Thursday 24 November 2022 11:17 AM IST

‘ഇഞ്ചിയും നാരങ്ങയും ഇട്ടു തിളപ്പിച്ച വെള്ളം, മട്ടൻ പ്രിയ വിഭവം, ഉച്ചഭക്ഷണം നിർബന്ധമില്ല’: ജോയ്സിയുടെ ആരോഗ്യകഥ

Sruthy Sreekumar

Sub Editor, Manorama Arogyam

joysy-writer

ജോയ്സി– മലയാളികൾക്ക് ആമുഖം ആവശ്യമില്ലാത്ത തൂലികാനാമം.എഴുപത്തഞ്ചോളം നോവലുകൾ, പത്തോളം ടെലിവിഷൻ സീരിയലുകൾ– ജനപ്രിയതയുെട കാര്യത്തിൽ മെഗാഹിറ്റ് മേക്കറാണ് ജോയ്സി. മനുഷ്യശരീരത്തേയും മനസ്സിനെയും തൂലികയുെട ശക്തിയാൽ നിയന്ത്രിക്കുന്ന ഈ എഴുത്തുകാരന്റെ ആരോഗ്യജീവിതം എങ്ങനെയാണ്? ആ ജീവിതത്തിലേക്കു ജോയ്സി തന്നെ നമ്മെ കൂട്ടികൊണ്ടുപോകുന്നു.

∙കൃത്യമായ ദിനചര്യ – പാലിക്കാൻ പ്രയാസം

തിരക്കുപിടിച്ച ജോലിക്കിടെ കൃത്യമായ ദിനചര്യ പാലിക്കാൻ കഴിയാറില്ല.പലപ്പോഴും ഉണരുന്നതും ഉറങ്ങുന്നതുമൊക്കെ പല സമയങ്ങളിലായിരിക്കും. നോവലും സീരിയലുമൊക്കെ കൃത്യസമയത്ത് പൂ ർത്തിയാക്കേണ്ടതിനാൽ ഉറങ്ങുന്നതിലും ഉണരുന്നതിലും കൃത്യനിഷ്ഠ ഇല്ല.

∙ആഹാരം – നിർബന്ധങ്ങൾ ഇല്ല

ആഹാരകാര്യങ്ങളിൽ പ്രത്യേക നിർബന്ധങ്ങൾ ഒന്നും ഇല്ല. ഗുളികരൂപത്തിൽ ആഹാരം കിട്ടിയാൽ അത്രയും നന്ന് എന്നു കരുതും. കാരണം ഒരു പാത്രം എടുക്കുക, അതിൽ ചോറും കറികളും വിളമ്പുക,അതു കഴിക്കുക... ഇതെല്ലാം ബുദ്ധിമുട്ടായി കരുതുന്ന ആളാണ് ഞാൻ.രാവിലെ എണീറ്റാൽ ഇഞ്ചിയോ നാരങ്ങയോ ഇട്ടു തിളപ്പിച്ച വെള്ളം രണ്ടു ഗ്ലാസ് കുടിക്കും. പിന്നെ പത്രവായനയും മറ്റും കഴിഞ്ഞ് ഒരു കോഫി. അതു ഞാൻ തന്നെ തയാറാക്കും. പാലിനു പകരം പാൽപ്പൊടിയാണ് ഉപയോഗിക്കുന്നത്. അതിൽ മധുരവും ഹോർലിക്സും ചേർക്കും. ചിലപ്പോൾ കോഫിയുടെ കൂടെ നട്സോ, ഡ്രൈ ഫ്രൂട്ട്സോ കഴിക്കും. പിന്നെ പ്രഭാതഭക്ഷണം പോലും വേണ്ട. ഉച്ചഭക്ഷണം നിർബന്ധമില്ല. കോഫിയുടെ കൂടെ നട്സും മറ്റും കഴിച്ചില്ലെങ്കിൽ ഉച്ചയ്ക്കു പാളയൻകോടൻ പോലുള്ള രണ്ടു പഴം കഴിക്കും. ഇല്ലെങ്കിൽ നട്സ് തന്നെ. നാലുമണിയോടെ ചിലപ്പോൾ ചോറു കഴിക്കും. തവിടു കളയാത്ത അരി കൊണ്ടു കഞ്ഞി വച്ചു കുടിക്കുന്നത് ഇഷ്ടമാണ്. ഒപ്പം മീൻ കറിയോ തോരനോ ഉണ്ടെങ്കിൽ സന്തോഷം. അഞ്ചു മണിക്കു മുൻപു കഴിച്ചിരിക്കും. പിന്നെ രാത്രി ഒരു കോഫി.

