ഒരു ക്രിക്കറ്ററുടെ ജീവിതത്തിൽ ഫിറ്റ്നസിനുള്ള പ്രാധാന്യം കൃത്യമായി തിരിച്ചറിഞ്ഞതാണ് കോട്ടയം കിടങ്ങൂർ മേക്കാട്ടേൽ വീട്ടിൽ സിജോമോൻ ജോസഫിന്റെ ജീവിതയാത്രയിൽ വഴിത്തിരിവായത്. ആ തിരിച്ചറിവു നൽകിയ ഉൗർജത്തിൽ ജീവിതശൈലിയും ആഹാരശീലങ്ങളും സിജോമോൻ ചിട്ടയോടെ ക്രമപ്പെടുത്തി. അതോടെ പുതിയൊരു പ്രസരിപ്പ് ജീവിതത്തിൽ നിറയുകയായി...ഫിറ്റ്നസിന്റെ പ്രാധാന്യം തിരിച്ചറിയാൻ മനസ്സൊരുക്കിയ അനുഭവങ്ങളെക്കുറിച്ചാണ് രഞ്ജി ട്രോഫി ക്രിക്കറ്റ് കേരള ടീം ക്യാപ്റ്റൻ സിജോമോൻ ജോസഫ് ‘മനോരമ ആരോഗ്യ’ത്തോടു മനസ്സുതുറക്കുന്നത്.
13- വയസ്സിലാണ് സിജോമോൻ കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് അണ്ടർ 14 വിഭാഗത്തിൽ ക്യാപ്റ്റനായി. അണ്ടർ 16, അണ്ടർ19, അണ്ടർ 25 വിഭാഗങ്ങളിലും ക്യാപ്‌റ്റൻ സ്ഥാനത്തെത്തി. 2022 -ൽ കേരള രഞ്ജി ട്രോഫി ടീമിന്റെ അമരക്കാരനായി.
ക്രിക്കറ്റിനെ സ്നേഹിച്ച ബാല്യം
ചെറുപ്പത്തിൽ ടിവിയിലാണു ഞാൻ ക്രിക്കറ്റു കളി കണ്ടു തുടങ്ങിയത്. ഞങ്ങൾ മൂന്നു മക്കളാണ്. ചേട്ടൻമാർ രണ്ടു പേരും ക്രിക്കറ്റ് കളിക്കുമായിരുന്നു. അവർ കളിക്കുന്നതു കണ്ടു ഞാനും കൂടും. മടലു കൊണ്ടുണ്ടാക്കിയ ബാറ്റും കമ്പു കൊണ്ടുള്ള സ്റ്റമ്പും വച്ച് ക്രിക്കറ്റു കളിക്കാൻ ഒരുപാടിഷ്ടമായിരുന്നു. അന്ന് ക്രിക്കറ്റ് കളിക്കാൻ അമ്മയും കൂടും. അമ്മ ബോൾ എറിഞ്ഞു തരുമായിരുന്നു. ഉള്ളിന്റെയുള്ളിൽ ക്രിക്കറ്റിനോട് ഒരിഷ്ടം വളരുകയായിരുന്നു.
പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തുന്നു
പ്രഫഷനലായി ക്രിക്കറ്റ് കളിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. അതിനൊക്കെ പിന്തുണയുമായി ചേട്ടൻമാർ കൂടെ നിന്നു. എന്റെ ചെറുപ്പത്തിൽ പപ്പ മരിച്ചതു കൊണ്ടു ചേട്ടൻമാരായിരുന്നു പപ്പയുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തു തന്നത്. മൂത്ത ചേട്ടൻ ലിജോമോനുമായി 14 വയസ്സും രണ്ടാമത്തെ ചേട്ടൻ ലിജുമോനുമായി 10 വയസ്സും വ്യത്യാസമുണ്ട്.
എട്ടാം ക്ലാസ്സിൽ
മുത്തോലി സെന്റ് ആന്റണീസ് സ്കൂളിന്റെ ഭാഗമായ ജില്ലാ ക്രിക്കറ്റ് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി അക്കാദമിയിലേക്കു മാറി താമസിക്കേണ്ടി വന്നതോടെ ഹോം സിക്നെസ് അലട്ടിത്തുടങ്ങി. അമ്മയുടെ അരികിൽ നിന്നു മാറി നിൽക്കാൻ വലിയ വിഷമമായിരുന്നു.
