Saturday 21 May 2022 10:42 AM IST

‘സ്റ്റൈലാണോ അവരെ ചെറുപ്പമാർന്നവരായി നിലനിർത്തുന്നത്?’: മോഹൻലാലിന്റെ സ്റ്റൈലിസ്റ്റ് ജിഷാദ് പറയുന്നു

Santhosh Sisupal

Senior Sub Editor

mohanlal-jeshad

കിരീടം സിനിമയിറങ്ങിയ കാ ലം. അതിൽ ലാൽ സാർ മുണ്ട് ഉടുത്തിരിക്കുന്നതു അന്ന് സ്റ്റൈലായി മാറിയിരുന്നു. ആ ഇഷ്ടം കൊണ്ട് ഞാനും ‘സേതുമാധവൻ’ എന്ന കഥാപാത്രത്തെപ്പോലെ മുണ്ടുടുക്കാൻ കുറേ ശ്രമിച്ചതാണ്. പക്ഷേ ലാൽ സാർ ഉടുക്കുന്നതുപോലെ ശരിയാവുന്നില്ല. ഇന്നും എനിക്ക് അതുപോലെ ഭംഗിയിൽ മുണ്ടുടുക്കാൻ കഴിയില്ല.’’ – കോപ്പിയടിക്കാൻ ശ്രമിച്ച സ്റ്റൈലിന്റെ പരാജയം രസം ചോരാതെ പറഞ്ഞത് മോഹൻലാലിന്റെ പേഴ്സനൽ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദീനാണ് .

മോഹൻലിന്റെ പുതിയ സിനിമ ‘ആറാട്ട്’ ഫെബ്രുവരിൽ റിലീസായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായപ്പോൾത്തന്നെ പ്രേക്ഷകർ ശ്രദ്ധിച്ചത് മോഹൻലാലിന്റെ വേഷമാണ്. സിനിമയ്ക്കു വേണ്ടി കഥാപാത്രത്തിന്റെ ഭാവത്തിനുസരിച്ച്, 60 ൽ പരം ഡിസൈനുകളിലുള്ള മുണ്ടും ഏതാണ്ട് അത്രയും തന്നെ ജുബയുമാണ് ജിഷാദ് രൂപപ്പെടുത്തിയത്. യൗവനത്തിളപ്പാർന്ന സ്റ്റൈലിൽ മോഹൻലാലിനെ വീണ്ടും വെള്ളിത്തിരയിൽ നിറച്ച ജിഷാദ് പറയുന്നു...

താരങ്ങളുെട സ്റ്റൈൽ

ഏതൊരാൾക്കും ഏതു പ്രായത്തിലും സ്റ്റൈലാവാം. യൗവനത്തിളക്കവും ആകർഷണീയതും നിലനിർത്താനുള്ള താരവഴികളിലൂെട കൂട്ടിക്കൊണ്ടു പോവുകയാണ് കേരളത്തിലെ പ്രശസ്തനായ സ്റ്റൈലിസ്റ്റ് ജിഷാദ്. അദ്ദേഹം പറയുന്നു...

താരങ്ങളുടെ സ്റ്റൈലാണോ അവരെ ചെറുപ്പമാർന്നവരായി നിലനിർത്തുന്നതെന്നു ചോദിക്കുന്നവരുണ്ട്. എ ന്നാൽ പ്രായം എന്നത് മറ്റുള്ളവരുെട വിചാരമാണ്. 40–50 വയസ്സാകുമ്പോൾ ഒരാൾ മധ്യവയസ്സായി എന്നു കരുതുന്നു. എന്നാൽ മോഹൻലാലിനെപ്പോലെയോ മമ്മൂട്ടിയെപ്പോലെയോ ഉള്ളവർ ഒരിക്കലും തങ്ങൾക്കു പ്രായമേറിപ്പോയെന്നോ ചെറുപ്പം നഷ്ടപ്പെട്ടുവെന്നോ കരുതുന്നേയില്ല. അവരുടെ ശരീരവും മനസ്സും ആ നിലയിലാണ് അവർ ഒരുക്കിവച്ചിരിക്കുന്നത്. ആ ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളും അക്സസറീസുമൊക്കെ സ്റ്റൈലിഷ് ആയി ധരിക്കാനും അത്തരം ആറ്റിറ്റ്യൂഡിൽ പ്രത്യക്ഷപ്പെടാനും അവർക്കു കഴിയുന്നതുകൊണ്ടാണ് അവർക്ക് ഇന്നും ചെറുപ്പം.

