മൂത്രമൊഴിക്കലുമായി ബന്ധപ്പെട്ട് ഈ പ്രശ്നങ്ങളുണ്ടോ? കാരണം പ്രോസ്റ്റേറ്റ് വീക്കമാകാം Common Prostate Diseases
Mail This Article
പ്രോസ്റ്റേറ്റ് ഗന്ഥികൾക്കു വീക്കവും അനുബന്ധ പ്രശ്നങ്ങളും പുരുഷന്മാരെ ബാധിക്കുന്ന സാധാരണ രോഗമായി മാറിയിരിക്കുകയാണ്. 35 - 50 പ്രായത്തിനിടയിലുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് വീക്കം ഉൾപ്പെടെ രോഗങ്ങൾ ഉണ്ടാകുന്നത്. മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്, വേദന, പുകച്ചിൽ, മൂത്രത്തിൽ കൂടി രക്തം വരിക തുടങ്ങിയവ പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുടെ തുടക്കമാകാം. പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന ചെറിയ വലുപ്പത്തിലുള്ള അവയവമാണ് പ്രോസ്റ്റേറ്റി ഗ്രന്ഥി. ബാക്ടീരിയൽ അണുബാധ, മൂത്രം പോകാൻ ട്യൂബ് ഇടുക, അടിവയറ്റിലുണ്ടാകുന്ന ക്ഷതങ്ങൾ, പൂർണമായും ചികിത്സിക്കാത്ത പഴയ അണുബാധ, ലൈംഗീകരോഗങ്ങൾ തുടങ്ങിയവയും പ്രോസ്റ്റേറ്റലിലെ നീർക്കെട്ടിന്കാരണമാകാവുന്നതാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ വഴിയും കൃത്യമായ ചികിത്സകളിലൂടെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളെ മറികടക്കാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തിയാൽ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് സഹായമാകും.
പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ
പ്രായമാകുമ്പോൾ പ്രോസ്റ്റേറ്റിനെ പലവിധത്തിലുള്ള രോഗങ്ങൾ ബാധിക്കാറുണ്ട്. പ്രോസ്റ്റേറ്റിലെ അധിക കോശങ്ങളുടെ സ്വാഭാവിക വളർച്ച മൂലമുണ്ടാകുന്ന പ്രശ്നമാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർട്രോഫി അല്ലെങ്കിൽ ഹൈപ്പർപ്ലാസിയ എന്ന് പറയുന്നത്. നേരിട്ടു രോഗലക്ഷണങ്ങളിലേക്ക് ഇത് നയിക്കാറില്ലെങ്കിലും പ്രോസ്റ്റേറ്റ് വലുതാകുന്നതിലേക്ക് ഇത് നയിക്കും. കോശങ്ങളുടെ വളർച്ച കൂടുതലാകുന്നതോടെ മൂത്രസഞ്ചിയിലും മൂത്രനാളിയിലും സമ്മർദ്ദം ഉണ്ടാകുകയും രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രം പോകുക, രാത്രിയിൽ ഉണരുക തുടങ്ങിയ വിവിധ ലക്ഷണങ്ങൾ ഈ പ്രശ്നമുള്ളവർ നേരിടാറുണ്ട്.
പ്രായപൂർത്തിയായ പുരുഷന്മാരിൽ കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പ്രോസ്റ്റേറ്റ് കാൻസർ. രോഗലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും വളരുന്തോറും രോഗത്തിലേക്ക് നയിക്കുന്നതിന് പ്രോസ്റ്റേറ്റിലെ മുഴകൾ കാരണമാകും. മൂത്ര തടസ്സം, പുറം, ഇടുപ്പുകളിൽ വേദന, മൂത്രത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളായി മാറാം.
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടാകുമ്പോൾ സംഭവിക്കുന്ന മറ്റൊരു അവസ്ഥയാണ് പ്രോസ്റ്റാറ്റിറ്റീസ്. പ്രോസ്റ്റേറ്റിലെ ബാക്ടീരിയൽ അണുബാധ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണിത്. പനി, മൂത്രമൊഴിക്കുമ്പോൾ വേദന, ബുദ്ധിമുട്ട്,ജനനേന്ദ്രിയ ഭാഗത്ത് വേദന, മൂത്രത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവ രോഗലക്ഷണങ്ങളാകാം.
ഒഴിവാക്കാവുന്ന കാരണങ്ങൾ
ഹോർമോണിലെ മാറ്റങ്ങൾ ഉൾപ്പെടെ പ്രോസ്റ്റേറ്റ് രോഗങ്ങൾക്ക് കാരണമാകാറുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന അണുബാധകൾ, ജനിതക ഘടകങ്ങളിലെ മറ്റ് പ്രശ്നങ്ങൾ എന്നിവയും രോഗത്തിലേക്ക് നയിക്കാം. അമിതവണ്ണം കുറച്ചും, പഴങ്ങളും, പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരങ്ങൾ കഴിച്ചും മദ്യപാനം, അമിതമായ കാപ്പിയുടെ ഉപയോഗം എന്നിവ ഒഴിവാക്കിയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിന് ഉപകരിക്കും.
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സകൾ തേടുന്നതാണ് ഉചിതം. മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്, മൂത്രത്തിൽ കൂടി ഇടയ്ക്കിടെ രക്തം വരിക, ശരീരത്തിലും ജനനേന്ദ്രിയങ്ങളിലും വേദനകൾ ഉണ്ടാകുക, ഇതിന്റെ ഭാഗമായി പനി, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഡോക്ടറെ കണ്ട് ചികിത്സകൾ തേടേണ്ടതുണ്ട്.
കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ
മൂത്രപരിശോധന,പ്രോസ്റ്റേറ്റ് ആന്റിജൻ പരിശോധന, അൾട്രാസൗണ്ട്, എംആർഐ പരിശോധനകൾ, പ്രോസ്റ്റേറ്റ് ബയോപ്സി, സിസ്റ്റോസ്കോപ്പി തുടങ്ങിയ പരിശോധനകൾ വഴിയാണ് രോഗങ്ങൾ സ്ഥിരീകരിക്കുക. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കൃത്യമായി നിർണയിച്ച് ചികിത്സിച്ചില്ലെങ്കിൽ വൃക്ക തകരാറുകൾ, വൃക്കയിലെ കല്ലുകൾ, ദീർഘകാല മൂത്രാശയ പ്രശ്നങ്ങൾ എന്നിവയിലേക്കു നയിക്കുന്നതിനും കാരണമാകും