ക്രിക്കറ്റിനോട് ഒരുപാട് ഇഷ്ടമായിരുന്നുവെങ്കിലും ഫിറ്റ്നസ് പോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതിനാൽ തുടക്കത്തിൽ എനിക്കു മടിയാണു തോന്നിയത്. അവിടെ എല്ലാ ദിവസവും രാവിലെ ആറുമണിക്കു പരിശീലന പരിപാടികൾ ആരംഭിക്കും. വ്യായാമത്തിന്റെ ഭാഗമായി ഒാടണം. എനിക്ക് അന്നു ഗ്രൗണ്ടിൽ ഒരു റൗണ്ടു പോലും ഒാടി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പെട്ടെന്നു ശ്വാസം മുട്ടും. ഒരു കിലോ ഭാരം പോലും ഉയർത്താനും കഴിഞ്ഞിരുന്നില്ല. ഒാടാൻ മടിയായിരുന്നു. മൂന്നുമാസത്തോളം മുത്തോലി ജില്ലാ അക്കാദമിയിൽ താമസിച്ചു. പക്ഷേ അത് അവസാനിപ്പിച്ചു ഞാൻ വീട്ടിലേക്കു മടങ്ങി. അക്കാദമിയിലുള്ളവർ, ക്രിക്കറ്റിൽ നല്ലൊരു ഭാവിയുണ്ട് എന്ന് ഏറെ നിർബന്ധിച്ചതിന്റെ ഭാഗമായി വീണ്ടും അക്കാദമിയിലേക്കു തിരികെ എത്തി. അധികം വൈകാതെ ജില്ലാ ടീമിൽ കളിച്ചു. തുടർന്ന് ഒട്ടേറെ
മാച്ചുകളിൽ വിജയം കണ്ടു.
ആ സമയത്തു കിട്ടിയ നല്ല നേട്ടങ്ങളും മികച്ച പ്രകടനവുമാണ് ക്രിക്കറ്റിൽ തുടരാൻ എനിക്കു പ്രചോദനമായത്. ജില്ലാ ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് നിർണായകങ്ങളായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായത്. തുടക്കത്തിൽ ഞാൻ ഫാസ്‌റ്റ് ബൗളറായിരുന്നു. അവിടുത്തെ ജീൻ എന്ന കോച്ചാണ് എന്നെ സ്പിന്നറാക്കി മാറ്റിയത്.
ഒൻപതാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെ സ്‌റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പഠനം. അതു മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിലായിരുന്നു. അവിടെ നിന്നാണു മികച്ച നേട്ടങ്ങൾക്കു തുടക്കമാകുന്നത്. 18Ðാം വയസ്സിൽ കോളജ് ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തേവര സേക്രഡ് ഹാർട്ട് കോളജ് ക്രിക്കറ്റ് അക്കാദമി ആയിരുന്നു അത്. അവിടെ വച്ചാണ് ഞാൻ അണ്ടർ 19 ഇന്ത്യ കളിക്കുന്നത്. അന്നു രാഹുൽ ദ്രാവിഡായിരുന്നു ഇന്ത്യയുടെ കോച്ച്. ഡിഗ്രി പഠന കാലത്തു തന്നെ അണ്ടർ 25 ടീമിലെത്തി. തുടർന്ന് രഞ്ജി ട്രോഫി ടീമിന്റെ ഭാഗമായി കളിച്ചു തുടങ്ങി. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ ഗുജറാത്തിനെതിരെ കളിക്കുന്നതു കോട്ടയം സി എംഎസ് കോളജിലെ പഠന കാലത്താണ്.
