അരോഗദൃഢമായ യൗവനത്തിലാണു ജോർജ് ജോസഫ് എന്ന അച്ചൻകുഞ്ഞിന്റെ ജീവിതത്തിലേക്കു പ്രമേഹത്തിന്റെ വരവ്. ജീവിതചര്യയിലെ നിശ്ചയദാർഢ്യമായിരുന്നു പ്രമേഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിരോധമുറ. ഡയറ്റും വ്യായാമവും ജീവിതശൈലിയും ഉൾച്ചേർന്ന നിലപാടുകൾക്കു മുൻപിൽ പ്രമേഹം ഉലഞ്ഞു പോയി. ഇൻസുലിൻ കുത്തിവയ്പിന്റെ കഠിനതകളില്ലാതെ,
പ്രമേഹ സങ്കീർണതകളൊന്നുമില്ലാതെ 82–ാം വയസ്സിലെത്തി നിൽക്കുകയാണ് ആ ജീവിതയാത്ര. പ്രമേഹത്തോടൊപ്പം 52 വർഷങ്ങൾ പൂർത്തിയാക്കുന്ന കോട്ടയം കീഴ്കുന്ന്, അറത്തൂട്ടിൽ വീട്ടിലെ ജോർജ് ജോസഫ് മനസ്സു തുറക്കുന്നു.
ക്ഷീണത്തിൽ തുടങ്ങിയ പ്രമേഹകാലം
1972 കാലം. പതിവില്ലാത്ത കടുത്ത ക്ഷീണത്തിന്റെ കാരണമറിയാൻ മെഡി.കോളജിൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മാത്യു പാറയ്ക്കനെ കണ്ടു. അന്ന് ഞാൻ നല്ല ആരോഗ്യവാനാണ്. 80 കിലോയോളം ശരീരഭാരമുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം അഞ്ചു ദിവസത്തോളം അഡ്മിറ്റായി. അസിഡിറ്റി പ്രശ്നങ്ങൾക്കു പതിവായി ജെലൂസിൽ കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ രക്തത്തിലെ ഷുഗർ നില പരിശോധിക്കണമെന്നു ഡോക്ടർ പറഞ്ഞു.
ഷുഗർ നില 500 നടുത്ത് എത്തിയിരിക്കുന്നു.കുടുംബത്തിലാർക്കും പ്രമേഹം ഇല്ല. പാരമ്പര്യമായി വന്ന പ്രമേഹമല്ല, ജെലൂസിൻ ഗുളികയിലെ പഞ്ചസാരയാകാം കാരണം എന്നു ഡോക്ടർ വിലയിരുത്തി. മരുന്നു കഴിക്കേണ്ട, കുറച്ചു കാലത്തേക്കു ഡയറ്റും വ്യായാമവും ശ്രദ്ധിക്കണമെന്നു നിർദേശിച്ചു.അങ്ങനെ 32 –ാം വയസ്സിൽ പ്രമേഹം എന്റെ ജീവിതത്തിലേക്കു വന്നു.
ഞാൻ മുൻപേ തന്നെ വ്യായാമം ചെയ്തിരുന്നു.ഓഫീസിലേക്കു സൈക്കിളിലായിരുന്നു യാത്ര. ബാഡ്മിന്റൻ കളിച്ചിരുന്നു, നടപ്പും ഉണ്ടായിരുന്നു. എട്ടു വർഷത്തോളം ചിട്ടയായ ആഹാരനിയന്ത്രണവും വ്യായാമവും തുടർന്നു. എന്നാൽ പിന്നീടും ക്ഷീണം പ്രകടമായതിനാൽ ഡോക്ടർ ഡയോണിൽ ഗുളിക ചെറിയ അളവിൽ നിർദേശിച്ചു. 15 വർഷത്തോളം ആ ഗുളിക തുടർന്നു. വ്യായാമത്തിലും ആഹാരനിയന്ത്രണത്തിലും ഏറെ ശ്രദ്ധിച്ചു. അക്കാലത്ത് ചെന്നൈയിൽ മോഹൻസ് ഡയബറ്റിസിൽ വിദഗ്ധ പരിശോധനയ്ക്കു പോയി. ഡോ.മോഹൻ ഗാൽവസ് 50/500 എന്ന ഗുളിക നിർദേശിച്ചു. തുടർന്നു ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ഗാൽവസ് 50 എന്ന ഗുളികയും നിർദേശിച്ചു. മലയാളമനോരമയിൽ 55 വർഷത്തെ ഒൗദ്യോഗിക ജീവിതം പൂർത്തിയാക്കിയാണു ഞാൻ വിരമിച്ചത്.
