Thursday 24 June 2021 03:58 PM IST

അമ്മയ്ക്ക് തൈറോയ്ഡ് രോഗമുണ്ടെങ്കിൽ ആൺകുഞ്ഞിന് വരാൻ സാധ്യത കൂടുതൽ; പുരുഷന്മാരിലെ തൈറോയ്ഡ് പ്രശ്നങ്ങൾ അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

thyroidw3r3

ഹോർമോണുമായി ബന്ധപ്പെട്ട രോഗങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണല്ലോ പ്രമേഹം. അതിനോടൊപ്പം തന്നെ വ്യാപകമായി കണ്ടുവരുന്നതാണ് തൈറോയ്ഡ് സംബന്ധിച്ച പ്രശ്നങ്ങൾ. ഇന്ത്യയിൽ ഏകദേശം 42 മില്യൺ ജനങ്ങൾക്ക് തൈറോയ്ഡിന്റെ ഏതെങ്കിലും തരത്തിലുള്ളതായ രോഗം ഉള്ളതായിട്ടാണ് കണക്കാക്കുന്നത്. നമ്മുെട കേരളത്തിലും സ്ഥിതി മറിച്ചല്ല. വളരെയധികം വ്യക്തികൾക്ക് തൈറോയ്ഡ് സംബന്ധിച്ച രോഗങ്ങൾ ഉള്ളതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്ത്രീകൾക്കു മാത്രമല്ല

ജനങ്ങൾക്കുള്ള തെറ്റായ ഒരു ധാരണയാണ് തൈറോയ്ഡ് രോഗങ്ങൾ സ്ത്രീകൾക്കു വരുന്ന ഒന്നാണ് എന്നത്. കേരളത്തിൽ നടത്തിയ പഠനത്തിൽ ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥ 11 ശതമാനം സ്ത്രീകൾക്കും 7 ശതമാനം പുരുഷന്മാർക്കും ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.

സ്ത്രീകളിൽ തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമായിരിക്കും. ലക്ഷണങ്ങൾ കൂടുതലായി കാണാം. സ്ത്രീകളിൽ ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നം വന്നാൽ തൈറോയ്ഡ് പരിശോധന നിർദേശിക്കാറുണ്ട്. ഇങ്ങനെ തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനാകും. മാത്രമല്ല സ്ത്രീകളുെട
കഴുത്തിൽ മുഴ പ്രത്യക്ഷപ്പെടുകയാണെങ്കിൽ‍ പുരുഷന്മാരെ അപേക്ഷിച്ച് നേരത്തെ  കണ്ടുപിടിക്കാൻ സാധിക്കും.  

പുരുഷന്മാരിൽ വലിയ രീതിയിലുള്ള ലക്ഷണങ്ങൾ കാണാറില്ല. ചെറുതായി തൊണ്ടയിൽ മുഴ കണ്ടാലും പലപ്പോഴും പുരുഷന്മാർ അവഗണിക്കാറാണ് പതിവ്. വലിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലാത്തതിനാൽ രോഗം കണ്ടുപിടിക്കാൻ വൈകും. അതിനാൽ തന്നെ മൂർച്ഛിച്ച അവസ്ഥയിലാകും രോഗം കണ്ടെത്തുക.

ഹൈപ്പോതൈറോയ്ഡിസം രണ്ടു തരത്തിൽ

തൈറോയ്ഡ് ഗ്രന്ഥിയുെട പ്രവർത്തനം കുറഞ്ഞുവരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. രണ്ടു തരത്തിലുള്ള ഹൈപ്പോതൈറോയ്ഡിസം ഉണ്ട്. ഒന്ന് ക്ലിനിക്കൽ അഥവാ വളരെ വ്യക്തമായ രീതിയിൽ വരുന്ന ഹൈപ്പോതൈറോയ്ഡിസം. ലക്ഷണങ്ങൾ എല്ലാം ഉണ്ടാകാം. പരിശോധനയിൽ തൈറോയ്ഡിന്റെ പ്രവർത്തനം കുറഞ്ഞതായി വളരെ വ്യക്തമായി കാണാം. മറ്റൊരു തരമാണ് സബ് ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസം. ഈ രോഗികൾക്കു തൈറോയ്ഡിന്റെ പ്രശ്നം പ്രാരംഭഘട്ടത്തിലാകാം. ഏകദേശം 4 ശതമാനം വ്യക്തികൾക്കു ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസവും അതിന്റെ മൂന്നു ഇരട്ടി വ്യക്തികൾക്കു സബ് ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഹൈപ്പോതൈറോയ്ഡിസത്തിന്റെ പല കാരണങ്ങളുണ്ട്. പണ്ട് ഏറ്റവും കൂടുതൽ കാരണമായി പ്രതിപാദിച്ചിരുന്നത് അയഡിന്റെ അഭാവമായിരുന്നു. രണ്ടാമത്തെ കാരണം തൈറോയ്ഡൈറ്റിസ് എന്ന രോഗം അഥവാ തൈറോയ്ഡിനു വരുന്ന ഇൻഫ്ലമേഷൻ പോലെ വരുന്ന അവസ്ഥ.  ഈ അസുഖങ്ങൾ സ്ത്രീകളിലാണ് കൂടുതലെങ്കിലും പുരുഷന്മാരിലും ഉള്ളതായി കണ്ടുവരുന്നു.

