ആത്മനൈർമല്യം കൊണ്ട് 91–ാംവയസ്സിലും ഇ. ശ്രീധരൻ നയിക്കുന്ന കർമോത്സുക ജീവിതത്തെക്കുറിച്ച് നോവലിസ്‌റ്റ് സി. അഷ്റഫ് എഴുതുന്നു
മനുഷ്യർക്ക് ദീർഘായുസ്സ് ലഭിക്കുന്നതിനു പിന്നിൽ അടിസ്ഥാനപരമായി രണ്ടു ജീവിതഭാവങ്ങളുണ്ട്. ഒന്ന് ഒൗഷധം കൊണ്ടും വിശേഷഭക്ഷണം കൊണ്ടും നേടുന്ന ആരോഗ്യപരിപാലനം, രണ്ട് പ്രശാന്തവും കർമോത്സുകവുമായ ആത്മബലം കൊണ്ടുള്ളത്. 86–ാം വയസ്സിലേക്കു പ്രവേശിക്കുന്ന മെട്രോമാൻ ഇ. ശ്രീധരനെ സംബന്ധിച്ചിടത്തോളം ആയുസ്സിന്റെ രഹസ്യം പ്രശാന്തവും കർമോത്സുകവുമായ ആത്മബലം തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.
വിരോധമില്ലാത്ത മനസ്സ്
ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ശ്രീധരന്റെ ജീവിതം ഏതു പ്രക്ഷുബ്ധവേളയിലും പ്രശാന്തമായിരുന്നു. മനസ്സിനെ ഗ്രസിക്കു ന്ന വേദനയും ക്ഷോഭവുമാണ് മനുഷ്യായുസ്സിനെ ദ്രവിപ്പിക്കുന്നത്. എന്നാൽ ശ്രീധരന് ആരോടും വിരോധമുണ്ടായിരുന്നില്ല. അന്യായമായി പ്രവർത്തിക്കുന്ന വ്യക്തി വഹിക്കുന്ന അധാർമികഭാവത്തെയാണ് ശ്രീധരൻ എതിർത്തത്. അതുകൊണ്ടുതന്നെ അതു വ്യക്തിവിരോധമായി വളർന്നില്ല. റെയിൽവേ സർവീസിൽ തന്നെ തുടർച്ചയായി പി ന്തുടർന്നു ദ്രോഹിച്ച മേലുദ്യോഗസ്ഥരോടും അതുകൊണ്ടുതന്നെ ശ്രീധരനു വ്യക്തിപരമായി വിരോധമുണ്ടായില്ല. 86–ാം വയസ്സിലും നിരന്തരമായ കർമോത്സുകതയിൽ മുഴുകിയാണ് ഇ. ശ്രീധരൻ ജീവിക്കുന്നത്. തന്റെ ഒാേരാ ദിവസവും ലോകത്തിന് എത്രമാത്രം വിലപ്പെട്ടതാണെന്ന് ശ്രീധരനറിയാം.
സമൃദ്ധസസ്യഭക്ഷണവും പ്രാർഥനയും
അധ്വാനിക്കാതെ കഴിക്കുന്ന ഭക്ഷണം മോഷണമാണ് എന്ന ഗാന്ധിതത്വമൊന്നും ശ്രീധരൻ പഠിച്ചിട്ടില്ല എങ്കിലും വാർധക്യത്തിലും ഒരു മണിക്കൂറെങ്കിലും അധ്വാനിക്കാതെ ശ്രീധരൻ ഭക്ഷണം കഴിക്കാറില്ല. ഇ. ശ്രീധരന്റെ െെദനംദിനജീവിതം നിരീക്ഷിച്ചാൽ ഒരുപക്ഷേ, അസാധാരണമായൊന്നും കാണാനാകില്ല. അടിമുടി സസ്യഭുക്ക്. െെപതൃകമായി വീട്ടിൽ നിന്ന് പകർന്നു കിട്ടിയ ഭക്ഷണശീലം മഹാനഗരങ്ങൾ താണ്ടിയിട്ടും അദ്ദേഹം ഉപേക്ഷിച്ചില്ല. സസ്യഭക്ഷണശീലം രണ്ടു തരത്തിലുണ്ട്. ഒന്ന്, രുചിരസങ്ങൾ പരിഗണിക്കാതെ വിശപ്പടക്കി ജീവൻ നിലനിർത്താനുള്ള സസ്യഭക്ഷണക്രമം. രണ്ട്, സസ്യഭക്ഷണം തന്നെ രുചികരവും പോഷകപ്രദവുമായി ഭക്ഷിക്കൽ. ഇതിൽ രണ്ടാമതു പറഞ്ഞ ഭക്ഷണശീലമാണ് ഇ. ശ്രീധരൻ തിരഞ്ഞെടുത്തത്.
