പൊതുവെ 45 വയസ്സു കഴിഞ്ഞ പുരുഷന്മാരുടെ രോഗമായാണു പ്രോസ്റ്റേറ്റ് വീക്കത്തെ കാണുന്നത്. 60 വയസ്സു കഴിഞ്ഞ പകുതിയോളം പുരുഷന്മാരിലും 80 വയസ്സു കഴിഞ്ഞ 90 ശതമാനം പേരിലും പ്രോസ്‌റ്റേറ്റ് വലുപ്പം കൂടുന്നതു (ബിപിഎച്ച്) കൊണ്ടുള്ള ലക്ഷണങ്ങൾ പ്രകടമാകും. പ്രായമായവരിൽ സ്വാഭാവികമായി വരുന്ന ശാരീരിക മാറ്റങ്ങളുടെ ഭാഗമായിട്ടാകാം പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്കു വീക്കം വരുന്നത്. കുടുംബത്തിൽ ആർക്കെങ്കിലും പ്രത്യേകിച്ചു പിതാവോ സഹോദരനോ പോലെ അടുത്ത രക്തബന്ധത്തിലുള്ളവർക്കു പ്രോസ്‌റ്റേറ്റ് പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും വരാം. അലസജീവിതം നയിക്കുന്നവരിൽ പ്രോസ്റ്റേറ്റ് രോഗം വരാൻ സാധ്യത കൂടും.
സാധാരണ പുരുഷന്മാരേക്കാൾ, ബിപിഎച്ച് ഉള്ളവർക്കു പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുന്നത് അനുസരിച്ച് ഈ അപകട സാധ്യത വർധിക്കാം. കുടുംബത്തിൽ പ്രോസ്േറ്ററ്റ് കാൻസറിന്റെ പാരമ്പര്യം, പ്രത്യേകിച്ച്, പിതാവോ സഹോദരനോ പോലെ അടുത്ത രക്തബന്ധത്തിലുള്ളവർക്ക്, ഉണ്ടെങ്കിലോ അടിക്കടി പ്രോസ്േറ്ററ്റ് അണുബാധ വരുന്നുണ്ടെങ്കിലോ പ്രത്യേകം ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ എന്തൊക്കെ ?
പ്രോസ്േറ്ററ്റ് ഗ്രന്ഥിക്കു വരുന്ന കാൻസറിനു സാധാരണഗതിയിൽ ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എങ്കിലും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
∙ കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, പ്രത്യേകിച്ചു രാത്രിയിൽ.∙ മൂത്രം പിടിച്ചുവയ്ക്കാനുള്ള ബുദ്ധിമുട്ട്.
∙ മൂത്രം ഒഴിച്ചാലും പൂർണമായും ഒഴിഞ്ഞുപോയില്ലെന്നുള്ള തോന്നൽ. ∙ മൂത്രം തുള്ളിതുള്ളിയായി പോവുക.
∙ മൂത്രത്തിൽ രക്തം.
∙ മൂത്രതടസ്സം.
∙ നടുവേദന.
ഇവ പ്രോസ്റ്റേറ്റ് വീക്കത്തിന്റെയും അണുബാധയുടെയും ലക്ഷണമാകാം. അതുകൊണ്ട് അനാവശ്യ ഭീതി ആവശ്യമില്ല. എങ്കിലും ഡോക്ടറെ കണ്ടു ഗുരുതരമായ പ്രശ്നമൊന്നുമില്ല എന്നുറപ്പാക്കണം.
തിരിച്ചറിയാനുള്ള പരിശോധനകൾ
പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ തന്നെയാണ് ആദ്യം ചെയ്യുക. കൂടാതെ പിഎസ്എ രക്തപരിശോധനയും ചെയ്യുന്നു. പിഎസ്എ കൂടുതലാണെങ്കിൽ ബയോപ്സി ചെയ്തു രോഗം ഉറപ്പാക്കാം.
പിഎസ്എ സ്ക്രീനിങ്
പ്രോസ്േറ്ററ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന എൻസൈം ആണ് പിഎസ്എ(Prostate Specific Antigen). പ്രോസ്േറ്ററ്റ് കാൻസർ ഉള്ളവരിൽ ഇതിന്റെ അളവു സാധാരണയിലും കൂടുതലായിരിക്കും. പക്ഷേ, ബിപിഎച്ച് ഉള്ളവരിലും പ്രോസ്േറ്ററ്റ് ഗ്രന്ഥിയിൽ അണുബാധ ഉള്ളവരിലും പിഎസ്എയുടെ അളവു കൂടുതലാകാം. അതുകൊണ്ടു വളരെ ശ്രദ്ധാപൂർവമേ ഇതു രോഗനിർണയത്തിന് ഉപയോഗിക്കാവൂ.
55 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രണ്ടു വർഷം കൂടുമ്പോൾ പിഎസ്എ സ്ക്രീനിങ് നടത്തുന്നതു പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. സാധാരണഗതിയിൽ 80 വയസ്സു കഴിഞ്ഞവരിൽ പിഎസ്എ, സ്ക്രീനിങ് പരിശോധനയായി നിർദേശിക്കാറില്ല. പക്ഷേ, പ്രോസ്േറ്ററ്റ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഉള്ളവരിലും ഒരിക്കൽ പ്രോസ്റ്റേറ്റ് കാൻസർ വന്നിട്ടുള്ളവരിലും ഇതു ചെയ്യാം.
കാൻസർ ചികിത്സ എങ്ങനെ?
പ്രോസ്േറ്ററ്റ് ഗ്രന്ഥിയെ മാത്രമേ കാൻസർ ബാധിച്ചിട്ടുള്ളൂ എങ്കിൽ ശസ്ത്രക്രിയയാണ് അനുയോജ്യം. രോഗിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണം. അർബുദം ബാധിച്ച ഗ്രന്ഥിയും ചുറ്റുപാടുമുള്ള കോശങ്ങളും കഴലകളും കൂടി നീക്കി പൂർണരോഗമുക്തി ഉറപ്പാക്കാം. ശസ്ത്രക്രിയ സാധ്യമല്ലെങ്കിൽ ഹോർമോൺ ചികിത്സയും റേഡിയേഷൻ തെറപ്പിയും ഉപയോഗിക്കാം.
അർബുദം പടർന്നിട്ടുണ്ടെങ്കിൽ പുരുഷ ഹോർമോണിന്റെ അളവു കുറയ്ക്കുകയും പ്രവർത്തനം തടയുകയും ചെയ്യുന്നു. ഇതോടൊപ്പം കീമോതെറപ്പിയും വേണ്ടിവരും.
നാലാം ഘട്ടത്തിലാണു രോഗം കണ്ടെത്തുന്നതെങ്കിൽ പോലും ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനും വർഷങ്ങളോളം സാധാരണ ജീവിതം നയിക്കാനും കഴിയും എന്നതാണു പ്രോസ്േറ്ററ്റ് അർബുദത്തിന്റെ നല്ലവശം.