Saturday 25 September 2021 04:01 PM IST

‘മദ്യപിച്ചു ശരീരം കളയാനും, മത്തു പിടിച്ചു നടക്കാനും എനിക്കിഷ്ടമില്ല’: 64ലും സൂപ്പർ ബോഡി: ആ രഹസ്യം പങ്കിട്ട് സണ്ണിച്ചായൻ

Santhosh Sisupal

Senior Sub Editor

sunny324234

ജോജി സിനിമ കണ്ട‌ മിക്കവർക്കും, വൃദ്ധനാണെങ്കിലും പരുക്കനും കരുത്തനുമായ പനച്ചേൽ കുട്ടപ്പനെന്ന കഥാപാത്രത്തെ കണ്ടപ്പോൾ ഒരു സംശയം. എവിടയോ കണ്ടിട്ടുണ്ട്. ചിലർ മനസ്സിൽ വിളിച്ചു പറഞ്ഞു. ‘‘ഇത് നമ്മുെട ആടു തോമയെ പിന്നിൽ നിന്നു കുത്തിയ തൊരപ്പൻ ബാസ്റ്റിൻ ആണല്ലോ’’

ഈ കഥാപാത്രങ്ങളെ അനശ്വരമാക്കിയത് കോട്ടയം വാകത്താനം സ്വദേശിയായ പി.എൻ. സണ്ണിയാണ്. കേരള പൊലീസിൽ നിന്നും സബ് ഇൻസ്പെക്ടർ ആയി വിരമിച്ച സണ്ണി സ്ഫടികത്തിലെ ആടുതോമയെ കുത്തിവീഴ്ത്തുന്ന തൊരപ്പൻ ബാസ്റ്റിനായി അഭിനയിച്ചത് 25 വർഷം മുൻപാണ്. കഴിഞ്ഞുപോയ കാൽനൂറ്റാണ്ട് കൊണ്ട് പ്രായം 64 ലേക്ക് എത്തിയെങ്കിലും ശരീരം അത്രയും സഞ്ചരിച്ചിട്ടില്ല. അല്പം വണ്ണം കൂടിയെന്നല്ലാതെ കരുത്തും ശരീരവഴക്കവും അല്പവും കുറഞ്ഞിട്ടില്ല എന്ന് പനച്ചേൽ കുട്ടപ്പൻ കാട്ടിത്തരുന്നു.

ജോജിയിെല കഥാപാത്രത്തിന് വേണ്ടി ആയിരുന്നു പി. എൻ. സണ്ണി താടി വച്ചത്. മുടിയും താടിയും നരച്ചതല്ലാതെ പ്രായം ഇപ്പോഴും തൊടാൻ അറച്ചുനിൽക്കുന്നു. കാഴ്ചയിൽ പരമാവധി 50 വയസ്സ് പ്രായം തോന്നിക്കും. ഒരു 30–35 കാരന്റെ ആരോഗ്യം. എന്നാൽ മനസ്സിലിപ്പോഴും പ്രായം 25 ആണ് എന്ന് നാട്ടുകാരുടെ സണ്ണിച്ചായൻ പറയും.

സ്വയം പഠിച്ച യോഗ

വ്യായാമത്തോടു കൂട്ടുകൂടിയത് പതിനാലാം വയസ്സിലാണ്. ചെറുപ്പത്തിലേതന്നെ നന്നായി വായിക്കുമായിരുന്നു. അങ്ങനെയാണു യോഗയെ കുറിച്ചുള്ള പുസ്തകം വായിക്കാൻ ഇടയായത്. ‘‘ഞാനും അനിയൻ തോമസുകുട്ടിയും കൂടി അതു പരീക്ഷിച്ചു നോക്കി. അനുജൻ പുസ്തകം വായിക്കും ഞാൻ അതുപോലെ ചെയ്യും. അതു കഴിഞ്ഞ് ഞാൻ വായിച്ചുകൊടുക്കും അനുജൻ ചെയ്യും. അങ്ങനെയാണ് യോഗ പഠിച്ചത്’’

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വളരെ ചെറുതായിരുന്നു. പൊക്കവുമില്ല, വണ്ണവുമില്ല. വ്യായാമം ചെയ്താൽ പൊക്കം കൂടും എന്ന് വിചാരിച്ചാണ് വ്യായാമം ശീലമാക്കുന്നത്. സത്യം പറയട്ടെ എനിക്ക് പൊക്കം വച്ചു, ആറടിക്കു മുകളിലേക്ക്.