പുലർച്ചെ ശ്രീധരൻ ഉറക്കമുണരും. െെദനംദിന പ്രഭാതകൃത്യങ്ങളും കുളിയും കഴിഞ്ഞ് പ്രാർഥനാമുറിയിലേക്കു പോകും. ശ്രീധരന്റേത് വെറും പ്രാർഥന മാത്രമല്ല കാലാന്തരത്തിൽ അതൊരു ഉപാസനയുടെ നിലയിലേക്കു വളർന്നിരിക്കുന്നു. ഉപാസന എന്നാൽ െെദവത്തിന്റെ ഉപസ്ഥാനത്ത് വസിക്കുക എന്നാണർഥം. അതെ, നിത്യപ്രാർഥനയും ജപവും കൊണ്ടു ശ്രീധരൻ ചേർന്നു വസിക്കുന്നു. പൊന്നാനിയിൽ താമസമാക്കിയശേഷം ഭാര്യാമാതാവിനെ നിത്യവും പ്രഭാതത്തിൽ ജപമന്ത്രങ്ങൾ ചൊല്ലിക്കേൾപ്പിച്ചിരുന്നു. വിശ്വാസവും പ്രാർഥനയുമെല്ലാം ശ്രീധരന് വീട്ടിൽ മാത്രം. വീടിനു പുറത്തിറങ്ങിയാൽ അദ്ദേഹം യാെതാരു വിശ്വാസമുറയും വഹിക്കാത്ത പൊതുപൗരനാണ്. എല്ലാ മതവിശ്വാസങ്ങളും പ്രാപഞ്ചികഘടനയിൽ സമാനമാണ് എന്ന ബോധ്യവും ശ്രീധരനുണ്ട്.
പ്രാതൽവിഭവങ്ങൾ കേരളീയപലഹാരങ്ങളായ ദോശ, ഇഡ്‌ലി എന്നിവയൊക്കെത്തന്നെ. ഉച്ചയ്ക്ക് മോശമല്ലാത്ത വിഭവങ്ങളോടുകൂടിയ ഊണ്. ഊണിനുള്ള അരി കറുകപുത്തൂരിലെ നെൽപ്പാടത്തു വിളഞ്ഞതുതന്നെയാകണമെന്നു ശ്രീധരനു നിർബന്ധമുണ്ട്. ഇന്ത്യയിൽ എവിടെ ജോലി ചെയ്യുമ്പോഴും കറുകപുത്തൂരിലെ അരി തീവണ്ടികയറി ശ്രീധരനെ തേടിവന്നു. െെവകിട്ട് അഞ്ചു മണിക്ക് എവിടെയായാലും കുറച്ചു നടക്കാൻ പോകും. അതിൽക്കവിഞ്ഞ വ്യായാമമൊന്നുമില്ല.
പഠനകാലത്ത് ഫുട്ബോളിൽ കമ്പമുണ്ടായിരുന്നു. അന്ധ്രാപ്രദേശിലെ കാക്കിനഡ എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോൾ കോളജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ഇപ്പോഴും ലോകകപ്പ് ഫുട്ബോൾ കാണാറുണ്ട്. േഗാതമ്പ് വിഭവങ്ങളാണ് അത്താഴം. കഴിയുന്നതും രാത്രി പത്തുമണിയോടെ കിടക്കും. ഒാഫിസ് ജോലികളെല്ലാം ഒാഫിസ് സമയത്തിനകം ചെയ്തുതീർക്കും. കിടപ്പുമുറിയിലേക്ക് ഫയലുകൾ കൊണ്ടുവരാറില്ല. ഇ. ശ്രീധരന്റെ ദീർഘായുസ്സിന്റെയും കർമോത്സുകതയുടെയും രഹസ്യം െെദനംദിന ഭൗതികജീവിതത്തിലല്ല മറിച്ച് ആത്മബലത്തിലാണ് എന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.
