പൈൽസ്, ഫിഷർ എന്നു കേൾക്കുമ്പോൾ തന്നെ അസഹ്യമായ വേദനയും ദുരിതവും ആണ് ഭൂരിഭാഗം പേർക്കും ഓർമ വരുക. പൈൽസ് എന്നു പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിനു ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ മലവിസർജനത്തിനായി മുക്കുന്നവർ, ഗർഭകാലത്തും പ്രസവശേഷവും ദീർഘനേരം ഇരുന്ന് ജോലി െചയ്യുന്നവർ, വിട്ടുമാറാത്ത വയറിളക്കം െകാണ്ട് ബുദ്ധിമുട്ടുന്നവർ മുതലായവരിൽ മലദ്വാരത്തിനു ചുറ്റുമുള്ള ഞരമ്പുകളിൽ സമ്മർദം വർധിക്കുകയും പൈൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
പൈൽസ് നാല് ഘട്ടങ്ങൾ
വൻകുടലിന്റെ അവസാനഭാഗത്താണ് മലാശയം. മലാശയത്തിൽ നിന്നും മലദ്വാരത്തിലേക്കുള്ള നാല് സെന്റീമീറ്റർ ഭാഗമാണ് ഏനൽ കനാൽ. മലദ്വാരം മുതലുള്ള 1.5 സെ.മീ ഭാഗം സംവേദനക്ഷമമായ നാഡികളുള്ള ഭാഗമാണ്. ഈ ഭാഗത്തിനു തൊട്ടുമുകളിലാണ് െഡന്റേറ്റ് ലൈൻ. ഈ ലൈനിന് മുകളിലാണ് പൈൽസെങ്കിൽ അത് ഇന്റേണൽ പൈൽസ്. താഴേക്കു തള്ളി നിന്നാൽ എക്സ്റ്റേണൽ പൈൽസ്. പൈൽസ് പൊതുവെ നാല് ഗ്രേഡായി തിരിച്ചിട്ടുണ്ട്. ∙ ഗ്രേഡ് 1 : അകത്തേ പൈൽസ് ചെറുതായി പുറത്തേക്ക് വരുന്നു. പക്ഷേ പുറത്തേക്കു തള്ളിവരുന്നില്ല. ചിലരിൽ രക്തസ്രാവം ഉണ്ടാകാം. രക്തസ്രാവം കാണുന്നില്ലെങ്കിൽ പൈൽസ് ഉണ്ടെന്ന് രോഗി തിരിച്ചറിയില്ല. ∙ ഗ്രേഡ് 2 : മലവിസർജനത്തിനായി അമിത സമ്മർദം ചെലുത്തുമ്പോൾ പൈൽസ് പുറത്തേക്ക് വരും. എന്നാൽ മലവിസർജനം കഴിയുന്നതോടെ കയറിപ്പോകും. രക്തസ്രാവം ഉണ്ടാകും. മലബന്ധം ഉണ്ടാകാതെ നോക്കിയാൽ ചികിത്സ വേണ്ടിവരില്ല. ∙ ഗ്രേഡ് 3 : സമ്മർദം ചെലുത്തിയില്ലെങ്കിലും മലവിസർജനസമയത്ത് പൈൽസ് മലദ്വാരത്തിലൂെട പുറത്തേക്കു തള്ളിവരുന്നു. കൈ കൊണ്ട് തള്ളിയാൽ അകത്തേക്ക് കയറിപോകും. നീരൊലിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടായേക്കാം. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരാം. ∙ ഗ്രേഡ് 4 : ഒരു പന്ത് പോലെ പൈൽസ് മലദ്വാരത്തിൽ നിന്നു തള്ളിനിൽക്കുന്നു. ഇത് അകത്തേക്കു കയറിപോകില്ല. ഈ ഘട്ടത്തിൽ രക്തസ്രാവമോ ശ്ലേഷ്മദ്രാവകം ഒലിക്കുന്നതുമൂലമുള്ള ചൊറിച്ചിലോ ഉണ്ടാകാം. കടുത്ത വേദനയും അനുഭവപ്പെടാം.