ഫിറ്റ്നസ് – പുതിയ തീരുമാനങ്ങൾ
അണ്ടർ 19 ഇന്ത്യാ മാച്ച് കളിക്കുന്നതു വരെ ഞാൻ ഒരു മടിയനായിരുന്നു എന്നു തന്നെ പറയാം. അന്നു വരെ കളിക്കാനുള്ള സ്കിൽ മാത്രമാണ് കൂടെയുള്ളത്. നാഗ്പൂരിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അണ്ടർ 19 മാച്ച്. അവിടെ വച്ചു രാഹുൽ സാറുമായും (രാഹുൽ ദ്രാവിഡ്) മറ്റു പരിശീലകരുമായും സംസാരിക്കാനിടയായി. പുതിയ ചില ബോധ്യങ്ങൾ ലഭിച്ചു. ഇങ്ങനെ മുൻപോട്ടു പോയാൽ ശരിയാകില്ല. ഇപ്പോഴത്തെ ജീവിതരീതിയും ആഹാരരീതിയും ശരിയല്ല എന്ന് എനിക്കു തോന്നി. അടുത്ത ലെവൽ മാച്ച് കളിക്കാൻ നിലവിലുള്ള എന്റെ ഫിറ്റ്നസ് പോരെന്നു മനസ്സു പറഞ്ഞു. നാഗ്പൂരിൽ നിന്നു തിരികെ വന്നതു ഫിറ്റ്നസ് മെച്ചപ്പെടുത്തണം എന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു.
ആദ്യം തന്നെ ഡയറ്റ് മാറ്റാൻ തീരുമാനിച്ചു. ഇഷ്ടമുള്ള ആഹാരം– ബിരിയാണി, എണ്ണ ചേർന്നവ, പഞ്ചസാര എല്ലാം പൂർണമായും ഒഴിവാക്കി. ദിവസേന ക്രിക്കറ്റ് പരിശീലനത്തിനൊപ്പം ഫിറ്റ്നസിനു വേണ്ടിയുള്ള ശ്രമങ്ങളും തുടങ്ങി. ഒാട്ടം, അല്ലെങ്കിൽ ജിമ്മിലെ വർക്ഒൗട്ട് എന്ന രീതിയിലാണ് ക്രമീകരിച്ചത്. അന്ന് എനിക്കു നല്ല വണ്ണമുണ്ടായിരുന്നു. അമിത ശരീരഭാരത്തേക്കാളുപരി ശരീരാകൃതി തന്നെ കൃത്യമായിരുന്നില്ല.
അന്ന് അണ്ടർ 19 ടീമിന്റെ ട്രെയ്നർ ആയ ആനന്ദ് ഒരു ആഹാര മാതൃക നിർദേശിച്ചു. കേരളീയ ജീവിതശൈലിയോട് ഇണങ്ങുന്ന മാതൃകയായിരുന്നു അത്. അധികം വ്യത്യാസങ്ങൾ വരുത്തിയിട്ടില്ല. ചോറ് ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കുന്നതു പോലുള്ള ചെറിയ മാറ്റങ്ങൾ. അതനുസരിച്ചു പഞ്ചസാര പൂർണമായും ഒഴിവാക്കി. കഴിക്കുന്ന നേരങ്ങളിൽ അളവു കുറയ്ക്കാതെ നന്നായി കഴിച്ചു. എനിക്കത് എളുപ്പമായിരുന്നു. പ്രഭാതഭക്ഷണം ഇഷ്ടമുള്ളതു കഴിച്ചാൽ ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല. അത്താഴം നേരത്തെ കഴിക്കും. പഞ്ചസാരയും ചോറും പൂർണമായും ഒഴിവാക്കി. അതിനൊപ്പം ഒാട്ടവും വർക്ഒൗട്ടും തുടർന്നു.
