ADVERTISEMENT

അൽസ്ഹൈമർ രോഗത്തെ ചിലർ മറവിരോഗമെന്നു പറയാറുണ്ട്. യഥാർഥത്തിൽ മറവിരോഗമെന്ന ഡിമൻഷ്യയും അൽസ്ഹൈമർ രോഗവും ഒന്നല്ല. ഡിമൻഷ്യയുടെ ഒരു കാരണം മാത്രമാണ് അൽസ്ഹൈമർ രോഗം. ഡിമൻഷ്യയിൽ ഒാർമക്കുറവിനൊപ്പം മറ്റു ബൗദ്ധീകവ്യാപാരങ്ങളിലും (cognitive functions) കുറവു വരാം. അൽസ്ഹൈമർ രോഗത്തിൽ മറവിയാണ് പ്രധാനമായി കാണുന്നത്.

അൽസ്ഹൈമർ രോഗമാണെന്ന് ഉറപ്പിക്കാൻ രണ്ടു പ്രധാന സൂചനകളുണ്ട്. ഒന്ന് , രോഗികൾ മറന്നുപോകുന്നത് പുതിയ കാര്യങ്ങളാകും. വളരെ പണ്ടു നടന്ന കാര്യങ്ങൾ വളരെ തെളിമയോടെ, സൂക്ഷ്മ വിശദാംശങ്ങൾ സഹിതം ഒാർത്തിരിക്കും. രണ്ട്, തനിക്ക് ഒാർമ്മക്കുറവുണ്ടെന്ന് രോഗിക്ക് മനസ്സിലാകില്ല.

ADVERTISEMENT

പ്രതിരോധിക്കാൻ ഈ വഴികൾ

∙ ജനിതക സ്വാധീനം ശ്രദ്ധിക്കുക

ADVERTISEMENT

കുടുംബത്തിലാരെങ്കിലും അൽസ്ഹൈമർ രോഗമുള്ളവരുണ്ടെങ്കിൽ ആ ജനിതകസ്വാധീനം രോഗസാധ്യത കൂട്ടാം. ഇങ്ങനെയുള്ളവരിൽ 45-50 വയസ്സിൽ തന്നെ അൽസ്ഹൈമർ രോഗത്തിന്റെ വിത്തുകൾ മുളച്ചുതുടങ്ങാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇവർ 10 വർഷം മുമ്പെങ്കിലും പ്രതിരോധനടപടികളാൽ തലച്ചോറിനെ സജ്ജമാക്കണം.

പ്രമേഹവും ബിപി പ്രശ്നങ്ങളും

ADVERTISEMENT

2017ൽ അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്റെ കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ പറയുന്നത്, അൽസ്ഹൈമർ രോഗം തടയാൻ ധമനികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്. കാരണം, മധ്യവയസ്സിലെ പ്രമേഹം, ഉയർന്ന രക്തസമ്മർദം, പുകവലി എന്നിവ അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത വർധിപ്പിക്കുമത്രെ. അൽസ്ഹൈമർ രോഗത്തിന്റെ ജനിതകസ്വാധീനത്തോളം തന്നെ ശക്തമാണ് മധ്യവയസ്സിലെ പ്രമേഹം എന്നും പേപ്പർ ചൂണ്ടിക്കാണിക്കുന്നു.

തലച്ചോറിനെ ശക്തമാക്കാം

തലച്ചോറിന്റെ റിസർവ് വർധിപ്പിക്കുകയാണ് മറ്റൊരു പ്രധാന മാർഗം. വണ്ടിയിലെ പെട്രോൾ തീർന്നാലും റിസർവ് പെട്രോളിൽ കുറേനേരം വണ്ടി ഒാടും. അതുപോലെ ചില നാഡീകോശങ്ങൾ പണിമുടക്കിയാലും അവയുടെ അടിസ്ഥാനപ്രവർത്തനങ്ങളെ മറ്റു നാഡികൾ ഏറ്റെടുക്കും. ഇതിനാണ് ബ്രെയിൻ പ്ലാസ്റ്റിസിറ്റി എന്നു പറയുന്നത്. സ്കാനുകളിൽ തലച്ചോറിനു നാശമെന്നു കണ്ടാലും, ശക്തമായ ബ്രെയിൻ റിസർവ് ഉള്ളവരിൽ, മറവിരോഗവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനമാന്ദ്യത്തെ തലച്ചോർ കുറേയൊക്കെ വിദഗ്ധമായി പരിഹരിച്ചു മുന്നോട്ടുപോകും.