കുറച്ച് വർഷം കഴിഞ്ഞ് കോട്ടയത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യാൻ പോയി. അവിടെ ക്യൂവിൽ കാത്തു നിൽക്കുമ്പോൾ അടുത്തുനിന്ന ഒരാൾ പറഞ്ഞു “നല്ല പൊക്കം ഉണ്ടല്ലോ, ജിമ്മിൽ പൊയ്ക്കൂടെ, ബോഡി കേറി വരും എന്ന്’’. ആ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിയുകയായിരുന്നു. ‌അതു വരെയും ജിമ്മുകളെ കുറിച്ച് ഞാൻ കേട്ടിട്ടില്ല, അവിടെ പോകേണ്ട ആവശ്യകതയെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുമില്ല.

അങ്ങനെ ദിവസവും കോട്ടയത്ത് വന്ന് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങി. അതായിരുന്നു തുടക്കം. പിന്നീട് ശരീരസൗന്ദര്യ മത്സരത്തിൽ പലതവണ ജില്ലാ ചാമ്പ്യനായി, കേരള പൊലീസിൽ ചാമ്പ്യനായി സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് എത്തുകയും ചെയ്തു.

കളരിയിൽ കൈപിടിച്ച്

പൊലീസിൽ ചേർന്ന ശേഷമാണ് കോട്ടയത്തെ കളരി പരിശീലനുവുമായി ബന്ധപ്പെടുന്നത്. സിവിഎൻ കളരിയിലെ ഗുരുക്കളുടെ മകൻ ഷൈൻ ആയിരുന്നു കളരിപഠനത്തിന് നിമിത്തമായത്. കളരിപഠനം തുടങ്ങിയപ്പോൾ ശരീരത്തിന്റെ വഴക്കം വളരെ പെട്ടെന്നുതന്നെ മെച്ചപ്പെട്ടു. കളരിയിൽ ഉയരത്തിൽ ചാടാനും ഒഴിഞ്ഞുമാറാനും ഒക്കെയുള്ള പഠനങ്ങൾ എനിക്ക് സിനിമയിൽ നന്നായി പ്രയോജനപ്പെട്ടു.

ജോജിയിെല പനച്ചേൽ കുട്ടപ്പനെന്ന കഥാപാത്രത്തിന്റെ കരുത്തും വീറും സിനിമയിൽ വളരെ വ്യക്തമാക്കുന്നതാണ് ഒരു കുളത്തിലേക്ക് ചാടുന്ന സീൻ. ഈ പ്രായത്തിൽ ഒറ്റ ടേക്കിൽ അത് പൂർത്തിയാക്കാനായത് ഷൂട്ടിങ് സ്ഥലത്ത് പലർക്കും അത്ഭുതമായിരുന്നു. ‘‘ചേട്ടാ, ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ചാടാനുള്ള ഉയരം കുറയ്ക്കാം’’ എന്ന് സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞിരുന്നു. പക്ഷേ ഞാൻ ചാടി, ഒരു ബുദ്ധിമുട്ടുമില്ലാതെ.

റിട്ടയർമെന്റ് കഴിഞ്ഞ് വാകത്താനത്ത് സിറ്റിസൺ ഹെൽത്ത് ക്ലബ്ബ് ഏറ്റെടുത്ത് നടത്തുകയാണ്. അവിടെ ധാരാളം പേർക്ക് പരിശീലനം നൽകുന്ന തിരക്കുകൾക്കിടയിലേക്കാണ് കോവിഡ് വന്ന് ഒക്കെ പ്രശ്നമാക്കുന്നത്. ജിം അടച്ചിട്ടിരിക്കുന്ന സമയത്തും വ്യായാമം മുടക്കില്ല.

സിനിമയ്ക്കു പിന്നാലെ പോയില്ല

അഭിനയത്തിലെ മുൻപരിചയം, പരിശീലനം ഇവയെക്കുറിച്ചു ചോദിച്ചാൽ, പി.എൻ. സണ്ണിയുെട ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയാണ്‘‘ പൊലീസുകാരനായിരിക്കുക എന്നതുതന്നെ മികച്ച അഭിനയമാണ്. ഇല്ലാത്ത ഗൗരവം ഉണ്ടെന്നു ഭാവിക്കണം, പൊട്ടിച്ചിരിച്ചു പോകുന്ന അവസരമുണ്ടായാലും ചിരിക്കാതെ പിടിച്ചു നിൽക്കണം... ഇതൊക്കെ അഭിനയപരിശീലനം തന്നെയല്ലേ’’.

