Thursday 04 August 2022 11:25 AM IST : By സ്വന്തം ലേഖകൻ

കിടപ്പറയിൽ പുതിയ പെണ്ണ് വെറും കളിപ്പാവയല്ല, വേണ്ടത് ഡിമാൻഡ് ചെയ്യാൻ തൻറേടമുള്ളവൾ

sex

നഗരത്തിലെ പ്രശസ്തനായ ലൈംഗികരോഗചികിത്സകനെ അന്നു കാണാൻ വന്ന ആദ്യരോഗി ഒരു കൊച്ചുപയ്യനായിരുന്നു. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി. ശീഘ്രസ്ഖലനത്തിന് ചികിത്സ തേടിയാണ് വന്നത്. എങ്ങനെയാണ് ഈ പ്രശ്നമുണ്ടെന്ന് അറിഞ്ഞതെന്ന് ചോദിച്ചപ്പോൾ പയ്യൻ കാര്യം തുറന്നുപറഞ്ഞു. തൊട്ടു മുൻപത്തെ ആഴ്ചാവസാനം പെൺസുഹൃത്തുമായി ഒരു ട്രിപ് പോയിരുന്നു. അവിടെവച്ച് ലൈംഗികബന്ധം ഉണ്ടായി, പക്ഷേ, പെൺകുട്ടിയെ തൃപ്തിപ്പെടുത്താനായില്ല. അങ്ങനെ ചികിത്സ തേടിവന്നതാണ്.

മറ്റൊരു കൺസൽറ്റിങ് റൂം. മുപ്പതുകളുടെ പകുതിയിലെത്തിയ ഭാര്യയും ഭർത്താവും. ഭർത്താവിന് ശീഘ്രസ്ഖലനമാണ്. ഭാര്യയെ പുറത്തിരുത്തി വിശദമായി സംസാരിച്ചപ്പോൾ അയാൾ പറഞ്ഞു– ആറു വർഷമായി പരാതികളില്ലാതെ കഴിയുകയായിരുന്നു. പക്ഷേ, ഈയിടെ ഭാര്യ തുറന്നുപറഞ്ഞു– തനിക്ക് ഇനി ഇങ്ങനെ വയ്യ എന്ന്. വിവാഹബന്ധം തകരുമെന്ന ഘട്ടം വന്നപ്പോഴാണ് ഭർത്താവ് ചികിത്സ തേടാനെത്തിയത്.

ഈയിടെയായി നിശ്ശബ്ദമായൊരു ലൈംഗികവിപ്ലവം അണിയറയിൽ നടക്കുന്നുണ്ട്. അതിന്റെ അനുരണനങ്ങളാണ് കേരളത്തിലെ ലൈംഗികരോഗ ചികിത്സകരുടെയും മനശാസ്ത്രവിദഗ്ധരുടെയും കൺസൽറ്റിങ് റൂമുകളിൽ കാണുന്നത്. സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും ദുർബലമായ നൂലുകളിൽ കുരുങ്ങിക്കിടന്ന ലൈംഗികത മുഖംമൂടികളഴിച്ചുവച്ച് മാറ്റത്തിന്റെ ചക്രവാളങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. ചുറ്റിനുമൊന്നു നോക്കൂ...അതിന്റെ അലയൊലികൾ നിങ്ങൾക്കും കാണാം. സ്ത്രീ–പുരുഷ ബന്ധങ്ങളിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. ചുണ്ടോടുചുണ്ടമരുന്ന ചുംബനരംഗങ്ങൾക്കുനേരേ മുഖം ചുളിച്ചവർ അത്തരം വിശദമായ രംഗങ്ങളുള്ള സിനിമകൾ കുടുബസമേതം കാണുന്നു. സ്വവർഗലൈംഗികത നിയമപരമായി അംഗീകരിക്കപ്പെട്ടു. വിവാഹേതര ലൈംഗികത കുറ്റകൃത്യമല്ലെന്ന് കോടതി അംഗീകരിച്ചു. അശ്ലീലചിത്രങ്ങളും വിഡിയോകളും വളരെ വ്യാപകമായി. ലൈംഗികതയിൽ ഒരു വലിയ ലിബറേഷൻ വന്നിട്ടുണ്ടെന്ന് വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം. ലൈംഗികസംതൃപ്തിയേക്കുറിച്ചുള്ള സംശയങ്ങളുമായി ധൈര്യപൂർവം സ്ത്രീകൾ കൺസൽറ്റിങ് റൂമുകളിൽ എത്തിത്തുടങ്ങി.