മട്ടൻ ആണ് പ്രിയപ്പെട്ട മാംസാഹാരം. ഹോട്ടൽ ഭക്ഷണവും വറുത്ത വിഭവങ്ങളും ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. യാത്രാവേളകളിൽ ദീർഘദൂരയാത്രയാണെങ്കിൽ പോലും യാത്ര തുടങ്ങുന്നിടത്തു നിന്നു കഴിച്ചാൽ പിന്നെ യാത്ര തീർന്നു കഴിഞ്ഞേ കഴിക്കൂ. ഇടയ്ക്കു വെള്ളം കുടിക്കും.സൗഹൃദ കൂട്ടായ്മയ്ക്കിടെ ചെറിയ അളവിൽ , മൂന്നോ നാലോ മാസം കൂടുമ്പോൾ മദ്യം കഴിക്കും എന്നല്ലാതെ മദ്യത്തിന്റെ ലഹരി എന്നെ കീഴടക്കിയിട്ടില്ല.

∙എഴുത്തിലെ സമ്മർദം

എഴുതാനുള്ളത് എല്ലാം മനസ്സിൽ അടുക്കിവച്ചിട്ടാണ് എഴുതാൻ ഇരിക്കുന്നത്. ആകെയുള്ള സ്ട്രെസ്സ് എന്നു പറയുന്നത് കൊടുക്കാമെന്നേറ്റ സമയത്തു തന്നെ എഴുതി തീർത്തു കൊടുക്കണമല്ലോ എന്നതാണ്. എഴുതാൻ തുടങ്ങിയാൽ പിന്നെ കുഴപ്പമില്ല. അതുവരെ കുറച്ചു പ്രയാസമാണ്. കഴിവതും എഴുത്ത് ഒഴിവാക്കാൻ നോക്കും...ഒഴിവാക്കാനുള്ള എല്ലാ ഉപായങ്ങളും നോക്കിയശേഷം ഒടുവിൽ എഴുത്തിൽ തന്നെ വന്നുവീഴും, ഈയാംപാറ്റ വിളക്കിൽ വന്നു വീഴും പോലെ... ചിലപ്പോൾ എഴുത്ത് ഞാൻ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്കു വരാതെ പോ കും. ഇതു നിരാശ വരുത്താറുണ്ട്. അപ്പോൾ കുറച്ചു സമയം ഉറങ്ങും. പിന്നെ എഴുന്നേറ്റ് എഴുതാനിരിക്കുമ്പോൾ എല്ലാം ശരിയാകും.

∙ സ്ഥിരമായി ഷട്ടിൽ കളി

ചെറുപ്പത്തിൽ വോളിബോൾ കളിക്കുമായിരുന്നു. സ്പോർട്സിനോടു വലിയ കമ്പമാണ്. ഇടുക്കിയിൽ നിന്നു കോട്ടയത്തു വന്ന ശേഷമാണ് ഷട്ടിൽ കളി തുടങ്ങുന്നത്. താമസസ്ഥലം ശരിയാക്കുന്നതുപോലും ഷട്ടിൽ കോർട്ടിന് അടുത്തായിരിക്കും. യാത്രാവേളകളിൽ യോഗയും നടത്തവുമാണു വ്യായാമം.

∙ചെക്കപ്പുകൾ അത്യാവശ്യം

പത്തുവർഷം മുൻപു വരെ ഹെൽത് ചെക്കപ്പുകൾ ഒന്നും ചെയ്തിരുന്നില്ല. 2013ൽ പരിഗോധന നടത്തിയപ്പോൾ പ്രമേഹമുണ്ടെന്നു കണ്ടു.എച്ച്ബിഎവൺ സി 9.7 ആയിരുന്നു. തുടർന്നു മരുന്നു കഴിക്കാൻ തുടങ്ങി. ഇ പ്പോൾ പ്രമേഹം നിയന്ത്രണവിധേയമാണ്. കൃത്യമായി ചെക്കപ്പുകൾ ചെയ്യാറുണ്ട്. ആരോഗ്യമാണ് ഏറ്റവും വലിയ ധനം എന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാൻ. ഇടയ്ക്ക് വച്ച് ഫാറ്റി ലിവർ ഗ്രേഡ് 2 ആണെന്നു കണ്ടെങ്കിലും അതു തുടക്കത്തിലേ തന്നെ മരുന്നു കഴിച്ചു പരിഹരിച്ചു. 50 വയസ്സു കഴിഞ്ഞാൽ കൃത്യമായി ചെക്കപ്പ് നടത്തണമെന്നാണ് എന്റെ അഭിപ്രായം.

മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങൾ ചിന്തിക്കാതിരിക്കുക എന്നതാണ് ടെൻഷൻ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം. അത് വിട്ടേക്ക് എന്ന് ഞാൻ എന്റെ മനസ്സിനോടു തന്നെ പറയും.. പിന്നെ പ്രശ്നമില്ല...