Saturday 09 July 2022 12:24 PM IST : By ഡോ. കേണൽ കെ. രവീന്ദ്രൻ

കൊളസ്ട്രോൾ കൂടിയാൽ ഉദ്ധാരണം നടക്കാതെ വരാം; പരിഹരിക്കേണ്ടത് ഇങ്ങനെ....

34erwre

“ലിംഗത്തിൽ കൂടി ഹൃദയത്തെ കാണുക. (Look into the Heart through your penis)” എന്നു പറയുന്നത് കൊളസ്ട്രോൾ മൂലമുള്ള ഉദ്ധാരണ തകരാറുകളുടെ കാര്യത്തിൽ ഏറെ പ്രസക്തമാണ്. കാരണം പുരുഷന്മാരിലെ ഉദ്ധാരണ തകരാറുകൾ ഭാവിയിൽ വരാവുന്ന ഹൃദയാഘാതത്തിന്റെ സൂചനയാകാം. എങ്ങനെയാണ് കൊളസ്ട്രോൾ ഉദ്ധാരണപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നും അതിനുള്ള പരിഹാരമെന്തെന്നും അറിയാം.

പ്രായപൂർത്തിയായ പുരുഷന് ലൈംഗിക വേഴ്ചാ വേളയിൽ നിരന്തരമായി ലിംഗോദ്ധാരണം കിട്ടാതെ വരുകയോ അഥവാ ഉദ്ധാരണം കിട്ടിയാൽ അതിനെ ലൈംഗിക വേഴ്ചാ സമയത്ത് (Sexual intercourse) നിലനിർത്താൻ വയ്യാതെ വരുകയും ലൈംഗിക വേഴ്ച പൂർത്തികരിക്കാൻ വയ്യാതെ വരുന്നതുമായ ഒരു അവസ്ഥക്കാണ് ഉദ്ധാരണ ശക്തിത്തകരാറ് (Erectile Dysfunction) എന്നു പറയുന്നത്. അതായത്, 1. ലൈംഗിക ഉത്തേജനം കൊണ്ട് (sexual stimulation) ഒരിക്കലും മതിയായ അല്ലെങ്കിൽ തൃപ്തികരമായ ലിംഗോദ്ധാരണം കിട്ടാത്ത അവസ്ഥ. 2. ഉദ്ധാരണം കിട്ടിയാൽ ആ ഉദ്ധാരണത്തെ മതിയായ സമയം വരെ നിലനിർത്താൻ വയ്യാത്ത അവസ്ഥ. 3. അഥവാ യോനിയിൽ പ്രവേശിപ്പിച്ചാൽ ശുക്ല വിസർജനത്തിനു മുൻപ് തന്നെ ഉദ്ധാരണം നഷ്ടപ്പെടുക.

ലൈംഗിക ഉത്തേജനം (sexual stimulation) കൊണ്ട് ലിംഗത്തിലെ ശുദ്ധരക്തക്കുഴലിലൂടെ രക്ത പ്രവാഹം കൂടുന്നു. ലിംഗത്തിലെ ശുദ്ധരക്തക്കുഴലുകളുടെ ഉൾഭാഗം എൻഡോത്തിലിയം (Endothelium) എന്ന ഒരു സൂക്ഷ്മമായ സ്തരം കൊണ്ട് (Membrane) അഥവാ ഉൾശീലകൊണ്ട് പാകിയിരിക്കുന്നു. ഊ ഉൾശീലയിൽ ഉള്ള കോശങ്ങളെ എൻഡോത്തീലിയൽ കോശങ്ങൾ (Endothelial cell) എന്നു പറയും. കൂടാതെ തലച്ചോറിൽ നിന്നുള്ള ലൈംഗിക ഉത്തേജന സന്ദേശങ്ങൾ ലിംഗത്തിലേക്ക് വരുന്നതും ലിംഗത്തിൽ നിന്നുള്ള പ്രത്യേക ലൈംഗിക സന്ദേശങ്ങൾ തലച്ചോറിലേക്ക് പോകുന്നതും പ്രത്യേക തരത്തിലുള്ള ഞരമ്പുകൾ വഴിയാണ് (Nerves). ലൈംഗിക ഉത്തേജനം (sexual stimulation) ഉണ്ടാകുമ്പോൾ എൻഡോതീലിയൽ കോശങ്ങളുടെയും ഞരമ്പുകളുടെയും സങ്കീർണമായ പ്രവർത്തനം കൊണ്ട് നൈട്രിക് ഓക്സൈഡ് (NO) എന്ന വാതകം ഉണ്ടാകുകയും ലിംഗത്തിലെ ശുദ്ധ രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യും.

