തൃപ്തികരമായ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമായ ലിംഗോദ്ധാരണം നേടാനോ, ബന്ധം പൂര്‍ത്തീകരിക്കുന്നതുവരെ അതു നിലനിര്‍ത്താനോ സാധിക്കാത്ത അവസ്ഥയാണ് ഉദ്ധാരണക്കുറവ് അഥവാ ഇ.ഡി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇറക്ടൈൽ ഡിസ്ഫങ്ഷന്‍. ഇതു വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുമ്പോഴല്ല, സ്ഥിരമായോ ആവര്‍ത്തിച്ചോ അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാകുമ്പോഴാണു രോഗമായി കണക്കാക്കുന്നത്. ബ്രിട്ടീഷ് ജേണൽ ഒാഫ് യൂറോളജിയിൽ വന്ന പഠനറിപ്പോർട്ടു പ്രകാരം ഇ.ഡിയുെട ആഗോളവ്യാപനം മൂന്നു മുതൽ 76.5 ശതമാനം വരെയാണ്.
പുരുഷന്മാരിലെ ലൈംഗികോദ്ധാരണം ഒരുപാടു ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണമായ സമന്വയിക്കലിന്റെ ഫലമായി സംഭവിക്കുന്നതാണ്. തലച്ചോര്‍, ഹോര്‍മോണുകള്‍, പേശികള്‍, രക്തക്കുഴലുകളിലെ രക്തയോട്ടം, മാനസികവും വൈകാരികവുമായ അവസ്ഥ തുടങ്ങിയ പല കാര്യങ്ങളും സമന്വയിച്ചുള്ള പ്രവര്‍ത്തനം ഇതിന്റെ പിന്നില്‍ ഉണ്ട്. ഇതില്‍ ഏതെങ്കിലും കാര്യത്തിലുള്ള തകരാറുകള്‍ ഉദ്ധാരണക്കുറവിലേക്കു നയിക്കാം.
പല രോഗങ്ങളുെടയും ലക്ഷണം
ഉദ്ധാരണക്കുറവിന്റെ ഏറ്റവും പ്രധാന ശാരീരിക കാരണങ്ങളിലൊന്നു വാസ്‌കുലാര്‍ അഥവാ രക്തക്കുഴലുകളുമായി ബന്ധപ്പെട്ടതാണ്. ലൈംഗി ക അവയവത്തിലേക്കുള്ള രക്തക്കുഴലുകളില്‍ അടവ് ഉണ്ടാകുമ്പോള്‍ വേണ്ടത്ര രക്തം ഒഴുകിയെത്താന്‍ ബുദ്ധിമുട്ടുണ്ടാകും. ചിലരില്‍ ലിംഗത്തിലേക്ക് ഒഴുകിയെത്തിയ രക്തം അവിടെ തങ്ങിനില്‍ക്കാതെ തിരിച്ചിറങ്ങി പോകുന്ന അവസ്ഥയുണ്ടാകും.
രക്താതിസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ ഇവയെല്ലാം ഉദ്ധാരണ കുറവിലേക്കു നയിക്കുന്ന കാരണങ്ങളാണ്. തലച്ചോറില്‍ ഉള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകള്‍ വരെ ഉദ്ധാരണക്കുറവിനു കാരണമാകാം.
ഉദ്ധാരണക്കുറവു പലരിലും വരാനിരിക്കുന്ന ഹ്യദ്രോഗത്തിനു മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന ഒരു മുന്നറിയിപ്പായി കണക്കാക്കാം.
പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരില്‍ പോലും ഉദ്ധാരണക്കുറവിനു പിന്നിലെ വില്ലനാണു പ്രമേഹരോഗം. പ്രമേഹം രക്തക്കുഴലുകളുടെ ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും നിലനിർത്താന്‍ സഹായിക്കുന്ന എന്‍ഡോതീലിയല്‍ കോശങ്ങള്‍ക്കു കേടു വരുത്തുന്നു. ലിംഗത്തിലെ മിനുസപേശികളുടെ സങ്കോചവികാസക്ഷമതയെ ബാധിക്കുന്നതിലൂടെ ലിംഗത്തിലേക്കുള്ള രക്തപ്രവാഹവും ഉദ്ധാരണ ദൃഢതയും കുറയുന്നു.