കറുകപുത്തൂരിന്റെ പുത്രൻ
പട്ടാമ്പിക്കടുത്തു കറുകപുത്തൂർ എന്ന ദേശത്താണ് ഇ. ശ്രീധരന്റെ ജനനം. കറുകപ്പുല്ലു നന്നായി വിളയുന്ന ദേശം കറുകപുത്തൂരായിത്തീർന്നതാകാം. കറുക ഒരു ഒൗഷധസസ്യമാണ്. ഉന്മാദം അടക്കി മനസ്സ് ശാന്തമാക്കാനുള്ള ഒൗഷധവീര്യം കറുകയ്ക്കുണ്ട്. കറുകയുടെ നീരെടുത്ത് നെയ്യിൽ ചേർത്തു കഴിക്കുന്നത് വിഭ്രാന്തിക്ക് ഉത്തമചികിത്സയാണ്. കറുകയുടെ ആന്തരിക ഊഷ്മളബലം കറുകപുത്തൂരിൽ ജനിച്ച ഇ. ശ്രീധരനെ പ്രശാന്തസൗഭാഗ്യമായി ആശ്ലേഷിച്ചിരിക്കാം. കറുകയുടെ മറ്റൊരു ഒൗഷധവീര്യം നാഡീഞരമ്പുകൾക്കു പ്രസരണശക്തിയും ദൃഢതയും നൽകലാണ്. അഴിമതിയും അധാർമികതയും നടമാടുന്ന ഇന്ത്യൻ റെയിൽവേ സർവീസിനെയും രാഷ്ട്രീയസമൂഹത്തെയും ശ്രീധരൻ നേരിട്ടത് കറുകപ്പുല്ലിന്റെ പ്രസരണതീക്ഷ്ണബലത്തിലാണ്.
ഭഗവത് ഗീതയിൽ മനസ്സുറപ്പിച്ച്
മഹാത്മാഗാന്ധി മൂന്നാം ക്ലാസ് തീവണ്ടി കംപാർട്ട്മെന്റിൽ സഞ്ചരിച്ചാണ് ഇന്ത്യ കണ്ടത്. നരകയാതന പൊരിയുന്ന മൂന്നാം ക്ലാസ് കംപാർട്ട്മെന്റിലെ തിരക്കിൽ വിയർത്തൊലിക്കുമ്പോൾ ഗാന്ധിജി കയ്യിലെ തുണിസഞ്ചിയിൽ സൂക്ഷിച്ച വിശിഷ്ടവസ്തുക്കളിലൊന്ന് തന്റെ കർമവേദമായ ഭഗവത്ഗീതയായിരുന്നു. പിൽക്കാലത്ത് ഇന്ത്യൻ റെയിൽവേയുടെ ആത്മാവായിത്തീർന്ന ഇ. ശ്രീധരന്റെയും കർമവേദം ഗീത തന്നെയാണ്. തന്റെ പ്രിയപ്പെട്ടവർക്കെല്ലാം ശ്രീധരൻ ഗീത സമ്മാനിക്കാറുണ്ട്. ജ്ഞാനമാണ് കർമത്തെക്കാൾ ഉത്തമം എന്നറിഞ്ഞിട്ടും കർമം ചെയ്യാൻ വിധിക്കപ്പെട്ട അർജുനന്റെ കഥയാണ് ഗീത. ഈ അർജുനവിധി ഗാന്ധിജിയിലെന്നപോലെ ശ്രീധരനിലും വന്നു ഭവിച്ചു. ജ്ഞാനത്തിന്റെ മഹത്വം അറിഞ്ഞുകൊണ്ടു കർമം ചെയ്യുന്നവനെ കർമക്ലേശങ്ങൾ നായാടാറില്ല.