എന്താണ് ഫിഷർ?
ഫിഷറെന്നു പറയുന്നത് മലദ്വാരത്തിലെ മൃദുവായ ചർമത്തിലുണ്ടാകുന്ന വിള്ളലുകൾ ആണ്. കഠിനമായ വേദനയും രക്തസ്രാവവും ആണ് ഇതിന്റെ ലക്ഷണങ്ങൾ. പലപ്പോഴും മലബന്ധമാണ് ഫിഷറുകൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. അതോടൊപ്പം തന്നെ മലദ്വാരത്തിലുള്ള പേശികളിൽ ഉണ്ടാകുന്ന സങ്കോചം വേദനയും മലബന്ധവും വർധിപ്പിക്കുകയും ഫിഷറിനു ചുറ്റുമുള്ള േകാശങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും െചയ്യും. ഇതുമൂലം ഫിഷറുകൾ ഉണങ്ങാതെ വരുകയും െചയ്യുന്നു.
േരാഗം വന്നതിനുശേഷം ചികിത്സിക്കുന്നതിലും നല്ലത് വരാതെ പ്രതിരോധിക്കുക എന്നതാണ്. ആയതിനാൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മലവിസർജനശീലങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പൈൽസും ഫിഷറും വരാതെ നോക്കുന്നതിൽ പ്രധാനമാണ്.
മലബന്ധം ഒഴിവാക്കുക
മലബന്ധം ഒഴിവാക്കുക എന്നതാണ് േരാഗപ്രതിരോധത്തിന് അത്യാവശ്യമായ ഘടകം. ഇതിനായി ഭക്ഷണത്തിൽ ധാരാളമായി നാരുകൾ ഉള്ള പദാർഥങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. നാര് കുറഞ്ഞ, റിഫൈൻ െചയ്തതും പ്രോസസ് െചയ്തതുമായ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ മുതലായവ ആണ് നാര് കൂടുതലുള്ള ഭക്ഷണങ്ങൾ. നാരുകൾ െപാതുവെ ദഹിക്കാറില്ല. മറിച്ച് അവ ദഹിക്കാതെ വൻകുടലിൽ എത്തുമ്പോൾ മലത്തിന്റെ അളവ് കൂടുകയും ജലാംശം വര്‍ധിക്കുകയും മലം മൃദുവാകുകയും െചയ്യുന്നു.
ഏകദേശം 20 മുതൽ 30 ഗ്രാം വരെ നാര് ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ മലവിസർജനം സുഖമാവും. ഇത്രയും നാര് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിൽ കടകളിൽ ലഭ്യമാവുന്ന സൈലിയം, മീതൈൽ സെല്ലുലോസ്, വീറ്റ് ഡെക്സ്ട്രിൻ, കാൽസ്യം പോളികാർബോഫിൽ, ബ്രാൻ മുതലായ സപ്ലിമെന്റുകൾ ദിവസേന കഴിക്കാവുന്നതാണ്. എല്ലാ ദിവസവും കഴിച്ചാലും പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള ഫൈബറുകൾ ദീർഘകാലം തുടരേണ്ടതില്ല. മലബന്ധം മാറിയാൽ ഒഴിവാക്കാം.
ഭക്ഷണത്തിൽ അധികമായി നാരുകൾ ഉൾപ്പെടുത്തുമ്പോൾ വയറ് െചറുതായി വീർത്ത് ഗ്യാസ് നിറയുന്നതുപോലെ അനുഭവപ്പെടാം. ഇത് ഒഴിവാക്കാനായി ഭക്ഷണത്തിലെ നാരിന്റെ അളവ് ക്രമേണ കൂട്ടി ആവശ്യമായി അളവായ ഒരു ദിവസം 20–30 ഗ്രാം എന്ന അളവിലേക്ക് എത്തിക്കാവുന്നതാണ്.