ഹൈപ്പർതൈറോയ്ഡിസം

സ്ത്രീകളോപ്പം തന്നെ പുരുഷന്മാരിലും ഹൈപ്പർതൈറോയ്ഡിസം ധാരാളം കണ്ടുവരുന്നു. തൈറോയ്ഡ് ഹോർമോൺ കൂടുതലുള്ള ഹൈപ്പർതൈറോയ്ഡിസത്തിൽ  കണ്ണിനെ ബാധിക്കുന്ന തൈറോയ്ഡ് അസോസിയേറ്റഡ് ഒഫ്താൽമോപതി എന്ന അവസ്ഥ കണ്ടുവരാറുണ്ട്. ഈ രോഗം സ്ത്രീകളെ അപേക്ഷിച്ച്
പുരുഷന്മാരിൽ വളരെ തീവ്രമായി വരുന്നു. ‌‌ പുകവലി, മുറുക്ക് തുടങ്ങിയ ദുഃശീലങ്ങൾ  ഈ രോഗത്തിന്റെ തീവ്രത കൂട്ടും.

ഈ രോഗാവസ്ഥയിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.  കണ്ണിനെ രോഗം ബാധിച്ചാൽ പലപ്പോഴും ചികിത്സകൾ പരിപൂർണമായി ഫലം കാണണമെന്നില്ല. സ്ത്രീകളിൽ 50 ശതമാനം പേർക്കു മരുന്നുചികിത്സ കൊണ്ടു ഫലം ലഭിക്കുന്നതായി കാണുന്നു. എന്നാൽ പുരുഷന്മാരിൽ മരുന്നു ചികിത്സ കൊണ്ട് പലപ്പോഴും പൂർണമായി പ്രയോജനം ലഭിക്കാറില്ല.

ഗ്രന്ഥിയിലെ മുഴകൾ

തൈറോയ്ഡിൽ വരുന്ന മറ്റൊരു രോഗമാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ കണ്ടുവരുന്ന മുഴകൾ. പല കാരണങ്ങൾ കൊണ്ട് മുഴകൾ വരാം. പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെയും െചറിയ തടിപ്പ്  പ്രത്യക്ഷപ്പെടാം. ഇതിനെ ബിനൈൻ അഡിനോമ എന്നാണ് പറയാറുള്ളത്. തൈറോയ്ഡൈറ്റിസ് കൊണ്ടും മുഴകൾ വരാം. ഏറ്റവും പ്രധാനപ്പെട്ടതാണ് കാൻസർ രൂപത്തിലുള്ള മുഴകൾ. മുഴകൾ പ്രത്യക്ഷപ്പെടുന്ന ഘട്ടത്തിൽ തന്നെ പുരുഷന്മാർ അതു കാൻസർ അല്ല എന്നു പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.    

ആൺകുട്ടികളിൽ

പെൺകുട്ടികളിൽ എന്നപോലെ ആൺകുട്ടികളിലും തൈറോയ്ഡ് രോഗങ്ങൾ കാണുന്നുണ്ട് . ആൺകുട്ടികൾ എന്ന് പറയുമ്പോൾ കൊച്ചുകുട്ടികൾ മുതൽ കൗമാരം വരെയുള്ളവർ ആണ്.

