Friday 15 March 2024 12:46 PM IST

‘അന്ന് 101 കിലോ ഭാരം, പട്ടിണി കിടന്നും ചിക്കൻ മാത്രം കഴിച്ചും വണ്ണം കുറച്ച പഴയകാലം’: സെലിബ്രിറ്റി ട്രെയിനർ റാഹിബ് പറയുന്നു ഫിറ്റ്നസ് മന്ത്ര

Delna Sathyaretna

Sub Editor

rahib-muhammed

സാനിയ അയ്യപ്പൻ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ. ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കുന്ന നമ്മുടെ നായികമാരുടെ പേഴ്സനൽ ട്രെയ്നറാണ് റാഹിബ് മുഹമ്മദ്. ‘ജോൺ ലൂഥറി’ൽ പൊലീസ് വേഷം ചെയ്യാനായി ജയസൂര്യയുടെ ഫിറ്റ്നസ് ട്രെയ്നിങ് ചെയ്തതും റാഹിബാണ്.

ദുബായിൽ നിന്ന് ജിമ്മിലേക്ക് 

‘‘ 2013 ലാണ് ദുബായിൽ സിവിൽ എൻജിനീയറായി ജോലിക്കു ചേരുന്നത്. മൂന്നുവർഷം ആ ജോലിയിൽ തുടർന്നു. പണം കിട്ടുന്നുണ്ട്. പക്ഷേ, തൃപ്തിയും സന്തോഷവും കുറവ്. അങ്ങനെ പാഷൻ തന്നെ പ്രഫഷനാക്കാൻ തീരുമാനിച്ചു. ജോലി രാജി വച്ചു നാട്ടിലെത്തി. ഫിറ്റ്നസ് രംഗത്തേ  ക്ക് കടന്നു. കോഴിക്കോടായിരുന്നു ആദ്യം. ഇപ്പോൾ മൂന്നുവർഷമായി കൊച്ചിയിൽ.   

ആദ്യത്തെ ഫിറ്റ്നസ് ചാലഞ്ച്  

ജീവിതത്തിൽ ഏറ്റെടുത്ത ആദ്യ ഫിറ്റ്നസ് ചാലഞ്ച് എന്റെ തന്നെയാണ്. 21 വയസ്സ് വരെ ജിമ്മിൽ പോയിട്ടില്ല. 101 കിലോ ആയിരുന്നു അന്ന് ശരീരഭാരം. അങ്ങനെ ജിമ്മിൽ പോയിത്തുടങ്ങി. പട്ടിണി കിടന്നും ചിക്കൻ മാത്രം കഴിച്ചും ചോറ് ഒഴിവാക്കിയും കഠിനമായി വ്യായാമം ചെയ്തും ഭാരം 69 കിലോയിലെത്തിച്ചു. അതോടെ സന്തോഷമായി. ആഹാ, ഇനി പട്ടിണി കിടക്കേണ്ടല്ലോ. ഭക്ഷണം പതിയെ വീണ്ടും പഴയ രീതിയിലേക്കായി. 

വെയിങ് മെഷിനിൽ കയറി നിന്നതും സന്തോഷത്തിന്റെ ബലൂൺ കാറ്റഴിച്ചു വിട്ട അവസ്ഥയായി. ദേ, കയറി വരുന്നു ഭാരം. അതു വീണ്ടും സെഞ്ച്വറിയടിച്ചു. പട്ടിണി കിടക്കാതെ എങ്ങനെ ഭാരം കുറയ്ക്കാം എന്നായി പിന്നെ, ചിന്ത. ക്രാഷ് ഡയറ്റിലൂടെ ഭാരം കുറച്ചാൽ അത് അധികകാലം നിലനിർത്താനാകില്ല. സാധാരണ കഴിക്കുന്ന ഭക്ഷണം അൽപം നിയന്ത്രിച്ചു കഴിച്ചും വ്യായാമം ചെയ്തും ഇഷ്ടമുള്ള തരത്തിൽ ശരീരത്തെ മാറ്റാം. അങ്ങനെ ഹെൽത്തിയായ മാറ്റമാണു ഞാൻ മറ്റുള്ളവർക്കു നിർദേശിക്കാറുളളതും. 

parvathy-fit66777

ഭക്ഷണപ്രിയരുടെ കഥകൾ

പാർവതി തിരുവോത്ത് എന്റെ നാട്ടുകാരിയാണ്. ഞങ്ങൾ കോഴിക്കോടുകാരുടെ ഭക്ഷണപ്രിയത്തെക്കുറിച്ചു പ്രത്യേകം പറയണ്ടല്ലോ. പാർവതി നന്നായി വർക്കൗട്ട് ചെയ്യും. വെയ്റ്റ് ലിഫ്റ്റിങ് ഇഷ്ടമാണ്. എപ്പോഴും പറയും.‘എനിക്കു സ്കിന്നി ആകണ്ട. സ്ട്രോങ് ആയാൽ മതി.’   

സ്ഥിരമായി പുറത്തു റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള ആളാണ് സാനിയ. പക്ഷേ, ഡാൻസും വർക്കൗട്ടുമായി സാനിയ അതു ബാലൻസ് ചെയ്യും. കാണാൻ മെലിഞ്ഞിരിക്കുന്നതൊന്നുമല്ല ഫിറ്റ്നസ്. ചെയ്യേണ്ട ആക്ടിവിടികൾ ചെയ്യാൻ ശരീരം കൃത്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഫിറ്റാണ്. ഭക്ഷണം ഒഴിവാക്കി ശരീരം മെലിയിക്കുക എന്ന തെറ്റ് ഒരിക്കലും ചെയ്യരുത്.  

മാറ്റണം ചില ധാരണകൾ 

സ്ത്രീകൾ വെയ്റ്റ് ലിഫ്റ്റ് ചെയ്താൽ ശരീരം പുരുഷന്മാരുടേതു പോലെയാകും എന്നു ചിലർ പറയാറുണ്ട്. അതു ശരിയല്ല. പേശികളുടെ ബലം കൂടുക മാത്രമേയുള്ളൂ. 

എന്തു വന്നാലും വ്യായാമം ചെയ്യും എന്നു കരുതുന്നവരുണ്ട്. അതും ശരിയല്ല. തലേന്ന് മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പിറ്റേന്നു രാവിലെ കഠിനവ്യായാമങ്ങൾ ചെയ്യരുത്. ശരീരത്തിനു റിക്കവർ ചെയ്യാനുള്ള സമയം കിട്ടിയില്ലെങ്കിൽ പിന്നെങ്ങനെ ഊർജസ്വലമായി വ്യായാമം ചെയ്യാനാകും? 

Tags:
  • Health Tips
  • Glam Up