തീവണ്ടിയിൽ ജന്മമുദ്ര വച്ച ശ്രീധരന്റെ എക്കാലത്തെയും ഇഷ്ടവാഹനം തീവണ്ടി തന്നെയാണ്. ആറാം വയസ്സിൽ പട്ടാമ്പിയിൽ നിന്നു പയ്യന്നൂരിലേക്ക് അച്ഛന്റെ െെകപിടിച്ചു നടത്തിയ ആദ്യ തീവണ്ടിയാത്രയുടെ ഉത്സാഹം 86–ാം വയസ്സിലും ശ്രീധരനിൽ കെട്ടടങ്ങിയിട്ടില്ല. മണ്ണിൽ ചവിട്ടിനിന്ന് െെദവിക പ്രകൃതിയിലലിഞ്ഞ് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് ജീവിക്കാനാണ് ശ്രീധരനിഷ്ടം. മനുഷ്യസാമീപ്യം മോഹിച്ചാണ് ശ്രീധരൻ ജന്മദേശമായ കറുകപുത്തൂരിൽ നിന്ന് െപാന്നാനിയിൽ താമസമാക്കിയത്. വലിയ വീടും പറമ്പുമുണ്ടെങ്കിലും കറുകപുത്തൂർ വിജനമാണ്. മണ്ണിനോടും മനുഷ്യനോടുമുള്ള അടുപ്പം ശ്രീധരന്റെ കർമജീവിതത്തിൽ മഹാവിജയങ്ങൾ നേടിക്കൊടുത്ത അനുഭവങ്ങളുമുണ്ട്.
പാമ്പൻ പാലം പണിയുന്നു
1964–ൽ സുനാമിയിൽ രാമേശ്വരത്തെ പാമ്പൻപാലം തകർന്നു. പാലം അടിയന്തരമായി പുനർനിർമിക്കാനുള്ള ചുമതല ശ്രീധരനെയാണ് ഏൽപിച്ചത്. ആദ്യം ആറു മാസവും പിന്നീടത് ചുരുക്കി മൂന്നു മാസവുമാണ് പാമ്പൻപാലം പുനർനിർമാണത്തിന് കാലയളവ് അനുവദിച്ചത്.
രാമേശ്വരത്തെത്തിയ ശ്രീധരന് ഒരു പരമാർഥം ബോധ്യമായി. പാലം അപ്പടി തകർന്നിരിക്കുന്നു. പാലം പുനർനിർമിക്കാനുള്ള ഗർഡറുകൾ പരിസരപ്രവിശ്യയിലെ മുഴുവൻ റെയിൽവേ നിർമാണശാലകളിൽ ഒരേ സമയം നിർമിച്ചാലും ഒരു കൊല്ലത്തിനകം പാലം പുനർനിർമിക്കാൻ സാധ്യമല്ല. ശ്രീധരന്റെ കർമജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. ശ്രീധരൻ നിരാശനായില്ല. സന്ധ്യയ്ക്കു രാമേശ്വരത്തെ കടലോരങ്ങളിലേക്കിറങ്ങിനടന്നു. അപ്പോൾ മത്സ്യത്തൊഴിലാളികളിൽ നിന്നും പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടി. തകർന്ന പാലത്തിന്റെ ഉരുക്കിൽ തീർത്ത ഗർഡറുകൾ കടലിൽ അകലെയല്ലാതെ പലയിടങ്ങളിലായി പരന്നുകിടപ്പുണ്ട്. കോഴിക്കോട്ടെ മാപ്പിള ഖലാസികൾ ഹനുമാന്റെ ബലത്തോടെ ഗർഡറുകൾ പൊക്കിയെടുത്തു. ഒന്നര മാസം കൊണ്ടു ശ്രീധരൻ പാമ്പൻപാലം പുനർനിർമിച്ച് തീവണ്ടിക്കു പച്ചക്കൊടി കാട്ടി. മണ്ണിലേക്കിറങ്ങിനടന്നതിന്റെ മഹാവിജയത്തെ ശ്രീധരൻ വിജയകരമായ എൻജിനീയറിങ് വിദ്യ എന്നു വിശേഷിപ്പിച്ചു.