നാരുള്ള ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുകയും വേണം. ഒരു ദിവസം 6 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കുകയാണെങ്കിൽ മലബന്ധം ഒഴിവാക്കാം.
നാരുകൾ െകാണ്ട് മാത്രം മലബന്ധം ഒഴിവാക്കാനാകുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ലാക്‌സേറ്റീവ് പോലുള്ള മരുന്നുകളെ ആശ്രയിക്കുന്നതിൽ തെറ്റില്ല. ചിട്ടയായ വ്യായാമം വൻകുടലിന്റെ ചലനം വർധിപ്പിക്കുന്നതിലും മലബന്ധം ഒഴിവാക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ടോയ്‌ലറ്റ് ശ്രദ്ധിക്കുക
മലവിസർജനം സുഖമാകണമെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകൾ ഏത് തരമാണ് എന്നുള്ളതിന് പ്രാധാന്യമുണ്ട്. നമ്മൾ ക്ലോസറ്റിൽ ഇരിക്കുമ്പോൾ മലസഞ്ചിയും മലദ്വാരവും തമ്മിലുള്ള കോൺ ഒരു നേർരേഖയിൽ ആണെങ്കിൽ മലവിസർജനം എളുപ്പമായിരിക്കും. ഇന്ത്യൻ ക്ലോസറ്റുകളിൽ ഇരിക്കുമ്പോൾ ഈ കോൺ നേർരേഖയിലാണ്. വെസ്റ്റേൺ ക്ലോസറ്റുകളിൽ ഇരിക്കുവാൻ സുഖമാണെങ്കിലും മലസഞ്ചിയും മലദ്വാരവും തമ്മിലുള്ള കോൺ 180 ഡിഗ്രിയിൽ നിന്ന് കുറയുകയും ചിലപ്പോൾ 90 ഡിഗ്രി ആയി മാറുകയും െചയ്യുന്നു. ഇങ്ങനെ വരുമ്പോൾ മലസഞ്ചിയുടെ വായ് ഭാഗം അടയുകയും മലവിസർജനം ബുദ്ധിമുട്ടാവുകയും െചയ്യുന്നു. ആയതിനാൽ മലബന്ധം ഉള്ളവർ ഇന്ത്യൻ ക്ലോസറ്റുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
പ്രായാധിക്യം മൂലമോ മുട്ടിനു തേയ്മാനം ഉള്ളതുകൊണ്ടോ വെസ്റ്റേൺ ക്ലോസറ്റിനെ ആശ്രയിക്കേണ്ടി വരുകയാണെങ്കിൽ ചിത്രത്തിൽ (അടുത്ത പേജ് നോക്കുക) കാണിച്ചിരിക്കുന്നതുപോലെ കാലുകൾ ഒരു സ്റ്റൂളിൽ കയറ്റിവയ്ക്കുന്നത് ഒരുപരിധിവരെ മലസഞ്ചിയും മലദ്വാരവും തമ്മിലുള്ള കോൺ ഒരു നേർരേഖയിൽ ആക്കുവാൻ സാധിക്കും.
ഒരുപാട് ഇരിക്കരുത് ?
അധികനേരം ടോയ്‍ലറ്റ് സീറ്റിൽ ഇരുന്ന് മുക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. അങ്ങനെ െചയ്യുമ്പോൾ മലസഞ്ചിയും മലദ്വാരവും തമ്മിലുള്ള കോൺ കൂടുതൽ അക്യൂട്ട് ആവുകയും മലവിസർജനം ബുദ്ധിമുട്ടാവുകയും െചയ്യും. മാത്രമല്ല മുക്കുമ്പോൾ മലദ്വാരത്തിനു ചുറ്റുമുള്ള ഞരമ്പുകളിൽ സമ്മർദം വർധിക്കുകയും അവ വീർത്ത് പൈൽസ് ആയി വരുകയും െചയ്യുന്നു.