അങ്ങനെ രണ്ടു വർഷങ്ങൾ കഴിഞ്ഞു. ഞാൻ നന്നായി മെലിഞ്ഞു. ബൗളിങ്ങും നന്നാകുന്നുണ്ട്. പക്ഷേ ബാറ്റിങ്ങു ശരിയാകുന്നില്ല. അങ്ങനെ വന്നപ്പോൾ ക്രിക്കറ്റർമാർ ഡയറ്റിങ് മാത്രം ചെയ്താൽ പോര, പോഷകാഹാരം കൂടുതൽ കഴിക്കണമെന്നു നിർദേശം വന്നു. അതിനു ശേഷം വർക് ഒൗട്ടു കഴിഞ്ഞു പ്രോട്ടീൻ ആഹാരത്തിൽ ഉൾപ്പെടുത്തി തുടങ്ങി. നന്നായി ചിക്കൻ കഴിച്ചു. പ്രോട്ടീൻ ഷേക്കും മറ്റു വൈറ്റമിൻ സപ്ലിമെന്റുകളും ഡയറ്റിന്റെ ഭാഗമാക്കി. ഇതിനൊപ്പം കുറച്ചു ചോറും കഴിച്ചു തുടങ്ങി. കേരളാ ടീമിന്റെ ഇപ്പോഴത്തെ ട്രെയ്നർ ആയ വൈശാഖ് കൃഷ്ണ ആണ് ഈ ഡയറ്റ് മാറ്റങ്ങൾ നിർദേശിച്ചത്.
എന്റെ അഭിപ്രായത്തിൽ ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ഗ്രൗണ്ടിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതിന് ഫിറ്റ്നസ് ആവശ്യമാണ്. ഫിറ്റ്നസ് നമ്മെ മാനസികമായി കരുത്തുള്ളവരാക്കും. അതിനു ശരീരം അധികം വണ്ണം വയ്ക്കരുത്. ദുർബലമാകരുത്. വേഗത്തിൽ ചലിക്കാനാകും വിധത്തിൽ എപ്പോഴും ശരീരം സജ്ജമായിരിക്കണം. കേരള ക്രിക്കറ്റ് ടീമിന്റെ ഫിസിയോതെറപ്പിസ്‌റ്റ് ആർ. എസ്. ഉണ്ണിക്കൃഷ്ണനാണ് എന്റെ ഫിറ്റ്നസ് വിലയിരുത്തുന്നത്. ഇതോടൊപ്പം മാസത്തിൽ ഒന്നോ രണ്ടോ തവണ ഫുൾ ബോഡി മസാജും ചെയ്യാറുണ്ട്.
ഡയറ്റും മനസ്സിന്റെ സന്തോഷവും
ഡയറ്റിൽ ഞാൻ തന്നെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രഞ്ജി ട്രോഫി മാച്ചിന്റെ സീസൺ സെപ്‌റ്റംബർ മുതൽ ഫെബ്രുവരി വരെയാണ്. ആ സീസണിൽ കർശനമായ ഡയറ്റിങ് ചെയ്യില്ല. എന്നാൽ ഫെബ്രുവരി മുതൽ അടുത്ത സെപ്‌റ്റംബർ വരെയുള്ള കാലത്തു കൃത്യമായി ഡയറ്റ് ചെയ്യും. ആ കാലത്തു പഞ്ചസാര പൂർണമായി ഒഴിവാക്കും. പാലും എണ്ണയിൽ വറുത്തവയും ഉപേക്ഷിക്കും. ഇതെല്ലാം ശ്രദ്ധിക്കുമെങ്കിലും മാസത്തിലൊരിക്കൽ ഞാനൊരു ‘ചീറ്റ് മീൽ’ കഴിക്കും. അതായത് എനിക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കും. അതെന്റെ വ്യക്തിപരമായ തീരുമാനമാണ്.
ഒാഫ് സീസണിൽ കൃത്യമായി ഡയറ്റ് നോക്കിയിട്ട് സീസണിൽ ഡയറ്റ് ചെയ്യാത്തതിന് ഒരു കാരണമുണ്ട്. കളിയുടെ സമയത്തു മനസ്സിന് ഒരു സന്തോഷം കിട്ടുന്നതിനാണത്. ഇഷ്ടമുള്ളതു കഴിക്കും എന്നതു കൊണ്ടു ഡയറ്റ് പൂർണമായും ഒഴിവാക്കുന്നു എന്നർഥമില്ല. പിറ്റേന്നു കളിയില്ലെങ്കിൽ ഒരു ബിരിയാണി കഴിക്കും. ഒരു ഷേക്ക് കുടിക്കും. ഇത് ഏറെ ശ്രദ്ധയോടെയാണു ചെയ്യുന്നതും.
