Thursday 06 January 2022 02:44 PM IST : By മനോരമ ആരോഗ്യം ആർകൈവ്

അൽസ്ഹൈമേഴ്സിനെ തടയാൻ വയാഗ്ര?

via4353

മാർക്കറ്റിൽ ഇറങ്ങിയ അന്നു മുതൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു മരുന്നാണ് ഫൈസർ കമ്പനി പുറത്തിറക്കിയ വയാഗ്ര എന്ന നീല ഗുളിക. ഒരു ലൈംഗിക ഉത്തേജക ഔഷധം എന്ന നിലയിലാണ് ഈ മരുന്ന് മാർക്കറ്റിൽ ഇറക്കിയത്. എന്നാൽ സിൽഡെനാഫിൽ (Sildenafil) എന്ന ഈ മരുന്നിന് ഒരു പുതിയ ഉപയോഗം കൂടി കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ക്ലീവ് ലാൻഡ് ക്ലിനിക്കിലെ ഗവേഷകർ.

എഴുപതു വയസ്സോളം പ്രായമുള്ള ഏഴു മില്യൻ അമേരിക്കക്കാരെ ആറുവർഷത്തോളം നിരീക്ഷിച്ചതിനു ശേഷം വയാഗ്ര പതിവായി ഉപയോഗിക്കുന്ന ആളുകളിൽ അൽസ്ഹൈമേഴ്സ് രോഗം വരാനുള്ള സാധ്യത 69% ത്തോളം കുറവാണെന്ന് ഇവർ കണ്ടെത്തിയിരിക്കുകയാണ്. എങ്കിലും കൂടുതൽ ക്ലിനിക്കൽ ട്രയൽ പഠനങ്ങൾ ഇക്കാര്യത്തിൽ ഇനിയും ആവശ്യമുണ്ടെന്നു മുഖ്യ ഗവേഷകൻ ഡോ. പെക്സിയോങ് ചെംഗ് (Feixiong Cheng) പറയുന്നു.

അൽസ്ഹൈമേഴ്സ് രോഗികളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും കോശങ്ങളുടെ നാശത്തിന് ഇതു കാരണമാകുകയും ചെയ്യുന്നുണ്ട്. ലിംഗത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും അതുവഴി ഉത്തേജനം ഉണ്ടാക്കുവാനുമായി ഉപയോഗിക്കുന്ന വയാഗ്ര ഇതേപോലെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിച്ചു കോശങ്ങളുടെ നാശം തടയുന്നു. ഇക്കാരണത്താലാകാം മേധാക്ഷയ സാധ്യത കുറയുന്നതെന്നാണ് ഇവരുടെ അനുമാനം. എന്തായാലും പഠനം വിജയിച്ചാൽ വൃദ്ധന്മാരുടെ ജീവിതം കൂടുതൽ സന്തോഷകരമാകും.

തയാറാക്കിയത്

േഡാ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ്, െകാച്ചി.

Tags:
  • Manorama Arogyam
  • Health Tips