Tuesday 01 February 2022 02:36 PM IST

‘പലരും ചോദിക്കാറുണ്ട്, ശബ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോയെന്ന്’: പ്രഫ. അലിയാർ പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

aliyar

ശബ്ദം കൊണ്ട് മായാജാലമൊരുക്കുന്നവരാണ് വോയിസ് ആർട്ടിസ്റ്റുമാർ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും സ്വരം കൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചവർ. നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ മാസ്മര ശബ്ദഭംഗിയുടെ ആരോഗ്യരഹസ്യം അറിയാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്. പ്രമുഖരായ ചില വോയിസ് ആർട്ടിസ്റ്റുമാരുടെ ശബ്ദസംരക്ഷണ വഴികൾ അറിയാം....

ആ വരണ്ട മരുഭൂമിയിലേക്ക് ഒരു കുളിർ തെന്നലായി അവൾ കടന്നു വരുമ്പോൾ മറുവശത്ത് ചതിയുടെ കുതന്ത്രങ്ങൾ ഒരുങ്ങുകയാണ്...വിജയം ആരുടെ പക്ഷത്താകും?

പ്രഫ. അലിയാരുടെ ശബ്ദത്തിൽ ഇതു കേട്ടാൽ സ്ഥിരം സീരിയൽ കാഴ്ചക്കാരല്ലാത്തവർ പോലും ഒരുനിമിഷം കേട്ടുനിന്നു പോകും. ഈ സീരിയൽ പരസ്യ വർത്തമാനത്തിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനു മുൻപേ പ്രഫ അലിയാർ വേദികളെ കീഴടക്കി തുടങ്ങിയതാണ്. നാൽപതു വർഷമായി നാടകാഭിനയരംഗത്ത് സജീവമാണ്. കോളജ് അധ്യാപന തിരക്കുകൾക്കിടയിലും കാൽ നൂറ്റാണ്ടിലേറെയായി ഡോക്യുമെന്ററി അവതരണം, ഡബ്ബിങ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ഈ ശബ്ദം മുഴങ്ങിനിൽക്കുന്നു.

ആളുകളെ പിടിച്ചിരുത്തുന്ന ഈ ശബ്ദഗരിമയ്ക്കു പിന്നിലെ രഹസ്യം ചോദിച്ചാൽ ഒരു ചിരിയാണ് ഉത്തരം.

‘‘പലരും ചോദിക്കാറുണ്ട്, ശബ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോയെന്ന്. എന്നാൽ, ശബ്ദം സൂക്ഷിക്കാനായി പ്രത്യേകമായി യാതൊരു ചിട്ടകളും പാലിക്കാത്തയാളാണ് ഞാൻ. മാത്രമല്ല ശബ്ദത്തെ ഹനിക്കുന്ന പുകവലി പോലുള്ള ശീലങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ പുകവലിയൊക്കെ നിർത്തി.

നാടകം അവതരിപ്പിക്കുമ്പോൾ വളരെ ആളുകൾ കൂടിയിരിക്കുന്ന സ്ഥലത്ത് മൈക്ക് പോലുമില്ലാതെ നെടുങ്കൻ ഡയലോഗുകൾ ഉച്ചത്തിൽ പറയേണ്ടിവരും. അതുകൊണ്ട് എല്ലാ നാടകാവതരണത്തിനും തൊട്ടു മുൻപായി വോയിസ് കൾച്ചർ അഥവാ ശബ്ദ സംസ്കരണ അഭ്യാസങ്ങൾക്കായി കുറച്ചുസമയം ചെലവിടും. കൂടുതൽ നേരം ശബ്ദം പതറാതെ നിലനിർത്തുക, ഒരേ ശ്രുതിസ്ഥാനത്ത് തന്നെ ശബ്ദം നിർത്തുക, കഴിയുന്നത്ര ഉച്ചത്തിൽ സംസാരിച്ചു ശീലിക്കുക എന്നിവയൊക്കെയാണ് ചെയ്യുന്നത്. നാടകാവതരണത്തിന്റെ അന്ന് സംസാരം കുറയ്ക്കാനും ശ്രദ്ധിക്കും. വാക്കുകളുടെ ഉച്ചാരണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പ്രത്യേകിച്ച് ഡോക്യുമെന്ററി വിവരണം ഒക്കെ ചെയ്യുമ്പോൾ. ഒറ്റത്തവണ കേൾക്കുമ്പോഴേ പറയുന്നതിന്റെ അർഥം ആളുകൾക്ക് മനസ്സിലാകണം. അതിന്, ആ അർഥം മനസ്സിലാകുന്ന മോഡുലേഷനിൽ പറയണം. മലയാളം അധ്യാപകനായിരുന്നതുകൊണ്ട്, സാഹിത്യം പഠിച്ചതു കൊണ്ട് എനിക്കു കിട്ടിയ അധിക ഗുണമാണത്.