Friday 24 December 2021 11:50 AM IST

അമ്മാവാ എന്നു വിളിച്ചവരെ ശിഷ്യൻമാരാക്കി! 102 കിലോയിൽ നിന്നും 80ലേക്ക് തിരിച്ചിറങ്ങിയ വിൽ‌പവറിന്റെ കഥ

Binsha Muhammed

nimesh

‘തടിച്ച് ഒരു വഴിയായല്ലോ ഇഷ്ടാ... ഇപ്പൊ കണ്ടാൽ ഒരു അമ്മാവൻ ലുക്കാണ് കേട്ടോ... ജിമ്മിലെ അഭ്യാസമൊക്കെ നിർത്തിയോ?

പതിനാറ് വയസു തൊട്ട് ജിമ്മിനെ പ്രണയിച്ച നിമേഷിന്റെ ചങ്കിലാണ് ആ വാക്കുകൾ പതിച്ചത്. ശരീരം മിനുക്കിയെടുക്കാൻ എജ്ജാതി അഭ്യാസങ്ങളുമായി നടന്നതാ. ഒരു കുഞ്ഞു പരുക്ക് എല്ലാം തകർത്തു. ജിമ്മിലെ വർക് ഔട്ടിനിടയ്ക്ക് കാലിലെ ലിഗമെന്റൊന്നു തെറ്റി. പിന്നെ ജിമ്മിലെന്നല്ല ആ പരിസരത്തു പോലും പോകാൻ കഴിഞ്ഞിട്ടില്ല. വീക്കെൻഡ് പാർട്ടി, അത്യാവശ്യം മദ്യപാനം, ചോറിനോടുള്ള പ്രണയം, റെഡ്മീറ്റ്... എല്ലാം കൂടിയായപ്പോൾ ശരീരം അതിന്റെ തനി സ്വരൂപം കാട്ടിത്തുടങ്ങി. ശരീരഭാരം സെഞ്ചുറിയും കടന്ന് നോട്ട് ഔട്ട്!

കയ്യും കണക്കുമില്ലാതെ കളിയാക്കലുകൾ...കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞ ശരീരം...എല്ലാം കൂടിയായപ്പോൾ സീൻ കട്ടശോകം! പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത നിമേഷ് രണ്ടും കൽ‌പ്പിച്ചിറങ്ങി. വാളെടുത്തവൻ വാളാലെ എന്നു പറയും പോലെ ‘ജിമ്മ് പണികൊടുത്തവൻ ജിമ്മാലെ’ എന്ന് മനസിലുറപ്പിച്ച് വീണ്ടും ശരീരത്തെ പാഠം പഠിപ്പിക്കാനിറങ്ങി. ബാക്കി കഥ കരിവീട്ടി കടഞ്ഞെടുത്തതു മാതിരിയുള്ള നിമേഷിന്റെ സ്റ്റീൽ ബോഡി പറയും...അമ്മാവൻമാരെന്നു വിളിപ്പിച്ചവരെ കൊണ്ട് മസിൽമാൻ എന്നു വിളിപ്പിച്ച തിരിച്ചു വരവിന്റെ കഥ... ഈ വരുന്ന ഡിസംബറിൽ മിസ്റ്റർ തൃശൂർ മത്സരത്തിൽ മാറ്റുരയ്ക്കാനൊരുങ്ങുന്ന ഗുരുവായൂർ സ്വദേശി നിമേഷ് മോഹൻദാസ് വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു, 102 കിലോയിൽ നിന്നും 80ലേക്ക് തിരിച്ചിറങ്ങിയ വിൽപവറിന്റെ കഥ...