ഹോർമോണുകൾ കാരണം
പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോൺ ഗണ്യമായി കുറയുന്നത് ഉദ്ധാരണക്കുറവിനു കാരണമാകാം. പേശികളുെട ക്ഷയം, കുടവയര്‍ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും വരാം. പ്രമേഹരോഗം ടെസ്‌റ്റോസ്റ്റിറോണ്‍ കുറയ്ക്കുന്നു. ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണo അമിതമായി കഴിക്കുന്നതും ടെസ്‌റ്റോസ്റ്റിറോണിന്റെ അളവിനെ ബാധിക്കാം. പൊണ്ണത്തടി, അമിത കൊഴുപ്പടങ്ങിയ ഭക്ഷണരീതി, ട്രാന്‍സ്ഫാറ്റുകള്‍ കൂടുതലായി കഴിക്കുന്നത് എന്നിവയൊക്കെ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലും വിവിധ ലൈംഗികപ്രശ്‌നങ്ങള്‍ക്കു കാരണമാകാം. സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കൂടുന്നതും പുരുഷ ഹോര്‍മോണിന്റെ അളവു കുറയ്ക്കും. ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നം കാരണമുള്ള ഉദ്ധാരണക്കുറവു ഗുരുതര രോഗങ്ങളുടെ ലക്ഷണവും ആകാം.
ഉദ്ധാരണക്കുറവിന്റെ അധികമാരും കേട്ടിരിക്കാനിടയില്ലാത്ത മറ്റൊരു കാരണമാണു പെയ്‌റോണീസ് ഡിസീസ്. ലിംഗത്തിനകത്തെ കോശങ്ങള്‍ കട്ടി പിടിക്കുക, ലിംഗത്തില്‍ വളവുണ്ടാകുക, ഉദ്ധരിക്കുമ്പോള്‍ വേദനയുണ്ടാകുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
ഇതു കൂടാതെ മറ്റു ശാരീരിക രോഗങ്ങളും ഉദ്ധാരണക്കുറവിനു കാരണമാകാറുണ്ട്. മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രോക്ക്, സ്‌പൈനല്‍ കോഡിനുണ്ടാകുന്ന ക്ഷതം എന്നിവയെല്ലാം ഉദ്ധാരണക്കുറവിനു കാരണമാകുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളാണ്. ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉദ്ധാരണക്കുറവു സൃഷ്ടിക്കാറുണ്ട്. പൊണ്ണത്തടി, വ്യായാമത്തിന്റെ അഭാവം, പുകവലി, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം, അമിത മദ്യപാനം എന്നിവയെല്ലാം ഉദ്ധാരണക്കുറവിലേക്കു നയിക്കും.
ചെറുപ്പക്കാരിലെ ഉദ്ധാരണക്കുറവിന്റെ പിന്നിൽ മിക്കപ്പോഴും മാനസിക കാരണങ്ങളാകാറുണ്ട്. പങ്കാളികൾക്കിടയിലെ ചേര്‍ച്ചയില്ലായ്മ, കലഹം, പൊരുത്തക്കേടുകള്‍, പരസ്പരം ആകര്‍ഷണീയതയില്ലായ്മ, കുടുംബപ്രശ്‌നങ്ങള്‍, ദാമ്പത്യജീവിതത്തിലെ സമ്മര്‍ദം, ജോലിസ്ഥലത്തെ ടെന്‍ഷന്‍ ഇതെല്ലാം ലൈംഗിക ഉദ്ധാരണത്തെ ബാധിക്കാം.
ദാമ്പത്യത്തിനു പുറത്തു താൽക്കാലിക സുഖങ്ങള്‍ തേടി പോകുന്നവരില്‍ പിന്നീട് അതു മാനസിക സമ്മർദമായും ഉദ്ധാരണപ്രശ്‌നങ്ങളായും വളരാം. വിഷാദം, ഉത്കണ്ഠ എന്നിവ ഉദ്ധാരണക്കുറവിന്റെ മറ്റൊരു മുഖ്യകാരണമാണ്. സ്‌കിസോഫ്രീനിയ രോഗികള്‍ക്കു ലൈംഗികബന്ധത്തിനുള്ള താൽപര്യക്കുറവും ഉദ്ധാരണക്കുറവും കണ്ടുവരാറുണ്ട്.
ചെറിയ ടെന്‍ഷന്‍ പോലും പുരുഷന്മാരില്‍ ഉദ്ധാരണക്കുറവിനു കാരണമായേക്കാം. പെർഫോമൻസ് ആങ്സൈറ്റി എന്നൊരു കാരണമുണ്ട്. ലൈംഗികബന്ധത്തിലെ സ്വന്തം െപർഫോമൻസിനെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന അവസ്ഥയാണിത്.
രോഗത്തിന്റെ പിന്നിലെ മാനസിക കാരണം കണ്ടു പിടിക്കുകയാണ് ആദ്യം വേണ്ടത്. രോഗിയുടെ പ്രായം, വിദ്യാഭ്യാസം, പങ്കാളിയുമായുള്ള പെരുമാറ്റരീതികള്‍, മറ്റു പ്രത്യേകതകള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഏതുതരം മനഃശാസ്ത്ര ചികിത്സ വേണം എന്നു തീരുമാനിക്കുന്നത്. സെക്‌സ് തെറപ്പി, മാരിറ്റല്‍ തെറപ്പി, ഫാമിലി തെറപ്പി, ബിഹേവിയര്‍ തെറപ്പി, കോഗ്‌നിറ്റീവ് തെറപ്പി, മൈന്‍ഡ്ഫുള്‍നെസ് തെറപ്പി തുടങ്ങിയ പല ചികിത്സാ മാര്‍ഗങ്ങളുണ്ട്. ഇവ ഒറ്റയ്‌ക്കോ മരുന്നുകളോടൊപ്പമോ ആവശ്യാനുസരണം നല്‍കുമ്പോള്‍ വളരെ ഫലപ്രദമാണ്.