ഇപ്പോൾ കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോ.സിന്ധു ജി.നായരും കാരിത്താസ് ആശുപത്രിയിലെ ഡോ.പ്രസൂണുമാണു ചികിത്സിക്കുന്നത്. ഷുഗർ നില സാധാരണമായി തുടരുന്നു. ഇൻസുലിൻ കുത്തിവയ്പ് എടുത്തിട്ടേയില്ല.പൂർണമായും ഗുളികയിലാണു പ്രമേഹനിയന്ത്രണം. ഇപ്പോൾ സ്റ്റാലിക്സ്, അമാരിൽ എന്നീ ഗുളികകളാണു കഴിക്കുന്നത്. ഇന്നുവരെ ഷുഗർ നില താഴ്ന്നു പോയിട്ടുമില്ല.
ലളിതം ആഹാരനേരങ്ങൾ
പായസം കുടിക്കരുത്, പഞ്ചസാര പാടില്ല... ഡോക്ടർമാരുടെ ഈ നിയന്ത്രണങ്ങളിലെല്ലാം ഒരു പടി കൂടി കൂടുതലായി ഞാൻ നിയന്ത്രിച്ചു. ചുറ്റിലും എല്ലാവരും മധുരം കഴിച്ചാലും എന്റെ മനസ്സിനു ചാഞ്ചല്യമില്ല. ഇപ്പോൾ പ്രമേഹം നന്നായി നിയന്ത്രിതമാണ്.അതുകൊണ്ട് ഇടയ്ക്കു മധുരമില്ലാത്ത പായസം അൽപം കുടിക്കും, ഇത്തിരി കേക്കും െഎസ്ക്രീമും...
പുതിയ മരുന്നു തുടങ്ങിയപ്പോൾ ആഹാരത്തിന്റെ അളവ് അൽപം വർധിപ്പിച്ചു. പ്രഭാതഭക്ഷണം വളരെ ലളിതമാണ്– ദോശ ഒരെണ്ണമേ കഴിക്കൂ. ഒപ്പം സാമ്പാറും ചമ്മന്തിയും. ചപ്പാത്തിയോ പാലപ്പമോ വെള്ളയപ്പമോ ആണെങ്കിലും ഒരെണ്ണം മാത്രം. ചപ്പാത്തിയ്ക്കൊപ്പം കടലക്കറിയോ താറാമുട്ടക്കറിയോ. ഗോതമ്പ് പുട്ടാണെങ്കിൽ– ഒരു കഷണം, ഉപ്പുമാവിനൊപ്പം നേന്ത്രപ്പഴം പുഴുങ്ങിയത് ഒരു കഷണം. പ്രഭാതഭക്ഷണം ഏതായാലും ദിവസവും ഒരു താറാമുട്ടയും ഒരു കഷണം നേന്ത്രപ്പഴവുമുണ്ടാകും. ചിലപ്പോൾ താറാമുട്ട ഓംലെറ്റും.
ഉച്ചയ്ക്ക് കുത്തരിച്ചോറാണു കഴിക്കുന്നത്. ഒരു തവിയുടെ പകുതി. പച്ചക്കറികളും പച്ചിലക്കറികളുമെല്ലാം ഊണിനുണ്ടാകും.പയർ, പപ്പായ, ബീൻസ്, കാബേജ്, പടവലം എല്ലാം. പയറും പരിപ്പും എനിക്കു വലിയ ഇഷ്ടമാണ്. കിഴങ്ങുവർഗങ്ങൾ ഉപയോഗിക്കില്ല. നാലുമുതൽ– ആറു മണി വരെയുള്ള സമയത്ത് ചില ദിവസങ്ങളിൽ ഒരു പഴം കഴിക്കും. ആപ്പിൾ ഇഷ്ടമല്ല. ഞാലിപ്പൂവൻ, റോബസ്റ്റ ഒക്കെ കഴിക്കാറുണ്ട്.
