Friday 02 July 2021 04:57 PM IST : By സ്വന്തം ലേഖകൻ

മോണിറ്റർ ഒരു കൈ അകലത്തിൽ വയ്ക്കാം; കസേരയ്ക്ക് ബാക്ക് സപ്പോർട്ട് നൽകാം: വർക് ഫ്രം ഹോം രോഗിയാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

work4t445y

ലോക്ക്ഡൗണ്‍ ലോകമെമ്പാടുമുള്ള ആളുകളെ വീട്ടില്‍ നിന്നും ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാക്കി. ഒരു സമയത്തു ഇത് ഒരു ആഡംബര അവസ്ഥ ആയിരുന്നെങ്കില്‍ ഇന്ന് ഇത് ഒരു സാധാരണ മാനദണ്ഡം ആയിരിക്കുകയാണ്. ആളുകള്‍ അവരുടെ ഡൈനിംഗ് റൂമുകളെ ഓഫീസ് ക്യുബിക്കലുകളായും അടുക്കളകളെ കാന്റീനുകളായും പരിവര്‍ത്തനം ചെയ്തു, കൂടാതെ കട്ടിലും സോഫയും ഡൈനിംഗ്‌ടേബിളും കൊണ്ട് ഓഫീസ് ഇടങ്ങള്‍ സൃഷ്ടിച്ചു. വീട്ടിലെ ഈ ഇടങ്ങളും ഫര്‍ണിച്ചറുകളും ഒരിക്കലും നീണ്ട മീറ്റിംഗുകള്‍ക്കും ജോലികള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയല്ല.

മിക്കപ്പോഴും ജോലിക്കായി തിരഞ്ഞെടുക്കുന്ന ഡൈനിംഗ് ടേബിളിന് ഉയരം കൂടുതലാണ്. മിക്ക ഡൈനിംഗ് ടേബിള്‍ കസേരകളിലും ഹാന്‍ഡ് റെസ്റ്റുകള്‍ ഇല്ല, ഉണ്ടെങ്കില്‍ തന്നെ അത് ഇത്തരത്തിലുള്ള ജോലികള്‍ക്ക് ഉചിതമായവയാകില്ല. അതിനാല്‍ ഡൈനിംഗ് ടേബിളില്‍ ജോലിചെയ്യുമ്പോള്‍ കൈമുട്ട് ശരീരത്തില്‍ നിന്ന് അകലെ വെക്കേണ്ടിവരുന്നു അതിനാല്‍ തോളിലെ പേശികളില്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നു.

കിടക്കയില്‍ ഇരുന്നോ സോഫയില്‍ ഇരുന്നോ ജോലി ചെയ്യുന്നത് നമുക്ക് പ്രലോഭനകരമായിരിക്കാം, പക്ഷേ ഇത് ഒരു മോശം പ്രവണതയാണ്, കാരണം ഇത് നമ്മുടെ നടുവിന് തീരെ താങ്ങു നല്‍കുന്നില്ല. ഒരു കിടക്കയുടെയോ സോഫയുടെയോ രൂപകല്‍പ്പന അതില്‍ ഇരിക്കുന്ന വ്യക്തിയെ കുറച്ചു നേരം കഴിയുമ്പോള്‍ മുന്നോട്ടു കൂനി ഇരിക്കുവാന്‍ ഇടയാക്കുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം വിഭാഗത്തില്‍ നിന്നുള്ള അനേകം വ്യക്തികള്‍ തോള്‍ വേദന, കഴുത്ത് വേദന അല്ലെങ്കില്‍ നടുവേദന തുടങ്ങിയ ബുദ്ധിമുട്ടികളുമായി ഓര്‍ത്തോപീഡിക് ഓപിഡി യില്‍ വരുന്നുണ്ട് ബന്ധപ്പെട്ട ജോലികള്‍ക്കാവശ്യമായ രീതിയില്‍ ശരീരത്തിന്റെ നിശ്ചിത നില നിലനിര്‍ത്താനുള്ള പേശികളുടെ കഴിവില്ലായ്മയില്‍ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

എര്‍ഗോണോമിക്‌സ് (Ergonomics) എന്നാല്‍ എന്താണ്?