പൊറോട്ട, ബീഫ്, ബിരിയാണി, മധുരവിഭവങ്ങൾ എന്നിവ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അമ്മയുണ്ടാക്കുന്ന കപ്പയും ബീഫും ഒരുപാടിഷ്ടമാണ്.‘ നല്ല ഫൂഡ് കഴിച്ചു കൂടെ... എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്?’ എന്ന് അമ്മ ചോദിക്കാറുണ്ട്. എങ്കിലും ഞാൻ ആഹാരകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല.
അളവു തെറ്റാതെ ആഹാരം
രാവിലെയുള്ള വർക് ഒൗട്ട് എന്നത് ഒാട്ടമായിരിക്കും. ഒാടുന്നതിനു മുൻപു ഞാൻ പുഴുങ്ങിയ ഒരു മുട്ടയും മൂന്നു നാലു പൈനാപ്പിൾ കഷണങ്ങളും കഴിക്കും. വെറും വയറിൽ പൈനാപ്പിൾ കഴിക്കുന്നതു നല്ലതാണ്. തിരിച്ചു വരുമ്പോൾ ബ്രേക് ഫാസ്‌റ്റ് കഴിക്കും. ബ്രേക് ഫാസ്‌റ്റിന്റെ അളവു നിയന്ത്രിക്കും. ഇഡ്‌ലി, ദോശ, അപ്പം എല്ലാം രണ്ടെണ്ണം മാത്രം.
പുട്ട് ആണെങ്കിൽ ചെറിയൊരുഭാഗം മാത്രമേ കഴിക്കൂ. ഇതിനൊപ്പം ചീരയും ചെറുപയറും യോജിപ്പിച്ച് എണ്ണ ചേർക്കാതെ തോരൻ പോലെ അമ്മ തയാറാക്കിത്തരും. ഇത് ബ്രേക്ഫാസ്‌റ്റിനും ലഞ്ചിനുമൊപ്പം കറിയായി കഴിക്കും. അപ്പോൾ വിശപ്പു നന്നായി കുറയും.
ഉച്ചഭക്ഷണമായി ചോറു കഴിക്കും. കാർബ്സ് ഒഴിവാക്കിയാൽ ശക്തിയും ഊർജവും കുറയും. അതുകൊണ്ട് ഒരു ബൗൾ ചോറു കഴിക്കും. വീട്ടിൽ ചോറെടുക്കുന്ന തവിയിൽ കൃത്യമായി ആ അളവു ലഭിക്കും. അമ്മ ഞാനറിയാതെ ആ അളവ് അൽപമൊന്നു കൂട്ടിയാലും എനിക്കു പെട്ടെന്നു മനസ്സിലാകും. അളവു കൃത്യമാക്കിയിട്ടു മാത്രമേ കഴിക്കാറുള്ളൂ. ബീഫ് കഴിക്കാറുണ്ട്. ബീഫ് കഴിക്കണമെന്നു പരിശീലകൻ നിർദേശിച്ചിട്ടുണ്ട്. ബീഫ് എണ്ണ ചേർക്കാതെയാണു പാകപ്പെടുത്തുന്നത്. പ്രോട്ടീൻ ലഭിക്കാൻ ബീഫ് നല്ലതാണ്.അത്താഴത്തിനു രണ്ടു ചപ്പാത്തിയും വെജിറ്റബിൾ സാലഡും കഴിക്കും. അതിനൊപ്പം ചിക്കനും കഴിക്കും.
എന്റെ വർക് ഒൗട്ടുകൾ
ജിമ്മിൽ ഞാൻ ബോഡി ബിൽഡിങ് അല്ല ചെയ്യുന്നത്. പ്രത്യേകമായുള്ള ചില വർക് ഒൗട്ടുകളാണ്. പരിശീലകൻ എന്റെ ശരീരത്തെ വിലയിരുത്തി അതിനനുസരിച്ചുള്ള വർക്ഒൗട്ടുകളാണ് നിർദേശിക്കുന്നത്. എന്റെ ഗ്ലൂട്ടൽ പേശികളും ലോവർ ബോഡിയും ബലപ്പെടുത്തുന്നതരം മൊബിലിറ്റി വർക്ഒൗട്ടുകൾ നിർദേശിക്കുന്നുണ്ട്. ജിമ്മിൽ അധികഭാരം ഉയർത്താറില്ല. ഉയർത്തുന്ന പരമാവധി ഭാരം 60 കിലോ വരെയാണ്.
