Q. എനിക്ക് 35 വയസ്സ്. ഭാര്യയ്ക്ക് 31. ഞങ്ങൾ ക്ലർക്കുമാരായി ജോലി ചെയ്യുന്നു. കുട്ടികളില്ല അതിനുള്ള ചികിത്സയിലാണ്. പ്രത്യുൽപ്പാദനത്തിന് ജൂൺ–ജൂലൈ മാസങ്ങൾ ഏറ്റവും മികച്ചതാണെന്ന് ഒരു സുഹൃത്തു പറയുന്നു. മിന്നൽ മൂലം നൈട്രജൻ കലർന്ന മഴവെള്ളം ലൈംഗികശേഷി കൂട്ടുമത്രേ. ഈ മാസങ്ങളിൽ പച്ചക്കറികളും മറ്റും കൂടുതൽ പച്ചപ്പു നേടുന്നതും മീനുകളും തവളകളും മുട്ടയിടുന്നതുമൊക്കെ അദ്ദേഹം ശ്രദ്ധയിൽ പെടുത്തുന്നു. മനുഷ്യന്റെ കാര്യത്തിൽ ഇതു ശരിയോ? വിശദമായി മറുപടി നൽകുമോ?
A. ഇത്തരം കാര്യങ്ങൾ പലരും പറയുന്നുണ്ടാകാം. എങ്കിലും നിങ്ങളുടെ സുഹൃത്തിന്റെ ഈ വാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിനോട് അതേപടി യോജിക്കാനും നിവൃത്തിയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇനിയും തുറക്കാത്ത എത്രയോ ഏടുകൾ പ്രപഞ്ച പുസ്തകത്തിലുണ്ടാകാം.
ഗർഭധാരണത്തിന് ആരോഗ്യമുള്ള പുരുഷബീജവും അണ്ഡവും ഉണ്ടാകണമെന്നതാണ് പ്രധാന കാര്യം. അതു സംയോജിക്കണം. കൂടാതെ സ്ത്രീയുടെ പ്രത്യുൽപ്പാദന പാതകളിൽ തടസ്സങ്ങളും പാടില്ല. ഗർഭപാത്രം, ഗർഭാശയ ഗളം, ഫലോപ്യൻ ട്യൂബുകൾ ഇവയൊക്കെ മികച്ച രീതിയിൽ പ്രവർത്തിക്കണം അത്രയേ വേണ്ടൂ. ഈ കാര്യത്തിൽ മൺസൂണിനേക്കാൾ കൂടുതലായി വിശ്വസിക്കേണ്ടതു വൈദ്യശാസ്ത്രത്തെയാണ്.
മറുപടി നൽകിയത്
ഡോ. ഡി. നാരായണ റെഡ്‌ഡി
സെക്സോളജിസ്റ്റ്, ദേഗാ ഇൻസ്‌റ്റിറ്റ്യൂട്ട്, ചെന്നൈ