ടോയ്‍ലറ്റ് സീറ്റിൽ ഇരുന്നു പത്രവും മാസികകളും വായിക്കുന്നവർ അത്തരം ശീലങ്ങൾ ഒഴിവാക്കുകയും കഴിയുന്നത്ര കുറഞ്ഞ സമയം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കാൻ ശീലിക്കുകയും വേണം.
മലവിസർജനത്തിനുള്ള തോന്നൽ അനുഭവപ്പെടുമ്പോൾ തന്നെ ടോയ്‍ലറ്റിൽ ഇരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മലവിസർജനം നീട്ടിവച്ചാൽ മലം മുറുകുകയും പിന്നീട് മലവിസർജനം നടത്താൻ ബുദ്ധിമുട്ടാവുകയും െചയ്യും.
നമ്മൾ മലവിസർജനം നടത്തുമ്പോൾ മലസഞ്ചി ചുരുങ്ങുകയും മലസഞ്ചിയിലുള്ള സമ്മർദം വർധിക്കുകയും െചയ്യുന്നു. അതോടൊപ്പംതന്നെ മലദ്വാരത്തിലെ പേശികൾ അയയുകയും േവണം. ഇവ രണ്ടും ഒരേ സമയം നടന്നില്ലെങ്കിൽ മലവിസർജനം സുഖമാകില്ല. മലവിസർജനത്തിന് കൂടുതൽ മുക്കേണ്ടിവരുന്നവരിൽ ഈ രണ്ടു കാര്യങ്ങളും ഒരേ സമയം നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് ഏനോറെക്റ്റൽ മാനോമെട്രി എന്ന പരിശോധന നടത്തുകയും മാറ്റങ്ങൾ ഉണ്ടെങ്കിൽ ബയോ ഫീഡ് ബാക്ക് തെറപ്പി എന്ന ചികിത്സയിലൂടെ മലവിസർജനത്തിന് ശരിയായ രീതി പരിശീലിക്കുകയും െചയ്യുകയാണെങ്കിൽ മലവിസർജനസമയത്തുള്ള അത്യായാസം ഒഴിവാക്കാം.
മലവിസർജനത്തിനു ശേഷവും
കുളിക്കുമ്പോഴും മലദ്വാരത്തിന്റെ ഭാഗം ഉരച്ചു കഴുകുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇങ്ങനെ െചയ്താൽ ഫിഷറുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കും.
ദീർഘമായ ഇരിപ്പ് വേണ്ട
നാം ഇരിക്കുമ്പോൾ നമ്മുടെ പൃഷ്ഠഭാഗം ആണ് ഏറ്റവും ഡിപെഡന്റ് ആയ ഭാഗം. അങ്ങനെ വരുമ്പോൾ മലദ്വാരഭാഗത്ത് സമ്മർദം വർധിച്ച് പൈൽസ് ഉണ്ടാകാൻ വഴി തെളിയും. ആയതിനാൽ ദീർഘനേരം ഇരുന്ന് ജോലി െചയ്യുന്നവർ അത് സാധ്യമെങ്കിൽ ഒഴിവാക്കുക അല്ലെങ്കിൽ ഇടയ്ക്കിടെ എഴുന്നേൽക്കുകയോ നടക്കുകയോ വ്യായാമം െചയ്യുകയോ െചയ്യുന്നത് നല്ലതാണ്.
ഫിഷറിന്റെ ചികിത്സ
മരുന്നുകൾ ഏനൽ സ്ഫിങ്റ്ററിന്റെ പേശികളിൽ മർദം കുറയ്ക്കുകയും പേശീ സങ്കോചം ഇല്ലാതാക്കുകയും ചെയ്യുന്നതുവഴി ഫിഷറുകൾ ഉണങ്ങുന്നതിനു സഹായിക്കുന്നു. ഫിഷറുകളിൽ പുരട്ടുവാനുള്ള ഒായിന്റ്മെന്റ്, കാൽസ്യം ചാനൽ ബ്ലോക്കറുകൾ മുതലായ മരുന്നുകൾ ഗുണം െചയ്യും. മേൽപ്പറഞ്ഞ ചികിത്സാരീതികൾ ഫലപ്രദമല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ഫിഷറുകളെ പൂർണമായും മാറ്റാവുന്നതാണ്. ലാറ്ററൽ ഏനൽ സ്ഫിൻക്റ്ററോട്ടമി എന്ന ശസ്‌ത്രക്രിയയാണ് ഇപ്പോൾ നടത്താറ്.
