ADVERTISEMENT

അറുപതു വയസ്സു കഴിയുന്നതോടെ പുരുഷന്മാർ പലരും യാത്രകൾക്കു മടിക്കും. സാമൂഹിക ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കും- വില്ലൻ മൂത്രസംബന്ധിയായ പ്രശ്നങ്ങളാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരിക, മൂത്രം പിടിച്ചു നിർത്താനാകാതെ വരിക, ​അറിയാതെ മൂത്രം പോവുക എന്നീ പ്രശ്നങ്ങളാണു യാത്രകളിൽ നിന്ന് അവരെ വിലക്കുന്നത്. പുരുഷഗ്രന്ഥി എന്നറിയപ്പെടുന്ന പ്രോസ്േറ്ററ്റ് എന്ന ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം ലക്ഷണങ്ങളിലേക്കു നയിക്കുന്നത്. പുരുഷനിലെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമാണ് ഈ ഗ്രന്ഥി. ശുക്ലത്തിന്റെ 30% പ്രോസ്േറ്ററ്റിൽ നിന്നാണു വരുന്നത്. ഇതു പുരുഷ ബീജത്തിന്റെ ചലനത്തെയും പോഷണത്തെയും സഹായിക്കുന്നു. പ്രോസ്േറ്ററ്റ് വലുതാകുന്ന ബിപിഎച്ച് (Bening Prostate Hypertrophy) ആണു പ്രധാന പ്രശ്നം.

മൂത്രധാര നേർത്തു പോവുക.,​അടിക്കടി മൂത്രമൊഴിക്കേണ്ടി വരിക., ​മൂത്രമൊഴിച്ചു തീരാറാകുമ്പോൾ തുള്ളിതുള്ളിയായി പോവുക, മൂത്രം പിടിച്ചു നിർത്താനാകാതെ വരിക, ​അറിയാതെ മൂത്രം പോവുക എന്നിവയെല്ലാം പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. ​രാത്രി അടിക്കടി ടോയ്‌ലറ്റിൽ പോകാൻ എഴുന്നേൽക്കുന്നതു കാരണം പലർക്കും ഉറക്കം തടസ്സപ്പെടുന്ന അവസ്ഥ വരാം.

ADVERTISEMENT

സർജറി എപ്പോൾ ?

മരുന്നു കഴിച്ചിട്ടും മൂത്രസംബന്ധിയായ പ്രശ്നങ്ങൾ മാറുന്നില്ലെങ്കിൽ സർജറി ആവശ്യമായി വരും. മൂത്രം തീരെ പോകാതെ വരിക, കൂടെക്കൂടെ മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ കൂടി രക്തം പോവുക എന്നീ സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

ADVERTISEMENT

∙ വയർ തുറന്നുള്ള ശസ്ത്രക്രിയ അഥവാ ഓപ്പൺ പ്രോസ്‌റ്റാറ്റെക്‌ടമി ഇപ്പോൾ വളരെ അപൂർവമായേ നടത്താറുള്ളൂ. വളരെ വലിയ പ്രോസ്റ്റേറ്റ് നീക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്.

∙ ​താക്കോൽദ്വാര രീതി– ലാപ്രോസ്കോപിക് റാഡിക്കൽ പ്രോസ്‌റ്റാറ്റെക്‌ടമിയിൽ ഉദരഭിത്തിയിൽ ഉണ്ടാക്കുന്ന ചെറു സുഷിരങ്ങളിലൂടെ പ്രത്യേക ഉപകരണങ്ങൾ കടത്തി പ്രോസ്‌റ്റേറ്റ് നീക്കം ചെയ്യുന്നു. വലുപ്പമുള്ള പ്രോസ്േറ്ററ്റ് നീക്കാനാണ് ഈ രീതിയും ഉപയോഗിക്കുന്നത്.

ADVERTISEMENT

റോബട്ടിക് രീതി

​റോബട്ടിക് പ്രോസ്‌റ്റാറ്റെക്‌ടമിയിൽ റോബട്ടിക് സംവിധാനം ഉപയോഗിച്ചു, താക്കോൽദ്വാര രീതി വഴി പ്രോ‌സ്റ്റേറ്റ് ഗ്രന്ഥി നീക്കുന്നു. ഈ രീതിയിൽ വേദനയും രക്‌തനഷ്‌ടവും കുറവാണ്. എളുപ്പം സുഖം പ്രാപിക്കാം, സാധാരണ ജീവിതത്തിലേക്കു മടങ്ങാം.