സ്ഫടികം സിനിമയ്ക്ക് ശേഷം പല സിനിമകളിലും ചെറിയ വേഷങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോജിയിലെ കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറെ ഇഷ്ടമാണ് സിനിമയെങ്കിലും സിനിമയ്ക്കു പിന്നാലെ പോകാൻ ജോലിത്തിരക്കുമൂലം കഴിഞ്ഞില്ല. അറിഞ്ഞ് ആരെങ്കിലുമൊക്കെ വിളിക്കുമ്പോൾ സമയം ഉള്ളപ്പോഴാണെങ്കിൽ പോയി ചെയ്യുമായിരുന്നു. വളെര ചെറിയ വേഷങ്ങളായിരുന്നു മിക്കതും. ഡബിൾ ബാരൽ എന്ന സിനിമയിൽ അല്പം ശ്രദ്ധേയമായ വേഷമായിരുന്നു. അത് കണ്ടിട്ടാണ് ജോജി സിനിമയിലേക്ക് വിളിച്ചത്.

ഭക്ഷണം, മദ്യം?

ഭക്ഷണകാര്യങ്ങളിൽ കിട്ടുന്നതെന്തും കഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ പ്രോട്ടീൻ കൂടിയ ഭക്ഷണം കഴിക്കണമെന്നൊന്നും ആലോചിച്ചിരുന്നില്ല. വീട്ടിൽ ഉള്ളതെല്ലാം കഴിക്കും. അതേ കഴിക്കുള്ളൂ, അത് മാത്രം. നാൽപത് വയസ്സായപ്പോൾ ബീഫ് കഴിക്കുന്നത് നിർത്തി. അത് ശരീരത്തിന് അത്ര നല്ലതല്ല എന്ന് തോന്നിയത് കൊണ്ടാണ് നിർത്തിയത്. പിന്നീട്, പ്രായം കൂടി വന്നപ്പോൾ ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് ഒരു പ്രധാന മാറ്റം. ‘‘പ്രായം കൂടുംതോറും ശരീരത്തിന് ഊർജ്ജാവശ്യത്തിൽ കുറവ് വരും. ഈ പ്രായത്തിൽ പഴയ രീതിയിൽ ഭക്ഷണം കഴിച്ചാൽ ശരീരം പെട്ടെന്ന് വയസ്സാകും‘‘ ഇതാണ് സണ്ണിയുടെ വാക്കുകൾ.

അദ്ദേഹം തീരെ മദ്യപിക്കാറില്ല. എന്തുകൊണ്ടാണ് പൊലീസുകാരൻ ആയിരുന്നിട്ടും മദ്യപിക്കാതിരുന്നത് എന്ന് ചോദിച്ചാൽ സണ്ണിച്ചായൻ ഇങ്ങനെ പറയും–‘‘മദ്യപിച്ച് ശരീരം കളയാനും മറ്റുള്ളവരുടെ മുൻപില്‍ മത്തുപിടിച്ചു നടക്കാനും എനിക്കിഷ്ടമില്ല, അത്രതന്നെ’’.

ധ്യാനവും സൗമ്യതയും

യോഗയിലെ ധ്യാനരീതികൾ ഒക്കെ നന്നായി പരിശീലിച്ചത് കൊണ്ട് തന്നെ ജീവിതത്തിലെ പിരിമുറുക്കങ്ങളെ വളരെ സൗമ്യമായി നേരിടാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. എന്റെ പ്രായത്തെയും ആരോഗ്യത്തെയും കുറിച്ച് ഭാര്യ റെമിയും മക്കളായ അഞ്ജലിയും ആതിരയും അലക്സും ഒക്കെ ഓർമിപ്പിക്കും. പക്ഷേ മനസ്സുകൊണ്ട് പ്രായമായെന്ന് അംഗീകരിച്ചിട്ടേയില്ല. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ചെറുപ്പക്കാർ ചെയ്യുന്നതിനേക്കാൾ ഒരെണ്ണമെങ്കിലും എനിക്ക് കൂടുതൽ ചെയ്യണം എന്നുള്ള വാശി ഇപ്പോഴും മനസ്സിലുണ്ട്.

ജോജി സിനിമ കണ്ടിട്ട് സംവിധായകൻ ഭദ്രൻ സാർ വിളിച്ചിരുന്നു. “സണ്ണീ, അഭിനയവും സിനിമയും ഗംഭീരമായി. പക്ഷേ സ്ഫടികത്തിലെ നിന്റെ ശരീരത്തിൽ നിന്ന് കുറച്ചു മാറ്റം വന്നിട്ടുണ്ട്. അല്പം വണ്ണംകൂടി. വണ്ണം കുറച്ച് അതുപോലെ തന്നെ ആകണം കേട്ടോ” ഈ സിനിമാ കാലത്ത് ഞാൻ എനിക്ക് കിട്ടിയ ഏറ്റവും മനോഹരമായ, ഏറ്റവും വിലയുള്ള അഭിനന്ദനമായാണ് അതിനെ കരുതുന്നത്– തെളിമയുള്ള ചിരിയോടെ പി എൻ സണ്ണി പറയുന്നു.

Tags:
  • Fitness Tips
  • Manorama Arogyam