Tuesday 05 December 2023 02:39 PM IST : By സ്വന്തം ലേഖകൻ

വയറിന്റെ മുകൾ ഭാഗത്ത് എരിച്ചിൽ, വേദനയോടൊപ്പം ചർദ്ദി... ഈ ലക്ഷണങ്ങൾ അർബുദത്തിന്റേതോ?

painrewr ഡോ. ഗോപു ആർ. ബാബു, ആലപ്പുഴ

ഉദരവുമായി ബന്ധപ്പെട്ട ഒട്ടേറെ രോഗലക്ഷണങ്ങൾക്കായി ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനെ നമുക്ക് സമീപിക്കേണ്ടതായി വരാം. ഉദരരോഗങ്ങൾക്കായി ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനെ സമീപിക്കേണ്ടത്

എപ്പോൾ എന്നതും മിക്ക ആളുകളുടെയും സംശയമാണ്. സാധാരണയായി കൂടുതൽ ആളുകളും ഡിസ്പെപ്സിയ എന്ന പ്രയാസത്തിനാണ് ഗ്യാസ്ട്രോ എന്ററോളജിസ്‌റ്റിന്റെ സേവനം തേടുന്നത്. ഡിസ്പെപ്സിയയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനമാണ്.

വയറിന്റെ മുകൾവശത്തു തോന്നുന്ന എരിച്ചിൽ, പുളിച്ചു തികട്ടൽ ഇവ ഒഴികെയുള്ള പ്രയാസങ്ങളെ സൂചിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഡിസ്പെപ്സിയ. വയറുവേദന, വയറിന്റെ കമ്പനം എന്ന ഈ ലക്ഷണങ്ങളൊക്കെ ഇതിൽ പെടും. ഈ ലക്ഷണങ്ങൾ ഉള്ളവരിൽ ഇതിനുപുറമേ രക്തക്കുറവ്, അകാരണമായി തൂക്കം കുറയുക, ആഹാരം ഇറക്കാൻ തടസ്സം തോന്നുക, വയറിന്റെ ഭാഗത്തു തടിപ്പ് തോന്നുക, നിർത്താതെ ഛർദിക്കുക, രക്തം ഛർദിക്കുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനുപുറമേ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഈ ലക്ഷണങ്ങൾ കാണുന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. അടുത്ത ബന്ധുക്കൾക്ക് ആമാശയത്തെയോ, വൻകുടലിനെയോ ബാധിക്കുന്ന അർബുദ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഈ ലക്ഷണങ്ങളെ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കണം.

വയറുവേദനയോടൊപ്പം ഛർദി, വയറിൽ നിന്നും പോകുവാൻ തടസ്സം എന്നിവ ഉള്ളവരിലും ഗുരുതരമായ ഉദരരോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. മലത്തോടൊപ്പം രക്തം പോകുന്നവരും രാത്രികാലങ്ങളിൽ ഉറക്കത്തെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ ഉദരവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്നവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

തയാറാക്കിയത്

ഡോ. ഗോപു ആർ. ബാബു

അസി. പ്രഫസർ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗം

ഗവ. ടി. ഡി. മെഡിക്കൽ കോളജ്,

ആലപ്പുഴ

Tags:
  • Manorama Arogyam