ചെറിയ വീക്കമേ ഉള്ളുവെങ്കിൽ

​ചെറിയ വീക്കത്തിനു പലതരം ശസ്ത്രക്രിയാ രീതികൾ ഉപയോഗിക്കുന്നു.

​∙ TURP (ട്രാൻസ് യുറീത്രൽ റീസെക്‌ഷൻ ഒാഫ് പ്രോസ്േറ്ററ്റ്): മൂത്രനാളിക്കു ചുറ്റുമുള്ള പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമുള്ള ഉൾഭാഗം നീക്കം ചെയ്യുന്നു. സർജിക്കൽ ചികിത്സാരീതികളിലെ ഗോൾഡ് സ്റ്റാൻഡേഡ് രീതിയാണിത്.

∙ ​TUIP (ട്രാൻസ് യുറീത്രൽ ഇൻസിഷൻ ഒാഫ് പ്രോസ്േറ്ററ്റ്): വളരെ ചെറിയ പ്രോസ്‌റ്റേറ്റ് വീക്കം ട്രാൻസ് യുറീത്രൽ ഇൻസിഷൻ ഒാഫ് പ്രോസ്‌റ്റേറ്റ് സങ്കേതം ഉപയോഗിച്ചു ചികിത്സിക്കാം.

∙ ​TUMT (ട്രാൻസ് യുറീത്രൽ മൈക്രോവേവ്): മൈക്രോവേവ് തരംഗങ്ങൾ ഉപയോഗിച്ചു പ്രോസ്‌റ്റേറ്റ് കലകൾ നീക്കുന്നു. ഇതു വളരെ കുറച്ചുമാത്രം മുറിവുകളുണ്ടാക്കുന്ന (മിനിമലി ഇൻവേസീവ്) ചികിത്സയാണ്.

​∙ ലേസർ ചികിത്സ–​ഹോൾമിയം, തുളിയം മുതലായ ലേസറുകൾ പ്രോസ്‌റ്റേറ്റ് വീക്കത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. വളരെ വലുപ്പമേറിയ പ്രോസ്‌റ്റേറ്റിനെ രക്തനഷ്ടം തീരെ ഇല്ലാതെ ചികിത്സിക്കുവാൻ ഈ രീതിയിലൂടെ സാധിക്കും.

പുതിയ സർജറികൾ
രണ്ടു പുതിയ ശസ്ത്രക്രിയാരീതികളും വന്നിട്ടുണ്ട്.

​∙ PUL: പ്രോസ്‌റ്റാറ്റിക് യുറീത്രൽ ലിഫ്റ്റ്– ഈ രീതിയിൽ ലൈംഗികപ്രശ്‌നങ്ങൾ ഒഴിവാക്കാം. കനംകുറഞ്ഞ ചെറിയ ഇംപ്ലാന്റുകൾ വലുതായ പ്രോസ്‌റ്റേറ്റിന്റെ രണ്ടു ഭാഗത്തും നിക്ഷേപിച്ചു മൂത്രനാളി ഞെരുങ്ങിയിരിക്കുന്ന അവസ്ഥ മാറ്റുകയാണു ചെയ്യുന്നത്.

∙ വാട്ടർ വേപർ തെർമൽ തെറപ്പി– സ്റ്റീം ഉപയോഗിച്ചു പ്രോസ്േറ്ററ്റ് കലകൾ ബാഷ്പീകരിച്ചു കളയുന്നു. ഇതിനു 15–20 മിനിറ്റേ എടുക്കൂ. ലോക്കൽ അനസ്തീസിയ നൽകി ചെയ്യാം. വളരെ പെട്ടെന്നു തന്നെ ദൈനംദിന പ്രവൃത്തികൾ തുടരാനാകും.

ഡോ. രാജു ഏബ്രഹാം

കൺസൽറ്റന്റ് യൂറോളജിസ്റ്റ്,
ആൻഡ്രോളജിസ്റ്റ്
കൃഷ്ണ ഹോസ്പിറ്റൽ, കടവന്ത്ര, കൊച്ചി

English Summary:

Prostate problems significantly impact men over 60, causing urinary issues that lead to reluctance in travel and social participation. Understanding the symptoms and available surgical treatments for conditions like Benign Prostatic Hypertrophy (BPH) is crucial for restoring quality of life.

ADVERTISEMENT