ജനിച്ച ഉടനെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു വരുന്ന അവസ്ഥയെയാണ് കൺജനിറ്റൽ ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നത്. ഈ അവസ്ഥ ആൺകുട്ടികളിലും പെൺകുട്ടികളിലും കാണുന്നുണ്ട് . ഇതിനു പല കാരണങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ശരിയായ രീതിയിൽ രൂപപ്പെടാത്തതാവാം ഒന്നാമത്തെ കാരണം. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്നമുണ്ടെങ്കിൽ അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നത്തിനു മരുന്നു കഴിക്കുന്നുണ്ടെങ്കിൽ കുഞ്ഞിനു പ്രശ്നം ഉണ്ടാകാം എന്നതാണ് രണ്ടാമത്തെ കാരണം. മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നത്. ഇതു ശരീരത്തിൽ ഹോർമോണുകൾ രൂപപ്പെടുമ്പോൾ സംഭവിക്കുന്ന തകരാർ മൂലമാകും. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ കൺജനിറ്റൽ ഹൈപ്പോതൈറോയ്ഡിസം കാണാനുള്ള സാധ്യത കൂടുതലാണെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. തുടക്കത്തിലെ തന്നെ ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും ശാരീരിക - മാനസിക വളർച്ചയെയും സാരമായി ബാധിക്കാം.

ജനിച്ച ഉടനെ തൈറോയ്ഡിന്റെ അളവ് കൂടി വരുന്ന അവസ്ഥ ഉണ്ടാകാം. ഇതിനും പല കാരണങ്ങളുണ്ട്. അമ്മയിൽ നിന്നുള്ള ചില ഹോർമോൺ വ്യതിയാനം കാരണമാവാം. അല്ലെങ്കിൽ വളരെ അപൂർവമായി കാണുന്ന ജനിതക വ്യതിയാനം ആവാം. ഗർഭപാത്രത്തിൽ വച്ചു തന്നെ ഈ രോഗം കണ്ടെത്താനാകും. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഫലപ്രദമായ ചികിത്സയിലൂടെ വ്യക്തിക്കു ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കാം.

ഈ അവസ്ഥയുെട ലക്ഷണങ്ങൾ ഇവയാണ്– പ്രകോപനപരമായ (ഇറിറ്റബിൾ) സ്വഭാവം കാണിക്കും. എപ്പോഴും കരഞ്ഞു കൊണ്ടിരിക്കും. ചിലപ്പോൾ ആക്ടീവ് ആയിരിക്കും. ചിലപ്പോൾ നിഷ്ക്രിയവും. ഹൃദയസംബന്ധമായതും വളർച്ചയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ ഉണ്ടാവാം. ഈ പ്രശ്നവും ആൺകുട്ടികളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.

തൈറോയ്ഡിലെ മുഴ കുട്ടികളിൽ അത്ര സാധാരണമല്ല. എന്നാൽ ആൺകുട്ടികളിൽ വളരുന്ന പ്രായത്തിൽ മുഴ സംശയിച്ചാൽ ഉടനടി പരിശോധനയും ചികിത്സയും നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും തൈറോയ്ഡിലെ മുഴകൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ  ആൺകുട്ടികളിലെ മുഴയിൽ കാൻസറിന്റെ അംശമോ കാൻസർ ആകാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രായമുള്ളവരിൽ

പ്രായം ചെന്നവരിൽ തൈറോയ്ഡ് രോഗങ്ങൾ ഒരുപോലെയാണെങ്കിലും ലക്ഷണങ്ങളിൽ വ്യതിയാനം ഉണ്ടാകാം. ഹൈപ്പോതൈറോയ്ഡിസത്തിൽ ഓർമക്കുറവ്, ഉറക്കവ്യത്യാസം, ഉന്മേഷമില്ലായ്മ, ശരിയായ ശോധന ഇല്ലാതിരിക്കുക, നീര് എന്നിവയായിരിക്കും കാണുക.

വൃദ്ധരിലെ ഹൈപ്പർതൈറോയ്ഡിസമാണെങ്കിൽ ഹൃദയത്തെ സാരമായി ബാധിക്കും. ഹൃദയത്തിന്റെ താളം തെറ്റിയുള്ള പ്രവർത്തനം അഥവാ പാൽപ്പിറ്റേഷൻ എന്നു പറയുന്ന അവസ്ഥയുടെ പ്രധാന കാരണം ഹൈപ്പർ തൈറോയ്ഡിസമാണ്. അപൂർവമായി മറ്റ് ലക്ഷണങ്ങളും കാണും. അതായത് വയറിളക്കം, പെട്ടെന്നു ശരീരഭാരം കുറയുക തുടങ്ങിയവ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമാകും.