താരങ്ങളെപ്പോലെ ഈ ഒരു കാഴ്ചഭംഗി നേടിയെടുക്കാൻ ആർക്കും സാധ്യമാണ്. എന്നാൽ ജീൻസ് ധരിച്ചതുകൊണ്ടോ ടീഷർട്ട് ഇട്ടതുകൊണ്ടോ ഒരാൾക്കും ചെറുപ്പം തിരിച്ചു കിട്ടില്ല. കാരണം ചെറുപ്പമെന്നു ആദ്യം തോന്നേണ്ടത് അവനവനു തന്നെയാണ്. ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്നു പറയാറില്ലെ, അതു ശരിയാണെന്നു ചിന്തിക്കാനും ശരീരത്തെയും മനസ്സിനേയും അതിനനുസരിച്ചു പാകപ്പെടുത്താനും കഴിയണം. അതു കഴിഞ്ഞാൽ അവരവർക്ക് ഇണങ്ങുന്ന സ്റ്റൈലുകളെ സ്വീകരിച്ച് ചെറുപ്പം പ്രകടിപ്പിക്കാം എന്നുമാത്രം.

സ്റ്റൈലുകൾ അനുകരിച്ചാൽ

എന്നാൽ ഒരാളുെട ഉയരം, വണ്ണം, കുടവയർ, നിറം തുടങ്ങി വിവിധങ്ങളായ കാര്യങ്ങളുെട അടിസ്ഥാനത്തിലാണ് അയാളുടെ ഫാഷനും സ്റ്റൈലും രൂപപ്പെടുത്തേണ്ടത്. ഒരു താരത്തിനോ മോഡലിനോ ആറടി ഉയരമുണ്ട് എന്നു വിചാരിക്കുക. അയാൾക്കു എറ്റവും നന്നായി ചേരുന്നത് എന്നു തോന്നിയ വസ്ത്രം അഞ്ചടി ഉയരമുള്ളയാൾക്ക് ചേരുമോ?.

പുതിയ സ്റ്റൈലും ഫാഷനും ട്രെൻഡുമൊക്കെ ഇന്ന് അതിവേഗമാണ് നമ്മുെട മുന്നിലെത്തുന്നത്. അവ പരീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ സ്വന്തം നിലയിൽ, അവനവനുവേണ്ടി തയാറാക്കാതെ, യോജിച്ച സ്റ്റൈലുകൾ രൂപപ്പെടണമെന്നില്ല. താടിയുള്ളവർക്ക് ഇണങ്ങുന്നതല്ല, താടിയില്ലാത്തവർക്ക് ചേരുക. കഷണ്ടിയുള്ളയാളിനു മികച്ച സ്റ്റൈലായി തോന്നുന്നതല്ല മുടിയുള്ളവർക്ക്. ഇങ്ങനെ സ്വയം മനസ്സിലാക്കിവേണം വേഷം ധരിക്കാനും സ്റ്റൈലാവാനും. എന്നാൽ ഒരു കാര്യം കൂടി പറയാതെ വയ്യ, ഒരു സ്റ്റൈലും നോക്കാതെ എന്തും ഏതും ധരിക്കാനും ആർക്കും കഴിയും. അങ്ങനെയുള്ളവർ ഏറെയുണ്ടുതാനും.

നമ്മുെട വ്യക്തിത്വത്തിന്റെ ഭാഗമാണ് തിരഞ്ഞെടുക്കുന്ന സ്റ്റൈലുകൾ. അത് ഓരോ സന്ദർഭത്തിനും ഇണങ്ങുന്ന മട്ടിൽ മാറിക്കൊകൊണ്ടിരിക്കുകയും ചെയ്യും. എന്റെ കംഫർട് സോൺ എന്നത് ഒരു ടീഷർട്ടും കാഷ്വൽ ജീൻസും ധരിച്ച കാലിൽ ചപ്പലുമിട്ടുപോകുന്നതാണ്. എന്റെ വർക്കിനിടയിൽ എനിക്കു സ്റ്റൈലായിരിക്കാൻ കഴിയില്ല. എന്നാൽ ഞാൻ പൊതുപരിപാടിക്കു പോകുമ്പോഴോഫോട്ടോഷൂട്ടിനു തയാറാകുമ്പോഴോ ചടങ്ങിൽ പങ്കെടുക്കുമ്പോഴോ അവിടെ എന്തു സ്റ്റൈൽ വേണമെന്നു വളരെ ബോധപൂർവം ആസൂത്രണം ചെയ്യും. അപ്പോൾ പ്രതിഫലിക്കമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് പ്രകടമാവുക.

എത്ര നല്ല വസ്തം ധരിച്ചാലും ചിരിമറഞ്ഞ മുഖവും തിളക്കമില്ലാത്ത കണ്ണുകളും ഇടിഞ്ഞുതൂങ്ങിയ ചുമലുകളും ഊർജ്വസ്വലമല്ലാത്ത നടത്തവുമൊക്കെ ആണെങ്കിൽ പ്രായം കൂടുതൽ തോന്നിക്കുകയേ ഉള്ളൂ,

സ്റ്റൈൽ വിദേശത്തുനിന്നും

പ്രദേശവും കാലാവസ്ഥയും ഒക്കെ അനുസരിച്ച് ഫാഷനും സ്റ്റൈലുകളും കാര്യമായി മാറും. ഈ രംഗത്ത് ഏറ്റവും ചടുലമായ മാറ്റം നടക്കുന്നത് കൊറിയയിലാണ്. ജപ്പാനിലും സ്റ്റൈലിഷായ മാറ്റങ്ങളേറെയാണ്. ജപ്പാനിൽ മധ്യവയസ്സുള്ളവർ ഇളം നിറത്തിലുള്ള ലിനൻ മെറ്റീരിയലുള്ള വസ്ത്രങ്ങൾ ഇപ്പോൾ കൂടുതലായി ഉപോയഗിക്കുന്നുണ്ട്. നമ്മുെട നാട്ടിലും കൂടുതൽ പേർക്ക് ഇണങ്ങാവനും ട്രെൻഡായി മാറാനുംസാധ്യതയുള്ള ഒന്നാണ് അത്.