sex-1

ആദ്യലൈംഗികാനുഭവം–പ്രായം കുറയുന്നു

ലൈംഗികത അറിയുന്ന പ്രായം കുറയുന്നുവെന്നത് യാഥാർഥ്യമാണ്. അത് ആരോഗ്യകരമായ, ശാസ്ത്രീയമായ അറിവാണോ എന്നുമാത്രം ചോദിക്കരുത്. പോൺ സൈറ്റുകൾ വഴി കിട്ടുന്ന അബദ്ധഅറിവുകൾ പരീക്ഷിച്ചുനോക്കാൻ തുനിയുന്നവരാണേറെയും. ആദ്യ ലൈംഗികാനുഭവത്തിന്റെ പ്രായം കുറഞ്ഞുവരുന്നതായാണ് സർവേകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നടന്ന ഒരു പഠനത്തിൽ 23.7 ശതമാനം പുരുഷന്മാരിലും ആദ്യ ലൈംഗികാനുഭവത്തിന്റെ പ്രായം 15 വയസ്സോ അതിലും കുറവോ ആണെന്നു കണ്ടു. ഇവർ കോണ്ഡം പോലുള്ള സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുന്നില്ല. ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളേക്കുറിച്ച് അറിവില്ല. ഗർഭധാരണം തടയാനുള്ള മാർഗങ്ങളേക്കുറിച്ചും അജ്ഞരാണ്. !! സെക്‌ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ 2018ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് വിവാഹപൂർവലൈംഗികബന്ധങ്ങൾ പണ്ടത്തേതിലും സാധാരണമായി എന്നാണ്.

ദേശീയതലത്തിൽ നടന്ന ഒരു പഠനം പറയുന്നത് 17 ശതമാനം പെൺകുട്ടികൾ വിവാഹപൂർവ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ്. ലൈംഗികത ആസ്വദിക്കാനുള്ളതാണ് എന്ന മനോഭാവം ചെറുപ്പത്തിലേ തന്നെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ഒാപ്പൺ വിഡിയോ ചാറ്റുകൾ പോലുള്ളവ ലൈംഗികതയേക്കുറിച്ചുള്ള തുറന്ന സംസാരങ്ങൾക്കു വേദിയാകുന്നു. കൗമാരക്കാരിൽ 72 ശതമാനം പേരും പോൺ വിഡിയോകളോ സിനിമകളോ കാണുന്നുവെന്ന് പഠനം പറയുന്നു. 75 ശതമാനം പേർ മൊബൈലിന്റെ സ്വകാര്യതയിലാണ് കാണുന്നത്. 3.2 ശതമാനം ആൺസുഹൃത്തുക്കളും പെൺസുഹൃത്തുക്കളും ഒരുമിച്ചിരുന്നു കാണുന്നു. കൗമാരപ്രായത്തിൽ ഇത്തരം കാമോദ്ദീപന വിഡിയോകൾ കാണുന്നത് അപകടകരമായ ലൈംഗിക സാഹസികതകളിലേക്കു നയിക്കുമെന്നു പഠനങ്ങൾ പറയുന്നു. 2014ൽ നടന്ന പഠനം പറയുന്നത് പ്രണയബന്ധങ്ങൾ ഏറിയപങ്കും ലൈംഗികതയിലേക്ക് എത്തുന്നു എന്നാണ്.