ലിംഗോദ്ധാരണം ഇങ്ങനെ

ലിംഗത്തിലെ രക്തക്കുഴലുകൾ വികസിക്കുമ്പോൾ ശുദ്ധരക്തം കൂടുതലായി പ്രവഹിക്കുകയും ക്രമേണ ലിംഗത്തിലെ മുഴുവൻ അറകളും (Cavernous space) രക്തം കൊണ്ട് നിറയുകയും ചെയ്യും. അതോടെ ലിംഗത്തിനുള്ളിലെ രക്തസമ്മർദം (Blood pressure) 100 Hg യിൽ എത്തുന്നു. രക്തം തിരിച്ചു പോകാനുള്ള അശുദ്ധ രക്തക്കുഴലുകൾ ലിംഗ ആവരണത്തോടു ചേർന്നുള്ള ഞെരുക്കം കൊണ്ട് അടയും. അപ്പോൾ ശുദ്ധ രക്തം ലിംഗത്തിൽ നിലനിൽക്കും.

ശുക്ല വിസർജനം കഴിയുകയോ, ബാഹ്യമായോ സമ്മർദം (External disturbance) ഉണ്ടാവുകയോ ചെയ്യുമ്പോൾ അഡ്രിനാലിൻ (Adrenaline) എന്ന ഹോർമോൺ അമിതമായി ഉത്ഭവിക്കുകയും ലിംഗത്തിലെ ശുദ്ധ രക്തക്കുഴലുകള്‍ ചുരുങ്ങുകയും ചെയ്യും. അതോടെ ലിംഗത്തിലെ അറകളിൽ (Carer nous space) രക്തം കുറഞ്ഞ് അറകൾ ചുരുങ്ങും. അപ്പോൾ ലിംഗത്തനുള്ളിലെ ബ്ലഡ് പ്രഷർ താഴുകയും അശുദ്ധ രക്തക്കുഴലിന്റെ (vein) സമ്മർദം മാറി രക്തം അശുദ്ധ രക്തക്കുഴലുകൾ വഴിതിരിച്ച് പോവുകയും ലിംഗത്തിന്റെ ഉദ്ധാരണ ശക്തി ക്രമേണ കുറയുകയും ചെയ്യും.

കൊളസ്ട്രോൾ കൂടുമ്പോൾ

രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോ ൾ ഒരു സങ്കീർണവും വിനാശകരവുമായ ജൈവ പ്രക്രിയ കൊണ്ട് (Biochemical process) രക്തക്കുഴലുകളുടെ ആന്തരിക സ്തരങ്ങൾ (endothelial lining) നശിക്കുകയും കോശങ്ങൾക്ക് (endothelial cells) കേടു സംഭവിക്കുകയും ചെയ്യും. ഇങ്ങനെ നാശം സംഭവിച്ച സ്തരങ്ങളിൽ കൊഴുപ്പ് അടിയുന്നു. രക്തക്കുഴലിൽ ഉണ്ടാകുന്ന ഈ അടവിനെ പ്ലാക്ക് (Plaque) എന്ന് പറയുന്നു.

ഈ പ്ലാക്ക് ഭാഗികമായ പൂർണമായോ രക്തക്കുഴലുകളെ അടയ്ക്കാം. കാലക്രമേണ ലിംഗത്തിലെ രക്തക്കുഴലായ കാവർനസ് ആർട്ടറി (Cavernous Artery) യുടെ ഉൾവ്യാസം കുറയുകയും രക്തപ്രവാഹം കുറയുകയും ചെയ്യും. കൊളസ്ട്രോൾ ഉള്ളവർ രക്തസമ്മർദം (Blood Pressure) പ്രമേഹം മുതലായ രോഗങ്ങൾ ഉള്ളവർ, അമിതമായി പുകവലിക്കുന്നവർ എന്നിവരിൽ ലിംഗ രക്തധമനികളിൽ പ്ലാക്ക് മൂലം അടവു സംഭവിക്കാം. ഇവരിൽ ഉദ്ധാരണത്തകരാറുകൾ കൂടുതൽ കാണുന്നു.