പാദരക്ഷ, ടാറ്റൂ, പിയേഴ്സിങ് ?

സ്റ്റൈലുമായി ബന്ധപ്പെട്ടു വസ്ത്രം കഴിഞ്ഞാൽ അവയോട് ചേർന്നു നിൽക്കേണ്ട മൂന്നു കാര്യങ്ങളാണ് പാദരക്ഷയും വാച്ചും മോതിരവും. ഇതിൽ പാദരക്ഷകൾ പ്രധാനമാണ്. സ്റ്റൈൽ നിർണയത്തിൽ അവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതിനാൽ കരുതലോടെ മാത്രം അവ തിരഞ്ഞെടുക്കുക. ടാറ്റൂയിങ്, പിയേഴ്സിങ് പോലെയുള്ളവ വാസ്തവത്തിൽ സ്റ്റൈൽ നിർണയത്തിൽ കാര്യമായി ഗുണം ചെയ്യുന്നില്ല. കുറച്ചു വർഷം മുൻപ് 46,000 രൂപ കൊടുത്താണ് ഞാൻ ടാറ്റൂ ചെയ്തത്. പെട്ടെന്ന് ഒരു നിമിഷത്തിലെടുത്ത തീരുമാനമായിരുന്നു. പക്ഷേ ഈ അടുത്ത കാലത്ത് അതു നീക്കാനായി ആലോചിച്ചപ്പോൾ മനസ്സിലായി അന്നു ചെലവാക്കിയതിന്റെ പല മടങ്ങു ചെലവാക്കണമെന്ന്. എന്റെ ഈ അനുഭവത്തിൽ നിന്നു തന്നെ പറയാം, ഒരു സ്റ്റൈലിനുവേണ്ടിയും സ്വന്തം ശരീരത്തിൽ തിരുത്താനാവാത്ത മാറ്റങ്ങൾ വരുത്തരുത്.

സ്വന്തം സ്റ്റൈൽ പഠിക്കാം

പുതിയ സിനിമ മോൺസ്റ്ററിനു വേണ്ടി ലാൽ സാറിന്റെ സ്റ്റൈൽ പ്ലാൻ ചെയ്യുകയായിരുന്നു. ഒരു പ്രശസ്ത ബ്രാൻഡിന്റെ ഇറങ്ങിയിട്ടു ദിവസങ്ങൾ മാത്രമായ ഒരു പുതിയ സ്റ്റൈൽ ഷർട്ടു തിരഞ്ഞെടുത്തു അദ്ദേഹത്തെ കാണിക്കാനായി കൊണ്ടുചെന്നു. അതിന്റെ കൈയിലുള്ള ഒരു പ്രത്യേകത കണ്ടപ്പോൾ തന്നെ ലാൽ സാർ പറഞ്ഞു അത് ഇന്ന ബ്രാന്‍ഡിന്റെ പുതിയ സ്റ്റൈൽ ഷർട്ടാണെന്ന്. അത്രമാത്രം അപ്ഡേറ്റഡാണ് അദ്ദേഹം. മോഹൻലാലൊക്കെ ചെറുപ്പമാർന്ന സ്റ്റൈലിൽ പ്രത്യക്ഷപ്പെടുന്നതിന് എന്താണു കാരണമെന്നു ഇപ്പോൾ മനസ്സിലായില്ലേ. അതുപോലെ സ്വന്തം സ്റ്റൈൽ എങ്ങനെ ആയിരിക്കണമെന്നതിനു കൃത്യമായ ധാരണയും പഠനവും വേണം.–ജിഷാദ് പറയുന്നു.

സ്വന്തം സ്റ്റൈൽ, അത് ഓഫീസിലും പുറത്തും ചടങ്ങുകൾക്കുമടക്കം നിങ്ങൾ എങ്ങനെയാണ് വിലയിരുത്തപ്പെടണമെന്നു ആഗ്രഹിക്കുന്നുവോ അതിനനുസരിച്ച് ആസൂത്രണം ചെയ്യണം. നിങ്ങൾക്ക് സുഖപ്രദവും, ചേരുന്നതുമായ ഫാഷനും സ്റ്റൈലുകളുമാണ് തിരഞ്ഞെടുക്കേണ്ടത്. അവയെക്കുറിച്ചെല്ലാം പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് സ്വന്തം സ്റ്റൈൽ കണ്ടെത്താൻ സഹായിക്കും.