നേരം പുലരുമ്പോഴെ കൊച്ചി, തിരുവാണിയൂരിലെ മറ്റത്തിൽ സാമുവൽ ജോസഫ് എന്ന എം.എസ്. ജോസഫ് വീട്ടിൽ നിന്നിറങ്ങും. ജാവലിൻ ത്രോയും ഷോട്പുട്ടും ഒാട്ടവുമൊക്കെയായി പിന്നെ ഗ്രൗണ്ടിൽ തകർപ്പൻ പരിശീലനമാണ്. ജാവലിൻ ശരം കണക്കെ പായും. ഷോട്ട്പുട്ട് ബോൾ കണ്ണിമ ചിമ്മും മുൻപേ കുതിക്കും. ഉൗർജം ഒരു തരി ചോർന്നു പോകാതെ നിശ്ചയിച്ച ദൂരം ഒാടിയെത്തും....
ഈ 87–ാം വയസ്സിൽ ഒാട്ടവും ചാട്ടവുമൊക്കെ വേണോ? എവിടെയെങ്കിലും അടങ്ങിയിരുന്നുകൂടെ എന്ന് എം.എസ്. ജോസഫിനോടു പക്ഷേ ആരും ചോദിക്കാറില്ല. കാരണം സ്പോർട്സ് ആ മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണെന്ന് പരിചയക്കാർക്കെല്ലാം അറിയാം. ഇക്കാലമത്രയും ഏറ്റവും പ്രിയപ്പെട്ടതായി അദ്ദേഹം ചേർത്തുപിടിച്ച സ്വപ്നം. എഫ് എ സി റ്റിയിൽ നിന്ന് സ്‌പോർട്സ് ഒാഫിസറായി 1994 –ൽ വിരമിച്ച ജോസഫ് ഇപ്പോൾ സ്വീഡനിലെ ഗോഥെൻബർഗിൽ നടക്കുന്ന വേൾഡ് മാസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്...
വേൾഡ് മീറ്റിനായുള്ള പരിശീലനത്തിന് അദ്ദേഹത്തിനു കൂട്ടായി ഭാര്യയുമുണ്ട്. പരിശീലനം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ അഞ്ചരയ്ക്കു തുടങ്ങും. പതിവായി ചെയ്താൽ കാൽമുട്ടിൽ നീരു വരും. അതു പ്രായാധിക്യം കൊണ്ടാണ്. ഒരു മണിക്കൂറോളം വ്യായാമം ചെയ്യും. പത്തു റൗണ്ടെങ്കിലും നടക്കും, ജോഗ് ചെയ്യും. സ്ട്രെച്ചിങ് ഉൾപ്പെടെ വ്യായാമങ്ങൾ ചെയ്യും. ചെറുതായി ഒാടും. ശരീരം വിയർക്കുന്നതു വരെയാണു വ്യായാമം. ‘‘ആൻജിയോപ്ലാസ്‌റ്റി ചെയ്ത വർഷം വ്യായാമം ചെയ്തില്ല. പിന്നീടു വ്യായാമം ചെയ്തു തുടങ്ങി. ത്രോസിലേക്കു മാറി. ജാവലിനൊപ്പം ഷോട്ട് പുട്ടും ചെയ്തു. ഒാട്ടവും നല്ലതാണ് ’’– ജോസഫ് വിശദമാക്കുന്നു.
പൂർണമായ വായനയ്ക്ക് 2024 ജൂൺ ലക്കം മനോരമ ആരോഗ്യം കാണുക