ADVERTISEMENT

പുരുഷന്മാരിലെ സൗന്ദര്യപരവും ആരോഗ്യപരവുമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന പംക്തി...നിങ്ങളുടെ സംശയങ്ങൾ നേരിട്ടുള്ള മെസേജുകളായോ manoramaarogyam1@gmail.com എന്ന മെയിലിലോ അയയ്ക്കാം.

കൗമാരപ്രായമാകുന്നതോടെ മുഖത്ത് അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന രോമങ്ങളെ ചീകിമിനുക്കിയും വെട്ടി ക്രമപ്പെടുത്തിയും ആകൃതിയൊത്തൊരു മീശയുടെ രൂപത്തിലേക്കെത്തിക്കുന്ന തിരക്കിലാവും ആൺകുട്ടികൾ. പക്ഷേ, ചിലരിലെങ്കിലും എത്ര ശ്രമിച്ചാലും മീശയും താടിയും മുളയ്ക്കാതെയോ രോമങ്ങൾ ശക്തി പ്രാപിക്കാതെയോ വരാം. ഇതു പരിഹരിക്കാൻ എളുപ്പവഴികളൊന്നുമില്ല എന്നതാണു സത്യമെങ്കിലും പലരും കരടിനെയ്യും പലതരം തൈലങ്ങളും ക്രീമുകളുമൊക്കെ പരീക്ഷിക്കാറുണ്ട്. എന്നാൽ, ഇതൊന്നുംകൊണ്ടും പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടാകില്ലെന്നു പറയേണ്ട കാര്യമില്ലല്ലോ.

ADVERTISEMENT

ജനിതക ഘടകങ്ങളാണ് അടിസ്ഥാനപരമായി മീശയുടെ കട്ടിയും കരുത്തുമൊക്കെ തീരുമാനിക്കുന്നത്. അച്ഛനും മുത്തച്ഛനുമൊക്കെ നല്ല തിങ്ങിനിറഞ്ഞ മീശയും താടിയുമുണ്ടെങ്കിൽ സ്വാഭാവികമായും നിങ്ങൾക്കും നല്ല മീശയും താടിയും വളരാനാണു സാധ്യത.

ഹോർമോൺ തകരാറു മൂലവും, ചില ക്രമക്കേടുകളുടെ (Syndrome) ഭാഗമായും ആൺകുട്ടികളിൽ മീശയും താടിയും മുളയ്ക്കാതെ കാണാറുണ്ട്. ചിലരിൽ ടെസ്േറ്റാസ്റ്റിറോൺ നിരക്കു കുറയുന്നതു താടിരോമങ്ങളുടെ വളർച്ചയെ സ്വാധീനിക്കാം.

ADVERTISEMENT

കോകേഷ്യൻ, മെഡിറ്ററേനിയൻ, ഏഷ്യൻ തുടങ്ങിയുള്ള പല വംശങ്ങളിലും മുഖരോമങ്ങളുടെ വളർച്ചയുടെ തോതു വ്യത്യസ്തമാണ്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് മെഡിറ്ററേനിയൻ രാജ്യങ്ങളിലുള്ളവരിൽ നല്ല കട്ടിയുള്ള മീശയും താടിയും വളരുന്നതായാണു കാണുന്നത്. ചൈനാക്കാരിൽ വായുടെ വശത്തായാണ് കൂടുതൽ രോമം കാണുന്നത്.

അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനാവുന്ന കേസുകളിൽ അത്‌ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതു വഴി രോമവളർച്ച ശരിയാകും. ബിമറ്റോപ്രോസ്റ്റ് (Bimatoprost), മിനോക്സിഡിൽ (Minoxidil) തുടങ്ങിയ മരുന്നുകൾ ഫലപ്രദമായി കണ്ടുവരാറുണ്ട്.

ADVERTISEMENT

മരുന്നുകൾ കഴിക്കുന്നതോടൊപ്പം സമീകൃതമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. സൂക്ഷ്മപോഷകങ്ങളുടെ കുറവ് രോമവളർച്ചയെ ദോഷകരമായി ബാധിച്ചേക്കാം. ബയോട്ടിൻ കുറവുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം അതടങ്ങിയ ഗുളികകൾ കഴിക്കുന്നത് ഫലം ചെയ്യും. മിനോക്സിഡിൽ ഗുളികകൾ, ടെസ്േറ്റാസ്റ്റിറോൺ, റെറ്റിനോയ്ഡ് എന്നിവയടങ്ങിയ ലേപനങ്ങൾ എന്നിവയും ഉപയോഗിച്ചു കാണുന്നുണ്ട്.

പ്രായമാണ് മറ്റൊരു കാര്യം. കൗമാരത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ഉള്ളയാളാണെങ്കിൽ രോമവളർച്ച കരുത്തുപ്രാപിക്കാൻ ഇനിയും സമയമുണ്ടെന്നു മനസ്സിലാക്കുക. ഒരൽപം ക്ഷമ കാണിക്കുക. പുകവലി രോമവളർച്ചയെ ദോഷകരമായി ബാധിക്കുന്നതിനാൽ അത് ഒഴിവാക്കണം. സുഖകരമായ ഉറക്കം, സംഘർഷരഹിതമായ ജീവിതശൈലി എന്നിവയും പുരുഷന്മാരുടെ രോമവളർച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതൊന്നും കൊണ്ടും പ്രത്യേകിച്ചു ഫലം ലഭിച്ചില്ലെങ്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് തന്നെ ശരണം.

മറുപടി നൽകിയത്:

ഡോ. സരിൻ എ, അസോസിയേറ്റ് പ്രഫസർ

ത്വക് രോഗവിഭാഗം, ഗവ. മെഡി. കോളജ്, തൃശൂർ

 

ADVERTISEMENT