ഇന്ത്യയിലെ പത്രപ്രവർത്തകർക്ക് െെക കാര്യം ചെയ്യാൻ ഏറെ പ്രയാസമുള്ള വ്യക്തിയാണു ശ്രീധരൻ. എന്തെന്നാൽ അദ്ദേഹത്തിനു പേരിലും പ്രശസ്തിയിലും അശേഷം താൽപര്യമില്ല. പ്രശസ്തിയോട് അൽപം വിരോധമുണ്ടുതാനും. തന്റെ നിഷ്കളങ്കതയും െെനസർഗികതയും നിലനിർത്താനായി പ്രശസ്തിക്കെതിരെ അദ്ദേഹം ആത്മമുഖത്തു സ്ഥാപിച്ച കവചം തട്ടി മുറിവേറ്റവർ ധാരാളം. ഒരു മുനി മറ്റുള്ളവർ പ്രശംസിക്കുന്നതിലും സ്തുതിക്കുന്നതിലും സന്തോഷിച്ചാൽ അതോടെ സന്യാസജീവിതം അസാധുവാകുന്നു. സ്തുതിയിൽ സന്തോഷിക്കാതെ നിന്ദയിൽ ക്ഷോഭിക്കാതെ നിലകൊള്ളലാണ് മഹത്തായ മാനവഭാവം. മഹർഷിതുല്യമായ ഈ ജീവിതഭാവം െെകവരിച്ച വ്യക്തിയാണ് ഇ. ശ്രീധരൻ. എല്ലാ കർമങ്ങളും ഈശ്വരാർപ്പണമായി ചെയ്യുക എന്ന ഗീതാവാക്യം ജീവിതത്തിൽ പകർത്തിയ ശ്രീധരനിൽ ഞാൻ എന്ന ഭാവം നശിച്ചിരിക്കുന്നു. എല്ലാം ചെയ്യുമ്പോഴും ഒന്നും ഞാനല്ല ചെയ്തത് എന്നു ശ്രീധരൻ വിശ്വസിക്കുന്നു. കർമലോകം തീവണ്ടിപോലെ ഇരമ്പുമ്പോഴും ശ്രീധരന്റെ ആത്മലോകം ഹിമാലയത്തിലെ മാനസസരസ്സ് പോലെ പ്രശാന്തമാണ്. എന്നാൽ ശ്രീധരനു േനരിടേണ്ടിവന്ന കർമലോകം ഒട്ടും നിസ്സാരമായിരുന്നില്ല എന്നു മാത്രമല്ല പലപ്പോഴും ഘോരവുമായിരുന്നു.
നിഗൂഢമായ അടിയൊഴുക്കുകളും വൻചുഴികളുമുള്ള ഇന്ത്യൻ പൊതുജീവിതത്തിലെ അഴിമതിഭീകരതയെ സംഹാരവീര്യത്തോടെയാണു ശ്രീധരൻ നേരിട്ടത്. കൊങ്കൺ റെയിൽവേ നിർമാണകാലത്ത് അഴിമതിക്കാരായ കരാറുകാർക്കായി റെയിൽവേ മന്ത്രി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാനുള്ള ധീരതയോളം ശ്രീധരന്റെ അഴിമതിവിരുദ്ധ സംഹാരശേഷി ഉയർന്നു നിന്നു.