കൊളസ്ട്രോൾ ഉള്ള പുരുഷന്മാരിൽ 20% മുതൽ 25% വരെ ഉദ്ധാരണ തകരാറുകൾ കണ്ടുവരുന്നു. പുകവലിക്കാരിൽ പ്ലാക്കിന്റെ അടവ് രക്തക്കുഴലിൽ ശീഘ്ര ഗതിയിൽ വർധിക്കുന്നു. കൊളസ്ട്രോൾ ലിംഗത്തിലെ ഞരമ്പുകളെയും ബാധിച്ച് (Nervous) ലൈംഗിക ഉദ്ധാരണ പ്രക്രിയയെ തകരാറിലാക്കും.

കാവർനസ് ആർട്ടറിയിലെ രക്തപ്രവാഹം കുറയുമ്പോൾ ഉദ്ധാരണത്തിന്റെ ബലം കുറഞ്ഞ്, ലൈംഗിക വേഴ്ച സാധ്യമല്ലാതെ വരും. അവസാനം ലിംഗ ഉദ്ധാരണം പരിപൂർണമായി തടസ്സപ്പെടും. ഈ അവസ്ഥയ്ക്ക് ഷണ്ഡത്വം അല്ലെങ്കിൽ ഇംപൊട്ടൻസ് എന്നോ ഉദ്ധാരണ തകരാറിന്റെ അവസാന അവസ്ഥ (End stage erectile dysfunction) ESED എന്നോ പറയും. ഇതേ പ്രക്രിയ തന്നെ ഹൃദയ ധമനികളായ കൊറോണറി ധമനികളിൽ (Coronary Artery) ഈ സമയത്ത് നടക്കുന്നുണ്ടാവും. അതിന് കൊറോണറി ആർട്ടറി ഡിസീസ് (Coronary Artery Disease) എന്നു പറയും. CAD ഉള്ള ഒരാൾക്ക് ഏതു നിമിഷവും ഹൃദയസ്തംഭനം ഉണ്ടാകാം.

കൊളസ്ട്രോൾ മൂലം ഉദ്ധാരണ ശക്തിക്കുറവ് ഉണ്ടാകുന്നവർക്ക് മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഹൃദയ സംബന്ധമായ രോഗമോ, ഹൃദയസ്തംഭനമോ ഉണ്ടാകാം എന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് ലിംഗോദ്ധാരണ തകരാറുണ്ടെങ്കിൽ ആദ്യം വിദഗ്ധനായ ആൻഡ്രോളജിസ്റ്റിന്റെ (Andrologist) ഉപദേശപ്രകാരം ഹൃദ്രോഗ വിദഗ്ദ്ധനെ കാണേണ്ടിവരും.

കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന ഉദ്ധാരണ തകരാറുകളെ എങ്ങനെ പരിഹരിക്കാമെന്നു നോക്കാം. രക്തത്തിൽ കൂടിയ അളവിൽ കൊളസ്ട്രോൾ ഉള്ളവർ ആൻഡ്രോളജിയിൽ വൈദഗ്ധ്യമുള്ള യൂറോളജസ്റ്റിനെ കൺസൾട്ട് ചെയ്യുക. വിശദമായ ചോദ്യാവലികൾ മൂലം ഉദ്ധാരണത്തെ വിലയിരുത്തി ,ചില പരിശോധനകളും (test) നടത്തിയ ശേഷം ചികിത്സ നിശ്ചയിക്കും. ഹൃദ്രോഗസംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹൃദ്രോഗവിദഗ്ധന്റെ (Cardiologist) അഭിപ്രായം കൂടി തേടേണ്ടിവരും.

ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ഭക്ഷണക്രമം, വ്യായാമം. യോഗ, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഉള്ള നടപടികൾ നിർദേശിക്കും. ഉദ്ധാരണ ശക്തി പൂർണമായി നിലച്ച അവസ്ഥ ആണെങ്കിൽ ലിംഗോദ്ധാരണ ശസ്ത്രക്രിയയായ (Penile Implant) പിനൈൽ ഇംപ്ലാന്റ് നിർദ്ദേശിക്കും.

ഡോ. കേണൽ കെ. രവീന്ദ്രൻ നായർ

സീനിയർ കൺസൽറ്റന്റ് ഇൻ ആൻഡ്രോളജി, യൂറോളജി ആൻഡ് സെക്‌ഷ്വൽ മെഡിസിൻ

വൃഷ്യ സെന്റർ ഫോർ യൂറോ ആൻഡ്രോളജി ആൻഡ് സെക്‌ഷ്വൽ മെഡിസിൻ, കാക്കനാട്, എറണാകുളം

Tags:
  • Mens Health
  • Manorama Arogyam