്യേണ്ടതു വീടും പരിസരങ്ങളും പ്രാണികളെ തുരത്തുന്ന രീതിയിൽ ഒരുക്കുകയാണ്.
∙ വീടും പരിസരവും കാടുപിടിച്ചു കിടന്നാൽ കൊതുകു മാറില്ല. അതുകൊണ്ട് മഴ ശക്തിപ്രാപിക്കും മുൻപേ വീടുംപരിസരവും കാടു തെളിച്ച് വൃത്തിയായി സൂക്ഷിക്കണം.
∙ വീട്ടിലേക്കു മുട്ടി നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിനീക്കാം.
∙ വീട്ടിലെ മാലിന്യം കംപോസ്റ്റ് ആക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ വീട്ടിൽ നിന്നും അൽപം ദൂരത്തായി വയ്ക്കുക. അല്ലെങ്കിൽ അതു വൃത്തിയായി മൂടി സൂക്ഷിക്കുക. കൊതുകും എലിയും പെരുകാനുള്ള ഒരു വഴിയാകരുത്.
∙ കെട്ടിക്കിടക്കുന്ന വെള്ളമാണു കൊതുകിന്റെ ഇഷ്ടതാവളം. ഈ വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുന്നത്.
ഒന്നോ രണ്ടോ തുള്ളി വെള്ളം കെട്ടിക്കിടന്നാൽ മതി കൊതുകു വളരാൻ. അതുകൊണ്ടു വീടിനു ചുറ്റുപാടും പരിശോധിക്കുക. പൊട്ടിയതോ ഉപയോഗ ശൂന്യമായതോ ആയ പാത്രങ്ങൾ, ചിരട്ട, കുപ്പികൾ, ടയറുകൾ എന്നിവയൊക്കെ നീക്കി കൊതുകിനു വളരാനുള്ള സാഹചര്യം ഒഴിവാക്കാം.
∙ വീടിനോടു ചേർന്നു റബർ തോട്ടമുണ്ടെങ്കിൽ കൊതുകുശല്യവും എലിശല്യവും കൂടുതലുണ്ടാകാം. റബർ മരത്തിലുള്ള ഉപയോഗശൂന്യമായ ചിരട്ടകൾ കമിഴ്ത്തിവയ്ക്കണം.
∙ നമ്മുടെ നാട്ടിൽ പ്രധാനമായും കാണുന്ന ഡെങ്കിപ്പനി പോലെയുള്ള പകർച്ചവ്യാധികൾക്കു കാരണം ഈഡിസ് കൊതുകുകളാണ്. ഇവ മുട്ടയിടുന്നതു ചെറിയ വെള്ളക്കെട്ടുകളിലാണ്. വീടിനുള്ളിലെ ഫിഷ് ടാങ്ക്, ഫ്രിജിന്റെ പുറകുഭാഗത്തു കെട്ടിക്കിടക്കുന്ന വെള്ളം, പാത്രങ്ങളിലും മറ്റും വീട്ടാവശ്യത്തിനായി സംഭരിച്ചുവയ്ക്കുന്ന വെള്ളം എന്നിവയിലും ഈഡിസ് കൊതുകു മുട്ടയിടാം. അതുകൊണ്ട് നീക്കം ചെയ്യാവുന്ന വെള്ളം നീക്കം ചെയ്യുകയും അല്ലാത്തതു മൂടി സൂക്ഷിക്കുകയും ചെയ്യുക.
∙ മലിനജലം ഒഴുകുന്ന ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിക്കുന്നത് കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കും.
∙ കൈതച്ചക്ക കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ പറമ്പിൽ വേപ്പിൻപിണ്ണാക്കു വിതറുന്നത് ഈഡിസ് കൊതുകു പെരുകുന്നതു തടയും.
∙ മഴക്കാലത്തു ദിവസവും തറ തുടയ്ക്കുന്നതാണു നല്ലത്. ഒരുപാടു വെള്ളമൊഴിച്ചു തുടയ്ക്കാതെ തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞു വെള്ളം കളഞ്ഞിട്ട് അതുവച്ചു തുടയ്ക്കാം.
∙ വൈകിട്ട് 4–5 മണിയാകുമ്പോഴേ ജനലുകളും മറ്റും അടച്ചിടുക.