കുടുംബത്തോടു ചേർന്ന്
കുടുംബമാണു ശ്രീധരന്റെ അടിസ്ഥാനബലം. റെയിൽവേ സർവീസിൽ നിരന്തരമായ സ്ഥലമാറ്റങ്ങളിലെല്ലാം ശ്രീധരൻ കുടുംബത്തെയും കുട്ടികളെയും കൂടെ കൊണ്ടുപോയിരുന്നു. പൊന്നാനിയിലെ ജനകീയ ഡോക്ടർ അച്യുതമേനോന്റെ മകൾ രാധയാണ് ഭാര്യ. ശ്രീകൃഷ്ണനു രാധയെന്നപോലെ സഫലമായ ആ ജീവിതത്തിന്റെ പ്രയാണവഴികളിലെല്ലാം രാധ ശ്രീധരനെ അനുഗമിച്ചു. മനസ്സിന്റെ പ്രശാന്തതപോലെ ശ്രീധരന്റെ ദീർഘായുസ്സിനും കർമോത്സുകതയ്ക്കും കാരണമായ മറ്റൊരു െെദവനിദാനമാണ് പുണ്യം. പെറ്റമ്മ അന്ത്യകാല ക്ലേശങ്ങളിൽ അമർന്നപ്പോൾ ശ്രീധരൻ തിരക്കുള്ള ജോലി ഉപേക്ഷിച്ച് ഒരു മാസക്കാലം അമ്മയെ ശുശ്രൂഷിച്ച് ആശുപത്രിയിൽ കഴിച്ചുകൂട്ടി. അമ്മ മരിച്ചശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ശ്രീധരൻ കർമലോകത്ത് തന്റെ ഗുരുവായി കാണുന്ന റെയിൽവേ ബോർഡ് ചെയർമാനായിരുന്ന ജി. പി. വാര്യർ, പിതാവ് നീലകണ്ഠൻ മൂസ്സ് എന്നിവരോടെല്ലാം പുലർത്തിയ െെദവതുല്യമായ ആദരവും സാധുജനസേവയും ശ്രീധരന് അളവറ്റ പുണ്യങ്ങൾ നേടിക്കൊടുത്തു.
നാം പലപ്പോഴും ഒരാളുടെ ദീർഘായുസ്സിന്റെ രഹസ്യം അന്വേഷിക്കുന്നത് അയാളുടെ ശരീരഘടനയിലാണ്. എന്നാൽ ആത്മപ്രശാന്തത കൊണ്ട് ദീർഘായുസ്സ് നേടുന്ന ഇ. ശ്രീധരനെപ്പോലെ അത്യപൂർവം പേർ ഭൂമിയിലുണ്ടെന്ന സത്യം തിരിച്ചറിയുക. ഒൗഷധസേവകൊണ്ടോ, ഉഴിച്ചിൽകൊണ്ടോ, കഠിനവ്യായാമം കൊണ്ടോ, വാർധക്യത്തിൽ ടി ഷർട്ടിട്ട് ക്രിക്കറ്റ് കാണുന്ന ഉല്ലാസഭാവം കൊണ്ടോ മാത്രം ദീർഘായുസ്സുണ്ടാകില്ല. ശരീരത്തിനതീതമായ ആത്മനൈർമല്യം കൊണ്ടും പ്രശാന്തത കൊണ്ടും െെനസർഗികനിഷ്കളങ്കത കൊണ്ടും ദീർഘായുസ്സ് നേടാമെന്നതിന്റെ ഉത്തമസാക്ഷ്യമാണ് ഇ. ശ്രീധരന്റെ ജീവിതം.
ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോടു പറയുന്നുണ്ട്: ‘‘അർജുനാ... മൂന്നു ലോകങ്ങളിൽ നിന്നും എനിക്കു കിട്ടാത്തതായോ കിട്ടേണ്ടതായോ യാെതാന്നും തന്നെയില്ല. എന്നിട്ടും ഞാൻ കർമം ചെയ്തുകൊണ്ടിരിക്കുന്നു. എന്തെന്നാൽ കർമം ചെയ്യാതിരുന്നാൽ നശിച്ചുപോകും.’’ ഇ. ശ്രീധരനും ഇത്തരമൊരു നില െെകവന്നിരിക്കുന്നു. ലോകത്തുനിന്നും അദ്ദേഹത്തിനു കിട്ടാത്തതായോ കിട്ടേണ്ടതായോ യാെതാന്നും തന്നെയില്ല. എന്നിട്ടും 86–ാം വയസ്സിലും ഇ. ശ്രീധരൻ കർമം ചെയ്തുകൊണ്ടിരിക്കുന്നു.
(മനോരമ ആരോഗ്യം 2019ൽ പ്രസിദ്ധീകരിച്ച ലേഖനം)