പൈൽസ്– ചികിത്സകൾ
ആദ്യ ഘട്ടത്തിൽ പൈൽസ് തിരിച്ചറിയുകയാണെങ്കിൽ മരുന്നോ ചികിത്സയോ കൂടാതെ മാനേജ് െചയ്യാം. ഗ്രേഡ് 2ൽ രക്തസ്രാവം ഉണ്ടാകുന്നവർക്ക് റബർ ബാൻഡ് ലിഗേഷൻ എന്ന ലളിതമായ ചികിത്സ നല്ലതാണ്. പ്രത്യേകമായ ഒരു ഇലാസ്റ്റിക് ബാൻഡ് ഉപകരണസഹായത്തോടെ മൂലക്കുരുവിന്റെ മുകൾ ഭാഗത്ത് ഇടുന്നു. അതോടെ മൂലക്കുരുവിലേക്കുള്ള രക്തയോട്ടം നിലച്ച് അത് ചുരുങ്ങി ചെറുതായി കൊഴിഞ്ഞുപോകുന്നു. ഇതു കൂടാതെ ലേസർ ചികിത്സ, സ്ക്ലീറോതെറപ്പി, ഇൻഫ്രാറെഡ് ചികിത്സ എന്നിവയും ഈ ഘട്ടത്തിൽ െചയ്യാവുന്നതാണ്. സ്ക്ലീറോതെറപ്പിയിൽ പൈൽസിന്റെ അടിഭാഗത്തേക്ക് സ്ക്ലീറസെന്റ് മരുന്നുകൾ കുത്തിവച്ച് രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടയുന്നു. അങ്ങനെ പൈൽസ് ചുരുങ്ങിപ്പോകും.
ഇൻഫ്രാറെഡ്, ലേസർ, ചികിത്സകളിൽ വിവിധതരം താപോർജ്ജം പൈൽസിലേക്ക് കടത്തിവിട്ട് അതിലെ രക്തക്കുഴലുകളെയും കലകളെയും കരിച്ചുകളയുന്നു. പൈൽസിനു നിലവിലുള്ള പുതിയ ശസ്ത്രക്രിയാ രീതിയാണ് സ്റ്റേപ്ലർ ഹെമറോയ്ഡെക്ടമി. മിനിമലി ഇൻവേസീസ് പ്രോക്ടോ ഹെമറോയ്ഡെക്ടമി എന്നും പറയും. വേദന കുറവുള്ള ഒരു ചികിത്സാരീതിയാണിത്. ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രിവാസം മാത്രമെ വേണ്ടിവരൂ. പ്രത്യേകതരം ഉപകരണം ഉപയോഗിച്ച് തള്ളിനിൽക്കുന്ന മൂലക്കുരുവിനെ വൃത്താകൃതിയിൽ മുറിച്ചുമാറ്റുകയും അതേസമയം മുറിവിന് മുകളിലും താഴെയും സ്റ്റേപ്പിൾ ഇടുകയും ചെയ്യുന്നു. ഗ്രേഡ് മൂന്നിന്റെ അവസാനഘട്ടത്തിലും ഗ്രേഡ് നാലിലും ആണ് ഈ രീതി ഏറ്റവും അനുയോജ്യമെങ്കിലും ഗ്രേഡ് ഒന്നിലും രണ്ടിലുമെല്ലാം ഇതു െചയ്യുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജിജോ വി. ചെറിയാൻ
സീനിയർ ഗ്യാസ്ട്രോ
എന്ററോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്