∙ തലച്ചോറിനെ പുതിയ വെല്ലുവിളികളാൽ എപ്പോഴും സജീവമാക്കിവയ്ക്കുക. പുതിയ കാര്യങ്ങൾ, ഭാഷയായാലും മതി, പഠിക്കാം. പ്രശ്നോത്തരികൾ ചെയ്തു നോക്കാം. പുതിയ ഹോബികളിൽ ഏർപ്പെടാം.

∙ പതിവുരീതികളിൽ നിന്നും മാറി നടക്കാം. ഉദാഹരണത്തിന്, ശാസ്ത്രപ്രിയരാണെങ്കിൽ ഇടയ്ക്ക് സാഹിത്യകൃതികൾ വായിക്കാനും സമയം കണ്ടെത്തുക. അക്ഷരാർഥത്തിൽ തന്നെ വഴിമാറി നടക്കുകയുമാവാം. വീട്ടിലേക്ക് സ്ഥിരം പോകുന്ന വഴിയല്ലാതുള്ള വഴികൾ യാത്രയ്ക്കു തിര‍ഞ്ഞെടുക്കാം.

∙ ഇടംകയ്യന്മാർ വലംകൈയും വലംകൈയന്മാർ ഇടംകൈയും കൂടി ഉപയോഗിക്കുക.

∙ യാത്രകളിലൂടെ ലഭിക്കുന്ന പുതിയ അനുഭവങ്ങൾ തലച്ചോറിലെ ഉറങ്ങിക്കിടക്കുന്ന ന്യൂറോൺ കോശങ്ങളെ ഉണർത്തും.

മനസ്സ് സംഘർഷമുക്തമാക്കുക.

മാനസികപിരിമുറുക്കം തലച്ചോറിന്റെ മൂന്നു ഭാഗങ്ങളെ ബാധിക്കുന്നു.

ഫ്രോണ്ടൽ ലോബ്- ഇതാണ് ലക്ഷ്യബോധത്തോടെ കാര്യങ്ങൾ ചെയയ്ാൻ പ്രാപ്തമാക്കുന്നത്.

ഹിപ്പോകാംപസ് അഥവാ ഒാർമകളുടെ അറ. മാനസികപിരിമുറുക്കം ഇവിടെയുള്ള ന്യൂറോൺകോശങ്ങളുടെ വളർച്ചയേയും വികാസത്തേയും ബാധിക്കും.

അമിഗ്ഡല- മനസ്സു വരിഞ്ഞുമുറുകുമ്പോൾ അമിഡ്ഡല എന്ന വൈകാരിക കേന്ദ്രം വലുതാകും (Bulky). ഇത് മാനസികപിരിമുറുക്കത്തോടു ശരീരം പ്രതികരിക്കുന്ന രീതിയെയും ബാധിക്കും. നെഞ്ചിടിപ്പ്, രക്തസമ്മർദം ഇവ കൂടും. യൗവനത്തിൽ തലച്ചോറ് ഒരുപരിധി വരെയൊക്കെ സമ്മർദം താങ്ങും. പക്ഷേ, പ്രായമാകുന്നതനുസരിച്ച് ഈ സഹനശക്തി കുറഞ്ഞുവരും.

ചിലപ്പോൾ പ്രിയപ്പെട്ടവരുടെ മരണം പോലുള്ള ഒരൊറ്റ സമ്മർദസാഹചര്യത്തെ തുടർന്നു തന്നെ ഒാർമ്മപ്പിഴവും കാര്യനിർവഹണ ശേഷികളിൽ കുറവുമൊക്കെ സംഭവിക്കാം. ഇതു വർധിതമായി അൽസ്ഹൈമേഴ്സിലേക്കു പോകാം. എന്നുകരുതി മാനസികപിരിമുറുക്കം ഉള്ളവരെല്ലാം മറവിരോഗികളാകുമെന്നില്ല. പക്ഷേ, മാനസികപിരിമുറുക്കം പെരുകി മനസ്സമാധാനം കളയുന്നുണ്ടെങ്കിൽ സൂക്ഷിക്കണമെന്നു മാത്രം.

English Summary:

Alzheimer's disease is a progressive brain disorder that gradually destroys memory and thinking skills. Early prevention and lifestyle changes can help manage risk factors and potentially delay the onset of symptoms.

ADVERTISEMENT