വന്ധ്യത സ്ത്രീക്കു മാത്രമാണെന്നു കരുതിയിരുന്ന ഒരു കാലത്തിൽനിന്നു മാറി, സ്ത്രീയോടൊപ്പം പുരുഷനും ചികിത്സയ്ക്കായെത്തുന്നുണ്ട് ഇപ്പോൾ. എന്താണ് പുരുഷ വന്ധ്യതയുടെ കാരണങ്ങളും പരിഹാരങ്ങളുമെന്നു നോക്കാം.
1. ബീജാണുവിലെ പ്രശ്നം
ബീജാണുക്കളുടെ എണ്ണം, അതിന്റെ വേഗം, വൈകല്യങ്ങൾ, അതിലുണ്ടാകുന്ന പഴുപ്പ് എന്നിവയെ ആശ്രയിച്ചാണ് പുരുഷവന്ധ്യതയുടെ കാരണം നിശ്ചയിക്കപ്പെടുന്നത്. ചികിത്സ ആരംഭിക്കുമ്പോൾത്തന്നെ ബീജപരിശോധന നടത്തുകയെന്നത് പ്രധാനമാണ്. പ്രശ്നങ്ങൾ തുടക്കത്തിലേ മനസ്സിലാക്കിയാൽ ചികിത്സാസമയം ലാഭിക്കാനും ആധുനിക ഗർഭധാരണ മാർഗങ്ങൾ നേരത്തേ പ്രയോജനപ്പെടുത്താനും കഴിയും.
2. സമയം
ബീജ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ പരിശോധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി, എത്ര നാൾ ഒരുമിച്ചു താമസിച്ചു, എത്ര കാലം കുട്ടികളുണ്ടാകാൻ ശ്രമിച്ചു, സ്ത്രീക്ക് എന്തെങ്കിലും വന്ധ്യതാകാരണങ്ങളുണ്ടോ എന്നിവ അറിയണം. ലൈംഗികജീവിതം ഊർജ്ജസ്വലമായ ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽത്തന്നെ കുഞ്ഞിനായി ശ്രമിക്കുന്നതാകും നല്ലത്.
3. വെരിക്കോസീൽ
പുരുഷവന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് വെരിക്കോസീൽ. എന്നാൽ എല്ലാ വെരിക്കോസീലും വന്ധ്യതയ്ക്കു കാരണമാകാണമെന്നില്ല. അതു കൃത്യമായി മനസ്സിലാക്കി, അതുകൊണ്ടു മാത്രമാണ് വന്ധ്യതയെന്നു തീർച്ചപ്പെടുത്തി ചികിത്സിച്ചാൽ ഫലം കിട്ടാനും സാധ്യതയുണ്ട്.
4. തൈറോയ്ഡ്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ വന്ന മാറ്റം മൂലമുണ്ടാകുന്ന ഹോർമോണിന്റെ അളവ് കൂടുതലായാലും കുറവായാലും ബീജാണുക്കളിൽ മാറ്റം വരാം. അതിനാൽ തൈറോയ്ഡ് പരിശോധന നടത്തി വ്യത്യാസമുണ്ടെങ്കിൽ ചികിത്സ നൽകിയാൽ ഫലം ഉണ്ടാകും.
5. ഹോർമോൺ തകരാറ്
തലച്ചോറിൽനിന്നു പുറപ്പെടുന്ന ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ, ലൂട്ടണൈസിങ് ഹോർമോൺ എന്നിവയാണ് വൃഷണത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഈ ഹോർമോണുകളുടെ നിലയിൽ കുറവു വന്നാൽ പുരുഷവന്ധ്യതയ്ക്കു കാരണമാകാം. ഹോർമോൺ കുത്തിവയ്പിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
6. പ്രമേഹം
പ്രമേഹം ബീജ ഉൽപാദനത്തെയും പ്രവർത്തനത്തെയും ബാധിക്കാം. പ്രമേഹം കൃത്യമായി ചികിത്സിച്ചാൽ വന്ധ്യതയ്ക്ക് ഒരളവു വരെ പരിഹാരം കാണാൻ സാധിക്കും.
7. ബീജത്തിലെ പഴുപ്പ്
ബീജപരിശോധനാഫലത്തിൽ നിശ്ചിത അളവിൽ കൂടുതൽ ശ്വേതരക്താണുക്കൾ ഉണ്ടെങ്കിൽ അതു പഴുപ്പിൽ നിന്നാണെന്നു മനസ്സിലാക്കാം. അതിന് പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. വേണ്ട വിധം പരിശോധിച്ച് ആന്റിബയോട്ടിക് നൽകി ചികിത്സിച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളു.
8. ആന്റിബോഡീസ്
ബീജാണുക്കളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ആന്റിബോഡീസ് ചില പ്രത്യേക പരിശോധനകളിലൂടെ മനസ്സിലാക്കാവുന്നതാണ്. ജീവിതശൈലിയിലും ഭക്ഷണ, വ്യായാമ ശീലങ്ങളിലും മാറ്റങ്ങൾ വരുത്തുകയും മൂലകാരണങ്ങൾ മനസ്സിലാക്കി ചികിത്സിക്കുകയും ചെയ്താൽ ഫലം കണ്ടേക്കാം.
9. ജീവിതശൈലി
പൊണ്ണത്തടി പോലുള്ള ജീവിതശൈലീ രോഗങ്ങൾ പുരുഷ വന്ധ്യതയുടെ കാരണമാണ്. മദ്യപാനം, പുകവലി എന്നിവയും ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവു വരുത്തും. സ്പ്രേ പെയിന്റിങ് പോലെ കെമിക്കലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് വന്ധ്യതാ സാധ്യത കൂടും. ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാം.
10. ഇക്സി
മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ കൊണ്ട് പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഇക്സി (ഇൻട്രാ സിസ്റ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ) ചെയ്യാവുന്നതാണ്.