sex-3

സെക്സ് ഡിമാൻഡ് ചെയ്യുന്ന സ്ത്രീകൾ

അടുക്കളയിലെ പണിയും കുട്ടികളുടെ കാര്യവും കഴിഞ്ഞ് ഭർത്താവിനെ പ്രീതിപ്പെടുത്താനായി മാത്രം ‘ശയനേഷു രംഭ ’ ആകുന്ന കുലധർമ്മ പത്നികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ആനന്ദം ഒരുമിച്ചുപങ്കിടാനുള്ളതാണെന്ന തിരിച്ചറിവു മാത്രമല്ല അതു പ്രകടിപ്പിക്കാനുള്ള ധൈര്യവും സ്ത്രീകൾക്കു കൈവന്നിരിക്കുന്നു. 2018 ൽ സെക്‌ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ വന്ന പഠനത്തിന്റെ തലക്കെട്ടു തന്നെ ‘മൈ ഐഫോൺ ചേഞ്ച്ഡ് മൈ ലൈഫ്’ എന്നാണ്. ഡിജിറ്റൽ ടെക്നോളജി എങ്ങനെയാണ് പോർണോഗ്രഫി ഉൾപ്പെടെ ലൈംഗികസംബന്ധിയായ വിവരങ്ങൾ സ്ത്രീകൾക്ക് ഒാൺലൈനായി ലഭിക്കുന്നതിന്റെ സാധ്യത മെച്ചപ്പെടുത്തി എന്നു പരിശോധിക്കുന്ന ഈ പഠനം പറയുന്നത് സ്വന്തം ലൈംഗികാവശ്യങ്ങളെ തൃപ്തിപ്പെടുത്താനും ലൈംഗികപരമായ ആത്മസത്തയെ കൂടുതൽ മനസ്സിലാക്കാനും ടെക്നോളജി സ്ത്രീകളെ സഹായിക്കുന്നു എന്നാണ്. ജോലിയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ മാത്രമല്ല ലൈംഗികജീവിതത്തിന്റെ കാര്യത്തിലും സ്ത്രീ കൂടുതൽ സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലാണ് ലൈംഗികതയിലുള്ള ധൈര്യവും സ്വാതന്ത്ര്യബോധവും കൂടുതൽ. നാൽപതു കഴിഞ്ഞവർ ഇപ്പോഴും ബന്ധങ്ങളുടെ കാര്യത്തിൽ ഒളിവും മറവും തേടുന്നുണ്ടത്രേ.

ലൈംഗികരോഗചികിത്സകരെ തേടിവരുന്നതിലെ രണ്ടാമത്തെ പ്രധാനകാരണം ഒാർഗാസ്മിക് ഡിസ്ഫങ്ഷൻ ആ ണ്. പുസ്തകങ്ങളിൽ വായിച്ചതുപോലെയോ സിനിമയിൽ കണ്ടതുപോലെയോ ഉള്ള ആനന്ദം ലൈംഗികതയിൽ നിന്നും കിട്ടുന്നില്ല എന്നു തുറന്നുപറയാനും പരിഹാരം തേടാനും സ്ത്രീകൾ തയാറാകുന്നുണ്ട്. കൂടുതൽ മികച്ച സെക്സ് വേണമെന്ന് പങ്കാളികളോട് ഡിമാൻഡ് ചെയ്യാൻ അവർക്ക് മടിയില്ല. ഇതു വലിയ മാറ്റമാണെന്നാണ് ലൈംഗിക–മാനസികരോഗ വിദഗ്ധരുടെ പക്ഷം.

വൈകൃതം മാറി, പുതുമയാകുന്നു

പ്രൊക്രിയേഷൻ (പ്രത്യുൽപാദനം) മാറി ലൈംഗികത റിക്രിയേഷൻ (ആസ്വാദനം) ആയി. അതോടെ കിടപ്പറയിൽ പുതുമയ്ക്കായുള്ള പരീക്ഷണങ്ങളും സാധാരണമായി. പൊസിഷനുകളിൽ വ്യത്യസ്തത തേടുന്നതിൽ മാത്രമൊതുങ്ങുന്നില്ല അത്. സിനിമകളിൽ കാണുന്നതുപോലുള്ള സെക്സിയായ വസ്ത്രങ്ങളും റോൾ പ്ലേകളുമൊക്കെ കിടപ്പറകളിൽ പരീക്ഷിക്കപ്പെടുന്നു. സമയം കൂട്ടിക്കിട്ടാനുള്ള സ്പ്രേകളും ലൂബ്രിക്കേഷൻ മെച്ചപ്പെടുത്താനുള്ള ക്രീമുകളുമൊക്കെ ആസ്വാദനത്തിന്റെ തീവ്രത കൂട്ടാനായി ഉപയോഗിച്ചുവരുന്നു. ഒാറൽ സെക്സ് കിടപ്പറയിലെ സാധാരണ ലൈംഗികപ്രവൃത്തി ആയി മാറി. ലൈംഗികവൈകൃതങ്ങളെന്നു കരുതിയിരുന്നവയെ ഇപ്പോൾ പുതുമയായാണ് കാണുന്നത്.