∙ വിറകടുപ്പ് ഉപയോഗിക്കുന്നവർ വിറക് തറയിൽ വെറുതെ ഇടാതിരിക്കുക. ഇതു പ്രാണികൾക്കു കയറിയിരിക്കാനൊരു സ്ഥലമാകും. ആവശ്യത്തിനുള്ള വിറകുമാത്രം അടുപ്പിനടുത്തായി സൂക്ഷിക്കുക.
പുകയ്ക്കാം
∙ വീടിന്റെ ഭിത്തിയിലും മറ്റുമുള്ള വിള്ളലുകളും ചെറു സുഷിരങ്ങളുമൊക്കെ അടയ്ക്കുന്നത് ആ ഭാഗങ്ങളിൽ പ്രാണികൾ ഒളിച്ചിരിക്കുന്നതു തടയും.
∙ വാതിലിലും ജനലിലും കൊതുക് വല പിടിപ്പിക്കുന്നതു കൊതുക് അകത്തു കടക്കാതെ തടയും.
∙ ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പ്, എരിക്ക്, അകിൽ, ദേവതാരം എന്നിവയെല്ലാം പൊടിച്ച് എടുക്കുന്ന അപരാജിതചൂർണം വൈകുന്നേരം 4 മുതൽ 6 വരെ പുകയ്ക്കുന്നതു കൊതുകുനെയും പ്രാണികളെയും തടയാൻ നല്ലതാണ്.
∙ കുന്തിരിക്കം പുകയ്ക്കുന്നതും തുളസി, പനികൂർക്ക പോലുള്ളവയുടെ ഇലയിട്ട പുക മുറികളിലേൽപിക്കുന്നതും കൊതുകുശല്യം കുറയ്ക്കും.
∙ പുൽത്തൈലം, യൂക്കാലിതൈലം, വേപ്പെണ്ണ പോലുള്ള സുഗന്ധതൈലങ്ങൾ ഒന്നോ രണ്ടോ തുള്ളി കിടക്കവിരിയിലോ പുതപ്പിലോ പുരട്ടുന്നത് കൊതുകിനെ അകറ്റും, നേരിട്ടു ചർമത്തിൽ പുരട്ടരുത്.
∙ തറ തുടയ്ക്കുമ്പോൾ പുൽതൈലമോ മറ്റു ഗന്ധമുള്ള ലോഷനുകളോ വെള്ളത്തിൽ കലർത്തി ഉപയോഗിക്കാം. ഇവ ഈച്ചകളെയും ചെറുപ്രാണികളെയും തടയും.
അടുക്കളയിൽ ശ്രദ്ധിക്കാൻ
∙ ഭക്ഷ്യമാലിന്യങ്ങളും മിച്ചം വരുന്ന ഭക്ഷണവും അപ്പഴപ്പോൾ തന്നെ കളയുക. തുറന്നുവയ്ക്കരുത്. വേസ്റ്റ് ശേഖരിച്ചുവച്ചിരിക്കുന്ന ബിന്നുകൾ അധികം താമസിക്കാതെ തന്നെ കാലിയാക്കി വയ്ക്കുക. കഴുകാത്ത പാത്രങ്ങൾ സിങ്കിലിട്ടു കൂട്ടിവയ്ക്കരുത്.
∙ ചക്ക, മാങ്ങ പോലെ ഈച്ചകളെ ആകർഷിക്കുന്ന ഭക്ഷ്യവിഭവങ്ങൾ മൂടി സൂക്ഷിക്കുക.
∙ സവാള മുറിച്ച് മുറിയിൽ അവിടവിടെയായി വയ്ക്കുന്നതു പ്രാണികളെ തടയും.
∙ വിനാഗിരി നേർപ്പിച്ചു മുറികളുടയും മറ്റും മൂലകളിലും വിള്ളലുകളിലും അടുക്കളയിലെ കാബിനറ്റുകൾക്കുള്ളിലും സ്പ്രേ ചെയ്യാം.
∙ രണ്ടുകപ്പ് വെള്ളത്തിൽ മുക്കാൽ കപ്പ് ബേക്കിങ് സോഡ യോജിപ്പിച്ച് അതിലേക്ക് അൽപം നാരങ്ങാനീരും ചേർത്തുണ്ടാക്കുന്ന ലായനി സ്പ്രേ ബോട്ടിലിൽ ആക്കി മുറിയിൽ തളിച്ചാൽ ദുർഗന്ധം മാറും.