nimesh3

102 നോട്ട് ഔട്ട്

ജിമ്മിലെ വർക് ഔട്ടിനിടയ്ക്കാണ് സംഭവം. വെയിറ്റ് എടുക്കുന്നതിനിടെ കാലിലെ ഞരമ്പിന് പണി കിട്ടി. വേദനയും കൊണ്ടു നടന്നത് നാളുകളോളമാണ്. ദുബായിലെ ഡ്രൈവിംഗ് പണിക്കിടയിൽ വീണുകിട്ടുന്ന ജിം വർക് ഔട്ട് അതോടെ നിന്നു. ഒരു വർഷത്തോളം എനിക്ക് ആ പടി ചവിട്ടാൻ പറ്റിയിട്ടില്ല. വർക് ഔട്ട് നിലച്ചതോടെ ദുശീലങ്ങൾ പതിയെ ലൈഫിലേക്കെത്തി. വൈകിയുള്ള ഉറക്കം, ലെവലില്ലാതെയുള്ള ഭക്ഷണം, നൈറ്റ് പാർട്ടി, ബ്രോസ്റ്റഡ് മീറ്റുകൾ എല്ലാം കൂടിയായപ്പോൾ കാര്യങ്ങൾ പിടിവിട്ടു പോയി. ശരീരഭാരം 102ഉം കഴിഞ്ഞു പോയി. ഒരു ഘട്ടത്തിൽ എനിക്ക് എന്നോട് തന്നെ വെറുപ്പു തോന്നി. നമ്മുടെ ശരീരം കണ്ട് കൊതിച്ചവർ പോലും കളിയാക്കി തുടങ്ങി. അവർക്കാർക്കും അറിയില്ലല്ലോ എനിക്ക് എന്താണ് സംഭവിച്ചതെന്ന്. ഒടുക്കം കാല് നേരെയാകുന്നതു വരെ ഞാന്‍ കാത്തിരുന്നു. ഒരു വർഷം പൂർത്തിയായ ഈ ഏപ്രിലിൽ ഞാൻ വീണ്ടും രണ്ടും കൽപ്പിച്ചിറങ്ങി എനിക്ക് പണി തന്ന ആ പഴയ ജിമ്മിലേക്ക്.

nimesh1

സന്ധിയില്ലാ ഡയറ്റ് പോരാട്ടം

കരാമയിലെ ജിമ്മിൽ വച്ച് സാബിത്ത് എന്ന ട്രെയിനറെ കണ്ടതാണ് വഴിത്തിരിവ്. കക്ഷി ചെറിയ പുള്ളിയൊന്നുമല്ല. മിസ്റ്റർ പാലക്കാട്, മിസ്റ്റർ സൗത്ത് ഇന്ത്യ തുടങ്ങി ഒരുപാട് അംഗീകാരങ്ങൾ നേടിയ വ്യക്തി. പുള്ളിക്കാരന്റെ കട്ട മോട്ടിവേഷൻ കൂടിയായപ്പോള്‍ ഞാൻ ചാർജായി. ഐശ്വര്യമായി ഡയറ്റിൽ നിന്നു തുടങ്ങി. ഇക്കഴിഞ്ഞ ഒരു കൊല്ലം ഞാൻ പ്രണയിച്ച ഭക്ഷണങ്ങളെല്ലാം മെനുവിൽ നിന്ന് കട്ട്. ചോറ്, ചപ്പാത്തി, റെഡ്മീറ്റ്, മട്ടണ്‍, മധുരം തുടങ്ങി എല്ലാത്തിനോടും വിട പറഞ്ഞു.ഓട്സ് വെജിറ്റബിൾസ് എന്നിവ ജീവിതത്തിന്റെ ഭാഗമായി. ദിനവും 600 മുതൽ 700 ഗ്രാം വരെ ചിക്കൻ ബ്രെസ്റ്റ്, നാല് നേരം മുട്ടയുടെ വെള്ള, ചീര, വെള്ളരി, ഒലിവ് ഇല എന്നിവ കൊണ്ട് സാലഡ്. എന്നെ നാണം കെടുത്തിയ ശരീരം പാഠം പഠിക്കുന്ന ദിനങ്ങളായിരുന്നു അത്. തുടക്കത്തിൽ നന്നേ ബുദ്ധിമുട്ടി. പക്ഷേ ശരീരത്തെ പതിയെ പതിയെ വരുതിയിലാക്കി. കൂട്ടത്തിൽ ജിം എക്സർസൈസ് കൂടിയായപ്പോൾ ബോഡി വെയ്റ്റ് ആയുധം വച്ച് കീഴടങ്ങി. ഏപ്രിലിൽ തുടങ്ങിയ പോരാട്ടം സെപ്റ്റംബറിൽ എത്തി നിൽക്കുമ്പോൾ 102ൽ നിന്നും 80 കിലോയിലേക്കെത്തി. ഓർക്കേണ്ട മറ്റൊരു കാര്യം കൂടി, ഡയറ്റ് കൊണ്ടു മാത്രം വെയിറ്റ് കുറയില്ല. എക്സർസൈസും പ്രധാനമാണ്. സാബിത്ത് നൽകിയ പ്രചോദനം കൈമുതലാക്കി ഈ വരുന്ന ഡിസംബറിൽ മിസ്റ്റർ തൃശൂർ കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബറിലാണ് മത്സരം. അതുമുന്നിൽ കണ്ടുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്.എല്ലാ സ്വപ്നങ്ങൾക്കും പിന്നിൽ കട്ട സപ്പോർട്ടുമായി നിവൽക്കുന്ന ഭാര്യയേയും മറന്നു കൂടാ. സ്വപ്നയെന്നാണ് പുള്ളിക്കാരിയുടെ പേര്. അഭിമന്യു, ആര്യൻ എന്നിവർ മക്കൾ...

nimesh-2