ലൈംഗിക കളിപ്പാട്ടങ്ങൾ

ഇന്ത്യയിൽ സെക്സ് ടോയ്സ് വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും ഒാൺലൈൻ വിൽപന തടസ്സമില്ലാതെ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെക്സ് ടോയ്സ് എന്ന പേരിലല്ല പലതും ലഭിക്കുന്നതെന്നു മാത്രം. സെക്സി വസ്ത്രങ്ങൾ, വൈബ്രേറ്ററുകൾ, ലൂബ്രിക്കന്റുകൾ, ഡിലേ സ്പ്രേകൾ മുതൽ കിടപ്പറയിൽ റോൾ പ്ലേയ്ക്കായുള്ള വസ്ത്രങ്ങൾ വരെ ഈ സ്േറ്റാറുകളിൽ ലഭിക്കും. 40 ശതമാനത്തോളം ഉപഭോക്താക്കൾ സ്ത്രീകളാണത്രെ. ഒരു ഒാൺലൈൻ സ്േറ്റാർ നടത്തിയ സർവേയിൽ ബറോഡയിലും പുണെയിലും തിരുവനന്തപുരത്തുമാണ് കൂടുതൽ സ്ത്രീ ഉപഭോക്താക്കൾ ഉള്ളതെന്ന് കണ്ടിരുന്നു. അപകടസാധ്യതകളില്ലാതെ ലൈംഗികസുഖം നേടാനാകുമെന്നതാണ് സെക്സ് ടോയ്സിലേക്ക് ആളുകളെ ആകർഷിക്കുന്നത്. പക്ഷേ, ഇവയ്ക്ക് അടിമയായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇവ പതിവായി ഉപയോഗിച്ച്, പങ്കാളിയിൽ നിന്നും സംതൃപ്തി ലഭിക്കുന്നില്ലെന്ന പരാതിയുമായി ആളുകൾ ക്ലിനിക്കുകളിലെത്തുന്നുണ്ടെന്നത് ഇക്കാര്യത്തിൽ ഒരു പഠനം ആവശ്യമാണെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.

ലൈംഗികസംതൃപ്തിയില്ലായ്മ മൂലമുള്ള വിവാഹമോചനങ്ങൾ വർധിക്കുകയാണെന്ന് കുടുംബകോടതികളിലെത്തുന്ന കേസുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വംശജയായ ഇറ ത്രിവേദി 2014ൽ എഴുതിയ ഇന്ത്യ ഇൻ ലവ്– മാര്യേജ് ആൻഡ് സെക്ഷ്വാലിറ്റി ഇൻ ദ ട്വന്റിഫസ്റ്റ് സെഞ്ചുറി എന്ന പുസ്തകത്തിൽ പറയുന്നത് വിവാഹ–കുടുംബ ബന്ധങ്ങൾ ദുർബലമാവുകയാണ് എന്നാണ്. തങ്ങളുടെ മുൻപിലെത്തുന്ന ദമ്പതികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അധികം വൈകാതെ വിവാഹം എന്ന സമ്പ്രദായം ഒരു പഴങ്കഥയായേക്കുമെന്ന് മനശ്ശാസ്ത്രവിദഗ്ധരും പറയുന്നു. ലൈംഗികതയുടെ കാര്യത്തിൽ അണകെട്ടിനിർത്തിയിരുന്നത് പലതും തകർത്തൊഴുകുകയാണ് ഇപ്പോൾ.

വിവാഹേതരബന്ധങ്ങൾ കൂടുന്നു

ആൺ–പെൺ ഭേദമില്ലാതെ വിവാഹേതരബന്ധങ്ങൾ വർധിച്ചുവരുന്നു എന്നതാണ് മറ്റൊരു മാറ്റം. ഒന്നിലധികം പങ്കാളികളുണ്ടാകുന്നത് അപൂർവതയല്ലാതായി. പങ്കാളിയുടെ പ്രായമൊരു വിഷയമല്ലാതായി. വിവരസാങ്കേതികവിദ്യയുടെ വളർച്ച ഒരു പരിധിയൊക്കെ ലൈംഗികചിന്തകളെ ഇളക്കിവിടുന്നുണ്ടെന്നു പറയുന്നു വിദഗ്ധർ. രതിവിവരണങ്ങൾ നിറഞ്ഞ ചിത്രങ്ങളും വിഡിയോകളും മൃദുലവികാരങ്ങളെ ഉണർത്തിവിടുന്നു. കാഴ്ച, കേൾവി, സ്പർശനം , ഗന്ധം എന്നിവയെല്ലാം ലൈംഗികവികാരങ്ങളെ ഉത്തേജിപ്പിക്കും.

വിവരങ്ങൾക്കു കടപ്പാട്;

ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സെക്സ് തെറപ്പിസ്റ്റ്, ഡോ. പ്രമോദ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്‌ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി

ഡോ. അനിൽകുമാർ കെ, കൺസൽറ്റന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

അൻസാർ ഹോസ്പിറ്റൽ, പെരുമ്പിലവ് , തൃശൂർ

Tags:
  • Relationship