മുഴകൾ

പ്രായമുള്ള പുരുഷനു തൈറോയ്ഡിൽ മുഴ വരുകയാണെങ്കിൽ അയാൾക്കു കാൻസർ ഇല്ല എന്ന് ഉറപ്പു വരുത്താനുള്ള രക്തപരിശോധനയും സ്കാനിങ്ങും സൂചി കൊണ്ടു കുത്തിയെടുത്തു നടത്തുന്ന പരിശോധനയും ( നീഡിൽ സൈറ്റോളജി ) നടത്തണം.

ഏതൊക്കെ മുഴകളാണ് അപകടകരം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

1 . പെട്ടെന്നു മുഴ പ്രത്യക്ഷപ്പെടുക. 2 . മറ്റ് കാരണങ്ങൾ കൊണ്ട് റേഡിയേഷൻ സ്വീകരിച്ച വ്യക്തികളിലെ മുഴ. 3. കഴുത്തിൽ മാത്രമല്ല കഴുത്തിന്റെ വശങ്ങളിലും മുഴ പ്രത്യക്ഷപ്പെടുക. 4. 20 വയസ്സിനോ അൻപത് വയസ്സിനു ശേഷമോ മുഴ പ്രത്യക്ഷപ്പെടുകയാണെങ്കിൽ  5. വ്യക്തിയുടെ സംസാരരീതിയിൽ വ്യത്യാസം വരുന്നു. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് വരുന്നു. ഈ ലക്ഷണങ്ങൾ പ്രായമായ പുരുഷൻമാരിൽ കാണുകയാണെങ്കിൽ മുഴ കാൻസർ അല്ല എന്നു ഉറപ്പു
വരുത്തണം.

തൈറോയ്ഡിൽ നീര് വരുന്ന രോഗമായ തൈറോയ്ഡൈറ്റിസ് പുരുഷൻമാരിൽ കുറവാണ്. എന്നാൽ കേരളത്തിൽ തൈറോയ്ഡൈറ്റിസ് കൂടുതലായിട്ടാണ് കാണുന്നത്. കൃത്യമായ ചികിത്സ കൊണ്ട് സങ്കീർണതകൾ ഒഴിവാക്കി ചികിത്സിക്കാം.

അയഡിൻ അപര്യാപ്തത കൊണ്ടും പുരുഷൻമാരിൽ തൈറോയ്ഡ് പ്രശ്നങ്ങൾ വരാം. ഇന്ന് ഇതു കുറവാണ്. എന്നാലും ലോകത്ത് പലയിടത്തും അയഡിൻ കൂടുതലായതു കൊണ്ടും കുറവായതു കൊണ്ടും ഉള്ള പ്രശ്നങ്ങൾ സ്ത്രീ-പുരുഷ ഭേദമന്യേ കാണുന്നു.

കപ്പ കഴിച്ചാൽ !

ചില ഭക്ഷണങ്ങളിൽ, തൈറോയ്ഡിന്റെ വളർച്ചയെ അമിതമായി സഹായിക്കുന്ന പദാർത്ഥങ്ങളായ ഗോയിട്രോജൻസ് അടങ്ങിയിരിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. പ്രായോഗികമായി പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഭക്ഷണസംസ്കാരം മാറി കഴിഞ്ഞു. പണ്ടു കാലത്ത് ഒരു ദിവസത്തെ പ്രധാന ഭക്ഷണമായി കഴിച്ചിരുന്നത് കപ്പയൊക്കെ ആയിരുന്നു. അതും പച്ച കപ്പ. ഇതിൽ ടോക്സിക് ആയ പദാർത്ഥങ്ങൾ– ഗോയിട്രോജൻസ് പോലെയുള്ളവ അടങ്ങിയിരിക്കുന്നു എന്നത് ശരിയാണ്. പക്ഷെ നമ്മൾ പല തവണ തിളപ്പിച്ചും മഞ്ഞൾ മറ്റും ചേർത്ത് കപ്പ തയാറാക്കുന്നതിനാൽ ഗോയിട്രോജനുകൾ നശിക്കുന്നതായാണ് കാണുന്നത്. പക്ഷെ തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. എന്നാൽ കപ്പ കഴിച്ചതു കൊണ്ട് മാത്രം തൈറോയ്ഡ് മുഴ വരും എന്ന് പറയുന്നതിൽ കാര്യമില്ല. പ്രത്യേകിച്ച് ഒരു ഭക്ഷണം അമിതമായി കഴിച്ചതു കൊണ്ട് മാത്രം തൈറോയ്ഡ് പ്രശ്നം ഉണ്ടാകും എന്നു പറയാനാകില്ല.

Tags:
  • Manorama Arogyam
  • Health Tips