ഒരു വ്യക്തിയുടെ തൊഴില്‍ അന്തരീക്ഷത്തെ പറ്റി പഠിക്കുന്ന ഒരു ശാസ്ത്രമാണ് എര്‍ഗോണോമിക്‌സ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, എര്‍ഗോണോമിക്‌സ് എന്നാല്‍ ജോലിചെയ്യുന്ന ആള്‍ക്ക് അയാളുടെ തൊഴില്‍ ആ വ്യക്തിയുടെ ശരീരത്തിന് യോജിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്യുക എന്നതാണ്. ജോലി മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും പരിക്കിന്റെ സാധ്യതയും ഇല്ലാതാക്കുകയാണ് ഈ ശാസ്ത്രത്തിന്റെ ലക്ഷ്യം.

നടുവിന് ഉണ്ടാകുന്ന ഡിസ്‌ക് പ്രോലാപ്സ് (Disc prolapse), ടെൻഡനൈറ്റീസ്( Tendonitis) റൊട്ടേറ്റര്‍ കഫിനുണ്ടാകുന്ന പരിക്കുകള്‍ (Rotator cuff tear), എപ്പികോണ്ടിലൈറ്റിസ് (Epicondylitis), പേശികളില്‍ ഉണ്ടാകുന്ന ക്ലേശങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഇതിലുള്ള ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടാവാം.

എങ്ങനെ വീട് തയ്യാറാക്കാം?

നമ്മുടെ വീടുകളെ എര്‍ഗോണോമിക്കലി ഫിറ്റ് ആക്കുന്നതിനുള്ള ആദ്യപടി ജോലിയുടെ സ്വഭാവം മനസിലാക്കുക എന്നതാണ്. നമ്മുടെ ജോലിയുടെ സ്വഭാവത്തെ അനുസരിച്ചു വീട്ടിലെ ജോലി സ്ഥലത്തു അനിവാര്യമായ മാറ്റങ്ങള്‍ വരുത്താം.

∙ ശരാശരി ഡെസ്‌കിന്റെ ഉയരം 25 മുതല്‍ 30 ഇഞ്ച് വരെയാണ്, ഇത് നിങ്ങളുടെ ഉയരത്തെ ആശ്രയിച്ച് വളരെ ഉയര്‍ന്നതോ ഉയരം കുറഞ്ഞതോ ആകാം. അതിനാല്‍ സുഖകരമായി ഇരിക്കാന്‍ നിങ്ങള്‍ക്ക് ഉയരം ക്രമീകരിക്കാവുന്ന കസേര ആവശ്യമാണ്.

∙ നിങ്ങളുടെ കസേരയുടെ ഉയരം ക്രമീകരിക്കുമ്പോള്‍, നിങ്ങളുടെ കൈമുട്ട് 90 ഡിഗ്രിയില്‍ ആണ് മടങ്ങിയിരിക്കുന്നതു എന്ന് ഉറപ്പുവരുത്തുക.

∙ നിങ്ങളുടെ പാദങ്ങള്‍ തറയില്‍ തൊടുന്നില്ലെങ്കില്‍ ഒരു ഫുട് സ്റ്റൂള്‍ ഉപയോഗിക്കുക. മോണിറ്റര്‍ ഒരു കയ്യ് അകലത്തില്‍ വേണം വെക്കാന്‍.

∙ സ്‌ക്രീനിന്റെ മുകള്‍ഭാഗം കണ്ണിന്റെ തലത്തിലായിരിക്കണം. കസേരയ്ക്ക് മതിയായ ബാക്ക് സപ്പോര്‍ട്ടും ഹാന്‍ഡ് റെസ്റ്റും ഉണ്ടായിരിക്കണം.

∙ തോളില്‍ വേദനയുള്ള ആളുകള്‍ ദീര്‍ഘനേരം ജോലിചെയ്യുമ്പോള്‍ കൈമുട്ടുകള്‍ ശരീരത്തോട് ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം.

∙ കൈപ്പത്തിയില്‍ വേദനയുള്ള ആളുകള്‍ കത്രിക പോലുള്ള മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പിടിക്കുന്ന രീതി മാറ്റാന്‍ ശ്രമിക്കുക. ചില ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കു കൈ മാറ്റി ഉപയോഗിക്കാനും ശ്രദ്ധിക്കുക. അത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ബന്ധപ്പെട്ട പേശികളെ ശക്തിപ്പെടുത്തുന്നത് ഗുണം ചെയ്യും.

drarjun35

ഡോ. അർജുൻ ആർ പ്രസാദ്

ഒാർത്തോപീഡിക് സർജൻ

എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം

Tags:
  • Manorama Arogyam
  • Health Tips