കോർ വർക് ഒൗട്ടുകൾ, ഹിപ് മൊബിലിറ്റി വ്യായാമങ്ങൾ എന്നിവയും ചെയ്യും. ഷോൾഡർ റീ ഹാബ് വർക് ഒൗട്ട്സും ചെയ്യുന്നുണ്ട്. എനിക്ക് മുൻപു തോളിനു പരുക്കു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്സിന്റെ നെറ്റ് ബൗളർ ആയി പോയിരുന്നു. കുറേ ബൗളു ചെയ്തപ്പോൾ തോളിൽ പരുക്ക് ആയി. സി എസ് കെയുടെ ഫിസിയോ
തെറപ്പിസ്റ്റു തന്നെയാണ് അതിനു പ്രതിവിധികൾ ചെയ്തത്. പരുക്കു വരാതെ തടയുന്നതിനു വേണ്ടിക്കൂടിയാണ് ഷോൾഡർ റീ ഹാബ് വർക് ഒൗട്ടുകൾ ചെയ്യുന്നത്.
ലോവർ ബോഡി സ്ട്രെങ്തനിങ് വർക് ഒൗട്ടുകളും ചെയ്യും. കളിയുടെ ഭാഗമായി മറ്റു സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ ഹോട്ടലുകളിലെ ജിമ്മിൽ വർക് ഒൗട്ടു ചെയ്യും.
വൈശാഖ് കൃഷ്ണയാണ് എന്റെ പേഴ്സണൽ ട്രെയ്നർ. ശരീരഭാരം കുറയുകയും കൂടുകയും ചെയ്യരുത്. അതിനിടയിലായി നിലനിർത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. നാട്ടിലെത്തുമ്പോൾ അദ്ദേഹം നിർദേശിക്കുന്ന വർക് ഔട്ടുകൾ കോട്ടയം, കിടങ്ങൂരിലെ ജെറ്റ്സ് ജിമ്മിലാണു ചെയ്യുന്നത്.
ഒരു ക്രിക്കറ്ററാകണമെന്നു സ്വപ്നം കാണുന്ന പുതു തലമുറയോടു സിജോമോനു പറയാനുള്ളതിതാണ്Ð ശാരീരിക ഫിറ്റ്നസിനൊപ്പം മാനസികമായ ഫിറ്റ്നസും പ്രധാനമാണ്. മനസ്സ് കരുത്തുള്ളതാകണം. ചെറുപ്പത്തിൽ തന്നെ ഫിറ്റ്നസിൽ ശ്രദ്ധിച്ചു തുടങ്ങണം. യോഗ്യതയുള്ള ഒരു പരിശീലകന്റെ അടുത്തു പരിശീലനം നേടുന്നതാണു നല്ലത്.
ഒരു നാൾ വിരാട് കോലിയെപ്പോലെ...
ക്രിക്കറ്റിൽ എന്റെ റോൾ മോഡൽ വിരാട് കോലിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഫിറ്റ്നസ് സംസ്കാരം കൊണ്ടു വന്നതു വിരാട് കോലിയാണ്. ക്രിക്കറ്റിനൊപ്പം ഫിറ്റ്നസ് കൂടി ശ്രദ്ധിക്കാൻ എനിക്കു പ്രചോദനമേകിയതും കോലിയാണ്. ഇന്ത്യൻ ടീമിൽ കളിക്കുക എന്നതാണ് ജീവിത ലക്ഷ്യം. െഎ പി എല്ലിലൂടെ അതിനു വഴി തെളിയും എന്നൊരു പ്രതീക്ഷയുണ്ട്. അല്ലെങ്കിൽ രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ആ സ്വപ്നം യാഥാർഥ്യമായേക്കാം....
ബാറ്റു കൊണ്ടും ബോളു കൊണ്ടും വിസ്മയങ്ങൾ തീർത്ത് ഫീൽഡിങ്ങിൽ ചാരുത പകർന്ന് നാളെയുടെ താരമാകാൻ സിജോമോൻ ജോസഫ് കാത്തിരിക്കുകയാണ്.