മുസംബി ജൂസ് കുടിക്കാറുണ്ട്. നാലുമണിക്കു പ്രമേഹരോഗികൾക്കുള്ള രണ്ടു ബിസ്ക്കറ്റും ഒരു ചായയും കുടിക്കും,
തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിനു കുടിക്കും. എട്ടര – ഒൻപതുമണിയോടെ അത്താഴം. പ്രഭാതഭക്ഷണവിഭവങ്ങളാകും അത്താഴത്തിനും കഴിക്കുക. അല്ലെങ്കിൽ ദോശയോ ചപ്പാത്തിയോ കഴിക്കും.
പ്രിയമേറും മീൻ വിഭവങ്ങൾ
എണ്ണയിൽ വറുത്തത് അധികം കഴിക്കാറില്ല. നോൺവെജ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം. മട്ടൻ ഇഷ്ടമായിരുന്നു. പ്രിയപ്പെട്ട ഭക്ഷണം മട്ടൻ ബിരിയാണിയായിരുന്നു. ഇപ്പോൾ കഴിക്കാറില്ല. ഇടയ്ക്കു താറാവു കറി കഴിക്കും. മീൻകറി പതിവായി കഴിക്കാറുണ്ട്. കൊഴുവയും ആറ്റുമീനും മത്തിയുമൊക്കെ കറിവച്ചും വറുത്തും കഴിക്കും.ചടങ്ങുകളിൽ പങ്കെടുക്കുമെങ്കിലും ഭക്ഷണം വീട്ടിൽ വന്നേ കഴിക്കൂ.
ചിട്ടയോടെ വ്യായാമവും ജീവിതവും
അടുത്തയിടെ ആൻജിയോപ്ലാസ്‌റ്റിയും ന്യൂറോസർജറിയും ചെയ്തതിനാൽ ഇപ്പോൾ ബാഡ്മിന്റൻ കളിക്കാറില്ല. ഇരുന്നും നിന്നും ചെയ്യാവുന്ന ചില വ്യായാമങ്ങൾ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മുറ്റത്തു കൂടി നടക്കും. മഴയാണെങ്കിൽ വീട്ടിനുള്ളിലും. ചില വ്യായാമങ്ങൾ ശ്വാസംമുട്ടലിനെ പ്രതിരോധിക്കുന്നവയാണ്. കൈ വികസിപ്പിച്ചുള്ള വ്യായാമങ്ങൾ
40 തവണയൊക്കെ ചെയ്യാറുണ്ട്.
പ്രമേഹത്തിന് അനുബന്ധമായി മറ്റ് അവയവങ്ങളുടെ പരിശോധനകളും കൃത്യമായി ചെയ്യാറുണ്ട്്. ചെറുപ്പം മുതൽ ചിട്ടയോടെയാണു ജീവിതം. വെളുത്ത വസ്ത്രം ധരിക്കുന്നത് എന്റെ അപ്പനിൽ നിന്നു കിട്ടിയ ശീലമാണ്. അപ്പന്റെ സ്വഭാവഗുണങ്ങളെല്ലാം ഞാൻ അതേപടി പാലിച്ചു. ബീഡിയോ, സിഗരറ്റോ വലിക്കില്ല, മദ്യപാനമില്ല. ഏറ്റവുമിഷ്ടം യാത്രയാണ്. ഇന്നും യാത്ര ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല.
നിയന്ത്രണങ്ങളും നിഷ്ഠകളും നിറയുന്ന ഒരു രോഗ കാലം. അത് അരനൂറ്റാണ്ടു കടക്കുമ്പോഴും പുഞ്ചിരി മായാതെ ഒരാൾ അതേക്കുറിച്ചു സംസാരിക്കുകയാണ്. പരിഭവങ്ങളൊന്നുമില്ലാതെ...
ലിസ്മി എലിസബത്ത് ആന്റണി