പരിശോധിച്ചറിയാം
ഉദ്ധാരണക്കുറവ് എന്ന പ്രശ്‌നവുമായെത്തുന്ന രോഗിയുടെ രോഗവിവരവും ചരിത്രവും ആദ്യം ഡോക്ടര്‍ ശേഖരിക്കും. ആവശ്യമായ ശാരീരിക പരിശോധനകളും ടെസ്റ്റുകളും തുടര്‍ന്നു നടത്തുന്നു. പരിശോധനകളുടെയും ടെസ്റ്റ് ഫലങ്ങളുെടയും അടിസ്ഥാനത്തിലാണു രോഗ നിര്‍ണയവും ചികിത്സയും. ലാബറട്ടറി ടെസ്റ്റുകള്‍, അള്‍ട്രാസൗണ്ട്, ഇമേജിങ് തുടങ്ങിയ പരിശോധനകള്‍ വേണ്ടിവന്നേക്കാം. പുരുഷ ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാനടെസ്റ്റാണു കളര്‍ ഡ്യൂപ്ലക്‌സ് ഡോപ്ലര്‍ അള്‍ട്രാസൗണ്ട്.
ഉദ്ധാരണക്കുറവുമായി എത്തുന്ന രോഗി, താല്‍ക്കാലിക പരിഹാരമായി ഒരു ഗുളിക കുറിച്ചുതരാന്‍ പലപ്പോഴും ഡോക്ടറോടു ചോദിക്കാറുണ്ട്. പക്ഷേ, ഇങ്ങനെ ഗുളിക കഴിക്കുന്നതുകൊണ്ടു പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. അനുബന്ധരോഗങ്ങളുണ്ടെങ്കില്‍ അതും കണക്കിലെടുത്തു വേണം മരുന്നുകള്‍ നല്‍കാന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു സ്‌പെഷലിസ്റ്റുകളുടെയും കൂടി കൂട്ടായ പരിശോധനയും ചികിത്സയും ആവശ്യമാണ്.
മരുന്നുകളും കുത്തിവയ്പ്പും
∙ ഇന്‍ട്രാകവര്‍ണോസല്‍ ഇന്‍ജക്‌ഷന്‍: ലൈംഗികബന്ധത്തിനു തൊട്ടുമുൻപായി ലിംഗത്തിനകത്തേക്കു നേരിട്ടു മരുന്നു കുത്തിവയ്ക്കുന്ന രീതിയാണിത്.
∙ഇന്‍ട്രായൂറിത്രല്‍ മെഡിസിന്‍: ഒരു സ്‌പെഷല്‍ ആപ്ലിക്കേറ്ററിന്റെ സഹായത്തോടെ മരുന്നു മൂത്രനാളിയിലേക്കു കടത്തി വയ്ക്കുന്ന രീതിയാണിത്.
∙ വാക്വം പമ്പുകള്‍: വാക്വം ഇറക്‌ഷന്‍ ഡിവൈസ്, പെനിസ് പമ്പ് എന്നിങ്ങനെ അറിയപ്പെടുന്ന ഒരു ഉപകരണമാണിത്. മരുന്നുകള്‍ക്കൊപ്പം ഒരു ഉദ്ധാരണസഹായി എന്ന നിലയില്‍ ഉപയോഗിക്കാമെന്നു മാത്രം.
∙ പെനൈല്‍ ഇംപ്ലാന്റുകള്‍: ശസ്ത്രക്രിയയിലൂടെ ലിംഗത്തിനുള്ളില്‍ ഇപ്ലാന്റ് നിക്ഷേപിക്കുന്ന രീതിയാണിത്.
വിവിധതരം ഇംപ്ലാന്റുകള്‍ ലഭ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞു മൂന്നുമാസത്തിനു ശേഷം രോഗിക്കു തൃപ്തികരമായ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കും.
ചികിത്സയില്‍ പങ്കാളിയുടെ ഭാഗത്തു നിന്നുള്ള സ്‌നേഹപൂര്‍ണമായ പിന്തുണയും സഹകരണവും ആവശ്യമാണ്.
ഡോ. കെ. പ്രമോദ്
സെക്സോളജിസ്റ്റ് & ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്‌ഷ്വൽ & മാരിറ്റൽ ഹെൽത് , കൊച്ചി